Image

തെറ്റിദ്ധാരണ (കഥ: രാജീവൻ കാഞ്ഞങ്ങാട്)

Published on 19 May, 2026
തെറ്റിദ്ധാരണ (കഥ: രാജീവൻ കാഞ്ഞങ്ങാട്)

പതിനഞ്ച് വർഷം മുൻപ്, എന്റെ ജീവിതത്തെ മുഴുവനായി മാറ്റിമറിച്ച ഒരു ദിവസം ഉണ്ടായിരുന്നു.

അച്ഛൻ, അമ്മ, രണ്ട് ചേട്ടന്മാർ, പിന്നെ ഞാൻ , അതായിരുന്നു ഞങ്ങളുടെ കുടുംബം. ചേട്ടന്മാർ രണ്ടുപേരും വിവാഹം കഴിഞ്ഞ് വേറെ താമസിക്കുകയായിരുന്നു. വല്യേട്ടന് ഒരു മകനും ചെറിയേട്ടന് ഒരു മകളും ഉണ്ടായിരുന്നു. ചെറിയേട്ടനെക്കാൾ പത്ത് വയസ്സ് ഇളയവളാണ് ഞാൻ  സേതു.

വീട്ടിൽ അച്ഛനും അമ്മയും ഞാനും മാത്രം. ഇടയ്ക്കിടെ ഞങ്ങൾ ചേട്ടന്മാരുടെ വീട്ടിൽ പോകും; അവർക്കു അവധി കിട്ടുമ്പോൾ അവർ ഇവിടെ വരും.

അച്ഛന് കൃഷിയായിരുന്നു പ്രധാന ജോലി. കൃഷിയിടത്തിൽ സഹായിക്കാൻ കുറെ തൊഴിലാളികളും ഉണ്ടായിരുന്നു. കൃഷി ഓഫീസറുമായി അച്ഛന് നല്ല അടുപ്പം. പുതിയ വിത്തുകളോ തൈകളോ വന്നാൽ ഓഫീസർ തന്നെ വീട്ടിലെത്തിച്ചു തരാറുണ്ടായിരുന്നു. ആ ഓഫീസിലെ ഡ്രൈവറായിരുന്നു രമേഷ്.

ആഴ്ചയിൽ ഒരിക്കൽ എങ്കിലും അവർ വീട്ടിൽ വരും. ഓഫീസർ അച്ഛനോടൊപ്പം പറമ്പിൽ പോകും; പുതിയ കൃഷിരീതികൾ പറഞ്ഞുതരും. രമേഷ് പലപ്പോഴും പുറത്തു തന്നെ നിൽക്കും.

ഒരു ദിവസം അച്ഛനും ഓഫീസറും പറമ്പിലേക്ക് പോയപ്പോൾ രമേഷ് വീട്ടുമുറ്റത്ത് നിന്നു. ഞാൻ ചോദിച്ചു:

“എന്താ പോകാത്തത്?”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

“കൃഷിയെക്കുറിച്ച് പറഞ്ഞു കൊടുക്കാൻ ഒരാളുണ്ട്… അത് കേട്ട് മനസ്സിലാക്കാൻ മറ്റൊരാളുമുണ്ട്. ഞാൻ പോയിട്ട് എന്ത് ചെയ്യാനാണ്?”

അവന്റെ സംസാരത്തിൽ ഒരു തമാശയുണ്ടായിരുന്നു. ഞാൻ ചിരിച്ചു.

“അങ്ങോട്ട് സിറ്റൗട്ടിൽ ഇരിക്കൂ,” ഞാൻ പറഞ്ഞു.

“വേണ്ട… ഇവിടെ നിന്നാൽ ഈ പൂക്കൾ കണ്ടു നിൽക്കാമല്ലോ.”

“പൂക്കൾ ഇഷ്ടമാണോ?”

“അതെ. വീട്ടിലും അമ്മ നിറയെ പൂച്ചെടികൾ നട്ടിട്ടുണ്ട്.”

ആ ദിവസത്തോടെയാണ് ഞങ്ങൾക്കിടയിൽ സൗഹൃദം തുടങ്ങിയത്.

അവൻ എവിടെയെങ്കിലും നിന്ന് അപൂർവ വിത്തുകളും പൂച്ചെടികളുടെ തൈകളും കണ്ടെത്തി കൊണ്ടുവന്നു തരും. ഞാൻ അതെല്ലാം നട്ടു വളർത്തും. വീട്ടുമുറ്റം നിറയെ പൂക്കളായി.

കാലം കടന്നപ്പോൾ, സൗഹൃദം പ്രണയമായി മാറി.

അന്ന് ഞാൻ ഡിഗ്രി മൂന്നാം വർഷത്തിലായിരുന്നു. ഒരു ദിവസം രമേഷ് പറഞ്ഞു:

“സേതു, നിന്റെ അച്ഛൻ നിന്നെ പഠനം കഴിഞ്ഞാൽ ഉടനെ വിവാഹം കഴിപ്പിക്കുമെന്നു കേട്ടു.”

ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഭയന്നു. അമ്മയോട് ചോദിച്ചപ്പോൾ അതു സത്യമാണെന്ന് മനസ്സിലായി.

ആ രാത്രി തന്നെ ഞാൻ രമേഷിനെ വിളിച്ചു.

“എനിക്ക് ഇപ്പോൾ വിവാഹം വേണ്ട,” ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു.

കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം അവൻ പറഞ്ഞു:

“നമുക്ക് രജിസ്റ്റർ വിവാഹം കഴിക്കാം.”

ആ വാക്ക് കേട്ടപ്പോൾ പേടിയും സന്തോഷവും ഒരുമിച്ച് മനസ്സിലുണ്ടായി.

അടുത്ത ദിവസം പുലർച്ചെ അഞ്ചുമണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി വരാൻ തീരുമാനമായി.

അന്ന് രാത്രി ഉറക്കം പോലും ശരിയായി വന്നില്ല. അമ്മ മരുന്ന് കഴിച്ച് ഉറങ്ങിയിരുന്നു. നാലുമണിക്ക് അലാറം വെച്ച് എഴുന്നേറ്റു. കുറച്ചു വസ്ത്രങ്ങളും പണവും ബാഗിൽ വെച്ചു.

വീട്ടിൽ നിന്ന് ഇറങ്ങാൻ പോകുമ്പോൾ അമ്മയെ നോക്കി. അവളുടെ കാലിൽ തലതൊട്ടു. കണ്ണ് നിറഞ്ഞു.

അടുക്കളവാതിൽ വഴി പുറത്തേക്ക് ഇറങ്ങിയപ്പോൾ അടുത്ത വീട്ടിലെ സിന്ധു ചേച്ചി എന്നെ കണ്ടു.

“സേതു, എവിടേക്കാ പോകുന്നത്?”

ഞാൻ മടിച്ചെങ്കിലും ഒടുവിൽ സത്യം പറഞ്ഞു.

“ചേച്ചി… ഞാൻ രമേഷിന്റെ കൂടെ പോകുകയാണ്. ഇന്ന് ഞങ്ങളുടെ രജിസ്റ്റർ വിവാഹമാണ്.”

“മോളേ, നിന്റെ അമ്മ ചോദിച്ചാൽ ഞാൻ എന്ത് പറയും?”

“ചേച്ചി… ആരോടും പറയരുത്.”

അത് പറഞ്ഞ് ഞാൻ വേഗം നടന്നു.

രമേഷും കൂട്ടുകാരും കാറുമായി കാത്തുനിന്നു. ഞങ്ങൾ രജിസ്റ്റർ ഓഫീസിലെത്തി. പക്ഷേ, അവിടെ കാത്തിരുന്നത് മറ്റൊരു ജീവിതമായിരുന്നു.

ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങും മുൻപ് ഒരു വാഹനം വന്ന് നിർത്തി. അതിൽ നിന്ന് അച്ഛനും ചേട്ടന്മാരും ഇറങ്ങി.

“ഞങ്ങളോട് പറയാൻ ആളില്ലെന്നാണോ നീ കരുതിയത്?” അച്ഛൻ ദേഷ്യത്തോടെ ചോദിച്ചു.

അച്ഛൻ എന്നെ പിടിച്ചു വണ്ടിയിലേക്ക് വലിച്ചുകയറ്റി. രമേഷ് തടയാൻ ശ്രമിച്ചെങ്കിലും ചേട്ടന്മാർ അവനെ മാറ്റി.

എല്ലാം നിമിഷങ്ങൾക്കകം തീർന്നു.

വീട്ടിലെത്തിയ ശേഷം എന്നെ മുറിയിൽ പൂട്ടി. ഞാൻ കരഞ്ഞുകൊണ്ടിരുന്നു.

അന്ന് രാത്രി രമേഷ് വിളിച്ചു.

“സേതു… നിന്നെ അടിച്ചോ?”

“ഇല്ല… പക്ഷേ അച്ഛൻ എന്റെ ജീവിതം തകർത്തു.”

അവൻ മിണ്ടാതെ നിന്നു.

കുറച്ചു കഴിഞ്ഞ് മറ്റൊരു ഫോൺ വന്നു. രമേഷിന്റെ അമ്മയായിരുന്നു.

“മോളേ, ഇനി രമേഷിനെ വിളിക്കരുത്. നിന്റെ അച്ഛനും ചേട്ടന്മാരും ഇവിടെ വന്ന് ഭീഷണിപ്പെടുത്തി.”

അതിന് ശേഷം രമേഷിന്റെ ഫോൺ ഓഫ് ആയി. പിന്നെ ആ നമ്പർ നിലവിലില്ലെന്ന മറുപടിയാണ് കേട്ടത്.

ആ രാത്രിയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു.

ഒരു ആഴ്ച മുറിയിൽ പൂട്ടിയിട്ടു. പിന്നെ ജീവിതം മന്ദഗതിയിൽ മുന്നോട്ട് പോയി. എന്നാൽ എന്റെ ഉള്ളിൽ സമയം നിശ്ചലമായി.

വർഷങ്ങൾ കഴിഞ്ഞു. അച്ഛനും അമ്മയും മരിച്ചു. ചേട്ടന്മാർ എനിക്ക് ഒപ്പമിരിക്കാനായി പലതവണ വിളിച്ചു. പക്ഷേ ഞാൻ പോയില്ല.

രമേഷിന്റെ ഓർമ്മകളായിരുന്നു എന്റെ കൂട്ടുകാർ.

ഒരു ദിവസം സിന്ധു ചേച്ചിയുടെ മകൾ നിമ്മി വീട്ടിലെത്തി.

“ചേച്ചി, എനിക്ക് ഒരു കാര്യം പറയാനുണ്ട്…”

അവൾ ഒരു ചെറുപ്പക്കാരനെ സ്നേഹിക്കുന്നതും അടുത്ത ദിവസം രജിസ്റ്റർ വിവാഹം കഴിക്കാൻ പോകുന്നതുമെല്ലാം പറഞ്ഞു.

“ചേച്ചി, അമ്മയോടും അച്ഛനോടും പറയരുതേ.”

അവൾ പോയതിന് ശേഷം എന്റെ മനസ്സിൽ പഴയ മുറിവുകൾ തുറന്നു.

“സിന്ധു ചേച്ചി എന്നെ ചതിച്ചതുകൊണ്ടല്ലേ എന്റെ ജീവിതം നശിച്ചത്…”

ഒരു നിമിഷം, നിമ്മിയുടെയും വിവാഹം തടയണമെന്ന് തോന്നി.

പുലർച്ചെ സിന്ധു ചേച്ചിയോട് എല്ലാം പറഞ്ഞു.

അവരും ഭർത്താവും വേഗം പുറപ്പെട്ടു.

അപ്പോഴാണ് എനിക്ക് പെട്ടെന്ന് ഒരു സംശയം തോന്നിയത്.

ഞാൻ ചെറിയേട്ടനെ വിളിച്ചു.

“അന്ന് ഞാൻ ഒളിച്ചോടിയ കാര്യം അച്ഛനോട് പറഞ്ഞത് ആരാ?”

ചെറിയേട്ടൻ പറഞ്ഞു:

“നമ്മുടെ വീട്ടിൽ പത്രം ഇടുന്ന പരമു ചേട്ടൻ. നീ ബാഗുമായി കാറിൽ കയറുന്നത് അയാൾ കണ്ടു.”

ആ നിമിഷം എന്റെ ശരീരം വിറച്ചു.

ഇത്രയും വർഷം ഞാൻ വെറുത്തത് തെറ്റായ ആളെയാണോ?

ഒരു നിമിഷം പോലും വൈകിക്കാതെ ഞാൻ രജിസ്റ്റർ ഓഫീസിലേക്ക് ഓടി.

അവിടെ നിമ്മി സുന്ദരിയായി ഒരുക്കിയിട്ട് നിന്നു. ചടങ്ങുകൾ തുടങ്ങാനിരിക്കുകയായിരുന്നു.

“ചേച്ചി, എന്താ ഇവിടെ?” അവൾ അത്ഭുതത്തോടെ ചോദിച്ചു.

“അതൊക്കെ പിന്നെ പറയാം. പെട്ടെന്ന് രജിസ്റ്റർ നടത്തൂ. നിന്റെ അച്ഛനും അമ്മയും വരും.”

ഒരു സാക്ഷി എത്തിയില്ല. ഞാൻ മുന്നോട്ട് ചെന്നു.

“നിമ്മിക്കുവേണ്ടി ഞാൻ ഒപ്പിടാം.”

രജിസ്റ്റർ വിവാഹം കഴിഞ്ഞു.

അപ്പോഴേക്കും നിമ്മിയുടെ അച്ഛനും അമ്മയും എത്തി.

“ഇനി ഞങ്ങൾക്ക് ഇങ്ങനെയൊരു മകളില്ല,” അവളുടെ അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു.

അവർ പോയ ശേഷം ഞാൻ സിന്ധു ചേച്ചിയോട് പറഞ്ഞു:

“നിമ്മി സന്തോഷത്തോടെ ജീവിക്കട്ടെ, ചേച്ചി.”

വീട്ടിലേക്ക് മടങ്ങുമ്പോൾ എന്റെ മനസ്സ് ഭാരമില്ലാതെ തോന്നി.

ഇത്രയും വർഷം ഞാൻ ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഒരു സ്ത്രീയെ വെറുത്തു ജീവിച്ചു.

സത്യത്തിൽ…
ചേച്ചി എന്നെ ഒരിക്കലും ചതിച്ചിരുന്നില്ല.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക