
കൊച്ചി: അവതാരം എന്ന് വിളിച്ച് അധിക്ഷേപിച്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ വിജില്‍ മോഹന് മറുപടിയുമായി നടി റിനി ആന്‍ ജോര്‍ജ്. ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരമാണ് താന്‍ എന്ന് റിനി ഫേസ്ബുക്കിലൂടെ മറുപടി നല്‍കി. വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിഐപിയായി എത്തിയ റിനിയെ അവതാരമെന്നാണ് വിജില്‍ മോഹന്‍ അധിക്ഷേപിച്ചത്. ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ അനുഭവിച്ചത് നമുക്ക് അറിയാമെന്നും വിജില്‍ പറഞ്ഞിരുന്നു.
എന്നാല്‍ 'ഒരു പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങില്‍ ഒരു പെണ്‍കുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലര്‍ക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോള്‍ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനം. മാതൃക രാഷ്ട്രീയപ്രവര്‍ത്തകര്‍... എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവര്‍ക്കായി അതെ ഞാന്‍ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരം', റിനി മറുപടി നല്‍കി.
'ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം; സ്വപ്നയും സരിതയും കയറിയതിന്റെ ഫലം നമുക്കറിയാം'; അധിക്ഷേപവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
കോഴിക്കോട്: നടി റിനി ആന്‍ ജോര്‍ജിനെ അധിക്ഷേപിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍. വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപത്രിജ്ഞാ ചടങ്ങില്‍ റിനി വിഐപിയായി പങ്കെടുത്തതിനെതിരെയാണ് പ്രതികരണം. വിഐപി പന്തലില്‍ പോലും എത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് റിനി വിഐപി പാസ് നേടി അകത്ത് കയറി കൂടിയതെന്ന് വിജില്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു.
ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ അനുഭവിച്ചത് നമുക്ക് അറിയാമെന്നും വിജിന്‍ കുറിച്ചു. 'പാര്‍ട്ടിക്കെതിരെ സംസാരിക്കുകയും പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാളാണ് റിനി. ജ്യോതി വിജയകുമാറിനെ പോലും പൊലീസ് തടയുന്നത് കണ്ടു. എന്നാല്‍ റിനി ആന്‍ ജോര്‍ജിനെ ആരും തടഞ്ഞില്ല. അതീവ സുരക്ഷയുള്ള തെലങ്കാന മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തു. മുഖ്യമന്ത്രിയോ ഏതെങ്കിലും മന്ത്രിമാരോ അറിഞ്ഞ് ചെയ്തതാണെന്ന് കരുതുന്നില്ല. ഏതെങ്കിലും ഓഫീസില്‍ പണിയില്ലാതെ ഇരിക്കുന്ന ആരെങ്കിലും ഒപ്പിച്ച പാസായിരിക്കണം. ആ ആളിനോടും ആ ആളുകള്‍ക്ക് മുകളിലുള്ള നേതാക്കളോടുമാണ് പറയാനുള്ളത്, ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം. സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ അനുഭവിച്ചതും നമുക്ക് അറിയാം', വിജിന്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട കോണ്‍ഗ്രസിന്റെ നേതാക്കളേ,
ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നമ്മളും നമ്മുടെ സഹപ്രവര്‍ത്തകരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഒരുപാട് സമരങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ഫലമായുള്ള സന്തോഷ നിമിഷമായിരുന്നു അത്.
നമ്മുടെ എത്ര സഹപ്രവര്‍ത്തകരാണ് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട് തെരുവില്‍ കിടന്നത്.
എത്ര സഹപ്രവര്‍ത്തകരാണ് ദിവസങ്ങളോളം ജയിലില്‍ കിടന്നത്.
അതില്‍ മഹിളാ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. അവര്‍ ഉള്‍പ്പെടെ ഇന്നലെ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തി.
പന്തല്‍ ഇരുപത്തി അയ്യായിരം പേരെ ഉള്‍ക്കൊള്ളാന്‍ മാത്രം ശേഷിയുള്ളതായിരുന്നെങ്കിലും രണ്ടര ലക്ഷം ആളുകളാണ് ഇന്നലെ തിരുവനന്തപുരത്തേക്ക് എത്തിയത്.
അവിടെ വന്ന എല്ലാവര്‍ക്കും അറിയാമായിരുന്നു അകത്ത് കയറാന്‍ സാധിക്കില്ലെന്ന്. കയറാന്‍ കഴിയാതെ ഒരുപാട് സഹപ്രവര്‍ത്തകര്‍ പുറത്തുനിന്നു.
നമുക്കാര്‍ക്കും പരാതി ഇല്ല.
കാരണം നമുക്ക് അവിടെ ഒന്ന് എത്തിയാല്‍ മതി നമ്മുടെ മനസ്സില്‍ കണ്ടോളാം ശ്രീ വി.ഡി. സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അത്രയധികം നമ്മള്‍ കാണാന്‍ കാത്തിരുന്ന കാഴ്ചയായിരുന്നു അത്.
നമ്മുടെ പല സഹപ്രവര്‍ത്തകര്‍ക്കും ഒന്നാം പന്തലിരിപ്പിടത്തിലേക്ക് പോലും എത്താനോ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനോ കഴിയാതിരുന്നപ്പോള്‍ എങ്ങനെയാണ് വി.ഐ.പി പാസ് നേടി റിനി ആന്‍ ജോര്‍ജിനെപ്പോലെ ഈ പാര്‍ട്ടിക്കെതിരെ സംസാരിക്കുകയും പാര്‍ട്ടിക്ക് ഇത്രമാത്രം പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാള്‍ അകത്ത് കയറിക്കൂടിയത്?
കേരളത്തിലങ്ങോളമിങ്ങോളം സംഘടനാ പ്രവര്‍ത്തനങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങളിലും നടന്ന ജ്യോതി വിജയകുമാറിനെ പോലെയുള്ള ആളെ പോലും പോലീസ് തടയുന്നത് നമ്മള്‍ കണ്ടു. എന്നാല്‍ റിനി ആന്‍ ജോര്‍ജിനെ ആരും തടഞ്ഞില്ല.
അവര്‍ വേദിയില്‍ വരെ എത്തി..
അതീവ സുരക്ഷയുള്ള തെലുങ്കാന മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തു.
വിജയിച്ച് വന്ന യുഡിഎഫിന്റെ എംഎല്‍എമാരില്‍ പലര്‍ക്കും പോലും ഇന്നലെ ആ വേദിയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇത് മുഖ്യമന്ത്രിയോ ഏതെങ്കിലും മന്ത്രിമാരോ അറിഞ്ഞ് ചെയ്തതാണെന്ന് ഞാന്‍ കരുതുന്നില്ല. ഏതെങ്കിലും ഓഫീസില്‍ ഒരു പണിയുമില്ലാതെ ഇരിക്കുന്ന ആരെങ്കിലും ഒപ്പിച്ച പാസായിരിക്കണം അത്.
ആ ആളിനോടും, ആ ആളുകള്‍ക്ക് മുകളിലുള്ള എല്ലാ പ്രിയപ്പെട്ട നേതാക്കളോടുമാണ് എനിക്ക് പറയാനുള്ളത്, ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം.
ഇത്തരം ആളുകള്‍ ഓഫീസുകളിലേക്ക് കടന്നുകയറിയതിന്റെ ഫലം കോണ്‍ഗ്രസ് നന്നായി അറിഞ്ഞതാണ്.
സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ അനുഭവിച്ചതും നമുക്ക് അറിയാം.
നീതിമാനായ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് നമ്മള്‍ മറന്നിട്ടില്ല.
ഇത്തരം അവതാരങ്ങള്‍ അധികാരമുള്ളപ്പോഴെല്ലാം വരും. ഇവളാണ് പറവൂരില്‍ ശ്രീ വി.ഡി. സതീശനെതിരെ സംഘടിപ്പിച്ച സ്ത്രീകളുടെ യോഗത്തില്‍, ശൈലജ ടീച്ചര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ഷൈന്‍ ടീച്ചറോടൊപ്പം പങ്കെടുത്തത്.
അന്ന് അവള്‍ കോണ്‍ഗ്രസ് വിരുദ്ധ വേദിയിലായിരുന്നു.
കോണ്‍ഗ്രസിനെ കളിയാക്കിയും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതും നമ്മള്‍ കണ്ടതാണ്.
എന്നിട്ടും ഇവളെപ്പോലുള്ള ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യുന്ന ഏതെങ്കിലും ഓഫീസിലെ ജീവനക്കാരുണ്ടെങ്കില്‍ അവരോട് ഞങ്ങള്‍ പറയും
നിങ്ങള്‍ ഉണ്ടാക്കിയെടുത്തതല്ല ഈ സര്‍ക്കാര്‍.. ഞങ്ങള്‍ തെരുവില്‍ സമരം ചെയ്ത് ഉണ്ടാക്കിയെടുത്തതാണ് ഈ സര്‍ക്കാര്‍. ആ സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഇത്തരം അവതാരങ്ങളുടെ ഒരു ശ്രമത്തെയും ഞങ്ങള്‍ അനുവദിക്കില്ല. അംഗീകരിക്കില്ല.