Image

സി.പി.എം ജില്ലാക്കമ്മിറ്റികളില്‍ പിണറായി വിജയന്‍ വിമര്‍ശിക്കപ്പെടുന്നു; ഇത് പണ്ട് ഭയന്നവരുടെ ഉറച്ച ശബ്ദം

എ.എസ് ശ്രീകുമാര്‍ Published on 19 May, 2026
സി.പി.എം ജില്ലാക്കമ്മിറ്റികളില്‍ പിണറായി വിജയന്‍ വിമര്‍ശിക്കപ്പെടുന്നു; ഇത് പണ്ട് ഭയന്നവരുടെ ഉറച്ച ശബ്ദം

പാര്‍ട്ടിയിലും മുന്നണിയിലും സര്‍വോപരി ഭരണത്തിലും കിരീടം വയ്ക്കാത്ത രാജാവായിരുന്ന പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എല്ലാം നഷ്ടപ്പെട്ടവനായിത്തീര്‍ന്നിരിക്കുന്നു. ഇളവുകളേറെ നേടി സി.പി.എമ്മിന് അതീതനായി വളര്‍ന്ന പിണറായി ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായാണ് വിലസിയതെങ്കില്‍ തര്‍ക്കം മൂലം ഇപ്പോള്‍ അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി നിശ്ചയിക്കാന്‍ വോട്ടിടേണ്ടി വന്നു. തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും ഇടതു മുന്നണിയും നേരിട്ട കനത്ത പരാജയത്തില്‍ പിണറായി വിജയന്‍ പരക്കെ വിചാരണ ചെയ്യപ്പെടുകയാണ്. പാര്‍ട്ടിയുടെ വിവിധ ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പിണറായിക്കെതിരെ ശക്തമായ ആരോപണങ്ങളാണുയരുന്നത്. മുമ്പ് ഇങ്ങനെ ആയിരുന്നില്ല സ്ഥിതി. പിണറായിക്കെതിരെ എന്തെങ്കിലും ഉരിയാടാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു.

എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരു വ്യക്തികേന്ദ്രിത രീതിയിലേക്ക് മാറിയെന്ന വിമര്‍ശനം ശക്തമായി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനിലേയ്ക്കാണ് കേന്ദ്രീകരിക്കപ്പെട്ടത്. ഭരണത്തിന്റെ നേട്ടകോട്ടങ്ങള്‍ക്കുപരി പൊതു ഇടങ്ങളിലെ പിണറായിയുടെ ശരീരഭാഷയും സംസാരരീതിയും ജനങ്ങള്‍ വെറുത്തുവെന്നതിന്റെ തെളിവാണ് യു.ഡി.എഫ് നേടിയ കൂറ്റന്‍ വിജയം. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിന് ചേരാത്ത ആര്‍ഭാഡവും രാജഭരണകാലത്തെ ഓര്‍മിപ്പിക്കുന്ന ഭയഭക്തിയും സ്തുതിപാടലും പി.ആര്‍ വര്‍ക്കും കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത എസ്‌കോര്‍ട്ടും അഴിമതിയും സ്വജനപക്ഷപാതവും പോലീസ് രാജും എല്ലാം പിണറായി ഭരണത്തിനുമേല്‍ ആണിയടിച്ച ഘടകങ്ങളായിരുന്നു. ഒരുപക്ഷേ കാലം അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുക്കാന്‍ പോകുന്ന പേര്, 'കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി...' എന്നായിരിക്കുമോ..?

എല്‍.ഡി.എഫ് നേരിട്ട വലിയ തോല്‍വി കേരള രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. കടുത്ത പ്രതിസന്ധികളില്‍ നിന്ന് സി.പി.എം ഉയര്‍ത്തെഴുന്നേറ്റിട്ടുണ്ട്. എന്നാല്‍ അക്കാലങ്ങളിലെ രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളത്. വി.ഡി സതീശന്‍ തന്റെ തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്.  യു.ഡി.എഫ് ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല. പക്ഷേ, ഭരണം ഇങ്ങനെ പോയാല്‍ 2021-ല്‍ ഇടതു മുന്നണി നേടിയ തുടര്‍ ഭരണം സതീശന്റെ ടീം യു.ഡി.എഫിന് സ്വന്തമാക്കാവുന്നതേയുള്ളൂ. ഇക്കുറി മൂന്ന് സീറ്റുകള്‍ നേടിയ ബി.ജെ.പി അടുത്ത തിരഞ്ഞെടുപ്പോടെ നിര്‍ണായക ശക്തിയായി വളരാനും സാധ്യതയുണ്ട്. ഭാവിയില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫും ബി.ജെ.പി നേതൃത്വം വഹിക്കുന്ന എന്‍.ഡി.എയും തമ്മിലായിരിക്കും രാഷ്ട്രീയ ബലാബലം നടക്കുക.

കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇപ്പോഴും സാമൂഹിക അടിത്തറയുണ്ട്. പക്ഷേ അതിനെ നിലനിര്‍ത്താന്‍ 'പഴയ സംഘടന' മാത്രം പോര; പുതിയ ഭാഷയും പുതിയ നേതൃത്വവും പുതിയ രാഷ്ട്രീയ സങ്കല്‍പ്പവും തിരുത്തലുകളും ആവശ്യമാണെന്ന തരത്തിലേയ്ക്കാണ് പിണറായി വിജയനെതിരെയുള്ള വിമര്‍ശനങ്ങള്‍ വികസിക്കുന്നത്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റില്‍ പിണറായി വിജയനെതിരേയും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെതിരേയും കടുത്ത വിമര്‍ശനമാണുയര്‍ന്നത്. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവായി പിണറായിയെ നിയോഗിച്ചത് ശരിയല്ലെന്നുമായിരുന്നു പിണറായിക്കെതിരെ ഉയര്‍ന്ന ആക്ഷേപമെങ്കില്‍ സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെ സംസാരിക്കുന്നുവെന്നായിരുന്നു എം.വി ഗോവിന്ദനെതിരെയുള്ള വിമര്‍ശനം.

തിരുത്തലുകള്‍ ഉണ്ടാകണം. ഇത്തരം രീതികള്‍ തുടര്‍ന്നാല്‍ ഇനിയൊരിക്കലും കേരളത്തില്‍ അധികാരത്തില്‍ വരില്ല. സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിക്കണം. നേതൃനിര മല്‍സരത്തിനിറങ്ങണമെന്ന നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ല. താഴേതട്ടില്‍ സംഘടനാപരമായ വീഴ്ചകള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. താഴേത്തട്ടില്‍ നടന്നത് ആവേശം ചോര്‍ന്ന പ്രവര്‍ത്തനമാണ്. നേതൃത്വം കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനും നേരെ രൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയും ഭരണ വിരുദ്ധ വികാരവുമാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാന കാരണമായതെമ്മാണ് കമ്മിറ്റിയുടെ ആരോപണം.

പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുവെന്നും, പ്രായപരിധി പോലുള്ള നിബന്ധനകള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കുന്നില്ലെന്നുമുള്ള പരാമര്‍ശങ്ങളും യോഗത്തിലുണ്ടായി. എം.വി ഗോവിന്ദന്റെ മാധ്യമങ്ങളോടുള്ള സമീപനത്തെയും യോഗം വിമര്‍ശിച്ചു. മാധ്യമങ്ങളെ കാണുമ്പോള്‍ അദ്ദേഹം നടത്തുന്ന പ്രതികരണങ്ങള്‍ പാര്‍ട്ടിക്കെതിരെ കൂടുതല്‍ ആളുകളെ തിരിക്കാനേ ഉപകരിക്കുന്നുള്ളൂ എന്നായിരുന്നു പ്രധാന ആരോപണം. വാര്‍ത്താ സമ്മേളനങ്ങളിലെ അദ്ദേഹത്തിന്റെ ശൈലി നൂറു പേരെ പാര്‍ട്ടിക്കെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും വിമര്‍ശനമുണ്ടായി. സമാനമായ രീതിയിലാണ് മറ്റ് ജില്ലാ സെക്രട്ടേറിയറ്റിലെയും വിലയിരുത്തലുകള്‍. പിണറായക്കെതിരെ വിമര്‍ശനം ശക്തമായത് സി.പി.എമ്മിനുള്ളില്‍ നിര്‍ഭയമായ വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറുകയാണ്.

ഇരുമ്പുമറ 
ഇല്ലാതാവുമ്പോള്‍

ഇന്ന് സെക്രട്ടേറിയറ്റില്‍ കൗതുകകരമായ ഒരു സംഭവമുണ്ടായി. സെക്രട്ടറിയേറ്റിന്റെ കവാടം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ തുറന്നിരിക്കുന്നു. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഒരു വശത്തേയ്ക്ക് മാറ്റി. സെക്രട്ടറിയേറ്റിന്റെ പ്രധാനകവാടമായ നോര്‍ത്ത് ഗേറ്റാണ് അഘോഷപൂര്‍വം തുറന്നത്. 'സമരകവാടം' എന്നാണ് ഈ ഗേറ്റിനെ അറിയപ്പെടുന്നത്. ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് കുറച്ചു കാലം ഈ ഗേറ്റ് തുറന്ന് കിടന്നിരുന്നു. പിന്നീട് സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗേറ്റ് അടച്ചുപൂട്ടുകയായിരുന്നു.  ജനങ്ങളെ അധികാരികളുടെ അടുക്കല്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇടതു സര്‍ക്കാര്‍ ഗേറ്റ് പൂട്ടുന്നത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്നവരാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നുമുള്ള നീക്കമാണിതെന്നും കേരള ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ പ്രഖ്യാപനം കൂടിയാണ് ഈ ഗേറ്റ് തുറക്കലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക