Image

ദൂരെ നിന്ന് ഞാനെന്റെ വീട്ടിലേക്ക് നോക്കുമ്പോൾ (ബഷീർ മുളിവയൽ)

Published on 19 May, 2026
ദൂരെ നിന്ന് ഞാനെന്റെ വീട്ടിലേക്ക് നോക്കുമ്പോൾ (ബഷീർ മുളിവയൽ)

ദൂരെ നിന്ന് നോക്കുമ്പോൾ ആകാശത്ത് നക്ഷത്രങ്ങൾ പോലെ കാണാം എനിക്കെന്റെ വീട്

എനിക്കും വീടിനുമിടയിലുള്ള കടലിൽ ആർത്തിരമ്പുന്ന തിരമാലകൾ എന്റെ ഉള്ളിൽ കലമ്പുന്നു 
അതിലൂടെ സഞ്ചരിക്കുന്ന 
കപ്പലുകളിൽ നിറച്ചിരിക്കുന്ന ധാന്യങ്ങൾ 
എന്റെ വീടിന്റെ അടുക്കള ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ രേഖചിത്രം 
വരയ്ക്കാൻ എനിക്ക് കഴിയുന്നുണ്ട്

കടലിൽ നങ്കൂരമിട്ട യുദ്ധക്കപ്പലുകളിൽ നിന്ന് 
മിസൈലുകൾ ലക്ഷ്യമിടുന്നത് എന്റെ വീടിനെയാണെന്ന് ആശങ്കപ്പെടുന്നുണ്ട്

എല്ലാ പ്രകൃതി ദുരന്തത്തിലും എന്റെ വീട് തകരുന്നു 
എല്ലായുദ്ധങ്ങളിലും എന്റെ വീട് ആക്രമിക്കപ്പെടുന്നു 
ലോകത്തിന്റെ ഏത് കോണിൽ നിന്നുയരുന്ന നിലവിളിയും എന്റെ വീട്ടിൽ നിന്നെന്ന് കേൾക്കുന്നു 
ലോകത്തുള്ള ആർപ്പുവിളികളെല്ലാം എന്റെ 
വീട്ടിൽ നിന്നുയരുന്നതായി ആനന്ദിക്കുന്നു

സമയം കൂട്ടിവെച്ച് വീട് പുനർ നിർമ്മിച്ചു കൊണ്ടേയിരിക്കുകയായിരിക്കും വീട്ടിൽ നിന്ന് അകലെ ജീവിക്കുന്നയാൾ

ഭൂമിയിലെ ഏത് കോണിൽ നിന്ന് നോക്കിയാലും എനിക്ക് എന്റെ വീട് കാണാം

ഒരിടത്തും ഉറച്ചു നിൽക്കാതെ ഭൂമിയെ ചുറ്റുന്ന ഗ്രഹമാണ്
വീടെന്ന് തോന്നുന്നു

എല്ലാ പ്രഭാതങ്ങളിലും വീട് ഉദിക്കുന്നു 
പ്രദോഷങ്ങളിൽ അസ്തമിക്കുന്നു 
ദൂരെ നിൽക്കുന്നേരം 
കുളിർ മഞ്ഞുപോലെ സ്വന്തം വീട് പെയ്യുന്നു.

 

 

Join WhatsApp News
Jayan vargees 2026-05-19 10:43:28
കാതലുള്ള കവിതയുടെ ഒരു പരിച്ഛേദം - കവിക്ക് അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-19 13:09:03
💥🔥 'ഒരിടത്തും ഉറച്ചു നിൽക്കാതെ, ഭൂമിയെ ചുറ്റുന്ന ഗ്രഹമാണ് വീടെന്നു തോന്നുന്നു; എല്ലാ പ്രഭാതങ്ങളിലും....... ' നന്നായിരിക്കുന്നു , കാമ്പുള്ള കവിത, നൂറിൽ 48. വായിക്കാൻ സുഖമുണ്ട്. പ്രപഞ്ചവും ഭൂമിയും, വീട്ടിലെ ഞാനും എന്നിലെ ഭൂമിയും പ്രപഞ്ചവും ആകുലതകളും ആനന്ദങ്ങളും. അനന്തമായ ആ യാത്രയിൽ ഭൂമിയെന്ന ഗ്രഹത്തെ അവസാനമായി തിരിഞ്ഞ് നോക്കിയപ്പോൾ വൊയേജർ കണ്ട, Carl Sagan പറഞ്ഞ ആ 'Pale Blue Dot' ഓർമ്മിപ്പിച്ചു കവിത . 🔆റെജീസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-19 14:26:22
💥🔥നേർരേഖയിൽ ഗൃഹവും, ഗ്രഹവും പരസ്പരം പരിക്രമണവും ഭ്രമണവും നടത്തുന്ന , വീടിനെ ഗ്രഹമായും, ഭൂമിയെ ഗൃഹമായും വച്ചു മാറുന്ന മാജിക്‌, ബഷീർ ഇവിടെ കാഴ്ച വയ്ക്കുന്നു അധികം ഗിമ്മിക്കുകൾ ഒന്നും കാണിക്കാതെ. നമ്മുടെ ഗൃഹമായ ആ "വിളറിയ നീല നിറത്തിലുള്ള വളരെ ചെറിയ പൊട്ടിന്റെ " വലുപ്പം കാട്ടി തന്ന, അതിനെ അടക്കി ഭരിക്കുന്ന നമ്മളായ ഹോമോ സാപിയെൻസിനെ Define ചെയ്ത, വോയേജറിനു നന്ദി. •റെജിസ്•
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക