Image

ഒരിക്കൽ നമ്മളുണ്ടായിരുന്നു: (നോവലെറ്റ്, മിനി സുരേഷ്)

Published on 20 May, 2026
ഒരിക്കൽ നമ്മളുണ്ടായിരുന്നു: (നോവലെറ്റ്,  മിനി സുരേഷ്)

 

ന്യൂയോർക്ക് സിറ്റിയിലെ ശൈത്യകാല രാത്രി.  വെള്ള മഞ്ഞിൻ്റെ നിശ്വാസത്തിൽ  നഗരം മൂടപ്പെട്ടിരിക്കുന്നു. അംബരചുംബികളായ കെട്ടിടങ്ങളിൽ നിന്നും നിറവെളിച്ചങ്ങൾ മഞ്ഞുതുള്ളികളിൽ പതിഞ്ഞ് 

നക്ഷത്രങ്ങൾ ഭൂമിയിലിറങ്ങിയത് പോലെ മിന്നുന്നു.

ജോൺ എഫ് കെന്നഡി ഇൻ്റർനാഷണൽ എയർപോർട്ടിൽ ആയിരക്കണക്കിന് ആളുകളുടെ ബഹളം.

ചിലർ വരവിൻ്റെ ആവേശത്തോടെ ആരെയോ കാത്തു നിൽക്കുന്നു. ചിലർ വിട വാങ്ങലിൻ്റെ നൊമ്പരത്തോടെ കടന്നു പോകുന്നു.

അവർക്കിടയിൽ ഒരാളായി റോഷൻ പതുക്കെ നടന്നു വന്നു.

 ചെറിയ സ്വപ്‌നങ്ങളുമായി ആരംഭിച്ച  അയാളുടെബിസിനസ്സ് ഇന്ന് വലിയൊരു സാമ്രാജ്യമായി വളർന്നിരിക്കുന്നു. ടെക്സ്റ്റൈയിൽ  , റിയൽ എസ്റ്റേറ്റ് , കറി മസാലകളുടെകയറ്റുമതികൾ കൂടാതെ ടി.വി ഷോകളുടെ സ്പോൺസർ , ചാരിറ്റി  അങ്ങനെ  കേരളത്തിൽ എവിടെയും അയാളുടെ പേരുണ്ട്. അമേരിക്കൻ കമ്പനികളുമായി കോടികളുടെ കരാർ ഉറപ്പിക്കാനാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

പുറത്ത് നിന്ന് നോക്കുന്നവർക്ക് അയാളുടെ ജീവിതം ഒരു വിജയഗാഥ ആയിരുന്നു. ഓരോ വിജയത്തിന് പിന്നിലും വേദനയൂറുന്ന ചില നിശ്ശബ്‌ദ നഷ്‌ടങ്ങൾ ഉണ്ടാകും.

" യുവർ കാർ ഈസ് വെയിറ്റിംഗ് സർ " റോഷൻ്റെ  ഫോൺ ശബ്‌ദിച്ചു.

" ടെൻ  മിനിറ്റ്സ് " ഇമിഗ്രേഷൻ കൗണ്ടറിനു മുൻപിലുള്ള വരിയിൽ നിന്ന് കൊണ്ട് അയാൾ പറഞ്ഞു .

ആളുകൾ അക്ഷമരായി  നിൽക്കുന്നുണ്ട്.  ഇവിടെ വലിയവരെന്നോ ചെറിയവരെന്നോ ഇല്ല. സമയമാകുമ്പോൾ അവരവരുടെ ഊഴം എത്തിച്ചേരും.

" പാസ്പോർട്ട് പ്ലീസ് "

ആ ശബ്‌ദം കേട്ടതും കാലം പിന്നിലേക്കൊഴുകി. അയാൾ തലയുയർത്തി.

"ലിത "

മനസ്സിൽ പതിഞ്ഞു കിടക്കുന്ന രൂപം. വർഷങ്ങൾക്ക് മുൻപ് അയാളുടെ ലോകമായിരുന്നവൾ.

ഇപ്പോൾ അപ്രതീക്ഷിതമായി യൂണിഫോമിൽ കൗണ്ടറിൻ്റെ അതിരുകൾക്കപ്പുറത്ത്. കാലം അവളെ മാറ്റിയിട്ടില്ല. അതേ മുഖം .മങ്ങാത്ത സൗന്ദര്യം. കണ്ണുകളിൽ  ഒരായിരം കഥകളുടെ തിളക്കം. 

" റോഷൻ "

" ലിത "

അവർക്കിടയിലേക്ക് വർഷങ്ങളുടെ നിശ്ശബ്‌ദത പെട്ടെന്ന് കടന്നു വന്നു.

പാസ്പോർട്ട്  നൽകുമ്പോൾ ഒരു നിമിഷം ഇരുവരുടെയു൦ വിരൽത്തുമ്പുകൾ തമ്മിൽ തട്ടി.

ഒരിക്കലും വിട്ടു പോകില്ലെന്ന് വാഗ്‌ദാനം ചെയ്ത കൈകളാണ്. ഇപ്പോൾ ഒരു നിമിഷം പോലും

ചേർത്തു പിടിക്കുവാൻ കഴിയാത്തതായി. ആ സ്പർശനത്തിൽ ഒരു മഴക്കാലം മുഴുവനും

കടന്നു വന്നു.

മഴ പെയ്യുന്ന വീഥികളിലൂടെ അവർ കൈ പിടിച്ച് നടന്നിരുന്ന പഴയ പ്രണയകാലം.

 

അദ്ധ്യായം 2

 

വർഷങ്ങൾക്ക് മുൻപ് ഗ്രാമത്തിലെ ട്യൂഷൻ സെൻ്റർ.

ക്ലാസ്സിലേക്ക് കയറും മുൻപ് റോഷന് പള്ളിയിൽ കയറി പ്രാർത്ഥിക്കുന്ന പതിവുണ്ട്.

അന്നും ചെരിപ്പ് ഊരി വച്ച് അവൻ പള്ളിയിലേക്ക് കയറി. ഇത് നോക്കി നിന്ന ലിതയുടെ കുഞ്ഞനുജത്തി നീട്ടിയൊരു ചൂളമടിച്ചു. കേൾക്കാൻ കാത്തു നിന്നിട്ടെന്ന പോലെ ലിസ ഓടി വന്ന് ആ ചെരിപ്പ് അണിഞ്ഞു. കൈ നീട്ടി നിന്നിരുന്ന അനുജത്തിയുടെ കയ്യിലേക്ക് ഒരു രൂപ നാണയം വച്ച് കൊടുത്തു. 

കുറെക്കാലമായുള്ള പതിവാണ്. പക്ഷേ അന്നത്റോ ഷൻ കണ്ടു പിടിച്ചു.

" നീയെന്താ ചെയ്യുന്നത് "

" റോഷൻ്റെ ചെരിപ്പണിയുമ്പോൾ   ... നീ ... കൂടെയുള്ളത് പോലെ ഒരു തോന്നലാണ് . എവിടെ പോയാലും കൂടെയുള്ളത് പോലെ.എനിക്ക് അത്രക്കിഷ്‌ടമാണ് " അവളുടെ കണ്ണുകളിൽ

പ്രണയം പൂത്തിരുന്നു.

റോഷൻ കൈ നീട്ടി. ലിത അതിൽ കൈ ചേർത്തു.

ഗ്രാമത്തിൻ്റെ ശാന്തതയിൽ രണ്ട് കുട്ടികളുടെ ഹൃദയങ്ങൾ പ്രണയം കൈമാറി വളർന്നു. 

 സ്‌കൂളിലേക്കുള്ള വഴിയിൽ റോഷൻ എന്നും കാത്തു നിൽക്കും. മഴ പെയ്യുന്ന ദിവസങ്ങളിൽ

ലിത നനയാതിരിക്കാനായി റോഷൻ കുട ചരിച്ച് പിടിക്കും. എന്നിട്ട് അവളുടെ മുടിത്തുമ്പിൽ പോലും മഴത്തുള്ളികൾ വീഴാതെ പകുതി മഴ അവൻ നനയും..  

മൊബൈൽ ഫോണും വാട്ട്സ് ആപ്പും ഇല്ലാത്ത കാലം. കത്തുകളിലൂടെ കൈമാറുന്ന അവരുടെ ലോകം ഒരുമിച്ചായിരുന്നു. ലിത സംസാരിക്കുമ്പോൾ കാറ്റിൽ പറന്ന് മുഖത്തേക്ക് വീഴുന്ന മുടിയിഴകൾ അവൻ മാടിയൊതുക്കിക്കൊടുക്കും. ക്രിസ്‌തുമസ്സ് രാത്രികളിൽ ലിതയുടെ പ്രാർത്ഥനകൾ റോഷനു വേണ്ടി മാത്രമായിരുന്നു. പള്ളി ക്വയറിനിടയിൽ അവളുടെ ശബ്‌ദം കേൾക്കുമ്പോൾ അവൻ്റെ മുഖമറിയാതെ തെളിയും.

 ഒരിക്കൽ ലിത സ്കൂളിൽ വരാത്ത ദിവസം അവൻ മനസ്സിൽ കുറിച്ചിട്ടു. ലിതയില്ലാതെ തനിക്കൊരു ദിവസം പോലും പൂർണ്ണമാകില്ലെന്ന്. റോഷനെ കാണാത്ത ദിവസങ്ങളിൽ ക്ലാസ്സ് മുറിയുടെ ജനാലയ്ക്കരികിൽ അവൾ മിഴി നട്ടിരിക്കും. ഒരാൾക്ക് വേദനയുണ്ടായാൽ മറ്റൊരാളുടെ ഹൃദയം മുറിയുന്നത്ര ആഴത്തിലായിരുന്നു അവരുടെ സ്‌നേഹം. ജീവിതം പിന്നീട് അവരെ അകറ്റിയെങ്കിലും ചില രാത്രികളിൽ എന്നും ആ വേദന ഉണരുമായിരുന്നും. ഒരിക്കൽ തൻ്റേതെന്ന് വിശ്വസിച്ചിരുന്ന ഒരാൾ എവിടെയോമാഞ്ഞു പോയതിൻ്റെ വേദന.

 

അദ്ധ്യായം 3

 

നാട്ടിൽ ചില വാർത്തകൾ കാറ്റിനേക്കാൾ വേഗത്തിലാണ് പരക്കുന്നത്. അതിൽ ഏറ്റവും

ക്രൂരമായുള്ളത് ഒരു പെൺകുട്ടിയുടെ മാനത്തെക്കുറിച്ചുള്ള ചർച്ചകളാണ്.

ലിതയുടെ വീട്ടിലേക്ക് ദാരിദ്ര്യം കടന്നു വന്നത്പെട്ടെന്നാണ്. അപ്പൻ്റെ ബിസിനസ്സ് തകർന്നു.

കടം കൊടുക്കാനുള്ളവർ രാത്രികളിലും വാതിലിൽ മുട്ടിത്തുടങ്ങി. രണ്ട് പെൺകുട്ടികളുടെയും 

കളിചിരികൾ മാഞ്ഞു. ഭയം ചുമരുകളുടെ നാലതിരുകൾക്കുള്ളിൽ പടർന്നു വിറച്ചു .

അതിനിടയിലാണ് നാട്ടിൽ ചില വിഷജന്തുക്കളുടെ ചീറ്റലുകൾ കേട്ടത്.

" കടം തീർക്കാനായി പോളച്ചൻ ഭാര്യ റോസിയെ മുതലാളിമാരുടെ കൂടെ ഹോട്ടൽ മുറികളിലേക്ക് തള്ളി വിടുന്നുണ്ടെന്നേ ."

" പോരാത്തതിന് ഇപ്പോൾ ആ ലിതക്കൊച്ചും ചില പണക്കാരുടെ കൂടെ കാറിൽ  കറങ്ങുന്നത് കാണുന്നുണ്ട് .കോടികളുടെ ബാധ്യത തീരണമെങ്കിൽ അമേമം മോളും കൂടി ഒത്തു പിടിച്ചാലേ പറ്റത്തൊള്ളായിരിക്കും. "

ആദ്യമൊന്നും റോഷൻ അത് വിശ്വസിച്ചില്ല.

അവനറിയുന്നത് പോലെ മറ്റാർക്കും ലിതയെ അറിയില്ലെന്ന് അവൻ കരുതി.

പക്ഷേ ദിവസങ്ങൾ കടന്നപ്പോൾ തീ പോലെ ആളിക്കത്തിയ വിഷജ്വാലകൾ അവൻ്റെ മനസ്സിലേക്കും പടർന്നു.

സ്‌നേഹത്തിനുള്ളിലേക്ക് സംശയം കടന്നു വരുമ്പോൾ ഹൃദയത്തിൽ ആദ്യം മരിക്കുന്നത്

വിശ്വാസമാണ്.  ഒരിക്കൽ ജീവനെക്കാൾ അധികം സ്‌നേഹിക്കുന്നവരെ പോലും ഒരു നിമിഷം കൊണ്ട് അകറ്റികളയുന്ന കൂരമ്പാണ് സംശയം.

അന്നു വൈകുന്നേരം മഴ പെയ്യുന്നുണ്ടായിരുന്നു കവലയിലെ കടയ്ക്കു മുൻപിൽ മഴ തോരാൻ

കാത്തു നിന്ന റോഷൻ്റെ മുൻപിലൂടെ കടന്നു പോയ  കാർ ലിതയുടെ വീട്ടുപടിക്കൽ നിർത്തി.

വാതിൽ തുറന്ന് ലിത പുറത്തേക്കിറങ്ങി. അവളുടെ മുഖം ക്ഷീണിച്ചിരുന്നു. കണ്ണുകൾ

കരഞ്ഞു കലങ്ങിയിരുന്നു.

ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന മധ്യവയസ്കൻ പുറത്തിറങ്ങി  എന്തോ പറഞ്ഞ് കൊണ്ട് ലിതയുടെ കൈകളിൽ

തഴുകുന്നു. മറുത്തൊന്നും പറയാതെ അവൾ തലകുനിച്ച് നിൽക്കുന്നു.

ആ കാഴ്ച മാത്രം മതിയായിരുന്നു. റോഷൻ മഴയിലേക്ക് ഇറങ്ങി നടന്നു.

" ലിതാ ....." അവൾ ഞെട്ടിത്തിരിഞ്ഞു.

" റോഷാ "

" ആരായിരുന്നു അയാൾ "

പെട്ടെന്ന് അവളുടെ മുഖം മങ്ങി.

" വീട്ടിലെ ..ചില കാര്യങ്ങൾക്ക് പോയതാണ് "

" എന്ത് കാര്യങ്ങൾക്കാണ് എന്നെ അറിയിക്കാതെ നീ അയാളുടെ കൂടെ പോയത്. "

" അത് ...പിന്നീട് പറയാമെന്ന് കരുതി "

" നാട്ടിൽ കേൾക്കുന്നതെല്ലാം ... സത്യമാണോ ?

ആ ചോദ്യം കേട്ടപ്പോൾ ലിതയുടെ കണ്ണുകളിൽ എന്തോ തകർന്നു വീണു .

" നീയും ... അത് വിശ്വസിച്ചോ "

" ഞാനെൻ്റെ കണ്ണുകൾ കൊണ്ട് കണ്ടല്ലോ "

" റോഷാ ... നീ കണ്ടത് മുഴുവനും സത്യമല്ല "

" അപ്പോൾ സത്യം എന്താണ് .

നമുക്കിടയിൽ എന്ത് രഹസ്യമാണ്

നീ സൂക്ഷിക്കുന്നത് "

അവൾ കരഞ്ഞ് കൊണ്ട് അവൻ്റെ അടുത്തേക്ക്  ചെന്നു.

" അപ്പൻ്റെ കടം തീർക്കാൻ ഞാൻ സഹായം തേടുന്നതാണ്. അതിൻ്റെ ആവശ്യത്തിനായി

പോയതാണ് "

" നിനക്കിത് എത്ര എളുപ്പം പറയാൻ കഴിഞ്ഞു. എന്നെ  കൂട്ടാതെ തനിച്ച് നീ പോയതെന്തിനാണ് . അപ്പോൾ നിനക്ക് ഞാൻ ആരുമല്ല "റോഷൻ്റെ ഹൃദയത്തിൽ ഇതിനകം സംശയം വേരു പിടിച്ചിരുന്നു.

ആ വാക്കുകൾ ലിതയെ നടുക്കി.

കുറച്ച് നേരം അവൾ നിശ്ശബ്‌ദയായി നിന്നു.

" നീ ഇത്രയും വർഷം സ്‌നേഹിച്ച ലിതയെക്കാളും നാട്ടുകാരുടെ വാക്കുകളാണോ നീ വിശ്വസിക്കുന്നത് "

മഴ അവർക്കിടയിൽ മതിൽ പോലെ കനത്ത്

പെയ്യുന്നുണ്ടായിരുന്നു.

റോഷൻ ഒന്നും മിണ്ടിയില്ല

അവൻ്റെ നിശ്ശബ്‌ദത തന്നെയായിരുന്നു അവർക്കിടയിലെ ഏറ്റവും വലിയ അവിശ്വാസം.

ലിത പതുക്കെ മുന്നോട്ട് നടന്നു.

" പ്രണയത്തിൻ്റെ അടിസ്ഥാനം വിശ്വാസമാണ് റോഷാ . ലോകം മുഴുവനും തെറ്റിദ്ധരിച്ചാലും

സ്‌നേഹിക്കുന്ന ഒരാൾ മാത്രം വിശ്വസിച്ചാൽ മതി ഒരു പെണ്ണിന് ധൈര്യത്തോടെ ജീവിക്കാൻ.

ആ വിശ്വാസം മരിച്ചാൽ പ്രണയം  ശ്വാസമില്ലാത്ത ശവമായി മാറും "

അവൾ തിരിഞ്ഞു നടന്നു.

ആ രാത്രി മഴ മാത്രമല്ല പെയ്തത്. രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള വിശ്വാസവും കടപുഴകി

വീണു.

 

അദ്ധ്യായം 4

 

ലിതയുമായുള്ള ബ്രേക്കപ്പിന് ശേഷം റോഷന് ആ നാട്ടിൽ നിൽക്കുവാൻ താത്പര്യമില്ലാതെയായി. പൂനയിലെ സിംബയോസിസ് യൂണിവേഴ്‌സിറ്റിയിൽ എം.ബി എ യ്ക്ക് അവൻ ജോയിൻ ചെയ്തു.

പുതിയ നഗരം

പുതിയ ജീവിതം

ചില രാത്രികളിൽ ഹോസ്റ്റൽ മുറിയുടെ പുറത്ത് മഴയുടെ ശബ്‌ദം കേൾക്കുമ്പോൾ അവൻ്റെ

മനസ്സ് പഴയ ഓർമ്മകളിലേക്ക് യാത്ര തിരിക്കും.

" മോനെ , പോളച്ചൻ്റെ മകൾ ലിതയുടെ

വിവാഹം ഇന്ന് കഴിഞ്ഞു " ഒരു ദിവസം ഫോൺ വിളിച്ച കൂട്ടത്തിൽ അമ്മ പറഞ്ഞു.

ഒരു നിമിഷം ചുറ്റുമുണ്ടായിരുന്ന എല്ലാ ശബ്‌ദങ്ങളും അകന്നു പോകുന്നതായി അവന്

തോന്നി . നെഞ്ചിൽ സങ്കടം തിങ്ങി നിറയുന്നതിൻ്റെ വിങ്ങൽ.

" വലിയ പണക്കാരനാണ് ചെറുക്കൻ . വയസ്സ് കുറച്ച് കൂടുതലാണ്. പക്ഷേ വലിയ വീടും

കാറും ബിസിനസ്സുമൊക്കെയുണ്ട് "

അമ്മ വലിയ സന്തോഷത്തോടെ തുടരുകയാണ്.

" ലിതയെ കണ്ടാൽ എൻ്റെ മോനെ , കണ്ണെടുക്കാൻ തോന്നില്ലായിരുന്നു . എന്ത് ഭംഗിയായിരുന്നെന്നോ . വെളുത്ത ഗൗണും , ഡയമണ്ട് നെക്ലസ്സും ഒക്കെയിട്ട് ശരിക്കും ഒരു മാലാഖ തന്നെ . എല്ലാവരും നോക്കിയിരുന്നു

പോയി "

റോഷൻ്റെ മനസ്സിൽ ഓരോ വാക്കും മുറിവായി നോവിക്കുന്നുണ്ടായിരുന്നു.

 മഴയത്ത് ചേർത്ത് പിടിച്ച് ഒരു കുടക്കീഴിൽ നീങ്ങുമ്പോൾ ചിരിക്കുന്ന ലിതയുടെ മുഖമാണ് അവൻ്റെ മനസ്സിൽ

തെളിഞ്ഞത്.

സ്‌കൂൾ ഡസ്‌കിൽ തല ചായ്ച്ച്  വാതോരാതെ വിശേഷങ്ങൾ പറയുന്ന ലിത .

" നീയും അത് വിശ്വസിച്ചോ " എന്ന് ഒടുവിൽ കരഞ്ഞു കൊണ്ട് ചോദിച്ച ലിത .

ഇപ്പോൾ അവൾ മറ്റൊരാളുടേതായിരിക്കുന്നു.

" ഹലോ ...മോനെ അമ്മ പറയുന്നത് കേൾക്കുന്നുണ്ടോ "

" ഹും "

കരയാതിരിക്കുവാൻ അവൻ ചുണ്ടുകൾ  ചേർത്തു പിടിച്ചു .

 ഫോൺ വച്ച ശേഷം ഇരുട്ടിൽ ഏറെ നേരംഅവൻ ഒറ്റക്കിരുന്നു. അമ്മ പറഞ്ഞ ഓരോ കാര്യവും മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു .

വൈറ്റ് ഗൗൺ , ഡയമണ്ട് നെക്‌ലസ്സ്മാലാഖയെപ്പോലെ സുന്ദരിയായ അവൾ പറന്ന്

പോയിരിക്കുന്നു.

അവൻ കണ്ണുകൾ അടച്ചു

ഒരു ചോദ്യം മാത്രം മനസ്സിൽ അവശേഷിച്ചു

അവൾ സന്തോഷവതിയായിരുന്നോ. അതോ എല്ലാവർക്കും മുൻപിൽ സന്തോഷം അഭിനയിക്കുകയായിരുന്നോ.

പഠനം കഴിഞ്ഞ് റോഷൻ നാട്ടിലേക്ക് മടങ്ങി.

ബിസിനസ്സ് തുടങ്ങി. ആദ്യം പരാജയമായിരുന്നു. വീണ്ടും എഴുന്നേറ്റു.

ജീവിതം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകുന്നു. 

പക്ഷേ  മായാത്ത ചില ഓർമ്മകൾ  പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ട്.

ഒരു വൈകുന്നേരം അവൻ ലിതയുടെ വീടിൻ്റെ മുന്നിലുള്ള വഴിയിലൂടെ നടന്നു.

പക്ഷേ ആ വീട് തന്നെ മാറിയിരിക്കുന്നു. മുറ്റത്ത്  ചെടികളും പൂക്കളുമില്ല. ജനലരികിൽ ലിതയുടെ

പുഞ്ചിരിയില്ല.

" അവരെല്ലാം കഴിഞ്ഞ വർഷം ഇവിടെ നിന്നും പോയി മോനെ. എവിടെയാണെന്ന് പോലുമറിയില്ല.അസം സ്വദേശികളാണ് ഇപ്പോൾ താമസിക്കുന്നത് " അയൽ വീട്ടിലെ ആൻ്റി പറഞ്ഞു.

റോഷൻ കുറച്ച് നേരം അവിടെ നിന്നു.

ഒരിക്കൽ തൻ്റെ എല്ലാമായിരുന്നവൾ . എവിടെയാണെന്ന വിലാസം

പോലും നാട്ടിലാർക്കും ബാക്കി വയ്ക്കാതെ അകന്നു പോയെന്നെ സത്യം അവൻ്റെ ഉള്ളിൽ

ശൂന്യത നിറച്ചു.

കാലം കഴിഞ്ഞപ്പോൾ റോഷൻ വലിയൊരു ബിസിനസ്സുകാരനായി വളർന്നു. പണവും പേരും

പ്രശസ്‌തിയും വന്നു.

പിന്നീട് വിവാഹവും അയാൾക്ക് ചേരുന്ന മിടുക്കിയായ ഭാര്യ. രണ്ടോമന മക്കൾ.

ചില രാത്രികളിൽ മനസ്സിലേക്ക് ആ പഴയ ശബ്‌ദം

കടന്നു വരും.

" റോഷാ "

അയാൾ ഒരിക്കലും ലിതയെ മറന്നില്ല

ചില  മുഖങ്ങൾ  ജീവിതത്തിൽ നിന്നും അകന്ന് പോയ ശേഷം മാത്രമാണ് അവർ എത്ര ആഴത്തിലാണ് നമ്മുടെ ഉള്ളിൽ ജീവിച്ചിരുന്നുവെന്ന്മനസ്സിലാകുന്നത്.

 

അദ്ധ്യായം 5

 

ലിത പാസ്പോർട്ട് അവന് നേരെ നീട്ടി.

" സുഖമാണോ റോഷാ "

" ഹും .നീയോ "

അവൾ മുദുവായി ചിരിച്ചു

" ജീവിച്ചിരിക്കുന്നു . " ആ ചിരിയിൽ സന്തോഷമില്ലായിരുന്നു. 

" ഒരഞ്ച് മിനിറ്റ് വെയിറ്റ് ചെയ്യാമോ . ഷിഫ്റ്റ് ഇപ്പോൾ കഴിയും "

റോഷൻ വെയിറ്റിംഗ് ലോഞ്ചിൽ അവൾക്കായി കാത്തു നിന്നു.

പാരീസ് കഫെയുടെ ഗ്ലാസ്സ് ജനലരികിൽ അവർ നേർക്കു നേർ ഇരുന്നു . പുറത്ത് മഞ്ഞ് വീഴുന്നുണ്ട്. ഒരിക്കൽ സ്വന്തമായിരുന്ന ഒരാളെ

അപരിചിതനെ പോലെ നേരിടേണ്ടി വരുന്നതിൻ്റെ വേദന അവരുടെ ഉള്ളിൽ നിറഞ്ഞു നിന്നു.

ഒടുവിൽ ലിതതന്നെയാണ് സംസാരിക്കുവാൻതുടങ്ങിയത്.

"നമ്മൾ പിരിയുമ്പോൾ  നീ  അന്ന് കണ്ട  കാർ

ഓർമ്മയുണ്ടോ "

അയാളുടെ ഹൃദയം ഒന്നു പിടഞ്ഞു.

" പപ്പയുടെ  ഒരു ബന്ധുവായിരുന്നു അത്.  നാട്ടിലുള്ള മമ്മിയുടെ സ്ഥലം അദ്ദേഹത്തെ

കാണിക്കാൻ പോയതാണ്. മമ്മിയെ കുറിച്ച് നാട്ടിൽ കേട്ട വാർത്തകളൊന്നും സത്യമായിരുന്നില്ല . പപ്പ വരുത്തി വച്ച ഭീമമായ കടക്കെണിയുടെ അപമാനത്തിൽ നിന്നും കുടുംബത്തെ രക്ഷിക്കുവാനുള്ള തീരുമാനമായിരുന്നു അലക്‌സുമായുള്ള എൻ്റെ വിവാഹം. "

റോഷൻ മിണ്ടാതെ അവളെ നോക്കി.

" ഒരിക്കലെങ്കിലും നിന്നെ എനിക്ക് വിശ്വാസമാണ് എന്ന് നീ പറഞ്ഞിരുന്നെങ്കിൽ ... എനിക്ക് പിടിച്ച് നിൽക്കാൻ അത് മാത്രം മതിയായിരുന്നു "

അവളുടെ കണ്ണുകൾ നിറഞ്ഞു

റോഷൻ തല താഴ്ത്തി.

വർഷങ്ങളായി മനസ്സിൽ കെട്ടിപ്പിടിച്ചിരുന്ന കുറ്റബോധം വളർന്ന് അയാൾക്ക് സ്വയം വെറുപ്പ്

തോന്നി.

" സോറി "

മങ്ങിയൊരു വിഷാദച്ചിരി അവളിൽ തെളിഞ്ഞു.

" വൈകി അറിയുന്ന സത്യത്തിനും ക്ഷമാപണങ്ങൾക്കും ഒരു പ്രശ്‌നമുണ്ട് റോഷാ.

അവ മുറിവുകളിൽ തലോടും . പക്ഷേ കാലം തകർത്തെറിഞ്ഞ ജീവിതം പഴയ പോലെ വിളക്കിച്ചേർക്കാൻഅവയ്ക്കൊരിക്കലും

കഴിയില്ല "

അവൾ പതുക്കെ പറഞ്ഞു.

" മാര്യേജ് കഴിഞ്ഞ്  അമേരിക്കയിലേക്ക് വന്നു .

അലക്സ് ഒരു നാർസിസിസ്റ്റായിരുന്നു. സ്‌നേഹത്തെക്കാൾ അയാളുടെ സ്വാർത്ഥത ഭീകരമായിരുന്നു.ഒത്തിരി

സഹിച്ചു. ഒടുവിൽ ഡിവോഴ്സ് ആയി "

അവൾ കാപ്പിക്കപ്പിൽ ഒന്ന് വിരൽ ചുറ്റിച്ചു.

" പിന്നെ ഇവിടെയൊരു അമേരിക്കൻ

സംഗീതജ്‌ഞനെ വിവാഹം കഴിച്ചു. പക്ഷേ ചില തകർന്ന മനുഷ്യർക്ക് പിന്നീട്പ്രണയത്തിൽ  പൂർണ്ണമായി ജീവിക്കാൻ കഴിയില്ല റോഷാ ... അങ്ങനെ അതും അവസാനിച്ചു "

" നമ്മൾ ഒരുമിച്ചിരുന്നെങ്കിൽ ... ഹാപ്പി ആയേനെ  "

റോഷൻ്റെ കണ്ണുകളിൽ നഷ്ടബോധം തേങ്ങി നിന്നു.

" മേ ബീ .അപ്പോൾ ചിലപ്പോൾ നമ്മൾ ഇത്രയും സ്‌നേഹിക്കുമായിരുന്നില്ല . ചില മനുഷ്യരെ മറക്കാൻ പറ്റാത്തത് അവർ നമ്മളെ വിട്ടു പോയത് കൊണ്ടല്ല റോഷാ . അവരോടൊപ്പം

ജീവിച്ചപ്പോൾ നമ്മൾ ഏറ്റവും യഥാർത്ഥമായ

നമ്മളായിരുന്നത് കൊണ്ടാണ് "

" നീയിപ്പോളും  പഴയ പോലെ സംസാരിക്കുന്നു "

" റോഷനും  പഴയപോലെ കേട്ടിരിക്കുന്നു "

ഇരുവരും ചിരിച്ചു. ആ ചിരിയിൽ വീണ്ടും അകന്ന്

പോകേണ്ടി വരുന്നവരുടെ നിസ്സഹായത നിഴച്ചിരുന്നു.

ഫോണെടുത്ത് റോഷൻ ഭാര്യയുടെയും കുട്ടികളുടെയും ചിത്രം കാണിച്ചു.

" അവർ ഭാഗ്യവാന്മാരാണ്. നീ അവരെ വിട്ടു പോകുകയില്ലല്ലോ "

റോഷൻ്റെ കണ്ണുകൾ നനഞ്ഞു

" ഞാൻ നിന്നെ വിട്ടു പോയില്ല ലിതാ . വിശ്വസിക്കാതെ പോയതാണ് "അവൾ കുറച്ച് നേരം മിണ്ടിയില്ല . 

"ഫണ്ണി അല്ലേ . 

ഒരിക്കൽ നമ്മൾ എന്തെല്ലാം ഫ്യൂച്ചർ പ്ലാൻ ചെയ്തു . ഇപ്പോൾ പാസ്റ്റ് ഓർത്ത് ജീവിക്കുന്നു "

റോഷൻ ഒന്നും പറഞ്ഞില്ല. ചില വേദനകൾക്ക് മറുപടി ഉണ്ടാകില്ലല്ലോ.

" ഇനി -- നല്ല സുഹൃത്തുക്കളാകാമല്ലോ . ചില പ്രണയങ്ങൾ ഒരുമിച്ച് ജീവിക്കാനല്ല. ഒരാളുടെ

ഹൃദയത്തിൽ മറ്റൊരാൾ മരിക്കാതെ ജീവിക്കാൻ

വേണ്ടിയാണ് "

അവൾ കൈ നീട്ടി 

" ഫ്രണ്ട്സ് "

" ആൾവേയ്‌സ് "

റോഷൻ ആ കൈ പിടിച്ചു.

ആ സ്പർശനത്തിൽ പഴയ മഴയുണ്ടായിരുന്നു.

പള്ളി മുറ്റമുണ്ടായിരുന്നു. വർഷങ്ങളുടെ വിരഹമുണ്ടായിരുന്നു. എല്ലാത്തിനുമപ്പുറം ഒരിക്കലും മരിക്കാത്ത സ്‌നേഹമുമുണ്ടായിരുന്നു.

" ടേക്ക് കെയർ റോഷാ  "

" നീയും ലിതാ "

ഇപ്രാവശ്യം അവർ തിരിഞ്ഞു നോക്കിയില്ല.  ഹൃദയത്തെ വീണ്ടും അത്പഴയ കാലത്തിലേക്ക്

വലിച്ചിഴക്കും.

റോഷൻ  തിരക്കിനിടയിലേക്ക് മായുന്നത് വരെ അവൾ നോക്കി നിന്നു.

പിന്നീട് അവളും മറുവശത്തേക്ക് നടന്നു. വിരഹത്തേക്കാൾ കൂടുതൽ സമാധാനം ഇരുവരുടെയും ഉള്ളിൽ നിറഞ്ഞിരുന്നു.

പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു അവരുടെ പ്രണയം പോലെ നിശ്ശബ്ദമായി

ആഴത്തിൽ ഒരിക്കലും പൂർണ്ണമായി അവസാനിക്കാതെ .ചില പ്രണയങ്ങൾ ഒരുമിക്കാനല്ല. ഹൃദയത്തിൽ ജീവിക്കാൻ മാത്രമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക