
കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായിരുന്നു ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായിയുടെ ഗണ്‍മാന്മാരുടെ മര്‍ദ്ദനം അഥവാ 'രക്ഷാ പ്രവര്‍ത്തനം'. ഈ പോലീസ് ഭീകരതയുടെ ചുരുളഴിക്കാനാണ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയായ ദിവസം തന്നെ തന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഒരു രാഷ്ട്രീയ തീരുമാനം എടുത്തത്. പിണറായിയുടെ ഭാഷയിലെ ഈ 'രക്ഷാ പ്രവര്‍ത്തനം' സംബന്ധിച്ച് അന്വേഷിക്കാന്‍ എസ്.ഐ.ടി രൂപീകരിക്കാനുള്ള ശുപാര്‍ശ ഡി.ജി.പി ആഭ്യന്തര വകുപ്പിന് കൈമാറിയിരിക്കുകയാണ്. ഈ സംഭവത്തെക്കുറിച്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക സംഘമാണ് പുനരന്വേഷണം നടത്തുക. ശുപാര്‍ശ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് പരിശോധിച്ച ശേഷം ഉത്തരവിറങ്ങും. ഗണ്‍മാന്മാരെ സസ്‌പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരാണ് കേസിലെ പ്രതികള്‍.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയ നവകേരള സദസ്സ് യാത്രിയ്ക്കിടെ 2023 ഡിസംബര്‍ 15-നാണ് ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്ഷനില്‍ വച്ച് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരടക്കം മര്‍ദിക്കുന്നത്. യുവ എം.എല്‍.എ, എ.ഡി തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്കായിരുന്നു അന്ന് കൊടിയ മര്‍ദനമേല്‍ല്‍ക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കറുത്ത കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ പോലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാനും സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് വീണ പ്രവര്‍ത്തകരെ വീണ്ടും മര്‍ദ്ദിച്ച സംഭവത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചത് ''അവരെ രക്ഷപ്പെടുത്താന്‍ വേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനം...'' എന്നായിരുന്നു.
അന്ന് പിണറായി പോലീസ് തല്ലിച്ചതച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.ഡി തോമസ് ഇന്ന് ജനവിധിയിലൂടെ അതേ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഭരണപക്ഷ എം.എല്‍.എയായി നിയമസഭയില്‍ ഇരിക്കുന്നു എന്നത് കേവലം യാദൃശ്ചികമല്ല. അന്ന് പോലീസിന്റെ കിരാത വാഴ്ചയില്‍ വേദനിച്ച എ.ഡി തോമസിനെ സംബന്ധിച്ചിടത്തോളം ഈ പുനരന്വേഷണം ഒരു മധുര പ്രതീകാരം കൂടിയാണ്. അദ്ദേഹം അങ്ങനെ അവകാശപ്പെട്ടില്ലെങ്കില്‍പ്പോലും. പിണറായി അന്ന് പറഞ്ഞത് ഇങ്ങനെ...
''എന്താണു നടക്കുന്നതെന്നു ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ..? ഒരാള്‍ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാര്‍ അങ്ങോട്ടു പിടിച്ചു തള്ളി മാറ്റുകയാണ്. അതു ജീവന്‍ രക്ഷിക്കാനല്ലേ..? അതൊരു അക്രമമാണോ..? ഒരു തീവണ്ടി വരുന്നു. ഒരാള്‍ അവിടെ കിടന്നുപോയി. രക്ഷിക്കാന്‍ വേണ്ടി അയാളെ എടുത്തെറിയില്ലേ..? എറിഞ്ഞാല്‍ അയാള്‍ക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക..? അയാളുടെ ജീവന്‍ രക്ഷിക്കലല്ലേ പ്രധാനം..? ആ ജീവന്‍രക്ഷാ രീതിയാണു ഡി.വൈ.എഫ്.ഐക്കാര്‍ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികള്‍ തുടര്‍ന്നു പോകണം...'' ശരിയാണ്. നവകേരള ബസ് കടന്നുപോയ സ്ഥലങ്ങളിലെല്ലാം 'മാതൃകാപരമായ ആ രീതികള്‍' അക്ഷരംപ്രതി തുടരുക തന്നെ ചെയ്തു. അത് ജനം ലൈവായി കണ്ടതുമാണ്.
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുന്നതു കണ്ട ഗണ്‍മാനും അന്ന് കുരുപൊട്ടി. ഇയാല്‍ കാറില്‍ സൂക്ഷിച്ച വടിയുമായി പുറത്തിറങ്ങി സംഹാര താണ്ഡവമാടി. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍, സുരക്ഷ ഉദ്യോഗസ്ഥന്‍ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു. ഗണ്‍മാന്റെ കൈയില്‍ മേല്‍ത്തരം ആയുധങ്ങളുടെ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നത്രേ. ഇതുപയോഗിച്ചായിരുന്നു ഇയാളുടെ വക രക്ഷാപ്രവര്‍ത്തനം. എന്നാല്‍ കോടതി ഉത്തരവ് പാലിക്കാന്‍ പിണറായി സക്കാര്‍ കൂട്ടാക്കിയില്ല. ചോരയൊലിപ്പിച്ച് തെരുവില്‍ വീണിട്ടും അന്ന് പോലീസ് കേസ് എടുത്തത് മര്‍ദ്ദനമേറ്റവര്‍ക്കെതിരെയായിരുന്നു.
2024 ജൂലൈ നാലാം തീയതി നിയമസഭയിലും പിണറായി വിജയന്‍ തന്റെ വിവാദമായ 'രക്ഷാപ്രവര്‍ത്തന' പരാമര്‍ശത്തെ ന്യായീകരിച്ച് സംസാരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിനെ 'രക്ഷാപ്രവര്‍ത്തനം' എന്ന് സി.പി.എം പറഞ്ഞതു കൊണ്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതെന്നാണ് പ്രതിപക്ഷ അംഗം സഭയില്‍ പറഞ്ഞത്. ഇത് പിണറായിയെ പ്രകോപിപ്പിച്ചു. വാഹനത്തിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണെനാനയിരുന്നു അന്ന് പിണറായി പറഞ്ഞത്. ''ഞാന്‍ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും. ബസിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാകും. പിന്നീട് അവിടെ എന്തു സംഭവിച്ചുവെന്ന് ഞാന്‍ കാണുന്നില്ലല്ലോ...'' എന്നായിരുന്നു ധാര്‍ട്യം നിറഞ്ഞ ആ ന്യായവാദം.
നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെ.എസ്.യു-യൂത്ത് കാണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ തല്ലിച്ചതച്ചതിനെ 'രക്ഷാപ്രവര്‍ത്തനം' എന്ന് മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചതില്‍ സന്തോഷമുണ്ടെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിഹസിച്ചത്. എന്നാല്‍, കാലം മാറിമറിയുകയും യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരികയും ചെയ്തതോടെ പഴയ രക്ഷാപ്രവര്‍ത്തന സിദ്ധാന്തത്തിന് നിയമപരമായ അന്ത്യം കുറിക്കാനാണ് വി.ഡി സതീശന്‍ നിശ്ചിച്ചുറപ്പിച്ചരിക്കുന്നത്. പ്രമാദമായ ഈ കേസില്‍ പോലീസ് സിന്റെ ക്രൂരതയെപ്പറ്റി കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നീതിപൂര്‍വ്വമായ അന്വേഷണം നടന്നില്ലെന്നും ഇരകള്‍ക്ക് നീതി ലഭിച്ചില്ലെന്നുമുള്ള ഹര്‍ജികളിലെ കോടതി ഉത്തരവുകള്‍ അടിസ്ഥാനമാക്കിയാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
പിണറായിയുടെ കാലത്ത് പോലീസിന്റെ കാടത്തം അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരുന്നു. അതിലൊന്നുമാത്രമാണ് ഇത്. ഭയമുളവാക്കുന്ന സംഭവങ്ങള്‍ ഏറെ അക്കമിട്ട് നിരത്താനുണ്ട്. എന്നാല്‍ പിണറായിയെയും ചില രാഷ്ട്രീയ യജമാനന്‍മാരെയും പ്രീതിപ്പെടുത്താന്‍ വേണ്ടി ജനങ്ങളുമേല്‍ തോക്കും ലാത്തിയുമൊക്കെ ഉപയോഗിച്ച് മൂന്നാം മുറ പ്രയോഗിച്ച പാലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചനയാണ് ഈ പുനരന്വേഷണത്തിലൂടെ ആഭ്യന്തര വകുപ്പ് നല്‍കുന്നത്. ആലപ്പുഴയില്‍ കോണ്‍ഗ്രസുകാരെ തല്ലിപ്പഴുപ്പിച്ച പോലീസുകാരും അവരെ സംരക്ഷിച്ച സി.പി.എമ്മുകാരും ഉദ്യാഗസ്ഥ വാലാട്ടികളും പുതിയ അന്വേഷണത്തിന്റെ പരിധിയില്‍ വരും. പിണറായി സര്‍ക്കാര്‍ ഒതുക്കിതീര്‍ത്ത എല്ലാ ഫയലുകളും വീണ്ടും തുറക്കാന്‍ വി.ഡി സതീശന്‍ സര്‍ക്കാര്‍ ഒട്ടും അമാന്തം കാട്ടിയില്ലെന്നതാണ് ഈ നടപടികളെ ശ്രദ്ധേയമാക്കുന്നത്.