Image

അമേരിക്കൻ മലയാളി സമൂഹത്തിൽ പുതുചലനമാകാൻ സരൂപ അനിൽ

- മീട്ടു റഹ്മത്ത് കലാം Published on 20 May, 2026
അമേരിക്കൻ മലയാളി സമൂഹത്തിൽ പുതുചലനമാകാൻ സരൂപ അനിൽ

ഐടി, കല, സാമൂഹിക പ്രവർത്തനം — മൂന്ന് മേഖലകളിലും ഒരേ ആവേശത്തോടെ മുന്നേറുന്ന ബഹുമുഖ പ്രതിഭ

കോട്ടയത്തിന്റെ സാംസ്കാരിക മണ്ണിൽ നിന്നും ഉയർന്ന് അമേരിക്കൻ ഐടി ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടും, തന്റെ വേരുകളെയും കലാപാരമ്പര്യത്തെയും മറക്കാത്ത വ്യക്തിത്വമാണ് സരൂപ അനിൽ. മികച്ച വിദ്യാർത്ഥിനി, ബയോടെക്‌നോളജി അധ്യാപിക, ഐടി മാനേജർ, സംരംഭക, മോഹിനിയാട്ടം നർത്തകി, സംഘാടക — ഓരോ വേഷവും ആത്മാർഥതയോടെ കൈകാര്യം ചെയ്യുന്ന സരൂപ ഇന്ന് അമേരിക്കൻ മലയാളി സമൂഹത്തിലും ശ്രദ്ധേയ സാന്നിധ്യമാണ്. ഫൊക്കാന തിരഞ്ഞെടുപ്പിൽ ലീല മാരേട്ട് പാനലിൽ നിന്ന് വിമൻസ് ഫോറം ചെയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സരൂപ, സമൂഹ പ്രവർത്തനങ്ങളിലും വനിതാ ശാക്തീകരണത്തിലും മാനസികാരോഗ്യ അവബോധത്തിലും വലിയ സ്വപ്നങ്ങളും വിപ്ലവകരമായ മാറ്റങ്ങളുമാണ് മുന്നോട്ട് വയ്ക്കുന്നത്.

ഫൊക്കാനയുമായി കൂടുതൽ അടുത്ത ബന്ധം എങ്ങനെ ആരംഭിച്ചു?

നിലവിലെ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ഫൊക്കാന വിമൻസ് ഫോറം ചെയർ രേവതി പിള്ളയും നൽകിയ ക്ഷണത്തെ തുടർന്നാണ് ഫൊക്കാന പ്രവർത്തനങ്ങളിലേക്ക് കൂടുതൽ സജീവമായി എത്തിയത്. രേവതി പിള്ളയുടെ ഫൊക്കാനയിലെ പ്രവർത്തനങ്ങൾ ഞാൻ അടക്കമുള്ള വനിതകൾക്ക് സംഘടനയുടെ വളർച്ചയ്ക്കുവേണ്ടിയും കേരളത്തിലെയും അമേരിക്കയിലെയും സ്ത്രീകൾക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജവും പ്രചോദനവും നൽകി.

കോട്ടയത്തെ കലാലയ ജീവിതത്തിൽ നിന്നും വാഷിംഗ്ടൺ ഡിസിയിലെ ഐടി മാനേജ്‌മെന്റിലേക്കുള്ള യാത്രയെ എങ്ങനെ നോക്കിക്കാണുന്നു?

തിരിഞ്ഞു നോക്കുമ്പോൾ അത് വലിയൊരു മാറ്റമായി തോന്നാം. പക്ഷേ എന്റെ മനസ്സും വേരുകളും ഇന്നും കോട്ടയത്തോടാണ് ചേർന്നിരിക്കുന്നത്. അച്ഛൻ മോഹനും അമ്മ രേവമ്മയും സഹോദരൻ കണ്ണനും (അഡ്വക്കേറ്റ്) അടങ്ങുന്ന എന്റെ കുടുംബം നൽകിയ അടിത്തറയാണത്. ബേക്കർ മെമ്മോറിയൽ സ്കൂളിലെയും സി.എം.എസ് കോളേജിലെ കാലഘട്ടം  എന്നെ രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്കും വളരെ വലുതാണ്. സയൻസിൽ ബിരുദാനന്തരബിരുദം നേടിയ ഞാൻ, സി.എം.എസിൽ നിന്നും ‘ബെസ്റ്റ് ഔട്ട്‌ഗോയിംഗ് സ്റ്റുഡന്റ്’ ആയി റൂബൻ എൻഡോവ്മെന്റ് അവാർഡ് നേടിയാണ് പാസ്സൗട്ടായത്. അതിനുശേഷം എസ്.എൻ കോളേജിൽ ബയോടെക്‌നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം.

വിവാഹത്തോടെ അമേരിക്കയിലേക്ക് പോരേണ്ടി വന്നതിനാൽ തുടങ്ങിവെച്ച പി.എച്ച്.ഡി പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല.  അമേരിക്കയിൽ എത്തിയപ്പോൾ കരിയർ മാറ്റേണ്ടി വന്നു. ഇവിടെ വന്ന് എം.ബി.എ പൂർത്തിയാക്കിയ ശേഷം ഐടി മേഖലയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ 15 വർഷമായി വാഷിംഗ്ടൺ ഡിസിയിൽ ഐടി മാനേജ്‌മെന്റ് രംഗത്താണ് പ്രവർത്തിക്കുന്നത്. ഈ അനുഭവം ഉള്ളതുകൊണ്ടുതന്നെ, അമേരിക്കയിൽ എത്തുന്ന സ്ത്രീകൾക്ക് കൂടുതൽ സാധ്യതകളുള്ള മേഖലകൾ കണ്ടെത്തി അവരെ അവിടെ എത്തിക്കുക എന്നത് എന്റെ ഒരു വലിയ കടമയായി ഞാൻ കാണുന്നു. കേരളത്തോടുള്ള ആത്മബന്ധം കാരണം വർഷത്തിൽ പലതവണ ഞാൻ നാട്ടിലെത്താറുമുണ്ട്.

‘കോഡക്ട്’ (Coduct) എന്ന സംരംഭത്തെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും പറയാമോ?

ഐടി മാനേജ്‌മെന്റിനൊപ്പം സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ സേവനങ്ങൾ നൽകുന്ന ‘കോഡക്ട്’ എന്ന സ്ഥാപനം ഞാൻ നടത്തിവരുന്നു. ഒരു സ്ത്രീ എന്ന നിലയിൽ കരിയറിൽ ഞാൻ നേടിയ അനുഭവങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാകണമെന്നാണ് ആഗ്രഹം. പ്രത്യേകിച്ച് കേരളത്തിലെയും അമേരിക്കയിലെയും മലയാളി വനിതകളെ സംരംഭകത്വത്തിലേക്ക് (Entrepreneurship) നയിക്കാനും, അവർക്ക് ആത്മവിശ്വാസത്തോടെ മുഖ്യധാരയിലേക്ക് മുന്നേറാൻ അവസരങ്ങൾ സൃഷ്ടിക്കാനും ഞാൻ ആഗ്രഹിക്കുന്നു.ഏത് സംരംഭമായാലും സ്ത്രീകൾ വെറുമൊരു ഭാഗമായി ഒതുങ്ങാതെ നേതൃത്വം കൈകാര്യം ചെയ്യുന്ന ശക്തിയായി മാറണം.

നൃത്തവും എഴുത്തും ജേർണലിസവും… ഈ തിരക്കുകൾക്കിടയിൽ കലയെ എങ്ങനെ കൂടെക്കൂട്ടുന്നു?

നൃത്തം എനിക്ക് ഒരു ഹോബിയല്ല, ജീവിതത്തിന്റെ ഭാഗമാണ്, എന്റെ പാഷനാണ്. പരിശീലനം നേടിയ മോഹിനിയാട്ടം നർത്തകിയായ ഞാൻ അമേരിക്കയിളെയും കേരളത്തിലെയും നിരവധി വേദികളിൽ ഇന്നും നൃത്തം അവതരിപ്പിക്കുന്നുണ്ട്. ഓരോ വേദിയും എനിക്ക് ആത്മസന്തോഷം നൽകുന്ന അനുഭവങ്ങളാണ്. എഴുത്തിനോടും ജേർണലിസത്തോടും പണ്ടുമുതൽ വലിയ താല്പര്യമുണ്ട്. അമേരിക്കയിലെ ഫ്ലവേഴ്സ് ടിവി ഉൾപ്പെടെയുള്ള മീഡിയ ടീമുകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ അനുഭവലോകം കൂടുതൽ വിശാലമാക്കി.

ജീവിതത്തിലെ പ്രതിസന്ധികളെയും അതിജീവനത്തെയും കുറിച്ച് തുറന്നു പറയാൻ മടിയില്ലാത്ത ആളാണ് താങ്കൾ. മാനസികാരോഗ്യ രംഗത്ത് സ്ത്രീകൾക്കായി എന്താണ് ചെയ്യാനുള്ളത്?

ജീവിതമാകുമ്പോൾ പലവിധ പ്രതിസന്ധികൾ ഉണ്ടാകുക സ്വാഭാവികമാണ്. അവയൊക്കെ മറികടക്കാൻ എന്റെ കുടുംബവും സുഹൃത്തുക്കളും എപ്പോഴും ഒപ്പമുണ്ടായിരുന്നു. പ്രത്യേകിച്ച്, എന്റെ പ്രതിസന്ധിഘട്ടങ്ങളിൽ അതിജീവിക്കാൻ എനിക്ക്  കരുത്തായത് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും പ്രശസ്ത സൈക്യാട്രിസ്റ്റുമായ ഡോ. വർഗീസ് പി. പുന്നൂസ് ആയിരുന്നു. അദ്ദേഹത്തിൽ നിന്നും ലഭിച്ച തെറാപ്പികളും പിന്തുണയുമാണ് എന്നെ ശക്തയാക്കിയത്. മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പ്രൊഫഷണൽ സഹായം തേടാനും തെറാപ്പി എടുക്കാനും സ്ത്രീകൾ മുന്നോട്ട് വരണം. അത് തുറന്നുപറയാൻ ധൈര്യം കാണിക്കണം. മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹികമായ മുൻവിധികൾ (Stigma) മാറേണ്ടതുണ്ട്. ഫൊക്കാന വിമൻസ് ടീമിലൂടെ അമേരിക്കയിലെയും കേരളത്തിലെയും സ്ത്രീകൾക്കിടയിൽ ഈ വിഷയത്തിൽ ശക്തമായ അവബോധം വളർത്താൻ ഞാൻ പ്രവർത്തിക്കും.

വിമൻസ് ഫോറം ചെയർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ മറ്റ് പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?

സ്ത്രീകളുടെ മുന്നേറ്റത്തിനും സമൂഹത്തിലെ അവരുടെ സജീവ പങ്കാളിത്തത്തിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സംഘടനയുടെ മുൻകാല വനിതാ നേതാക്കൾ തുടങ്ങിവെച്ച സ്കോളർഷിപ്പ് പദ്ധതികൾ കൂടുതൽ വിപുലമാക്കും. ഇത്തവണ രേവതി പിള്ളയുടെ നേതൃത്വത്തിൽ 26 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പ്രൗഢോജ്വലമായി സ്‌കോളർഷിപ്പ് വിതരണം ചെയ്യാൻ സാധിച്ചത് വലിയ മാതൃകയായി മുന്നിലുണ്ട്. വനിതകളുടെ വിദ്യാഭ്യാസം, സംരംഭകത്വം, മാനസിക-സാമൂഹിക ഉന്നമനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന മികച്ച പദ്ധതികൾ എല്ലാവരുടെയും പിന്തുണയോടെ നടപ്പിലാക്കും.

സംഘടനാ രംഗത്തെ മുൻകാല അനുഭവങ്ങൾ ഈ പുതിയ ദൗത്യത്തിന് എത്രത്തോളം സഹായകമാകും?

അമേരിക്കയിലെ പ്രമുഖ സംഘടനയായ ‘മന്ത്ര’യുടെ തുടക്കം മുതൽ സജീവമാണ്. മുൻപ് ഡയറക്ടർ ബോർഡ് മെമ്പറായും നിലവിൽ ട്രസ്റ്റി ബോർഡിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു. കൂടാതെ വേൾഡ് മലയാളി കൗൺസിൽ (WMC) അമേരിക്കൻ റീജിയൻ ജോയിന്റ് സെക്രട്ടറി, വിമൻസ് ഫോറം ചെയർ, ഡിസി പ്രൊവിൻസ് എന്റർടൈൻമെന്റ് ചെയർ എന്നീ നിലകളിലും പ്രവർത്തിച്ചു. വാഷിംഗ്ടൺ ഡിസിയിൽ ‘റിഥം' എന്ന ഡാൻസ് ഫെസ്റ്റിവലിന് രണ്ടു വർഷത്തോളം നേതൃത്വം നൽകാൻ കഴിഞ്ഞത് ഏറെ അഭിമാനകരമായ അനുഭവമായിരുന്നു. ഇൻഡ്യൻ ക്ലാസിക്കൽ നർത്തകർക്കായി മികച്ചൊരു വേദി സൃഷ്ടിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും അതിലൂടെ സാധിച്ചു. ഈ അനുഭവങ്ങളൊക്കെയും ഫൊക്കാനയിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ എനിക്ക് ആത്മവിശ്വാസം നൽകുന്നു.

കുടുംബത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണയെക്കുറിച്ച്?

കുടുംബത്തിന്റെ ശക്തമായ പിന്തുണയില്ലാതെ ഒരാൾക്കും മുന്നോട്ട് പോകാനാകില്ല. ഭർത്താവ് അനിൽ കൃഷ്ണൻകുട്ടി വാഷിംഗ്ടൺ ഡിസിയിൽ സോഫ്റ്റ്വെയർ  ആർക്കിടെക്റ്റായി ജോലി ചെയ്യുന്നു. മകൻ ആദിദേവ് സായി അനിലിന് അഞ്ച് വയസ്സാണ്. ഭർത്താവിന്റെ കുടുംബത്തിൽ നിന്നും എനിക്ക് ലഭിക്കുന്ന പിന്തുണ എടുത്തു പറയേണ്ടതാണ്. ഭർത്താവിന്റെ അച്ഛൻ കൃഷ്ണൻകുട്ടി, അമ്മ മണി കൃഷ്ണൻകുട്ടി, അമേരിക്കയിലുള്ള സഹോദരൻ വിനോദ് കൃഷ്ണൻകുട്ടി,സഹോദരപത്നി ദിവ്യ വിനോദ് എന്നിവർ എന്റെ എല്ലാ വളർച്ചയ്ക്കും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. ഭർതൃകുടുംബത്തിൽ നിന്ന് അത്തരത്തിലൊരു പിന്തുണ എല്ലാവർക്കും കിട്ടണമെന്നില്ല, അതിൽ എനിക്ക് ദൈവത്തോട് വലിയ നന്ദിയുണ്ട്.

തിരഞ്ഞെടുപ്പിലെ മത്സരത്തെ എങ്ങനെ കാണുന്നു? വോട്ടർമാരോട് എന്താണ് പറയാനുള്ളത്?

ഇത് തികച്ചും ആരോഗ്യകരമായ ഒരു മത്സരമായിട്ടാണ് ഞാൻ കാണുന്നത്. സ്ഥാനാർത്ഥികൾ തമ്മിലുള്ള സൗഹൃദവും സഹകരണവും എന്നും നിലനിൽക്കും. ആരാണ് വിജയിക്കുന്നത് എന്നതിലുപരി, ഒരു ടീമായി നിന്ന് ഫൊക്കാനയെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനം. അമേരിക്കൻ മലയാളികളുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അമേരിക്കൻ മലയാളി സമൂഹത്തിൽ പുതുചലനമാകാൻ സരൂപ അനിൽ
അമേരിക്കൻ മലയാളി സമൂഹത്തിൽ പുതുചലനമാകാൻ സരൂപ അനിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക