
കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മലയാളികളുടെ ഹൃദയം കവര്‍ന്ന ഒരുരംഗമുണ്ടായിരുന്നു. സീതാലക്ഷ്മി അമ്മാളെന്ന അമ്മാളു അമ്മ, മകനെപ്പോലെ കരുതുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെ തേടിയെത്തിയതും അദ്ദേഹം അവരെ വേദിയില്‍വെച്ച് കെട്ടിപ്പിടിക്കുന്നതുമായ വൈകാരികരംഗം. ആള്‍ക്കൂട്ടത്തില്‍, തിരക്കിനിടയില്‍ നില്‍ക്കുകയായിരുന്ന അമ്മാളു അമ്മ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയും മുഖ്യമന്ത്രിയുടെ സ്റ്റാഫ് ഇടപെട്ട് അദ്ദേഹത്തിന് അടുത്ത് എത്തിക്കുകയുമായിരുന്നു. ഇപ്പോഴിതാ അമ്മാളു അമ്മയെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി സീമാ ജി. നായര്‍.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അമ്മാളു അമ്മയുടെ ഒരു ആഗ്രഹം തന്റെ മുന്നിലെത്തിയത് നടി ഓര്‍ത്തു. പറവൂര്‍ സ്വദേശിയായ രാധിക മുഖേനയാണ് സീമാ ജി. നായര്‍ അമ്മാളു അമ്മയെ പരിചയപ്പെട്ടത്. മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയെ കാണണമെന്നായിരുന്നു അമ്മാളു അമ്മയുടെ ആഗ്രഹം. സീമ അക്കാര്യം രമേഷ് പിഷാരടിയെ അറിയിച്ചു. പിഷാരടി വഴി അമ്മാളു അമ്മയ്ക്ക് മമ്മൂട്ടിയെ കാണാന്‍ സാധിച്ചു. സമ്മാനങ്ങള്‍ നല്‍കിയാണ് മമ്മൂട്ടി അമ്മാളു അമ്മയെ തിരിച്ചയച്ചതെന്നും നടി ഓര്‍ത്തു.
സീമയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നമസ്‌ക്കാരം.. ഇന്നലെ VDS മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിറഞ്ഞു നിന്നത് ഈ അമ്മാളു അമ്മയായിരുന്നു.. കുറേ മാസങ്ങൾക്കു മുന്നേ പറവൂരുള്ള രാധിക മുഖേന മമ്മുക്കയെ കാണണമെന്നുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ വിവരം എന്നിലേക്കെത്തി.. ഞാൻ രമേഷ് പിഷാരടിയെ Ramesh Pisharody അതറിയിച്ചു.. പിഷാരടി മുഖേന അമ്മാളു അമ്മക്ക് മമ്മുക്കയെ Mammootty കാണാൻ സാധിച്ചു.. സമ്മാനങ്ങളും നൽകിയാണ് മമ്മുക്ക അമ്മാളു അമ്മയെ യാത്രയാക്കിയത് (അത് വെറുമൊരു താരാരാധന ആയിരുന്നില്ല.. ഒരു തപസ്സുപോലെയായിരുന്നു ആ കാത്തിരിപ്പ്.. അദ്ദേഹം അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്).. ഇന്നലെ വീണ്ടും TV യിൽ അമ്മാളു അമ്മയെ കാണുമ്പോൾ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മുക്കയുടെ ചിത്രവും ഉണ്ടായിരുന്നു.. ആ ചടങ്ങു നടക്കുന്ന സ്ഥലത്തും, ആ ചിത്രവുമായാണ് അവര് പോയത്, അത് കണ്ടപ്പോൾ അമ്മയുടെ ഒരു വലിയ സന്തോഷത്തിനു ഞാൻ ചെറിയ കാരണമായല്ലോ എന്നോർത്ത് അഭിമാനം തോന്നി 💖💖ഇതൊക്കെയാണ് ജീവിതത്തിലെ വലിയ സന്തോഷങ്ങൾ 🥰🥰🥰🥰