
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണത്തിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവഗണിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഉമ്മൻചാണ്ടിയുടെ കുടുംബം വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകൾ മറിയ ഉമ്മനും ചടങ്ങിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നത് കോൺഗ്രസ് വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് ചാണ്ടി ഉമ്മനും മറിയാമ്മയും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ട് പരാതി ബോധിപ്പിച്ചു. എന്നാൽ, ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നാണ് മകൾ മറിയ ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ സഹോദരീപുത്രനൊപ്പമാണ് ചാണ്ടി ഉമ്മൻ എത്തിയത്. വിവിഐപി പരിഗണനകൾ ഒഴിവാക്കി സാധാരണ ജനങ്ങൾക്കായുള്ള ഗേറ്റിലൂടെയാണ് അദ്ദേഹം സദസ്സിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ സ്മരണകൾ സജീവമായി നിർത്തിയാണ് യുഡിഎഫ് മികച്ച വിജയം നേടിയത്. അതുകൊണ്ടുതന്നെ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയായ ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. മുതിർന്ന നേതാവ് എ.കെ. ആന്റണി ഉൾപ്പെടെയുള്ളവർ ചാണ്ടി ഉമ്മനായി തുടക്കം മുതൽ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നതെന്നാണ് സൂചനകൾ.
അതേസമയം, എ.കെ. ആന്റണിയെ സന്ദർശിച്ച ശേഷം വൈകാരികമായാണ് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. "ഇത് കേവലം ഒരു സ്നേഹസന്ദർശനം മാത്രമാണ്. ജനങ്ങളിൽ നിന്ന് ഇന്ന് അനുഭവിച്ച സ്നേഹം വളരെ വലുതാണ്. ആർക്കും ലഭിക്കാത്ത ഒരു വലിയ പദവി എനിക്കിപ്പോൾ ഉണ്ട്, 'കേരളത്തിന്റെ മകൻ' എന്ന സ്ഥാനമാണത്," എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, താൻ എപ്പോഴും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
മന്ത്രിസ്ഥാനത്തേക്ക് തുടക്കം മുതൽ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും മാധ്യമങ്ങളാണ് അത്തരം വാർത്തകൾ സൃഷ്ടിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. "ജനം വെറുത്തിട്ട് എന്ത് സ്ഥാനം കിട്ടിയിട്ടും എന്ത് കാര്യം എന്ന പിതാവിന്റെ വാക്കുകളാണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പുതുപ്പള്ളിയുടെയും മന്ത്രി. അദ്ദേഹത്തിലൂടെ പുതുപ്പള്ളിക്ക് അർഹമായ നീതി ലഭിക്കും," ചാണ്ടി ഉമ്മൻ വ്യക്തമാക്കി. എന്നാൽ, ചടങ്ങിൽ ഉമ്മൻചാണ്ടിയുടെ ശിഷ്യനായ പി.സി. വിഷ്ണുനാഥ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ എഴുന്നേറ്റപ്പോഴും ചാണ്ടി ഉമ്മൻ സദസ്സിലേക്ക് എത്തിയപ്പോഴും 'ഉമ്മൻചാണ്ടി മരിച്ചിട്ടില്ല' എന്ന മുദ്രാവാക്യങ്ങളോടെ വികാരഭരിതമായാണ് ജനക്കൂട്ടം സ്വീകരിച്ചത്.