
അടുത്തിടെ ഒരു അമേരിക്കൻ മലയാളി തന്റെ സത്വത്തെക്കുറിച്ചും “ഉന്നത പാരമ്പര്യത്തെക്കുറിച്ചും” വലിയ വീമ്പിളക്കുന്നത് കേൾക്കുവാൻ ഇടയായി. സ്വന്തം ജാതിയെയും കുടുംബവേരുകളെയും അഭിമാനത്തിന്റെ കിരീടമായി ധരിച്ച് സംസാരിക്കുന്ന ആ ശൈലി കേൾക്കുമ്പോൾ, കേരളത്തിന്റെ പഴയ സാമൂഹിക ചരിത്രം മനസ്സിലൂടെ കടന്നുപോയി. അതിന് ഏതാനും ദിവസങ്ങൾക്കുശേഷമാണ് കേരളത്തിലെ ആദ്യ ദളിത് ക്രിസ്ത്യൻ പുരോഹിതനായിരുന്ന കൊർന്നലിയോസ് ഹൂട്ടന്റെ ജീവിതത്തെക്കുറിച്ച് മലയാളമിത്രം മാസികയിൽ വായിക്കുവാൻ ഇടയായത് . അപ്പോൾ മനസ്സിലായത്, ഒരുകാലത്ത് ചിലർ “സത്വം” എന്നു വിളിച്ചിരുന്ന ആ സാമൂഹിക മേൽക്കോയ്മയുടെ മറുവശത്ത് അനേകം മനുഷ്യരുടെ കണ്ണീരും അപമാനങ്ങളും ചോരയും ഒളിഞ്ഞുകിടക്കുകയായിരുന്നുവെന്നതാണ്.
കേരളത്തിലെ ആദ്യ ദലിത് ക്രിസ്ത്യൻ പുരോഹിതൻ ആരാണെന്നു ചോദിച്ചാൽ ഒരു ചരിത്ര വിദ്യാർത്ഥിയുടെ മനസ്സിൽ ആദ്യം തെളിയുന്നത് കൊർന്നലിയോസ് ഹൂട്ടൻ എന്ന പേരായിരിക്കും. അതുശരിയാണ്. അതിനുവേണ്ടി പുലയ സമുദായത്തിൽ ജനിച്ച ഹൂട്ടൻ സഹിച്ച യാതനകളും വേദനകളും വിലമതിക്കാനാവാത്തതാണ്. കേരളത്തെ ഇന്ന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കേരളത്തിന്റെ സാമൂഹിക യാഥാർത്ഥ്യം അത്ര മനോഹരമായിരുന്നില്ല. ലോകത്തിലെ ഏറ്റവും ക്രൂരമായ ജാതിവ്യവസ്ഥകളിലൊന്നാണ് ഒരുകാലത്ത് കേരളത്തിൽ നിലനിന്നിരുന്നത്. മനുഷ്യന്റെ ജനനം തന്നെയായിരുന്നു അവന്റെ ജീവിതാവകാശം നിശ്ചയിച്ചിരുന്നത്. ചിലർ “ദൈവത്തിന്റെ പ്രതിനിധികൾ” എന്ന് കണക്കാക്കപ്പെട്ടപ്പോൾ, ചിലർ “തൊടാൻ പാടില്ലാത്തവർ”, “കാണാൻ പോലും പാടില്ലാത്തവർ” എന്ന നിലയിലേക്ക് തള്ളിക്കൊണ്ടുപോയി. ഈ സാമൂഹിക ഇരുട്ടിന്റെ കാലഘട്ടത്തിലാണ് കൊർന്നലിയോസ് ഹൂട്ടൻ പോലുള്ളവർ ജീവിച്ചത്.
കേരളത്തിലെ പരമ്പരാഗത സമൂഹം പ്രധാനമായും ജാതിയുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ടിരുന്നു. നമ്പൂതിരിമാർ ഏറ്റവും ഉയർന്ന സ്ഥാനത്തും, പിന്നീട് നായർ സമൂഹവും മറ്റ് സവർണ വിഭാഗങ്ങളും സാമൂഹിക അധികാരവും ഭൂമിയും വിദ്യാഭ്യാസവും ക്ഷേത്രാധികാരവും കൈവശം വച്ചിരുന്നു. അതേസമയം പുലയർ, പറയർ, കുറവർ തുടങ്ങിയ ദലിത് വിഭാഗങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് തള്ളപ്പെട്ടു. ഒരു ദലിത് മനുഷ്യന് പൊതുവഴിയിൽ നടക്കാനും, ശരീരത്തിൽ വസ്ത്രം ധരിക്കാനും, വിദ്യാഭ്യാസം നേടാനും, ക്ഷേത്രപരിസരത്ത് എത്താനും പോലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. “അസ്പൃശ്യത” മാത്രമല്ല, “അശ്രവ്യത”യും “അദൃശ്യത”യും വരെ കേരളത്തിൽ നിലനിന്നിരുന്നു. ചില ജാതിക്കാർ ഉയർന്ന ജാതിക്കാരുടെ മുന്നിൽ നിശ്ചിത അകലത്തിൽ നിൽക്കണം; അടുത്ത് വന്നാൽ അത് “മലിനീകരണം” എന്ന് കരുതപ്പെട്ടു.
ഇന്ത്യൻ ചരിത്രത്തിൽ വർണ്ണ വ്യവസ്ഥ ആദ്യം തൊഴിൽ അടിസ്ഥാനത്തിലുള്ള സാമൂഹിക വിഭാഗീകരണമായിരുന്നുവെന്നാണ് ചില പഠനങ്ങൾ പറയുന്നത്. എന്നാൽ കാലക്രമേണ അത് ജന്മാധിഷ്ഠിതവും അടിച്ചമർത്തലിന് വഴിവച്ചതുമായ ജാതിവ്യവസ്ഥയായി മാറി. മനുസ്മൃതി പോലുള്ള ചില ധർമ്മശാസ്ത്രഗ്രന്ഥങ്ങൾ സമൂഹത്തിൽ ഉയർച്ച-താഴ്ചകൾ ന്യായീകരിക്കാൻ ഉപയോഗിക്കപ്പെട്ടു എന്ന വിമർശനവും ശക്തമാണ്. എന്നാൽ അതേ ഹിന്ദു പാരമ്പര്യത്തിനുള്ളിൽ തന്നെ ഈ വിവേചനങ്ങളെ ചോദ്യം ചെയ്ത ശബ്ദങ്ങളും ഉയർന്നിരുന്നു. ഭക്തി പ്രസ്ഥാനത്തിലെ നിരവധി സന്യാസിമാരും കവികളും “ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്” എന്ന് പ്രഖ്യാപിച്ചു. പിന്നീട് കേരളത്തിൽ ശ്രീനാരായണ ഗുരു “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചു. എങ്കിലും ഹൂട്ടന്റെ കാലത്ത് ആ മാറ്റങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലെത്തിയിരുന്നില്ല.
ജാതിയമായ അധിക്ഷേപവും നിരന്തരമായ അടിമവേലയും സഹിച്ചു മടുത്തപ്പോഴാണ് കൊർന്നലിയോസ് ഹൂട്ടൻ തൻ്റെ ജന്മസ്ഥലമായ ചാലക്കുടിയിൽ നിന്നും മതാപിതാക്കളോടൊപ്പം കൊച്ചിയിലേക്ക് താമസം മാറുന്നത്. അവിടെവെച്ച് പരിചയപ്പെട്ട വിദേശ മിഷനറിമാർ ഹൂട്ടനെയും കുടുംബത്തെയും സ്നാനപ്പെടുത്തിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറി. ജാതിയാതനകൾ സഹിക്കാനാവാതെ അനേകം ദലിത് സമൂഹങ്ങൾ ക്രിസ്തുമതത്തിലും ഇസ്ലാമിലും പിന്നീട് ബുദ്ധമതത്തിലുമെല്ലാം അഭയം തേടിയതുപോലെ, ഹൂട്ടന്റെയും കുടുംബം മതപരിവർത്തനത്തിലൂടെ മനുഷ്യാഭിമാനത്തിനും സാമൂഹിക അംഗീകാരത്തിനുമുള്ള വഴിയാണ് അന്വേഷിച്ചത്.
പിന്നീട് തൻ്റെ സമുദായത്തിന് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ഹൂട്ടൻ കോട്ടയം സി. എം. എസ് കോളേജിലേക്ക് പോയി. എന്നാൽ ജ്ഞാനസ്നാനം ചെയ്ത് ക്രിസ്ത്യാനിയായെങ്കിലും, സുറിയാനി ക്രിസ്ത്യാനികളുടെ എതിർപ്പു കാരണം ഹൂട്ടനെപ്പോലുള്ള ഒരു പുലയക്കുട്ടിക്ക് അവിടുത്തെ പഠനം അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ചില മിഷനറിമാർ അദ്ദേഹത്തിന് അനുകൂലമായി നിന്നതുകൊണ്ട് 1865-ൽ റിച്ചാർഡ് കോളിംഗ്സൺ ഹൂട്ടനെ കോട്ടയത്തെ കിഴക്കേ സെമിനാരിയിൽ, അതായത് ഇന്നത്തെ സി. എം. എസ് കോളേജിൽ ചേർന്ന് പഠിക്കാൻ അനുവദിച്ചു. പക്ഷേ നിർഭാഗ്യകരം എന്നുപറയട്ടെ, ജാതിയത മനസ്സിലുള്ള ഒരുകൂട്ടം സുറിയാനി ക്രിസ്ത്യാനികൾ അതിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. സഹപാഠികളിൽ നിന്നുള്ള നിരന്തരമായ ജാതിയപമാനങ്ങളും പീഡനങ്ങളും സഹിക്കവയ്യാതെ, കോളേജ് അധികാരികളുടെ അറിവോടെ ഹൂട്ടൻ ഒരു രാത്രി സെമിനാരിയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ വ്യക്തിപരമായ വേദന മാത്രമല്ലായിരുന്നു അത്; കേരളത്തിലെ സാമൂഹിക മനോഭാവത്തിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടിയ സംഭവവുമായിരുന്നു.
ഓടി രക്ഷപ്പെട്ട കൊർന്നലിയോസ് ഹൂട്ടൻ മലബാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബാസൽ മിഷനിൽ അഭയം തേടി. അവിടെയാണ് അദ്ദേഹം തന്റെ തുടർപഠനം പൂർത്തിയാക്കുകയും ബാസൽ മിഷന്റെ സജീവ പ്രവർത്തകനായി മാറുകയും ചെയ്തത്. പിന്നീട് കോട്ടയം ബേക്കർ സ്കൂളിൽ പഠിച്ച ഒരു വിദ്യാർത്ഥിനിയെ അദ്ദേഹം വിവാഹം കഴിച്ചു. പിന്നീട് ബാസൽ മിഷന്റെ വാർഷിക റിപ്പോർട്ടുകളിൽ അദ്ദേഹത്തിന്റെ പേര് പ്രത്യക്ഷപ്പെടാൻ തുടങ്ങി. കോഴിക്കോട്ടുള്ള ഒരു പ്രാദേശിക സഭയുടെ സഹായിയായിട്ടാണ് ആദ്യം അദ്ദേഹത്തെ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ബാസൽ മിഷന്റെ സെമിനാരിയിൽ നിന്നും പൗരോഹിത്യ പഠനം പൂർത്തിയാക്കിയ ഹൂട്ടൻ, 1886 നവംബർ 21-ന് സഹപാഠികളായിരുന്ന ദാവീദ് തൈക്കണ്ടി, സ്റ്റീഫൻ ചന്ദ്രൻ എന്നിവരോടൊപ്പം ബാസൽ മിഷൻ പുരോഹിതനായി നിയമിതനായി. കേരളത്തിലെ ആദ്യ ദലിത് ക്രിസ്ത്യൻ പുരോഹിതൻ എന്ന ചരിത്ര നേട്ടം അങ്ങനെ കൊർന്നലിയോസ് ഹൂട്ടന്റെ പേരിലായി.
ബാസൽ മിഷനിൽ പുരോഹിതന്മാരുടെ ഓഡിനേഷൻ സമയത്ത് അവർ തങ്ങളുടെ ആത്മകഥ എഴുതി വായിക്കണമെന്നു നിയമമുണ്ടായിരുന്നു. അങ്ങനെ കൊർന്നലിയോസ് ഹൂട്ടൻ എഴുതി വായിച്ച തൻ്റെ ആത്മകഥ പിന്നീട് പ്രസിദ്ധമായിത്തീർന്നു. അത് ഒരു വ്യക്തിയുടെ ജീവിതകഥ മാത്രമല്ലായിരുന്നു; കേരളത്തിലെ ദലിത് ജനത അനുഭവിച്ച ജാതിയപമാനങ്ങളുടെ സാമൂഹിക രേഖപത്രം കൂടിയായിരുന്നു.
ഒരു പുരോഹിതൻ എന്ന നിലയിൽ ഹൂട്ടൻ നടത്തിയ സുവിശേഷ പ്രവർത്തനങ്ങളും സേവനങ്ങളും പിന്നീട് ബാസൽ മിഷന്റെ ഇംഗ്ലീഷ് ജേണലുകളിൽ പതിവായി അച്ചടിച്ചു വരുമായിരുന്നു. അദ്ദേഹത്തിന്റെ കഴിവും ആത്മാർത്ഥതയും മനസ്സിലാക്കിയ മിഷൻ 1891-ൽ അദ്ദേഹത്തെ ബാസൽ മിഷന്റെ ധർമ്മപട്ടണം സഭയുടെ പട്ടക്കാരനായി അവരോധിച്ചു. സഭക്കുവേണ്ടി ഹൂട്ടൻ ചെയ്ത ആത്മീയവും നിയമപരവുമായ സേവനങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. 1895-ൽ സഭാ പ്രവർത്തനങ്ങളിൽ നിന്നും വിരമിക്കുന്നതുവരെ ആത്മാർത്ഥമായും സത്യസന്ധതയോടും കൂടി അദ്ദേഹം പ്രവർത്തിച്ചു.
കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയുമ്പോൾ ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും ചട്ടമ്പിസ്വാമികളെയും നാം അഭിമാനത്തോടെ ഓർക്കുന്നു. എന്നാൽ കൊർന്നലിയോസ് ഹൂട്ടൻ പോലുള്ള അനേകം ദലിത് ക്രിസ്ത്യൻ പോരാളികൾ ചരിത്രത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടു. കാരണം ജാതിവ്യവസ്ഥയുടെ വേദനകൾ പലപ്പോഴും അധികാരമുള്ളവരുടെ ചരിത്രരചനയിൽ ഇടം നേടിയിരുന്നില്ല. ഹൂട്ടന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഒരു സമൂഹം മനുഷ്യനെ എത്ര താഴ്ത്തിയാലും അറിവും ആത്മാഭിമാനവും അവനെ വീണ്ടും ഉയർത്തിക്കൊണ്ടുവരുമെന്ന സത്യമാണ്. ഇന്നത്തെ കേരളം സമത്വത്തിന്റെയും പുരോഗതിയുടെയും കഥ പറയുമ്പോൾ, അതിന്റെ അടിത്തറ പാകാൻ സ്വന്തം ജീവിതം തന്നെ സമർപ്പിച്ച കൊർന്നലിയോസ് ഹൂട്ടൻ പോലുള്ള മനുഷ്യരെ ഓർക്കേണ്ടത് ചരിത്രത്തോടുള്ള നമ്മുടെ കടമയാണ്. ഇന്ന് സമൂഹം വളരെയധികം മാറിയെങ്കിലും, ജാതിയുടെ അഹങ്കാരവും മേൽക്കോയ്മ ബോധവും പലരുടെയും മനസ്സിൽ ഇപ്പോഴും ഒളിഞ്ഞുകിടക്കുന്നു. സ്വന്തം ജാതിയെക്കുറിച്ച് വീമ്പിളക്കുകയും, മറ്റുള്ളവരെ ചെറുതായി കാണുകയും ചെയ്യുന്ന മനോഭാവം ഇന്നും പല രൂപങ്ങളിൽ തുടരുന്നു. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള വിമർശനം ചരിത്രചർച്ച മാത്രമല്ല; അത് ഇന്നും പ്രസക്തമായ ഒരു സാമൂഹിക ആവശ്യമാണ്.
ഒരു മനുഷ്യന്റെ മഹത്വം അവന്റെ ജനനത്തിലല്ല, അവന്റെ മാനവികതയിലും സ്വഭാവത്തിലും പ്രവർത്തികളിലുമാണ്. ജനനംകൊണ്ട് മനുഷ്യരെ തട്ടുകളാക്കി തിരിച്ച് ചിലരെ ഉയർത്തിയും ചിലരെ താഴ്ത്തിയും കാണുന്ന ഏതു വ്യവസ്ഥയും തെറ്റാണ്. മനുഷ്യനെ വിഭജിക്കുന്നതല്ല, മനുഷ്യനെ ഒരുമിപ്പിക്കുന്നതായിരിക്കണം യഥാർത്ഥ സംസ്കാരവും ആത്മീയതയും.