Image

മുഖ്യമന്ത്രിക്കാലം (അച്യുതം - 2: മാങ്ങാട് രത്‌നാകരൻ)

Published on 20 May, 2026
മുഖ്യമന്ത്രിക്കാലം (അച്യുതം - 2: മാങ്ങാട് രത്‌നാകരൻ)

അച്യുത  മേനോന്‍റെ ജീവിതവും കാലവും പുനലൂര്‍ രാജന്റെ ചിത്രങ്ങളില്‍ , മാങ്ങാട് രത്നാകരന്റെ വരികളില്‍ .

1969-കേരളപ്പിറവിദിനത്തിലാണ് ചേലാട്ട് അച്യുതമേനോൻ (1913-1991) എന്ന സി.അച്യുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലേറുന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ട ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭ രാഷ്ട്രീയപ്രതിസന്ധികളിൽ ഉലഞ്ഞുവീണപ്പോൾ, സി.പി.ഐയുടെ രാജ്യസഭാംഗമായിരുന്ന അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാൻ പാർട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിച്ചു. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കൂടിയായിരുന്ന അച്യുതമേനോൻ പാർട്ടി നിർദ്ദേശത്തിനു വഴങ്ങുമോ എന്നതു ചൂടുപിടിച്ച ചർച്ചാവിഷയമായിരുന്നു. നിയമസഭാ സാമാജികനെന്ന നിലയിലും ഇ.എം.എസ്. മന്ത്രിസഭയിൽ ധനം, കൃഷി, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ സ്തുത്യർഹമായി കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിലും അച്യുതമേനോന് മുഖ്യമന്ത്രിപദവും അനായാസേന നിർവഹിക്കാവുന്ന ഒന്നായിരുന്നു. പക്ഷേ കേരള രാഷ്ട്രീയം പ്രതിസന്ധിഘട്ടത്തിലായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് (1964) ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ബദ്ധശത്രുതയിലായിരുന്നു. ഈയൊരു വൈകാരികപ്രതിസന്ധിയാകണം, 'വേണോ വേണ്ടയോ' എന്ന ചോദ്യത്തിലേക്ക് അച്യുതമേനോനെ നയിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരു കെ.കെ.വാര്യരുടെയും മറ്റു പ്രിയ സഖാക്കളുടെയും നിർബന്ധത്തിനു വഴങ്ങിയാണ് അച്യുതമേനോൻ പദവി ഏറ്റെടുക്കാൻ തീരുമാനിക്കുന്നത്. അപ്പോഴും അഭ്യൂഹങ്ങൾ തുടർന്നു, അച്യുതമേനോൻ മൗനം തുടർന്നു.

അക്കാലത്തെ പ്രശസ്ത പത്രപ്രവർത്തകനായ കെ.പ്രഭാകരൻ, അച്യുതമേനോൻ മനസ്സുതുറന്ന സന്ദർഭത്തെക്കുറിച്ച് ഇങ്ങനെ എഴുതി:

''അച്യുതമേനോൻ മുഖ്യമന്ത്രിയാകാൻ സമ്മതിച്ചില്ലെന്ന സംസാരം പരക്കെ ഉണ്ടായിരുന്ന സമയമായിരുന്നു അത്. അദ്ദേഹം (ഡൽഹിയിൽ നിന്ന്) വിമാനം ഇറങ്ങിയ ഉടനെ പത്രലേഖകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാതെ കാറിൽ കയറാൻ തുടങ്ങുകയായിരുന്നു. കൗമുദിയുടെ പത്രാധിപരും തിരു-കൊച്ചി മുൻ മുഖ്യമന്ത്രി സി.കേശവന്റെ മകനുമായ കെ.ബാലകൃഷ്ണൻ പത്രലേഖകരുടെ കൂട്ടത്തിലുണ്ടായിരുന്നു. ബാലകൃഷ്ണൻ ചോദിച്ചു:

''മേനോൻ ഏറ്റോ?''

തിരിഞ്ഞുനിന്ന അച്യുതമേനോൻ ബാലകൃഷ്ണനെ നോക്കി ഒന്നു ചിരിച്ചു, എന്നിട്ടു പറഞ്ഞു.

''ഏറ്റു.''

(സി.അച്യുതമേനോൻ ജീവിതചിത്രങ്ങൾ, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, സി.അച്യുതമേനോൻ ഫൗണ്ടേഷൻ, തിരുവനന്തപുരം, 2020)

അച്യുതമേനോന്റെ നേതൃത്വത്തിൽ സപ്തകക്ഷിമുന്നണി അധികാരത്തിലേറി. എട്ടംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു. പിളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ രണ്ടു ചേരികളായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവുമെന്നത് കൗതുകകരം മാത്രമല്ല, സംഘർഷാത്മകം കൂടിയായിരുന്നു. അച്യുതമേനോൻ ഭരണകാലത്ത് സമരങ്ങൾ ഒഴിഞ്ഞ ദിവസങ്ങൾ ഇല്ലായിരുന്നുവെന്നു തന്നെ പറയാം. കോൺഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയവും മുന്നണിയിലെ അന്തഃഛിദ്രവും കാരണം അച്യുതമേനോന് മുഖ്യമന്ത്രിയായി ഒരു വർഷം തികക്കാൻ പോലും കഴിഞ്ഞില്ല.

തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി ഭൂരിപക്ഷം സീറ്റുകൾ നേടി, കോൺഗ്രസ് പുറത്തുനിന്നു പിന്തുണച്ചു; അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായി (197 ഒക്‌ടോബർ 4). 1970 ജനുവരി 16-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. കോൺഗ്രസ് അംഗങ്ങൾ സർക്കാരിന് അനുകൂലമായാണ് വോട്ടു ചെയ്തത്.

1970 മുതൽ 1977 വരെ നീണ്ട ഏഴുവർഷക്കാലം അച്യുതമേനോൻ അധികാരത്തിൽ തുടർന്നു. ഈ ഘട്ടത്തിൽ നിരവധി ഭരണനേട്ടങ്ങൾക്കു ചുക്കാൻപിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1957-ലെ ഇ.എം.എസ് മന്ത്രിസഭ അവതരിപ്പിച്ച ഭൂപരിഷ്‌കരണ ബില്ല്, കാലോചിതമായ ചെറിയ മാറ്റങ്ങളോടെ അവതരിപ്പിച്ചതാണ് എടുത്തുപറയാവുന്ന നേട്ടം. എം.എൻ.ഗോവിന്ദൻ നായരുടെ നിസ്വവർഗ്ഗാഭിമുഖ്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ലക്ഷംവീടു പദ്ധതിയായിരുന്നു മറ്റൊന്ന്. വികസനരംഗത്തും നിരവധി കുതിപ്പുകളുണ്ടായി. കെൽട്രോൺ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ്, കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവ്വകലാശാല, പ്ലാനിംഗ് ബോർഡ്, കാർഷിക സർവ്വകലാശാല, വനഗവേഷണകേന്ദ്രം ചിത്രാഞ്ജലി സ്റ്റുഡിയോ, ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ തുടങ്ങിയവയെല്ലാം അച്യുതമേനോന്റെ ഭരണമികവിന്റെ നിദർശനങ്ങളത്രെ.

അച്യുതമേനോന്റെ രണ്ടാമൂഴത്തിന്റെ അവസാനവർഷങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് (1975 ജൂൺ 25). കൊടിയ മനുഷ്യാവകാശലംഘനങ്ങളുടെയും കസ്റ്റഡി കൊലപാതകങ്ങളുടെയും കാലമായിരുന്നു അത്. മുഖ്യമന്ത്രി എന്ന നിലയിൽ അച്യുതമേനോൻ നിഷ്‌ക്രിയനായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരനായിരുന്നു 'സൂപ്പർ മുഖ്യമന്ത്രി' എന്നുപോലും പറയാം. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾക്ക് ''മുഖ്യമന്ത്രി എന്ന നിലയിൽ ധാർമ്മികമായ ഉത്തരവാദിത്തമുണ്ട്,'' എന്ന് അദ്ദേഹം ഒരു പത്രപ്രവർത്തകനോട് പിൽക്കാലത്ത് ഏറ്റുപറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും അക്കാലത്തെ പാതകങ്ങളെ നിതീകരിക്കുന്നില്ല. അച്യുതമേനോന്റെ സുഹൃത്തുകൂടിയായിരുന്ന മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ 'മിണ്ടുക മഹാമുനേ' എന്ന ഉജ്ജ്വലകവിതയിലൂടെ അന്നത്തെ 'മുനിസദൃശനായ' മുഖ്യമന്ത്രിയെ നിർദ്ദയം വിമർശിച്ചിട്ടുണ്ടെന്ന് ഓർക്കുക.

അടിയന്തരാവസ്ഥയെത്തുടർന്നുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി വിജയിച്ചു. കെ.കരുണാകരൻ മുഖ്യമന്ത്രിയായി. രാജൻ കേസിലെ കോടതി വിധിയെത്തുടർന്ന് കഷ്ടിച്ച് ഒരു മാസം മാത്രമേ 'ലീഡർ'ക്ക് മുഖ്യമന്ത്രിപദത്തിൽ തുടരാൻ കരുണാകരനു കഴിഞ്ഞുള്ളൂ.
അടിയന്തരാവസ്ഥയ്ക്കുശേഷം അച്യുതമേനോൻ സജീവരാഷ്ട്രീയത്തോടു വിടപറഞ്ഞ്, തൃശ്ശൂരിൽ സ്ഥിരതാമസമാക്കി. കെ.കരുണാകരന് അധികാരമൊഴിയേണ്ടിവന്നതോടെ അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാൻ ഇന്ദിരാഗാന്ധി താല്പര്യപ്പെട്ടതായി ജീവചരിത്രത്തിൽ (സി.അച്യുതമേനോൻ ജീവിതചിത്രങ്ങൾ) പറയുന്നു. ''അതിനോടു പ്രതികരിക്കുവാൻ അച്യുതമേനോന് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. മുഖ്യമന്ത്രി പദത്തിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചു... ആകർഷകമായ മറ്റൊരു പദവിയും ഒരു ദൂതൻ വശം ഇന്ദിരാഗാന്ധി വെച്ചുനീട്ടി. സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡർ പദവി. അതും വേണ്ടെന്നുവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക