Image

കരിമ്പനത്തറക്കാരന്റെ ഊർജ്ജ തന്ത്രങ്ങൾ (വരയും എഴുത്തും : പ്രസന്നൻ ആനിക്കാട്)

Published on 20 May, 2026
കരിമ്പനത്തറക്കാരന്റെ ഊർജ്ജ തന്ത്രങ്ങൾ (വരയും എഴുത്തും : പ്രസന്നൻ ആനിക്കാട്)

കോഴിക്കോട് ചെലവൂര്‍ വേണു എന്ന പോലെയാണ് കോട്ടയത്ത് വാല്മീകി  .സുഹൃത്തുക്കൾക്കിടയിൽ വാത്മീകി എന്നറിയപ്പെടുന്ന കോട്ടയത്തെ സാംസ്കാരിക പ്രവർത്തകൻ കുര്യൻ കെ തോമസ്.  സാംസ്കാരിക സംഘാടനം കലയെങ്കിൽ ആ കലയിലെ രത്നമാകുന്നു കുര്യൻ കെ തോമസ്.

വാത്മീകി' എന്നാൽ നമുക്ക് ആദികവിയാകുന്നു. ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണംവരെ കവരുന്നവരെപ്പോലെയല്ലാതെ, അന്തസായി പിടിച്ചുപറിച്ചു കഴിഞ്ഞിരുന്ന 'രത്നാകരൻ' എന്ന കാട്ടാളനെയാണ് ഗസറ്റിലെ പരസ്യമൊന്നുമില്ലാതെ തന്നെ, എഴുത്തച്ഛൻ തൻ്റെ എഴുത്തിലൂടെ, വാത്മീകിയാക്കി മാറ്റിയത്.

എന്നാൽ അക്ഷരനഗരിയായ കോട്ടയത്തെ കലാലയ മുത്തശിയായ സിഎംഎസ് കോളേജ് വൃത്തങ്ങളിൽ, ഈ പേരിൽ പരക്കെ അറിയപ്പെടുന്നത്, ഒരു സാംസ്കാരിക പ്രവർത്തകനെയാണ്;കുര്യൻ തോമസ് കരിമ്പനത്തറയിൽ എന്ന മണർകാട് സ്വദേശിയെ. സാംസ്കാരിക സംഘാടനം കലയെങ്കിൽ ആ കലയിലെ രത്നമാകുന്നു കുര്യൻ കെ തോമസ്.

1984 ൽ സുരേഷ് കുറുപ്പ് എന്ന എസ്എഫ്ഐ നേതാവിന് കോട്ടയം മണ്ഡലത്തിൽനിന്നും ആദ്യമായി പാർലമെന്റിലേക്ക് മത്സരിക്കാൻ കുറി വീണപ്പോൾ ആ മത്സരച്ചൂടിന് അന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പോസ്റ്ററുകളും പ്രചാരണ സാമഗ്രികളും ഇൻഡക്സാക്കി മാറ്റിയ ചിന്തകളിൽ ഈ പ്രതിഭയും ഉണ്ടായിരുന്നു. ഊർജതന്ത്രം പഠിച്ചതുകൊണ്ടാവാം ആള് നല്ല തന്ത്രശാലിയുമാകുന്നു.

'ക്രിയേറ്റീവ് മൈൻഡുള്ള' രാധാകൃഷ്ണനും കുര്യനും ഒക്കെചേർന്ന് കോട്ടയത്ത് കുറുപ്പിന് അസാധ്യമെന്നു കരുതിയിരുന്ന വിജയങ്ങൾ ഡിസൈൻ ചെയ്തു കൊടുത്തതിൽ അന്നത്തെ പോസ്റ്ററുകൾക്കും പ്രചാരണ സാമഗ്രികൾക്കും ചെറുതല്ലാത്ത സ്ഥാനമുണ്ടായിരുന്നു. കുറുപ്പിന്റെ  വേറിട്ട വിജയഗാഥകൾക്കായി ഒരുക്കിക്കൊടുത്ത തറവാടിത്തം തുളുമ്പിയ പോസ്റ്ററുകൾ മതിലുകൾ മറന്നാലും മനസുകൾ മറക്കില്ല..!

ഇന്ന് പഞ്ചായത്ത് വാർഡിലെ സ്ഥാനാർഥികൾപോലും കേവലം ആയിരം വോട്ടിന് ഫ്ലക്സ് അടിച്ച് തങ്ങളെ അടയാളപ്പെടുത്താൻ ജാഗരൂകരാകുന്നു. ആ ഫ്ലക്സുകളിൽ പലതിന്റെയും ഡിസൈൻ കണ്ടാലോ, കാക്ക ചികഞ്ഞ മാതിരിയും..!

വാത്മീകിയുടെ സ്വതസിദ്ധമായ സാമൂഹിക-സാംസ്കാരികമേഖലകളിലെ സംഘാടന മികവിനെ ഊതിക്കാച്ചിയ ഉല, ഒരുപക്ഷെ, അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം കോട്ടയത്തെ ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൽ, സയൻറിഫിക് പബ്ലിക്കേഷൻ ഓഫീസറായി പ്രവർത്തിക്കാൻ ലഭിച്ച നിയോഗത്തിൽ കൂടി പരുവപ്പെട്ട തായിരിക്കാം. ഈ കാലയളവിൽ സംഘടിപ്പിക്കപ്പെട്ട ദേശീയവും അന്തർദ്ദേശീയവുമായ ഒട്ടനവധി സെമിനാറുകളുടെ പ്രസിദ്ധീകരണ/ ഡിസ്പ്ളേ സാമഗ്രികൾ,  റബ്ബറിൻ്റെ  ഗ്രേഡിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന, RSS-1 പോലെ, ഗുണമേന്മ ഉള്ളതായിരുന്നു.  

അദ്ദേഹം മഹാത്മാഗാന്ധി സർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന കാലത്തെ ശൈലിയിലും ആ ഊർജ്ജത്തിൻ്റെ ശാസ്ത്രമുണ്ട്. ഈ കരിമ്പനത്തറക്കാരന്റെ ജീവിതം ഒരു പുസ്തകമാക്കിയാൽ അതിലെ ഏറ്റം മികച്ച അധ്യായം, 1988-2007 കാലഘട്ടത്തിൽ ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രം, 2007-2014 കാലയളവിൽ എം ജി യൂണിവേഴ്സിറ്റി എന്നിവിടങ്ങിൽനിന്നും ആർജ്ജിച്ച അനുഭവപരിചയവും വിട്ടുവീഴ്ചയില്ലാത്ത നിഷ്‌കർഷകളും ആയിരിക്കും.

വാത്മീകിയുടെ സംഘാടന മികവിന്റെ ആത്മാംശം കലർന്ന, സംഗീത ബന്ധിയായ ഒരു പരിപാടിയുണ്ട്. 'രാകേന്ദു' എന്ന പേരിൽ 2014 മുതൽ 2017 വരെ അത് കോട്ടയത്തിന്റെ സംഗീതാഭിരുചിയുടെ സിംഫണിയായിരുന്നു. രാഷ്ട്രീയ, കലാ, സാംസ്കാരിക മേഖലകളിലെ തീപ്പൊരിയായിരിക്കെ അകാലത്തിൽ പൊലിഞ്ഞ സി കെ ജീവന്റെ പേരിൽ രൂപംകൊണ്ട ട്രസ്റ്റിന്റെ നവീന സംരംഭമായിരുന്നു അത്. ട്രസ്റ്റ് സെക്രട്ടറി എന്ന നിലയിൽ വാത്മീകിയും ചെയർമാൻ ഡിജോ കാപ്പനും സുരേഷ് കുറുപ്പും സമാനഹൃദയരും ചേർന്ന് ഒരുക്കിയ പരിപാടി കോട്ടയത്തെ സി എം എസ്  കോളേജിന്റെയും ബസേലിയസ് കോളേജിന്റെയും  എം ടി സെമിനാരി സ്കൂളിന്റെയും കാമ്പസ് ഭൂമികയെ സംഗീത-സാഹിത്യ സാന്ദ്രമാക്കിയെങ്കിലും, പിന്നീടതിന് തുടർച്ചയുണ്ടായില്ല.

നല്ലൊരു കർഷകൻ കൂടിയായ വാൽമീകിക്ക് കൾച്ചറും അഗ്രികൾച്ചറും തമ്മിൽ ഭേദാഭേദങ്ങളില്ല. തൊടിയിൽനിന്ന് വെട്ടിയെടുക്കുന്ന ഫലങ്ങൾ മണർകാട്ടെ 'കർഷകന്റെ കട'യിൽ വിറ്റുകിട്ടുന്ന നയാപൈസയുടെ കണക്കുപോലും ഫെയിസ് ബുക്കിലൂടെ നാട്ടാരെ അറിയിക്കുന്ന അക്കൗണ്ടബിലിറ്റിയാണ് കുര്യന്റെ കണക്കുപുസ്തകത്തിന്റെ പ്രത്യേകത..!

സാംസ്കാരിക ഇടങ്ങളിൽ ഊർജസ്വലനായി ഓടിനടന്നിരുന്ന വാത്മീകിയെ ചിതൽപുറ്റിലാക്കാൻ കാലം കോവിഡിന്റെ രൂപത്തിൽ എത്തിയെങ്കിലും അദ്ദേഹത്തിലെ വറ്റാത്ത ഊർജ്ജം അവിടെയും തോറ്റുകൊടുത്തില്ല. അടുത്തിടെ തിരുനക്കരയിൽ സംഘടിപ്പിച്ച, ഗസ്സയിൽ ജീവൻ പൊലിഞ്ഞ കുട്ടികൾക്കുവേണ്ടി നടത്തിയ കൂട്ടായ്മയുടെ വൻവിജയം പഴയ വാത്മീകിയുടെ മടങ്ങി വരവായിരുന്നു.

അകാലത്തിൽ അന്തരിച്ച ഉഴവൂർ വിജയൻ വാത്മീകിയുടെ അടുത്ത സ്നേഹിതനായിരുന്നു.. മാധ്യമ പ്രവർത്തകൻ ബാലുവുമായി ചേർന്ന് ഉഴവൂർ പ്രസംഗങ്ങളിലെ നർമം ചാലിച്ച് ഒരു ഓർമപ്പുസ്തകമെഴുതി, അതിൽ നിറയെ എന്റെ വരകളും ചേർത്ത് ഒരുക്കിവച്ചിട്ട് വർഷം അഞ്ചെട്ടായെങ്കിലും ആത് അച്ചടിപ്പിക്കാനോ പ്രകാശിപ്പിക്കാനോ വാത്മീകിക്ക്  ഇനിയും കഴിഞ്ഞിട്ടില്ല.

കുറുപ്പിന്റെ പോസ്റ്ററുകളുടെ കാര്യംപോലെ, ഒരു വ്യത്യസ്തതക്കായി കാലം ഒരുക്കുന്ന കാത്തിരിപ്പായിരിക്കാം.

നമുക്കും കാത്തിരിക്കാം... കാലം കയ്യൊപ്പു ചാർത്തുന്ന, വാത്മീകി നേതൃത്വം നൽകുന്ന, മറ്റൊരു കോട്ടയം കൂട്ടായ്മയ്ക്കായി...
 

കരിമ്പനത്തറക്കാരന്റെ ഊർജ്ജ തന്ത്രങ്ങൾ (വരയും എഴുത്തും : പ്രസന്നൻ ആനിക്കാട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക