Image

ചമതി (നോവല്‍- ഭാഗം-17: ഉഷാ ചന്ദ്രന്‍)

Published on 20 May, 2026
ചമതി (നോവല്‍-  ഭാഗം-17: ഉഷാ ചന്ദ്രന്‍)

കൊടിയിറങ്ങി ഏതാണ്ട് ഒരാഴ്ച കഴിഞ്ഞു കാണും, തിണ്ണക്കോണില്‍ കുത്തിയിരുന്നു ദേഹം മാന്തിപ്പറിയ്ക്കുന്ന അപ്പായ്ക്കരികിലേയ്ക്ക് സീത നടന്നു ചെന്നു.

“ന്താപ്പാ, ദേഹം ചൊറിയുന്നോ? കുളിക്കുന്നെങ്കില്‍ വെള്ളം ചൂടാക്കിത്തരാം.” അവള്‍ പറഞ്ഞു.

“വേണ്ട മുത്തേ! കുളിക്കാന്‍ തോന്നുന്നില്ല”

വേറെന്തെങ്കിലും വയ്യായ്ക തോന്നുന്നുണ്ടോ?

എടയ്ക്കെടയ്ക്കൊരു വയറ്റിവേദന. വേറൊന്നുമില്ല.

എന്നാലിത്തിരി ഇഞ്ചി കുത്തിപ്പിഴിഞ്ഞു തരട്ടെ?

വേണ്ട!

അഹോരാത്രം ഓടിനടന്ന അപ്പാക്ക്‌ ആഹാരം നേരെചൊവ്വേ ഉണ്ടായിരുന്നില്ലല്ലോ? അതുമാവാം. സീത സംശയിച്ചു.

ആശൂത്രീപ്പോണോപ്പാ?

ഇപ്പൊ ഒന്നുംവേണ്ട മുത്തേ! ദേവി കാത്തോളും. താമി തന്‍റെ ദേവിയിലുള്ള വിശ്വാസം ഒന്നുകൂടി മുറുകെപ്പിടിച്ചു.  

അപ്പായുടെ വിശ്വാസമല്ലേ ഏറ്റവും വലുത്?. സീത പിന്നൊന്നും ചോദിച്ചില്ല. ദിവസങ്ങള്‍ പിന്നെയും കൊഴിഞ്ഞു. താമി ഇടയ്ക്കിടെ വന്നുപോകുന്ന വേദനയെപ്പറ്റി സീതയോട് പോലും സൂചിപ്പിച്ചില്ല.

അപ്പയ്ക്ക് ഇതെന്തുപറ്റിയമ്മാ?

ഒരു ദിവസം സീത അമ്മയോട് ചോദിച്ചു. കുറച്ചു ദിവസമായി അവള്‍ ശ്രദ്ധിക്കുന്നു, അപ്പയ്ക്ക്‌ നല്ല ക്ഷീണമുണ്ട്. മിക്കവാറും കിടപ്പുതന്നെയാണ്.. ഭക്ഷണമൊന്നും കാര്യമായി കഴിക്കുന്നുമില്ല.

 

ഇഷ്ടികക്കമ്പനി ഇപ്പോള്‍ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അടുക്കിവച്ച ചുടുകട്ടകള്‍ക്കിടയിലൂടെ ഇന്നലെ വാസുവിന്‍റെ കടയിലേയ്ക്ക് ചക്കര വാങ്ങാനായി പോകുമ്പോള്‍ ചൂളയ്ക്കരികില്‍ ഇരുന്ന് അപ്പാ ചൂടുകായുന്നത് സീത കണ്ടിരുന്നു. ഈറന്‍ ചുമന്നിരുന്ന് ഏറെനേരം പൂജാദികര്‍മ്മങ്ങള്‍ ചെയ്തതിന്‍റെയാവാമെന്നാണ്  അവള്‍ ആദ്യം വിചാരിച്ചത് പക്ഷേ ഇതതല്ല, കാര്യമായ എന്തോ അസുഖമുണ്ട്.

 

നിന്‍റെ അപ്പന്‍ കുറേക്കൂടി പട്ടേം ചാരായോം വലിച്ചു കേറ്റട്ടെ, ഇക്കൂട്ടരെങ്ങാന്‍ ആശൂത്രീപ്പോകാന്‍ പറഞ്ഞാല്‍കേള്‍ക്കുമോ, അതുമില്ല. നീരസമായിരുന്നു അമ്മാളുവമ്മയുടെ വാക്കുകളില്‍.

ഒന്നുരണ്ടു ദിവസം കഴിഞ്ഞ് താമി ഒരു വട്ടിയുമെടുത്തു വലിഞ്ഞു വലിഞ്ഞു നടന്നുപോകുന്നത് സീത കണ്ടു. ചന്തയിലേയ്ക്കാണെന്ന് തോന്നുന്നു.

അപ്പയെ എങ്ങോട്ടും വിടണ്ടാമ്മാ.. അവള്‍ അമ്മയോട് ചെന്ന് പറഞ്ഞു.

ഞാന്‍ പറഞ്ഞിട്ടാണോ? ഇത് കള്ളുകുടിയ്ക്കാനുള്ള പോക്കാ.. ആള്‍ക്കാരൊക്കെ ഇപ്പോഴേ മണ്ണ് ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അപ്പാക്ക്‌ സുഖമായിട്ടുവേണം ഇനി പണി തുടങ്ങാന്‍. അതെങ്ങനാ, ഒരിടത്ത് തഞ്ചിയിരുന്നാലല്ലേ ഇതൊക്കെ പറ്റൂ? അമ്മയുടെ പരിദേവനം സീത കേട്ടില്ലെന്നു നടിച്ചു.

ആ രാത്രിയില്‍ അപ്പാ നിര്‍ത്താതെ ചുമയ്ക്കുന്നത് കേട്ടാണ് സീത ഓടിച്ചെന്നത്‌. നെഞ്ചും വയറും തിരുമ്മിക്കൊണ്ട് പായയില്‍ എണീറ്റിരുന്നു ചുമയ്ക്കുന്ന അപ്പയെ അവള്‍ താങ്ങിപ്പിടിച്ചു.

വെള്ളം വേണോ അപ്പാ? അയാള്‍ ദയനീയമായി അവള്‍ക്കു നേരേ നോക്കി വേണമെന്ന് തലകുലുക്കി. സീത ഓടിപ്പോയി അടുപ്പില്‍ തീപൂട്ടി ചൂടുവെള്ളം അനത്തിയാറിച്ചു കൊണ്ടുവന്ന് അപ്പന്‍റെ ചുണ്ടോടടുപ്പിച്ചു കൊടുത്തു.

കാലത്ത് ആശൂത്രീപ്പോവാമപ്പാ” അപ്പന്‍റെ പുറം തിരുമ്മിക്കൊടുത്തുകൊണ്ടവള്‍ പറഞ്ഞു. അയാള്‍ ഒന്നും മിണ്ടാതെ പായിലേയ്ക്ക് ചാഞ്ഞു. അമ്മ അപ്പോഴും നല്ല ഉറക്കമാണെന്ന് അവള്‍ കണ്ടു. അവള്‍ക്കമ്മയോട് ഒരിക്കലുമില്ലാത്ത ദേഷ്യം തോന്നി.

അടുത്തുള്ള ഗവര്‍മെന്റ് ആശുപത്രിയിലേയ്ക്കാണ് പിറ്റേന്ന് സീത അയാളെ കൊണ്ടുപോയത്. താമി വേണ്ടെന്നു പറഞ്ഞിട്ടും സീതയത് കേട്ടില്ല.

അമിതമായ പുകവലി, മദ്യപാനം ഇതെല്ലാം കരളിനെ കണ്ടമാനം ബാധിച്ചിട്ടുണ്ട്. പരിശോധനയെല്ലാം കഴിഞ്ഞ് ഡോക്ടര്‍ പറഞ്ഞു.

നന്നായി പനിയ്ക്കുന്നുണ്ടല്ലോ. കുറച്ചു ദിവസം ഇവിടെ കിടക്കട്ടെ! സിറിഞ്ചില്‍ മരുന്നെടുത്ത് കുത്തിവയ്ക്കുന്നതിനിടയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ശരി, ഡോക്ടര്‍സര്‍. സീതയ്ക്കും സമാധാനമായി. അവള്‍ക്കും അതായിരുന്നു വേണ്ടത്. അപ്പനിപ്പോള്‍ നല്ല  വിശ്രമം ആവശ്യമാണ്. വീട്ടിലായാല്‍ അതുണ്ടാവില്ല.  

മറ്റെല്ലാം മറന്ന് ആശുപത്രിക്കിടക്കയില്‍ അപ്പനെ ശുശ്രൂഷിക്കാന്‍ സീത രാപ്പകല്‍ കൂട്ടിരുന്നു. ആദ്യമായിട്ട് ശൗരിയെപ്പോലും തല്ക്കാലത്തേയ്ക്ക്  മനസ്സില്‍ നിന്ന് മാറ്റിനിര്‍ത്തി, അവളുടെ ശ്രദ്ധയോടെയുള്ള പരിചരണം അയള്‍ക്കൊരുപാടാശ്വാസം നല്‍കി. തുണികളെല്ലാമെടുത്തുകൊണ്ടുപോയി കഴുകിയുണക്കി കൊണ്ടുവരിക, അമ്മ വീട്ടില്‍നിന്നു കൊണ്ടുവരുന്ന ആഹാരം നിര്‍ബ്ബന്ധിച്ചു കഴിപ്പിക്കുക. പുറത്തു അന്തേവാസികള്‍ക്കായി കൂട്ടിയ അടുപ്പില്‍ വച്ചു വെള്ളം ചൂടാക്കി കുളിക്കാന്‍ കൊടുക്കുക എല്ലാം തന്‍റെ ഉത്തരവാദിത്തമായിക്കണ്ട് അവളേറ്റെടുത്തു ചെയ്തുകൊണ്ടിരുന്നു.  അനിച്ചവെള്ളത്തിലെ കുളി താമിയെ കൂടുതല്‍ ഉന്മേഷവാനാക്കി. പനിയൊന്നു മയങ്ങി.. അതുപക്ഷേ അണയാന്‍ പോകുന്ന തീ ആളിക്കത്തും പോലെയാണെന്ന് ആരും കരുതിയില്ല.. രാത്രിയായപ്പോള്‍ ഇരുളുവെളിവില്ലാത്ത പനിയും ചുമയും. കടുത്ത പനികൊണ്ട് താമിയെ അടിമുടി വിറയ്ക്കാന്‍ തുടങ്ങി. സീത ഉറങ്ങാതെ ഇരിക്കുകയായിരുന്നു. അവളോടിച്ചെന്നു അപ്പയുടെ നെഞ്ചു തടവിക്കൊടുത്തു. ഡ്യൂട്ടിയിലുള്ള ഡോക്ടറെ വിളിക്കാന്‍ പോകാന്‍ തുടങ്ങിയ സീതയെ അയാള്‍ തിരിച്ചു വിളിച്ചു.

മോളേ!

മുത്തേ എന്നുമാത്രം വിളിക്കാറുള്ള അപ്പയുടെ നാവില്‍നിന്നു ആദ്യമായിട്ടാണ് സീത ആ വിളികേള്‍ക്കുന്നത്.

മോളപ്പയ്ക്കിത്തിരി ചൂടുവെള്ളം കുടിക്കാന്‍ താ..

അവളവിടെയിരുന്ന പൊട്ടിയ ഫ്ലാസ്ക് തുറന്നു നോക്കി. അതിലെ വെള്ളത്തിന്‍റെ ചൂട് പോയതുകണ്ട് അടുത്ത ബെഡിലേയ്ക്ക് നടന്നു.

“ഇത്തിരി ചൂടുവെള്ളം തരാമോ? അപ്പയ്ക്കു കുടിയ്ക്കാനാ..അവള്‍ നീട്ടിയ ഫ്ലാസ്കില്‍ അവര്‍ കൊടുത്ത ചൂടുവെള്ളവുമായി പെട്ടെന്ന് തിരികെവരുമ്പോള്‍ സീത കണ്ടതു തീരെ അവശനായ അപ്പയെയാണ്.

അപ്പാ! അവള്‍ വിളിച്ചു. ഈ വെള്ളം കുടി. വെള്ളമവള്‍ ചുണ്ടോടു ചേര്‍ത്തു. രണ്ടിറക്കു കുടിച്ചിട്ട് മതിയെന്ന് താമി കൈകൊണ്ടു കാട്ടി.

‘മോളാ കസേരയെടുത്തിട്ടിവിടെ ഇരി’. അവള്‍ കസേര നീക്കിയിട്ട്‌ അപ്പായ്ക്കരികിലിരുന്നു.

അപ്പ ഒരു കാര്യം പറഞ്ഞാല്‍ മോള് വിഷമിക്കരുത്! അപ്പയിനിയധികമില്ലെന്ന് മനസ്സ് പറയുന്നു. ഇപ്പോ ഇത് പറഞ്ഞില്ലേല്‍ ഇനി പറയാനൊത്തില്ലേലോ? മക്കളോട് പറയാതെ പോകാനും വയ്യ.” അവള്‍ തപിയ്ക്കുന്ന ഹൃദയത്തോടെ ദയനീയമായി അയാളെ നോക്കി. ഇക്കാലമത്രയും തന്‍റെ മനസ്സിനെ അലട്ടിയിരുന്ന പ്രശ്നത്തിനുള്ള ഉത്തരമാണ് അപ്പാ പറയാന്‍ പോകുന്നതെന്നവളൂഹിച്ചു.

പറയപ്പാ!

അപ്പയ്ക്ക്‌ നീയല്ലാതെ ആരുമില്ല ഈ ലോകത്ത്. എന്നാല്‍ ഒരു സത്യം നീയുമറിയണം നീയെന്‍റെ ചോരയല്ല കുഞ്ഞേ! നീ എനിക്ക് ജനിച്ച മകളല്ല. അപ്പാക്ക്‌ കുട്ടികളുണ്ടാവില്ല. ആ വിവരം നെന്‍റെ അമ്മയ്ക്കുമറിവില്ല. അവിടെ അവള്‍ ജയിച്ചു. അപ്പ തോറ്റും പോയി” വികാരവിക്ഷോഭം കൊണ്ട് ഒരു വാചകം പറയാന്‍ ഒരു യുഗം വേണ്ടിവന്നു താമിക്ക്.

ങേ!  എന്താ പറഞ്ഞത്, അപ്പ എന്താ തമാശ പറയുകയാണോ? പനിപ്പേച്ചാണെന്നാണ് സീത കരുതിയത്.

അല്ല, അല്ല മോളേ, പകലുപോലെ സത്യം! അത് കേട്ടതും, സീതയുടെ ഹൃദയം നൂറു കഷണങ്ങളായി നുറുങ്ങിത്തെറിച്ചു, പൊട്ടിപ്പോയ മണ്‍കുടം പോലെ.


തുടരും...

Read More: https://www.emalayalee.com/writer/318

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക