Image

സാൻ ഡിയേഗോയിലെ മസ്ജിദിൽ വെടിവെപ്പ്: മൂന്ന് മരണം;  കൗമാരക്കാരായ 2 അക്രമികൾ മരിച്ച നിലയിൽ

Published on 19 May, 2026
സാൻ ഡിയേഗോയിലെ മസ്ജിദിൽ വെടിവെപ്പ്: മൂന്ന് മരണം;  കൗമാരക്കാരായ 2 അക്രമികൾ മരിച്ച നിലയിൽ

 

അമേരിക്കയിലെ സാൻ ഡിയേഗോയിലെ ഏറ്റവും വലിയ ഇസ്‌ലാമിക ആരാധനാലയത്തിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം പ്രതികളെന്ന് സംശയിക്കുന്ന രണ്ട് കൗമാരക്കാരെ പള്ളിക്ക് സമീപമുള്ള വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സാൻ ഡിയേഗോ ഇസ്‌ലാമിക് സെന്ററിന് സമീപമാണ് സംഭവം. പതിനേഴും പത്തൊൻപതും വയസ്സുള്ള പ്രതികൾ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നത്.

അക്രമികളിൽ ഒരാളായ പതിനേഴുകാരൻ സ്വന്തം അമ്മയുടെ വീട്ടിൽ നിന്നാണ് മൂന്ന് ആയുധങ്ങളും വാഹനവും എടുത്തുകൊണ്ട് ആക്രമണത്തിനായി പുറപ്പെട്ടതെന്ന് സാൻ ഡിയേഗോ പോലീസ് ചീഫ് സ്കോട്ട് വാൽ വ്യക്തമാക്കി. മകനെയും വാഹനത്തോടൊപ്പം വീട്ടിലെ ചില ആയുധങ്ങളും കാണാനില്ലെന്ന് അമ്മ പോലീസിനെ അറിയിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരാൾ സാധാരണ ഗതിയിൽ മൂന്ന് ആയുധങ്ങൾ കൂടെ കരുതാറില്ലെന്നും, അതിനാൽ തന്നെ ഇയാൾ മറ്റുള്ളവർക്കും വലിയ ഭീഷണിയാണെന്ന നിഗമനത്തിലാണ് പോലീസ് തിരച്ചിൽ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമികളിൽ ഒരാൾ എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. ഇതിൽ വംശീയ അധിക്ഷേപങ്ങളും വംശീയ അഭിമാനത്തെക്കുറിച്ചുള്ള പരാമർശങ്ങളുമുണ്ട്. കൂടാതെ ആക്രമണത്തിന് ഉപയോഗിച്ച ഒരു ആയുധത്തിൽ വെറുപ്പ് ഉളവാക്കുന്ന വാക്കുകൾ എഴുതിവെച്ചിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇത് ഒരു വംശീയ അധിക്ഷേപത്തിന്റെ ഭാഗമായുള്ള ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം.

കിന്റർഗാർട്ടൻ മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്ന പള്ളിയിലാണ് ഈ ക്രൂരമായ ആക്രമണം നടന്നത്. വെടിവെപ്പിൽ പള്ളിയിലെ സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു. കുട്ടികളുടെ സുരക്ഷയ്ക്കായി സ്വന്തം ജീവൻ ബലിനൽകിയ സുരക്ഷാ ജീവനക്കാരന്റെ വേർപാട് തങ്ങളെ ഏറെ വേദനിപ്പിക്കുന്നതായി പള്ളിയിലെത്തിയ രക്ഷകർത്താക്കൾ ഓർമ്മിച്ചു. അദ്ദേഹം ആ വെടിയുണ്ടകൾ ഏറ്റുവാങ്ങിയില്ലായിരുന്നുവെങ്കിൽ അക്രമികൾ എളുപ്പത്തിൽ മുകളിലെ ക്ലാസ് മുറികളിലേക്ക് എത്തുമായിരുന്നുവെന്നും കുട്ടികളുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും അവർ പറഞ്ഞു.

സാൻ ഡിയാഗോ ഇസ്‌ലാമിക് സെന്ററിന് നേരെയുണ്ടായ ഈ ദാരുണമായ ആക്രമണത്തെ ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ (IAMC) ശക്തമായി അപലപിച്ചു. പ്രാർത്ഥനയ്ക്കും സമാധാനത്തിനുമായി നീക്കിവെച്ചിരിക്കുന്ന ഒരു പവിത്രമായ സ്ഥലത്ത് വിശ്വാസികളെ ലക്ഷ്യമിട്ട് നടത്തിയ ഈ ക്രൂരത വെറുപ്പിന്റെ രാഷ്ട്രീയമാണ് കാണിക്കുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി. നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ഇരകളുടെ കുടുംബങ്ങളുടെയും സാൻ ഡിയാഗോയിലെ മുസ്‌ലിം സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഐ.എ.എം.സി പ്രസിഡന്റ് മുഹമ്മദ് ജവാദ് അറിയിച്ചു.

 അമേരിക്കയിൽ വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയും മതപരമായ വിദ്വേഷവും ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണിയുയർത്തുന്നുവെന്നതിന്റെ വേദനിപ്പിക്കുന്ന ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം. രാഷ്ട്രീയ നേതാക്കളും നിയമപാലകരും ഈ വിഷയത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണണമെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക