Image

മക്കളും ബന്ധുക്കളും പിന്‍തുണച്ചു; ജീവിതസായാഹ്നത്തില്‍ കൈകോര്‍ത്ത് തോമസും ലീലാമ്മയും

Published on 19 May, 2026
 മക്കളും ബന്ധുക്കളും പിന്‍തുണച്ചു; ജീവിതസായാഹ്നത്തില്‍ കൈകോര്‍ത്ത് തോമസും ലീലാമ്മയും

കോട്ടയം (കടുത്തുരുത്തി): ജീവിതം ചിലപ്പോള്‍ യൗവനത്തിലല്ല, വാര്‍ധക്യത്തിലാണ് മനോഹരമായ കൂടിച്ചേരല്‍ സമ്മാനിക്കുന്നത്. ജീവിതംകൊണ്ട് അത് ശരിവെക്കുകയാണ് എഴുപത്താറുകാരന്‍ തോമസും എഴുപത്തിനാലുകാരി ലീലാമ്മയും. അവര്‍ ഇനി ജീവിതവഴിയില്‍ ഒരുമിച്ചുനടക്കും.

കല്ലറ കണ്ണാരത്തില്‍ കെ.സി.തോമസ് എയര്‍ഫോഴ്സിലും പിന്നീട് കേരള പോലീസിലും സാങ്കേതികവിഭാഗം ഉദ്യോഗസ്ഥനായി ജോലിചെയ്ത് വിരമിച്ചതാണ്. ഭാര്യ 2020-ല്‍ മരിച്ചു. മകന്‍ അലക്‌സ് കുടുംബസമേതം ഓസ്‌ട്രേലിയയിലാണ്. നാട്ടിലുള്ള വിവാഹിതയായ മകള്‍ മേഴ്സിയാണ് തോമസിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്.

16 വര്‍ഷം മുമ്പ് ഭര്‍ത്താവിനെ നഷ്ടപ്പെട്ട കടുത്തുരുത്തി വമ്മ്യാലില്‍ ലീലാമ്മയും ഏറെനാളായി ഒറ്റയ്ക്കായിരുന്നു. മക്കളായ ജോമോനും ജെയ്‌മോനും ഇറ്റലിയിലാണ്.  ഒന്നരവര്‍ഷം മുമ്പ് ഒരു സ്വകാര്യ ആരോഗ്യപരിപാലനകേന്ദ്രത്തില്‍വെച്ചാണ് തോമസും ലീലാമ്മയും ആദ്യം കണ്ടത്. അടുപ്പം തോന്നിയ തോമസ്, ലീലാമ്മയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. അന്ന് ലീലാമ്മ സമ്മതം മൂളിയില്ല.

ഒന്നരമാസംമുമ്പ് ഒരിക്കല്‍ക്കൂടി തോമസ് ഫോണില്‍ ക്ഷണം ആവര്‍ത്തിച്ചു. മക്കളോട് സംസാരിക്കട്ടെയെന്ന് മറുപടി. ഒടുവില്‍, ഇനി ഒറ്റപ്പെടല്‍ വേണ്ട, പരസ്പരം താങ്ങാകാമെന്ന് ഇരുവരും തീരുമാനവുമെടുത്തു. അവരുടെ ആഗ്രഹത്തിന് മക്കളും സ്‌നേഹപൂര്‍വം പിന്തുണച്ചു.

തിങ്കളാഴ്ച വൈകീട്ട് കല്ലറ സെയ്ന്റ് മേരീസ് പുത്തന്‍പള്ളിയില്‍ തോമസും ലീലാമ്മയും കൈകോര്‍ത്തു. ആഡംബരങ്ങളില്ലാതെ, ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ തോമസിന്റെ ബന്ധുവായ ഫാ. അബ്രാഹം തറതട്ടേല്‍ വിവാഹം ആശീര്‍വദിച്ചു. തോമസിന്റെ മകളും കുടുംബവും ഇടവക വികാരി ഫാ.തോമസ് കരിമ്പുംകാലായിലും സന്നിഹിതരായിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക