Image

വസ്ത്രം എന്ന അധികാരം .....(സിനിമ: പി എന്‍ നാസര്‍)

Published on 19 May, 2026
വസ്ത്രം എന്ന അധികാരം .....(സിനിമ: പി എന്‍ നാസര്‍)

വിധവയായ ഒരു സ്ത്രീയുടെ ജീവിത പോരാട്ടങ്ങളുടെ കഥയാണ് ഈ സിനിമ .വന്യമായ ഒരു ഗ്രാമീണ ലോകത്തിലെ സ്നേഹാതപങ്ങള്‍ മികച്ച ദൃശ്യാനുഭവമാക്കി അവതരിപ്പിക്കുന്ന മലയാളിയുടെ തമിഴ് സിനിമ. വിപിൻ ചന്ദ്രശേഖർ എന്ന സംവിധായകന്റെയും ഗീത കൈലാസത്തിന്റെ അഭിനയത്തിന്റെയും മികവ് നിങ്ങളെ അത്ഭുതപ്പെടുത്തും 
പി എന്‍ നാസര്‍

പെരുമാൾ മുരുകന്റെ "കോടിത്തുണി" എന്ന ചെറുകഥയെ ആസ്പദമാക്കി വിപിൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത സിനിമയാണ് അങ്കമ്മാൾ. വിധവയായ ഒരു സ്ത്രീയുടെ ജീവിത പോരാട്ടങ്ങളുടെ കഥയാണ് ഈ സിനിമ പറയുന്നത്.
ഭർത്താവ് മരിച്ചശേഷം ഗ്രാമത്തിൽ പാൽ വിറ്റും , അത്യാവശ്യം കൃഷിപ്പണികൾ ചെയ്തുമാണ് അങ്കമ്മാൾ തന്റെ രണ്ട് ആൺമക്കളെ കഷ്ടപ്പെട്ട് വളർത്തുന്നത്. മൂത്തമകൻ പഠിക്കാൻ മിടുക്കനല്ലാത്തതിനാൽ അമ്മയോടൊപ്പം കുടുംബത്തിന് വേണ്ടി അദ്ധ്വാനിക്കുന്നു. രണ്ടാമാനാണ് പവിഴം(പവളം). അവൻ നന്നായി പഠിച്ച് ആ ഗ്രാമത്തിന് തന്നെ അഭിമാനമായി ഒരു ഡോക്ടർ ആയി തീരുന്നു.

അങ്കമ്മാളുടെ മകനായ ഡോക്ടർ പട്ടണത്തിലെ ഒരു പെൺകുട്ടിയെ പ്രണയിക്കുകയും അവളെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. കല്യാണത്തിനു മുൻപ് വധുവിന്റെ വീട്ടുകാർ ഡോക്ടറുടെ വീടു കാണാൻ ഗ്രാമത്തിൽ എത്തുമെന്ന് അറിയിപ്പ് കിട്ടുന്നതോടെ അയാൾ ആകെ അങ്കലാപ്പിൽ ആവുന്നു. അതിനു കാരണം അങ്കമ്മാളുടെ വേഷം ആണ്.

ആ ഗ്രാമത്തിൽ പ്രായമായ സ്ത്രീകൾ ബ്ലൗസ്സ് ധരിക്കാറില്ല. ഈ കാരണം കൊണ്ട് പട്ടണത്തിൽ നിന്നും വരുന്നവർ വിവാഹം വേണ്ടെന്ന് വെക്കുമോ എന്ന് ഡോക്ടർ ഭയപ്പെടുന്നു. സിനിമയുടെ രണ്ടാം പകുതിയിൽ മകൻ നിർബ്ബന്ധിച്ച് അമ്മയെക്കൊണ്ട് ബ്ലൗസ്സ് ഇടീപ്പിക്കുന്നു. എന്നാൽ തനിക്ക് ഒട്ടും കംഫർട്ട് അല്ലാത്ത വസ്ത്രം ധരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അവർ അത് ഊരിക്കളയുന്നു. സമ്മർദ്ദങ്ങൾ അധികമാകുന്നതോടെ അങ്കമ്മാളും മക്കളും തമ്മിലുള്ള വഴക്ക് രൂക്ഷമാകുന്നു. തുടർന്ന് മകൻ ഗ്രാമപഞ്ചായത്തിൽ പരാതിപ്പെടുന്നു. ഗ്രാമവാസികളും ഡോക്ടറായ മകന്റെ തീരുമാനത്തോടൊപ്പമാണ് നില്ക്കുന്നത്. ഗത്യന്തരമില്ലാതെ മകന്റെ ബന്ധുക്കൾ വരുന്ന ദിവസം അങ്കമ്മാൾ ബ്ലൗസ്സും , സാരിയും ധരിച്ച് അവരെ സ്വീകരിക്കുന്നു. 

വിവാഹനിശ്ചയം ഭംഗിയായ അവസാനിച്ച രാത്രിയിൽ അങ്കമ്മാൾ വീട്ടിൽ നിന്ന് അപ്രത്യക്ഷയാവുന്നു. അങ്കമ്മാളുടെ നിഷ്ക്കാസനത്തെക്കുറിച്ച് സംവിധായകൻ കൂടുതൽ വിശദീകരിക്കുന്നില്ല.
പരമ്പരാഗത ജീവിതം നയിച്ചു വരുന്ന ഒരു സ്ത്രീക്ക് തന്റെ ഇഷ്ട്രകാരമുള്ള വസ്ത്രം ധരിക്കാൻ വേണ്ടിയുള്ള സ്വാതന്ത്ര്യം അഥവാ പോരാട്ടമാണ് അങ്കമ്മാൾ എന്ന സിനിമ മുന്നോട്ട് വെക്കുന്നത്. ആധുനികതയുടെ കടന്നു കയറ്റത്തിൽ പിന്നിലായിപ്പോകുന്ന പല ജീവിതങ്ങളുടേയും പ്രതിനിധിയാണ് അങ്കമ്മാൾ . ഇഷ്ടപ്പെട്ട ഭക്ഷണം, വസ്ത്രം തുടങ്ങിയ മൗലികവകാശങ്ങൾ വരെ നിഷേധിക്കപ്പെടുന്ന ഒരവസ്ഥയെയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. സംവിധാകന്റെ മികവ് കാണിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്.


നിരന്തരം കാറ്റ് വീശുന്ന (ഉച്ചിമലൈക്കാറ്റ്) ഒരു വരണ്ട മലയോര ഗ്രാമത്തിലെ കാഴ്ചകളും, അവിടത്തെ ഗ്രാമീണ ജീവിതങ്ങളും അതിമനോഹരമായി അഭ്രപാളികളിൽ പകർത്തിയിരിക്കുന്നു. വളരെ ബോൾഡായ ഒരു സ്ത്രീയുടെ ജീവിതാനുഭവങ്ങളും , പോരാട്ടങ്ങളുമെല്ലാം ഗീതാ കൈലാസം (അങ്കമ്മാൾ) എന്ന നടി അനായാസേന കൈകാര്യം ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ വിജയത്തിന്റെ പ്രധാന പങ്ക് ഇവർക്ക് അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക