
ആ സംഭവത്തിന് ശേഷം അന്നാണ് മൃണ്മയി വീണ്ടുമെന്നോട് സംസാരിക്കുന്നത്.ഇനിയൊരിക്കലും ഞങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ നേർത്ത ഒരു നൂലുപോലും ബാക്കിയുണ്ടാവില്ല എന്നായിരുന്നു ഞാൻ കരുതി പോന്നിരുന്നത്. എന്നാൽ എന്റെയെല്ലാ ആശങ്കകളും അപ്രസ്കതമാക്കിക്കൊണ്ട് മൃണ്മയി എന്നോട് സംസാരിക്കുകയായിരുന്നു. ഒരു ക്ലയന്റ്റ് മീറ്റിംഗ് കഴിഞ്ഞ് സിസ്റ്റം ഷട്ട്ഡൗൺ ചെയ്ത് ഓഫീസിൽ നിന്നിറങ്ങാൻ തുടങ്ങുകയായിരുന്നു ഞാൻ. അന്നൊരു ശനിയാഴ്ചയായിരുന്നു. വീട്ടിലേക്ക് പോകുകയാണല്ലോ എന്ന ആശ്വാസതോന്നൽ എന്നെ പൊതിഞ്ഞു നിന്നിരുന്നു.അഞ്ചാം നിലയിലെ ലിഫ്റ്റിനടുത്തെത്തിയപ്പോഴാണ് ലൈറ്റ് പീച്ച് ജോർജറ്റ് കോമ്പിനേഷനിൽ നീല ചെമ്പരത്തി പൂക്കൾ ഹാൻറ് പെയിന്റ് ചെയ്തെടുത്ത ചുരിദാറിൽ അതീവ സുന്ദരിയായി മൃണ്മയി എന്റെ നേർക്ക് ഓടി വന്നത്.അവൾ എനിക്കൊപ്പം ലിഫ്റ്റിൽ കയറുകയും ലിഫ്റ്റിന്റെ വാതിലുകൾ അടയുകയും ചെയ്തു. ഒരു വേള എന്റെ ഹൃദയം നിലച്ചു പോകുമോ എന്ന് വരെ ഞാൻ ഭയന്നുപോയി. “ നിന്നെ കാണാൻ ഞാൻ ഓഫീസിലേക്ക് വരാനിരുന്നതാ..ആർ യു ഫ്രീ ടുമോറോ? എന്തെങ്കിലും പരിപാടികളുണ്ടോ നിനക്ക് ”? ലിഫ്റ്റിനുള്ളിൽ വെച്ച് മൃണ്മയി എന്നോട് ചോദിച്ചു. എന്താണ് മൃണ്മയിയുടെ മനസ്സിൽ, അവളെന്താണ് എന്നോട് പറയാൻ പോകുന്നതെന്ന് ഒരു പിടിയുമില്ലാതെ ഞാൻ ഒരു നിമിഷം ശങ്കിച്ചു നിന്നു. “ഇന്ന് രാത്രി നാട്ടിലേക്ക് പോകും ഞാൻ . മൺഡേ അമ്മയ്‌ക്കൊരു ചെക്ക് അപ്പ് ഉണ്ട്. എന്തു പറ്റി?” നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കർച്ചീഫുകൊണ്ടൊപ്പി ഞാൻ മൃണ്മയിയോട് ചോദിച്ചു..“നാളെ അപ്പുവിന്റെ പിറന്നാളാണ്. നീ വരണം. നീ വന്നാൽ അവനത് വലിയ സന്തോഷമാകും.ഗസ്റ്റ് ആയിട്ട് വരാനൊന്നും ഞങ്ങൾക്കങ്ങനെ മറ്റാരുമില്ല, ആരെയും വിളിച്ചിട്ടുമില്ല. അവനെ ഇതുവരെ നീ നേരിൽ കണ്ടിട്ടുമില്ലല്ലോ..”പെട്ടെന്ന് മൃണ്മയിയോട് എന്തു പറയണമെന്ന് എനിക്കു മറുപടിയില്ലായിരുന്നു. രാത്രിയിലെ ട്രെയിനിനു നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതുമാണ്. വരാമെന്നോ ഇല്ലെന്നോ ഞാൻ പറഞ്ഞില്ല.എന്നിട്ടും ഗ്രൗണ്ട് ഫ്ലോറിലെത്തി ലിഫ്റ്റിൽ നിന്നിറങ്ങി പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ ‘രാവിലെ പതിനൊന്നു മണിക്ക് കേക്ക് കട്ടിങ്, പിന്നെ ഒരു കുഞ്ഞു സദ്യ, തീർന്നു അത്രേയുള്ളൂ. ലൊക്കേഷൻ വാട്ട്സാപ്പിൽ ഷെയർ ചെയ്തിട്ടേക്കാം, നാളെ കാണാമേ’ എന്ന് നിൽക്കാൻ നേരമില്ലാത്ത വിധം പറഞ്ഞുകൊണ്ടോടുകയായിരുന്നു അവൾ. ഞാൻ വരുമെന്ന് മൃണ്മയി ആ നിമിഷം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.അവൾക്ക് മറ്റൊരാളുടെ മനസ്സ് വായിക്കാനുള്ള കഴിവുണ്ടെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.പണ്ടും മൃണ്മയി അങ്ങനെ ആയിരുന്നല്ലോ എന്നും ഞാനപ്പോൾ ഓർത്തുപോയി. അവളുടെ വാക്കുകളെ എതിരിടുക ഒരിക്കലും ആർക്കുമത്ര എളുപ്പമായിരുന്നില്ല.വല്ലാത്തൊരു ‘കമാന്റിങ്ങ് പവർ’അവളുടെ വാക്കുകളിലെപ്പോഴും അന്തർലീനമായി കിടന്നിരുന്നു., എന്റെ അമ്മയെപ്പോലെ. മൃണ്മയിയുടെ ചെറി റെഡ് സ്വിഫ്റ്റ് കാർ, പാർക്കിംഗ് യാർഡ് വിട്ടു പോകുന്നത് ബൈക്കിന്റെ റിയർവ്യൂ മിററിലൂടെ ഞാൻ നോക്കിയിരുന്നു.അനുസരണയില്ലാതെ വളർന്നു തുടങ്ങിയ താടി രോമങ്ങൾ അപ്പോളാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. സത്യം പറയാമല്ലോ, മനസ്സറിഞ്ഞ് ഒരു കണ്ണാടിയിൽ നോക്കിയിട്ട് എത്രയോ നാളുകൾ കഴിഞ്ഞിരുന്നു..
ബിടെക് നു കോളേജിൽ ചേർന്ന ദിവസമാണ് മൃണ്മയിയെ ഞാൻ ആദ്യമായി കാണുന്നത്.രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി നടത്തിയ ഓറിയന്റേഷൻ ക്ലാസ്സിന്റെയന്ന്, അനിയന്മാരുടെ കൈകൾ പിടിച്ച് അച്ഛന്റെ അല്പം മുൻപിലായി അവൾ ആ ഓഡിറ്റോറിയത്തിലേക്ക് കയറി വരികയായിരുന്നു .എനിക്കു മുന്നിലുള്ള നിരയിൽ ഒഴിഞ്ഞു കിടന്ന കസേരകളിലായി അവളും അനിയന്മാരും അച്ഛനും ഇരിപ്പുറപ്പിച്ചു.ഒരു പതിനെട്ടുകാരിയുടെ മട്ടും ഭാവവുമൊന്നുമായിരുന്നില്ല അവൾക്ക്. ഇരിപ്പിലും നടപ്പിലും പെരുമാറ്റത്തിലുമൊക്കെ അടിമുടി അവളിൽ ഒരമ്മത്തം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.തള്ളകോഴി ചിറകിനടിയിൽ കുഞ്ഞുങ്ങളെ കരുതുംപോലെയായിരുന്നു അവൾ അനിയന്മാരെ പൊതിഞ്ഞു പിടിച്ചിരുന്നത്. അവർക്ക്, മൃണ്മയി ചേച്ചി മാത്രമല്ല, അമ്മകൂടിയായിരുന്നു എന്ന് കാണുന്നവർക്കെല്ലാം ഒറ്റനോട്ടത്തിലേ തിരിച്ചറിയാനാകുമായിരുന്നു. എനിക്കു മൃണ്മയിയോട് എന്നും ഒരു തരം ആരാധനയായിരുന്നു.ആ ആരാധനയിൽ നിന്നാണ് പ്രണയമുണ്ടായതെന്നാണ് എനിക്കു തോന്നുന്നത്, ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ഒന്നുമായിരുന്നില്ല, അതിലൊന്നും ഞാൻ വിശ്വസിക്കുന്നുമില്ല. ഉപ്പു പാളികൾ ഒന്നിന് മീതെ ഒന്നായി അടിഞ്ഞ്, ഘനീഭവിച്ച് ഉപ്പുപാറയാകുന്നത് പോലെ അത്രയും സാന്ദ്രമായിരുന്നു അത്.,മൃണ്മയിയായിരുന്നു എന്റെ ആദ്യപ്രണയം, ഇനി ഒടുവിലത്തേതും.
സലൂണിലെ കണ്ണാടിയിലേക്ക് നോക്കിയിരുന്നപ്പോൾ പോയ കാലം എന്റെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി പടർത്തി.പക്ഷേ,വേണ്ട സമയത്ത് തുറന്ന് പറയപ്പെടാതെ പോയ ഒരു പ്രണയത്തിന്റെ നീറിപിടിക്കുന്ന വേദനകൂടി ആ പുഞ്ചിരി അടക്കം ചെയ്തിരുന്നു.എന്തുകൊണ്ടാണ് ആ പ്രണയം മൃണ്മയിയോട് അക്കാലത്ത് തുറന്നു പറയാതിരുന്നത് എന്ന് സ്വാഭാവികമായും ആർക്കും സംശയം തോന്നിയേക്കാം. പറയാതിരിക്കാൻ പലവിധ കാരണങ്ങളുണ്ടായിരുന്നു, ചിലത് കേൾക്കുമ്പോൾ ക്‌ളീഷേയായി തോന്നിയാലും അതായിരുന്നു വാസ്തവം. ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് മൃണ്മയിയും ഞാനും തമ്മിൽ വളരെയേറെ അടുത്തു പോയിരുന്നു.ഞങ്ങളുടെ സൗഹൃദത്തിന്റെ തോണി ഏറെദൂരം മുന്നോട്ട് പോയി. ആത്മാവുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന ഒരദൃശ്യ ചങ്ങല ഞങ്ങൾക്കിടയിലുണ്ടായിരുന്നു.എല്ലാ ആൺകുട്ടികൾക്കും ഏറ്റവുമടുത്ത ഒരുപെൺ സുഹൃത്തെങ്കിലുമുണ്ടാകും. ഒട്ടുമിക്കപേരുടെ കാര്യത്തിലും ആ സൗഹൃദപ്പുഴയുടെ അറ്റത്ത് പ്രണയത്തിന്റെ ഒരു കടലുണ്ടാകും.പക്ഷേ തങ്ങൾക്കിടയിലെ സൗഹൃദം എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ഭയത്താൽ കടലിനെ പ്രാപിക്കാൻ പുഴയെ ഒരിക്കലുമവർ അനുവദിക്കാറില്ല.ഞങ്ങൾക്കിടയിലും അത് തന്നെയാണ് സംഭവിച്ചത്. എനിക്കൊരിക്കലും മൃണ്മയിയുടെ സൗഹൃദം നഷ്ടപ്പെടുത്താനാകുമായിരുന്നില്ല.എന്നിട്ടും വിവാഹ ക്ഷണക്കത്ത് നേരിട്ട് കൈപ്പറ്റുമ്പോൾ അമൂല്യമായതെന്തോ കൈയെത്തുന്ന ദൂരത്തു നിന്ന് അകന്നു പോവുകയാണല്ലോ എന്ന തോന്നലെനിക്കുണ്ടായി.
അന്ന് വിവാഹം ക്ഷണിക്കാൻ അവൾ എന്റെ വീട്ടിലേക്ക് നേരിട്ട് വരികയായിരുന്നു. മൃണ്മയിക്ക് ഏറ്റവും പ്രിയപ്പെട്ട കൂർക്കയിട്ട് വെച്ച ബീഫ് കറിയൊരുക്കി അമ്മ,അവൾക്ക് ഊണു വിളമ്പി.അമ്മയ്ക്ക് അവൾ സ്വന്തം മകളെപോലെയായിരുന്നു. അമ്മയുടെ പിറന്നാൾ ഓർത്തു വെച്ച് മുടങ്ങാതെ ആ ദിവസം അവൾ അമ്മയെ വിളിച്ച് ആശംസകൾ അറിയിക്കാറുണ്ടായിരുന്നു. ഞാൻ മറന്നു പോയാലും ഒരനുഷ്ഠാനം പോലെ മൃണ്മയി അത് തുടർന്നു പോന്നു.ഊണിനുശേഷം നട്ടുച്ചക്ക് ഞങ്ങൾ കടലോര പാതയിലൂടെ നടന്നു. അവൾ ഇളം നീലയിൽ വെളുത്ത ചിപ്പികൾ എംബ്രോയ്ഡറി ചെയ്തെടുത്ത ചുരിദാറായിരുന്നു ധരിച്ചിരുന്നത്. അത് കണ്ട് ഞാൻ അവളോട് ‘നീയൊരു കടലായിരിക്കുന്നു ഇപ്പോൾ’ എന്ന് പറഞ്ഞതും അവൾ കുടുകുടെ ചിരിച്ചതും ഞാനിപ്പോഴുമോർക്കുന്നു. കടപ്പുറത്തെ ഒരു കാറ്റാടി മരത്തിന്റെ ഇത്തിരി തണൽവട്ടത്തിലിരുന്ന് ഞങ്ങൾ പിന്നെയും സംസാരിച്ചു. അക്കാലത്ത് വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയായിരുന്നു ഞാൻ കടന്നു പോയിക്കൊണ്ടിരുന്നത്.എഞ്ചിനീയറിങ് ഇഷ്ടപ്പെട്ടു പഠിച്ചതല്ല, കോളേജ് കഴിഞ്ഞ് നാലഞ്ച് വർഷം ബാങ്ക് കോച്ചിംഗ് എന്നും സർക്കാർ ജോലിയെന്നും പറഞ്ഞ് വെറുതേ കളഞ്ഞിരുന്നു. കൂടെയുള്ളവരും പിറകേ വന്നവരും ജീവിതം കെട്ടിപ്പടുക്കുന്നത് കടുത്ത അപകർഷ ബോധത്തോടെ നോക്കിനിന്ന് ആത്മനിന്ദയാൽ ഉരുകിയിരുന്ന കാലം. കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ട, എല്ലാകാലത്തേക്കുമുണ്ടാകുമെന്നു കരുതിയ പല മനുഷ്യരും ഇഷ്ടങ്ങളും ജീവിതത്തിൽ നിന്ന് ഇറങ്ങിപോവുകയും ചെയ്തു . സ്നേഹം, കരുതൽ ഇതൊന്നും വൺ വേ ട്രാക്കുകളല്ല. അങ്ങോട്ടുമിങ്ങോട്ടും പോക്കുവരവുകൾ ഉണ്ടാകുമ്പോഴേ അതിനർത്ഥമുണ്ടാകുകയുള്ളൂ എന്ന് ആ കാലമാണ് എന്നെ പഠിപ്പിച്ചത് . എന്നും ഒരേ ദിശയിൽ മാത്രം സഞ്ചരിച്ച് യാത്ര മടുക്കുകയും എന്നെന്നേക്കുമായി എന്നിലേക്ക് മാത്രം യാത്രചെയ്യുന്ന ഒരാളായി തീർന്നിരുന്നു ഞാൻ.അപ്പോഴെല്ലാം എന്നെ മനസ്സിലാക്കുകയും എന്റെ കൂടെയുണ്ടായിരുന്നതും മൃണ്മയി മാത്രമായിരുന്നു. അങ്ങനെയോരോന്നോർത്ത് കൊണ്ട് ഞാൻ കടലിലേക്ക് നോക്കിയിരുന്നു. .പശ്ചാത്തലത്തിൽ ‘കടൽവാനം കൂടാ നിറം മാറകൂടും മനംകൊണ്ട പാസം തടം മാറിടാത്’എന്ന പാട്ട് പതിഞ്ഞ ശബ്ദത്തിൽ ദൂരെ നിന്ന് കേൾക്കാമായിരുന്നു. “ഒരിക്കൽ ചോദിച്ചിട്ട് കിട്ടാത്തവയ്ക്ക് വേണ്ടി കാത്തു നിൽക്കരുത്”.വിരലുകൊണ്ട് മണ്ണിൽ മൃണ്മയി എന്നെഴുതിക്കൊണ്ടിരിക്കെ അവൾ എന്നോട് പറഞ്ഞു.. “സ്നേഹം, സമയം, പരിഗണന ഇതൊന്നും രണ്ടാമത് ചോദിക്കാൻ നിൽക്കരുത്.കിട്ടില്ലെന്ന് ഉറപ്പായാൽ ഇറക്കി വിടും മുൻപ് ചിരിച്ചുകൊണ്ടിറങ്ങി പോരുക.. പിന്നെ നഷ്ടങ്ങളെക്കുറിച്ചോർത്ത് ദുഃഖിക്കരുത് പാർത്ഥി നീ ..സത്യമുള്ളതൊന്നും അങ്ങനെ നമ്മെ വിട്ടു പോകില്ല. സാധനങ്ങളായാലും ബന്ധങ്ങളായാലുമതേ. നേരും നെറിയുമുള്ളവ തിരിച്ച് നമ്മളിലേക്ക് തന്നെ വരും”എന്ന് പറഞ്ഞ് ചുരിദാറിൽ പറ്റിയ മണൽതരികൾ തട്ടികുടഞ്ഞ് അവളെഴുന്നേറ്റു. “വരൂ.. നമുക്ക് നടക്കാം”. അവൾ എനിക്കു നേരെ കൈ നീട്ടി.അവളുടെ വാക്കുകൾ വേവുന്ന മനസ്സിന് സാന്ത്വനമേകുന്നവയായിരുന്നു. മനോഹരമായ ആ മദ്ധ്യാഹ്നം തീർന്നു പോകരുതേ എന്ന് പ്രാർത്ഥിക്കുകയായിരുന്നു ഞാനപ്പോൾ.വീട്ടിൽ തിരിച്ചെത്തി അമ്മ തയ്യാറാക്കിയ പാൽകൊഴുക്കട്ട കൊതിയോടെ നുണഞ്ഞ് അമ്മയുടെ ചുമലിലൂടെ കൈ ചേർത്ത് പിടിച്ച് അവൾ പറഞ്ഞു- “നിന്നോടെനിക്ക് കടുത്ത അസൂയ തോന്നുന്നു. നിനക്കെന്നും അമ്മയുണ്ടാക്കുന്ന ആഹാരമിങ്ങനെ കഴിച്ചുകൊണ്ടേയിരിക്കാമല്ലോ”. ഒരു കൊള്ളിയാൻ എന്റെ ഹൃദയത്തിനു കുറുകെ കടന്ന് പോയി. മൃണ്മയിയുടെ അമ്മ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നുവല്ലോ. വൈകീട്ടത്തെ ട്രെയിനിലാണ് അവൾ തിരിച്ചു പോയത്.വല്ലപ്പോഴും ഒരു പാസഞ്ചർ ട്രെയിൻ മാത്രം നിർത്തുന്ന റെയിൽവേ സ്റ്റേഷനായിരുന്നു അത്. അന്നത്തെ ദിവസം ട്രെയിൻ പതിവിലും വൈകിയാണെത്തിയത്. അത് വരേയ്ക്കും വയലറ്റ് മന്ദാര പൂക്കൾ വീണു കിടക്കുന്ന ഒരു സിമന്റ് ബെഞ്ചിൽ പരസ്പരമൊന്നും മിണ്ടാതെ ഞങ്ങൾ രണ്ടുപേരും വിദൂരതയിലേക്ക് നോക്കിയിരുന്നു. വീശിയടിക്കുന്ന വൃശ്ചികക്കാറ്റിൽ പിന്നെയും പിന്നെയും മന്ദാരം പൂക്കൾ പൊഴിച്ചു. ഒടുവിൽ അവൾ യാത്രയായി. അവസാനത്തെ കമ്പാർട്മെന്റും കണ്ണിൽ നിന്ന് മായും വരെ ഞാൻ അവിടെ തന്നെ നിന്നു.
മൃണ്മയിയുടെ കല്യാണത്തിന് അമ്മയും ഞാനും പങ്കെടുത്തിരുന്നു. പക്ഷേ ആൾക്കൂട്ടത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരിടത്ത്, ഏറ്റവും പിറകിലായി ഇരുന്നു കൊണ്ട് ഞങ്ങൾ അവൾക്കാശംസകൾ നേർന്നു. ഫോട്ടോ എടുക്കാനോ കഴിക്കാനോ ഒന്നും നിൽക്കാതെ വളരെ പെട്ടെന്ന് മടങ്ങുകയായിരുന്നു. എന്തുകൊണ്ടോ അങ്ങനെ ചെയ്യാനാണ് അപ്പോൾ തോന്നിയത്. അതിനു ശേഷം മൃണ്മയി ഫോണിൽ വിളിക്കുമ്പോഴേല്ലാം മനഃപൂർവം ഞാൻ കണ്ടില്ലെന്ന് നടിച്ചു.മെസ്സേജുകൾക്ക് മറുപടി കൊടുക്കാതായി.പിന്നെ പിന്നെ മൃണ്മയിയെ കുറിച്ച് വിവരമൊന്നുമില്ലാതായി. കോളേജ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നുമെല്ലാം അവൾ അപ്രത്യക്ഷയായി. പിന്നീടെപ്പോഴോ അവൾ അമ്മയായെന്ന വിശേഷം ആരോ പറഞ്ഞറിഞ്ഞു. അധികം വൈകാതെ നടുക്കുന്ന മറ്റൊരു വാർത്തകൂടിയറിഞ്ഞു.അവളുടെ ഭർത്താവ് മരിച്ചുപോയിരിക്കുന്നു. .ബിസിനസ്സിൽ നേരിട്ട കടുത്ത തിരിച്ചടികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ആത്മഹത്യ ചെയ്യുകയായിരുന്നത്രെ അയാൾ. ബിസിനസ് പങ്കാളികൾ ചതിച്ചതാണെന്നും പറയപ്പെടുന്നു.
ആ വാർത്തയറിഞ്ഞ ദിവസം വല്ലാത്തൊരു ശൂന്യത മനസ്സിനെ ബാധിച്ചിരുന്നു.മൃണ്മയിയെ നേരിൽ കണ്ടാലോ എന്ന് വരെ ചിന്തിച്ചു. പിന്നെ വേണ്ടെന്ന് വെച്ചു. കണ്ടിട്ടെന്ത് കാര്യം, എനിക്ക് ആശ്വാസവാക്കുകൾ പറയാനറിയില്ല.ഇനിയുള്ള അവളുടെ ജീവിതം എങ്ങനെയായിരിക്കുമെന്നോർത്ത് വെറുതേ കണ്ണടച്ചിരുന്നപ്പോൾ എന്റെയും അമ്മയുടെയും കഴിഞ്ഞ കാലമാണ് എനിക്കോർമ്മ വന്നത്. ഡിസംബറിലെ മഞ്ഞുപെയ്യുന്ന ഒരു പുലർകാലത്ത് നിനച്ചിരിക്കാതെ അച്ഛൻ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പോവുകയായിരുന്നല്ലോ.അച്ഛന് മാത്രം കഴിയുന്ന വിധം അത്രയും ശാന്തമായി, നിശബ്ദമായിട്ടായിരുന്നു ആ വിട വാങ്ങൽ.എനിക്കന്ന് ആറോ എഴോ വയസ്സ് കാണും.ജീവിതത്തെ കുറിച്ചുള്ള സകല പ്രതീക്ഷകളുമറ്റ്,ഒരേ മുറിക്കുള്ളിൽ, ദിവസങ്ങളോളം ശിലപോലെ ഉറച്ചിരുന്ന അമ്മയ്‌ക്കരികിൽ ചെന്നിരുന്ന് പൂഴി മണലിൽ നിന്ന് പെറുക്കിയെടുത്ത മഞ്ചാടി മണികൾ ഉള്ളംകൈ തുറന്ന് കാണിച്ച് “നമുക്കിത് വിറ്റ് ജീവിച്ചാലോ അമ്മേ”എന്ന് ഒരിക്കൽ ഞാൻ ചോദിച്ചിരുന്നത്രെ.. അതൊന്നും എന്റെ ഓർമ്മയിലേ ഉണ്ടായിരുന്നില്ല. ഏതോ ഒരു ദിവസം ഒരു ദുസ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് പോലെ അമ്മയെന്നെ വാരി പുണർന്നതിന്റെ ചൂടു മാത്രമേ എന്റെ ഓർമ്മയിലുണ്ടായിരുന്നുള്ളൂ.പിൽക്കാലത്ത് പഠിച്ച് പരീക്ഷയെഴുതി സർക്കാർ ജോലിക്കാരിയായി സ്വന്തമായി വീട് വെച്ച് പുതിയ വീട്ടിലെ ആദ്യത്തെ ദിവസം സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോഴാണ് അമ്മ അക്കാര്യമെല്ലാം പറഞ്ഞത്. “അന്ന് നീയങ്ങനെ ചോദിച്ചില്ലായിരുന്നെങ്കിൽ നമ്മളിവിടെ വരെ ഒന്നും എത്തില്ലായിരുന്നു പാർത്ഥി”.. “മൃണ്മയിയും അത്തരമൊരു സാഹചര്യത്തിലൂടെയാവും ഇപ്പോൾ കടന്ന് പോവുന്നത്, അങ്ങനെയൊന്നും കെട്ടു പോകുന്ന കനലല്ല അവൾ”.അടർന്നു പോയ ഓർമ്മകളെയെല്ലാം അന്ന് പെറുക്കിയെടുത്ത് അടുക്കിവെക്കുന്നതിനിടയിൽ അമ്മ പറഞ്ഞു..
നിറയെ ആകസ്മികതകൾ നിറഞ്ഞ വഴിയാണ് ജീവിതത്തിന്റേത്. ഏത് തിരിവിൽ എന്താണ് കാത്തു വെച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. അല്ലായിരുന്നെങ്കിൽ ഒരേ ടവറിലെ രണ്ട് വ്യത്യസ്ഥ സ്ഥാപനങ്ങളിലെ ജോലിക്കാരായി ഞങ്ങൾ അവിടെ വെച്ചിങ്ങനെ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടില്ലായിരുന്നു. മൃണ്മയി മൂന്ന് നാല് വർഷമായി അവിടെത്തന്നെയായിരുന്നു ജോലി ചെയ്തു കൊണ്ടിരുന്നത്. എനിക്കത് പുതിയ ഇടമായിരുന്നു. തീർത്തും അപരിചിതമായ ഒരിടം. പുതിയൊരു സ്ഥലം, പരിചിതമല്ലാത്ത ആൾക്കൂട്ടം, ഇവയെല്ലാം എപ്പോഴും എന്നെ ഭയപ്പെടുത്തുമായിരുന്നു. അവശേഷിക്കുന്ന ആത്മവിശ്വാസം കൂടി ചോർന്നുപോയി ആ വലിയ കോർപ്പറേറ്റ് ടവറിനു മുന്നിൽ പതറി നിൽക്കുമ്പോഴാണ്, ‘പാർത്ഥി’എന്ന് വിളിച്ചുകൊണ്ടു മൃണ്മയി എന്റെ കൈയിൽ പിടിച്ചത്. അപ്പോൾ എനിക്കു തോന്നിയ ആശ്വാസം എത്രത്തോളമാണെന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാവുകയില്ല. അവൾ കൂടുതൽ ചെറുപ്പമായിരിക്കുന്നതായി എനിക്ക് തോന്നി. പഴയതിനേക്കാൾ പ്രസരിപ്പുണ്ടായിരുന്നു മൃണ്മയിയുടെ മുഖത്ത്. എനിക്കും മൃണ്മയിക്കുമിടയിൽ വർഷങ്ങളുടെ ഇടവേളകൾ ഒന്നും ബാധകമേയല്ലാത്തതു പോലെയായിരുന്നു. അങ്ങനെ ചില ബന്ധങ്ങളുണ്ടാകില്ലേ. എവിടെ നിർത്തിയോ അവിടെ നിന്നു തന്നെ സംസാരിച്ചു തുടങ്ങുന്ന സൗഹൃദങ്ങൾ.ആ പുതിയ നഗരത്തിൽ, പുതിയ ചുറ്റുപാടിൽ എന്റെ ഒറ്റപ്പെടലിൽ വലിയൊരു ആശ്വാസമായിരുന്നു അവൾ.വൈകുന്നേരങ്ങളിൽ കഫറ്റീരിയയിൽ വെച്ചും ഒഴിവു ദിവസങ്ങളിൽ വാക് വേയിലും ബീച്ചിലും മാളുകളിലും വെച്ചുമെല്ലാം ഞങ്ങൾ ഒരുമിച്ച് സമയം ചിലവഴിച്ചു. ചിലപ്പോൾ ഒരുമിച്ച് പുതിയ സിനിമകൾ കണ്ടു. ഫുഡ് സ്പോട്ടുകൾ കണ്ടുപിടിച്ച് പുതിയ പുതിയ വിഭവങ്ങൾ രുചിച്ചു നോക്കി. നഗരത്തിലെ നഴ്സറികളായ നഴ്സറികൾ മുഴുവൻ കയറിയിറങ്ങി അവളുടെ പുതിയ വീട്ടിലേക്കു വേണ്ടി ഔട്ട്ഡോർ ചെടികളും ഇൻഡോർ ചെടികളും വാങ്ങിച്ചു കൂട്ടി..ഇതിനിടയിൽ അവളുടെ ജീവിതത്തെ കുറിച്ചോ, ഭർത്താവിന്റെ മരണത്തെ കുറിച്ചോ മകനെ കുറിച്ചോ ഒന്നും ഞാൻ ചോദിച്ചതേയില്ലേ. അവൾ എന്നോട് പറഞ്ഞതുമില്ല.എല്ലാവർക്കും കടന്ന് വരാൻ അനുവാദമില്ലാത്ത ചിലയിടങ്ങളെങ്കിലും ഉണ്ടാവണമല്ലോ നമ്മുടെയൊക്കെ ജീവിതത്തിൽ.. എങ്കിലും ഏത് നിർഭാഗ്യ നിമിഷത്തിലാണ് അവളോടെനിക്കത് പറയാൻ തോന്നിയത് എന്ന് ഇപ്പോഴും ഒരെത്തും പിടിയും കിട്ടുന്നില്ല.എന്തായിരുന്നു ആ ട്രിഗ്ഗർ പോയിന്റ്.? അതുമെനിക്കറിയില്ല.ചർച്ച് സ്ട്രീറ്റിലെ പുസ്തകക്കടയിൽ നിന്ന് കുറേ പുസ്തകങ്ങളും വാങ്ങിച്ച് പാർക്കിലെ ബോഗെയ്ൻ വില്ല ചോട്ടിലെ ഒരു ബെഞ്ചിലിരുന്ന് അസ്തമയം കാണുകയായിരുന്നു ഞങ്ങൾ.അപ്പോഴാണ് ഞാനത് ചോദിച്ചത് –“മൃണ്മയീ നമുക്കൊരുമിച്ചു ജീവിച്ചുകൂടെ”? അത് ചോദിക്കുന്നതിനു മുൻപും ചോദിച്ചു കഴിഞ്ഞിട്ടും ഞാൻ വല്ലാതെ കിതക്കുകയും വിയർക്കുകയും ചെയ്തിരുന്നു . മൃണ്മയി കടലിലേക്ക് തന്നെ നോക്കിയിരുന്നു. അവളുടെ ഇമകൾ ഒന്ന് പിടയുക പോലും ചെയ്തില്ല. “എല്ലാ വശങ്ങളും ആലോചിച്ചിട്ട് തന്നെയാണ് ഞാൻ ചോദിച്ചത്. ഒരുമിച്ചായാൽ നന്നായിരിക്കുമെന്ന് തോന്നി”. ഞാൻ പറഞ്ഞു.അവൾ എന്നെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ച് ഒന്നും പറയാതെ എഴുന്നേറ്റ് പോകുകയായിരുന്നു..പിന്നീട് ദിവസങ്ങളോളം മൃണ്മയി എന്നോട് സംസാരിച്ചില്ല,ഞങ്ങൾ തമ്മിൽ നേരിൽ കണ്ടതുപോലുമില്ല. ചോദിച്ചത് അബദ്ധമായി പോയെന്നും അന്നത്തെ ദിവസത്തെ കുറിച്ചോർത്ത് സ്വയം ശപിച്ചും ഞാൻ ഖേദിച്ചു.

വര :പി ആര്‍ രാജന്‍
മൃണ്മയിക്കെന്നോടുള്ള നീരസം ഒരിക്കലും മാറില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. അപ്പുവിന്റെ പിറന്നാളിന് പോകണോ വേണ്ടയോ എന്ന് പിന്നെയും എനിക്ക് സംശയമായി. രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.എന്നോടുള്ള സൗഹൃദം ഇപ്പോഴും അല്പമെങ്കിലും ബാക്കി നിൽക്കുന്നത് കൊണ്ടാണല്ലോ മൃണ്മയി അവരുടെ വീട്ടിലെ ഏറ്റവും സ്വകാര്യമായ ഒരു നിമിഷത്തിലേക്ക് എന്നെ മാത്രം അതിഥിയായി ക്ഷണിച്ചിരിക്കുന്നത് എന്ന് ചിന്തിച്ചപ്പോൾ പോകാമെന്നു തന്നെ ഉറപ്പിച്ചു. എപ്പോഴോ ഉറങ്ങിപ്പോയി.പിറ്റേന്ന് അതികാലത്തെഴുന്നേറ്റു. ബ്രെഡ് ടോസ്റ്റും ഓംലറ്റുമുണ്ടാക്കി കഴിച്ചു.തിടുക്കത്തിൽ കുളിച്ച് എനിക്കേറ്റവും പ്രിയപ്പെട്ട മെറൂൺ ചെക്ക് ഷർട്ടും ഇളം നീല ജീൻസും ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്നു. ജീവിതത്തിനു കുറേകൂടി നിറം വന്നു ചേർന്നിരിക്കുന്നതായും ഉന്മേഷവാനായിരിക്കുന്നതായും തോന്നി. മൃണ്മയിയുടെ പുതിയ വീട്ടിലേക്ക് ഞാൻ ആദ്യമായി പോകുകയാണ്. മാത്രമല്ല, അപ്പുവിന് സമ്മാനങ്ങളൊന്നും കരുതിയിട്ടുമില്ലായിരുന്നു.. വെറും കൈയോടെ കയറി ചെല്ലുന്നത് ശരിയല്ലല്ലോ എന്നോർത്ത് ഒരു ഗിഫ്റ്റ് ബോക്സ് നിറയെ ചോക്ലേറ്റുകൾ വാങ്ങിച്ചു .
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി തീർത്തും ശാന്തവും സ്വച്ഛവുമായൊരിടത്തായിരുന്നു ‘നളിനകാന്തി ’എന്ന് പേരുള്ള ആ വീട്. വലിയൊരു പുരയിടമായിരുന്നു അത്. ചുറ്റിലും വെള്ളനിറം പൂശിയ മതിൽ. നിറയെ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ആ പുരയിടത്തിലേക്ക് കയറുമ്പോഴേ സുഖമുള്ള ഒരു തണുപ്പ് നമ്മെ വന്നു പൊതിയും. ഗേറ്റ് കടന്നാൽ വീടെത്തും വരെ കരിങ്കല്ല് പാകിയ നീണ്ട വഴിയാണ്.വഴിയവസാനിക്കുന്നിടത്ത് പോർച്ച്. അവിടെ മൃണ്മയിയുടെ ചുവന്ന കാർ കിടന്നിരുന്നു. പോർച്ചിനോട് ചേർന്ന് ഒരു തേൻമാവ് പടർന്നു പന്തലിച്ചു നിൽക്കുന്നുണ്ടായിരുന്നു. അതിലേക്ക് പടർന്നു കയറിയ മുല്ലവള്ളികളിൽ നിറയെ പൂക്കൾ വിരിഞ്ഞു നിന്നിരുന്നു. ആ മാവിന്റെ തണലിൽ പതിഞ്ഞിരിക്കുന്ന അതിമനോഹരമായ ഒരു വീട്. ഒറ്റകാഴ്ചയിൽ അധികമുയരമില്ലാത്ത മാവ് അതിന്റെ തണലിൽ ആ വീടിനെ പൊതിഞ്ഞു സംരക്ഷിച്ചു നിർത്തിയിരിക്കുകയാണെന്ന് തോന്നും. പച്ചയുടെ ഒരു കടൽ, അതിൽ ചിപ്പി പോലെ തൂവെള്ള ഭിത്തികളുള്ള ഒരു വീട്.പോർച്ചിലും വരാന്തയിലുമൊക്കെയായി ചെടികളാണ്, വിവിധ തരത്തിലുള്ളവ.പലതും ഞാൻ ആദ്യമായി കാണുകയായിരുന്നു.പൊടുന്നനെ വാതിൽ തുറന്ന് മൃണ്മയി പുറത്തേക്കു വന്നു.അവൾ മൺ നിറത്തിലുള്ള ഒരു സാരിയായിരുന്നു ധരിച്ചിരുന്നത്. മണ്ണിന്റെ നിറം മൃണ്മയിക്ക് നന്നായി ചേരുന്നുണ്ടെന്ന് എനിക്ക് തോന്നി.നിറഞ്ഞ പുഞ്ചിരിയുമായി അവൾ അകത്തേക്ക് വിളിച്ചു. “എത്ര ശാന്തമണീ സ്ഥലം. എന്ത് ഭംഗിയുള്ള പരിസരം” ഞാൻ പറഞ്ഞു. “വാടക വീടാണെന്ന് ആരും പറയില്ല…നളിനി ടീച്ചറുടേതാണ് ഈ വീട്. അവരും അവരുടെ ഭർത്താവുമാണ് ഇവിടെ താമസിച്ചിരുന്നത്.അദ്ദേഹം മരിച്ചപ്പോൾ ടീച്ചറൊറ്റക്കായി.ഭർത്താവിന്റെ ഓർമ്മകൾ വന്ന് ശ്വാസം മുട്ടിക്കാൻ തുടങ്ങിയപ്പോൾ ടീച്ചർ തറവാട്ടു വീട്ടിലേക്ക് താമസം മാറ്റി. ആശിച്ചു പണിത വീടൊട്ട് വെറുതെയിടാനും വയ്യെന്നായി. ടീച്ചർക്ക് വാടകയൊന്നും വേണമെന്നേയില്ല. ടീച്ചർ നോക്കിയിരുന്നതിനേക്കാൾ നന്നായി വീട് നോക്കിയാൽ മാത്രം മതി. പാവം.. ഇടക്കിവിടെ വന്നിരിക്കും. ഇവിടത്തെ തണലേറ്റിരിക്കുമ്പോൾ പുള്ളിക്കാരനോട് ചേർന്നിരിക്കുന്ന പോലൊരു തോന്നലാണെന്ന്. ഇവിടെയുണ്ടായിരുന്നു..ദാ.. ഇപ്പോൾ പോയതേയുള്ളൂ..പാർത്ഥി ഇരിക്കൂ”. ലിവിങ് റൂമിലെ രത്തൻ സോഫയിൽ ഞാനിരുന്നു.ആ വീടിന്റെ അകത്തളത്തിന് ഏറ്റവും അനുയോജ്യമായിരുന്നു അത്. ജനലുകളിൽ തൂവെള്ള കർട്ടനുകൾ.നളിനി ടീച്ചർക്ക് ആശ്വാസമായിക്കാണും , അത്ര മനോഹരമായാണ് മൃണ്മയി ആ വീടിനെ സ്നേഹിക്കുന്നതെന്ന് ഞാനപ്പോൾ മനസ്സിലോർത്തു. കുടിക്കാൻ ജ്യൂസ് തയ്യാറാക്കാനൊരുങ്ങിയ മൃണ്മയിയെ, ഇപ്പോൾ ഒന്നും വേണ്ടെന്ന് ഞാൻ സ്നേഹത്തോടെ തടഞ്ഞു. “അപ്പുവിനെ കാണണ്ടേ”? അവൾ ചോദിച്ചു. എന്തുകൊണ്ടോ എന്റെ ഹൃദയമിടിപ്പുയർന്നു. മൃണ്മയി എന്നെ അകത്തെ മുറിയിലേക്ക് ക്ഷണിച്ചു. വാതിൽ തുറന്ന് അപ്പുവിനെ നേരിൽ കണ്ട എന്നെ ഒരു മരവിപ്പ് ബാധിച്ചു.
“ഓട്ടിസ്റ്റിക്കായ ഒരു കുട്ടിയുടെ അമ്മയ്ക്ക് ലോകം വളരെ ചെറുതാണ് പാർത്ഥി... ചുരുങ്ങിയ പക്ഷം എന്നെ സംബന്ധിച്ചെങ്കിലും അവിടെ പ്രണയത്തിനൊന്നും വലിയ സാധ്യതകളില്ല. ” എന്ന് പറഞ്ഞ് മൃണ്മയി ജനൽക്കമ്പികളിൽ മുഖമമർത്തി നിന്ന എട്ടുവയസ്സുകാരൻ അപ്പുവിനടുത്തേക്ക് ചെന്നു. “നോക്കൂ.. ഇതാരാണ് പിറന്നാളിന് അപ്പുവിനെ കാണാൻ വന്നിരിക്കുന്നതെന്ന് നോക്കൂ”. അവൻ തിരിഞ്ഞു നോക്കി. “നിന്നെ പാർത്ഥി മാമൻ, എന്നോ പാർത്ഥി അങ്കിൾ എന്നോ വിളിപ്പിക്കേണ്ടത്”? എന്ന് കുസൃതിയോടെ അവൾ ചോദിച്ചു. ഞാനപ്പോഴും ആ മരവിപ്പിൽ നിന്ന് മോചിതനായിരുന്നില്ല.അപ്പു എന്റെയടുത്തേക്ക് നടന്ന് വന്ന് എന്നെ തൊട്ടു നോക്കി .വാച്ചിൽ പിടുത്തമിട്ടു. പിന്നെ എന്നെ പിടിച്ചു വലിച്ചു കട്ടിലിൽ ഇരുത്തി.അപ്പോഴുമവൻ വാച്ചിലേക്ക് തന്നെ സൂക്ഷിച്ചു നോക്കുകയായിരുന്നു. “ചില സാധനങ്ങൾ ഇഷ്ടപെട്ടാൽ അവൻ വിട്ടു കളയില്ല. ചില മനുഷ്യരോടും അങ്ങനെത്തന്നെയാ.. ഞാനില്ലാത്തപ്പോൾ ഇവനെ നോക്കാൻ വരുന്ന ജലജാന്റിയുണ്ട്. ആന്റി തിരിച്ചു പോകുന്നത് അപ്പുവിനിഷ്ടമേയല്ല. വാച്ചിന്റെ ഉടമസ്ഥൻ നീയായത് കൊണ്ട് നിന്നെയുമിനി വിടാൻ സാധ്യതയില്ല”. മൃണ്മയി പറഞ്ഞു. അപ്പുവിന്റെ നെറുകയിൽ വെറുതെ തലോടി, എന്ത് പറയണമെന്ന് വാക്കില്ലാതെ ഞാനിരുന്നു.
“നീയെല്ലായിടത്തും വൈകിമാത്രമെത്തുന്നു. പറയേണ്ട സമയത്തൊന്നും പറയാതെ.... ഇതിപ്പോൾ എല്ലാം കഴിഞ്ഞിട്ട്..” മൃണ്മയി മുഴുമിച്ചില്ല.. ഞങ്ങൾക്കിടയിൽ മൗനം കനത്തു നിന്നു.
“അമ്മ മരിച്ചപ്പോഴും, അനിയന്റെ കാൻസർ ട്രീറ്റ്‌മെന്റ് കാലത്തും പിന്നീട് രഞ്ജു ആത്മഹത്യ ചെയ്തപ്പോഴുമൊക്കെ എന്നെയെന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നതെന്ന് ഞാൻ ദൈവത്തിനോട് ചോദിച്ചിട്ടുണ്ട്. പിന്നെ പിന്നെ എനിക്കതിനുത്തരം തെളിഞ്ഞു കിട്ടി. അപ്പുവിനെപോലൊരു കുട്ടിയുടെ അമ്മയായിരിക്കാൻ ദൈവമെന്നെ പാകപ്പെടുത്തി എടുക്കുകയായിരുന്നു. എന്റെ ജീവനും ശ്വാസവുമൊക്കെ അപ്പുവാണ്. ഞങ്ങളുടെ വേദനകളിലേക്കും കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിലേക്കും മൂന്നാമതൊരാൾ കടന്ന് വരുന്നത് എനിക്കൊരിക്കലും അംഗീകരിക്കാനാവില്ല പാർത്ഥി.. ഒരു പക്ഷേ എന്നേക്കാളേറെ അതവനെയായിരിക്കും ബാധിക്കുക.എനിക്കീ കുഞ്ഞു ലോകം മതി.” മൃണ്മയി പറഞ്ഞു.എന്റെ ഉമിനീർ വറ്റി. “വി ആർ നോട്ട് മെന്റ് ടു ബി ടുഗെതർ..പക്ഷേ നിന്റെ സൗഹൃദം, അത് ഞാൻ വിലമതിക്കുന്നുണ്ട്. അത്ര മാത്രം..” മൃണ്മയിയുടെ വാക്കുകൾ, വാസ്തവത്തിൽ എന്റെ ഹൃദയത്തിൽ കനം വെച്ചു കിടന്ന ഭാരത്തെ അലിയിച്ചു കളയുകയാണുണ്ടായത്. എനിക്കെന്തെന്നില്ലാത്ത ആശ്വാസമാണ് അനുഭവപ്പെട്ടത്. ഞാൻ ഒരു തൂവൽ പോലായി തീർന്നിരുന്നു. ഒരു ചെറുകാറ്റ് മതി, അതിനു പറന്നു പോകാൻ. ആർഭാടങ്ങളില്ലാത്ത എന്നാൽ സന്തോഷം നിറഞ്ഞു തുളുമ്പിയ ഒരു പിറന്നാളാഘോഷമായിരുന്നു അത്. കേക്ക് മുറിച്ച്, പിറന്നാൾ സദ്യയുണ്ട് കഴിഞ്ഞ് ഞാൻ സമ്മാനപ്പൊതി അപ്പുവിന് നൽകി. ചോക്ലേറ്റു കളേക്കാൾ അവനു പ്രിയം എന്റെ വാച്ചിനോടായിരുന്നു. ഞാൻ യാത്ര പറഞ്ഞിറങ്ങും വരെ അവൻ അതിൽ നിന്ന് പിടിവിട്ടിരുന്നില്ല. മൃണ്മയി അവളുടെ കാറിൽ എന്നെ ബസ്ഡിപ്പോയിൽ കൊണ്ട് വിടുകയായിരുന്നു. വേണ്ടെന്ന് എത്രവട്ടം പറഞ്ഞിട്ടും ‘അത് സാരമില്ല, കാർ യാത്ര അപ്പുവിനിഷ്ടമാണ്, ഞങ്ങളിടക്കിടക്ക് പുറത്ത് പോകാറുള്ളതാണ്’ എന്ന് പറഞ്ഞ് നിർബന്ധപൂർവ്വം അവളെന്നെ കൊണ്ട് വിടുകയായിരുന്നു..
പുറപ്പെടാനൊരുങ്ങി നിന്ന ബസിലേക്ക് ഓടിക്കയറി ഞാൻ ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു.വഴിതെറ്റി ഓടിക്കയറി വരുന്ന ചിന്തകളൊന്നുമില്ലാതെ മനസ്സ് സ്വതന്ത്രമായിരുന്നു , എന്നാൽ വല്ലാത്തൊരു നിറവ് അനുഭവപ്പെട്ടു. ബസ് അതിവേഗം സഞ്ചരിച്ചു. ഒരിടത്ത് വെച്ച് ഓടിക്കിതച്ച് രണ്ടു പേർ -ഒരു പുരുഷനും സ്ത്രീയും ബസിൽ കയറി.പെട്ടെന്ന് മുന്നോട്ടെടുത്ത ബസിൽ വീഴാനാഞ്ഞ സഖിയെ ശരീരം കൊണ്ട് താങ്ങി അയാൾ സീറ്റിലേക്ക് പിടിച്ചിരുത്തി. കണ്ണുകൾ ചിമ്മി അവരെ നോക്കി ചിരിച്ചു. അപ്പോൾ ആ സ്ത്രീയുടെ കണ്ണുകളിൽ പ്രതിഫലിച്ചത് എന്തായിരുന്നു.? പ്രണയമോ, കരുതലോ, നിറവോ.. എന്റെ സീറ്റിൽ ഒരു മുത്തച്ഛനും പേരക്കുട്ടിയുമിരുന്നിരുന്നു.ആ ദീർഘദൂര ബസിൽ തീർച്ചയായും അവർ എങ്ങോട്ടാണ് ടിക്കറ്റ് എടുത്തിരിക്കുന്നതെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു.യാത്രയിലുടനീളം അവനു കാഴ്ചകൾ വിവരിച്ചു കൊടുക്കുകയായിരുന്നു മുത്തച്ഛൻ.അവനാകട്ടെ ചോദ്യങ്ങളുടെ ചുരുളഴിച്ചു കൊണ്ടിരുന്നു.ഒരു തുണി സഞ്ചി അവൻ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു.പിന്നെയെപ്പോഴോ അവൻ മുത്തച്ഛന്റെ ചുമലിലേക്ക് ചാഞ്ഞുറങ്ങി.മുത്തച്ഛന്റെ കൈയിൽ പഴയൊരു സൂര്യമാർക്ക് കുടയുണ്ടായിരുന്നു. വിൻഡോ ഗ്ലാസിനോട് കുട ചേർത്ത് പിടിച്ച് തുളച്ചു കയറിയ വെയിലിൽ നിന്ന് പേരക്കുട്ടിയെ പൊതിഞ്ഞു പിടിക്കാൻ ആ വൃദ്ധൻ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു.അപ്പോഴും ആ തുണിസഞ്ചി അവൻ മുറുക്കി നെഞ്ചോടടക്കി പിടിച്ചിരിക്കുകയായിരുന്നു.അവനുമാത്രം പ്രിയപ്പെട്ട എന്തോ ഒന്ന് അതിനകത്തുള്ളത് പോലെ. എന്തായിരുന്നിരിക്കുമത്.?
പൊടുന്നനെയപ്പോൾ എനിക്കു ചുറ്റും ജീവിതം മധുരിക്കുന്നതായി തോന്നി. ജീവിതം വന്നെന്നെ പൊതിഞ്ഞു പുണരുന്നത് പോലെ. തുണി സഞ്ചി അടക്കി പിടിച്ച ആ കുട്ടിയെപ്പോലെ, മൃണ്മയിയോടുള്ള പ്രണയം നെഞ്ചോടടക്കി പിടിച്ചിരിക്കുന്നിടത്തോളം കാലം, ഞാൻ സ്വയം മൃണ്മയിയുടെ കാമുകനായിരിക്കുന്നിടത്തോളം കാലം, എനിക്കു ചുറ്റും ജീവിതം മധുരിച്ചുകൊണ്ടേയിരിക്കുമല്ലോ...!