
സാൻ ഡിയേഗോ: അമേരിക്കയിലെ സാൻ ഡിയേഗോ ഇസ്‌ലാമിക് സെന്ററിനെ നടുക്കിയ വെടിവെപ്പ് ആക്രമണത്തിൽ പുതിയ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ കൗമാരക്കാർ ‘ഓൺലൈൻ വഴിയുള്ള തീവ്രവാദ സ്വാധീനത്തിന്’ (Radicalized online) ഇരയായിരുന്നുവെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അക്രമികൾ ധരിച്ചിരുന്ന വസ്ത്രങ്ങളിലും ഉപയോഗിച്ച ആയുധങ്ങളിലും നാസി ചിഹ്നങ്ങളും വംശീയ വിദ്വേഷ സന്ദേശങ്ങളും ഉണ്ടായിരുന്നുവെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ആക്രമണ ദൃശ്യങ്ങൾ അക്രമികൾ തത്സമയം സംപ്രേഷണം ചെയ്തതായും സൂചനയുണ്ട്. ആക്രമണത്തിനായി ഉപയോഗിച്ച തോക്കുകളിൽ അതീവ വിദ്വേഷം പ്രകടിപ്പിക്കുന്ന മൂന്ന് വാക്കുകളുള്ള സന്ദേശവും എഴുതിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
കെയ്ൻ ക്ലാർക്ക് (17), കാലെബ് വെലാസ്ക്വെസ് (18) എന്നീ യുവാക്കളാണ് തിങ്കളാഴ്ച പള്ളിയിൽ വെടിയുതിർത്ത ശേഷം സ്വയം വെടിവെച്ച് മരിച്ചത്. സംഭവത്തിന് മുൻപ് അക്രമികളിലൊരാളുടെ അമ്മ പോലീസിനെ ബന്ധപ്പെട്ട് മകൻ ആയുധങ്ങളുമായി വീട്ടിൽ നിന്ന് പുറത്തുപോയതായി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് ഇരുവരും പള്ളിയിലെത്തി ആക്രമണം നടത്തിയത്.
സംഭവത്തിന് പിന്നിൽ ഇസ്‌ലാം വിരുദ്ധതയും വംശീയ വിദ്വേഷവുമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഫെഡറൽ ഏജൻസികളുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.