Image

നിന്നു കത്തുന്ന കടലുകള്‍, പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വ്വതം (പുസ്തകലോകം: പി എസ് ജോസഫ്‌)

Published on 18 May, 2026
നിന്നു കത്തുന്ന കടലുകള്‍, പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വ്വതം (പുസ്തകലോകം: പി എസ് ജോസഫ്‌)

ഒരു പെണ്‍കുട്ടിയുടെ ,ഒരു സ്ത്രീയുടെ ,ഭാര്യയുടെ ജീവിതം എത്ര ദുസ്സഹമാണ് ഈ വികസിത കേരളത്തില്‍ എന്നതിന്റെ നേര്‍സാക്ഷ്യമാണ്  ജോളി ചിറയത്തിന്റെ  ജീവിത കഥ.


മലയാളത്തില്‍ അടുത്തയിടെ ഏറ്റവും സജീവമായ സാഹിത്യ ശാഖ ആല്‍മകഥകളാണ് .ഹൃദയം ദ്രവിപ്പിക്കുന്ന ,പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ കഥകള്‍ എഴുതുന്നവര്‍ ഏറെയും അവഗണിക്കപ്പെട്ട ,ചരിത്രത്തിലും ജീവിതത്തിലും തമസ്ക്കരിക്കപ്പെട്ട സ്ത്രീകള്‍ ആണെന്നത് മറ്റൊരു വസ്തുത .നിന്നു  കത്തുന്ന കടലുകള്‍ എന്ന്  തന്‍റെ അല്മകഥയ്ക്ക് ജോളി ചിറയത്ത് പേരിടുമ്പോള്‍ അതൊരു അതിശയോക്തി അല്ലേ എന്ന് തോന്നാം .പക്ഷെ എഴുപതുകളില്‍ ബാല്യം പിന്നിട്ട ഒരു തൃശൂര്‍ക്കാരി പെണ്‍കുട്ടിയുടെ സാധാരണമായ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ നിങ്ങളുടെ മനസ്സും  അറിയാതെ പൊള്ളും . പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വത സമാനമായ അനുഭവങ്ങളുടെ നിരന്തരമായ പൊട്ടിത്തെറിയാണ് ഈ ആല്‍മകഥ .ജോളി ചിറയത്ത് അടുത്ത കാലത്ത് മാത്രമാണ് ഒരു നടി എന്ന നിലയില്‍ ശ്രദ്ധ നേടിയത് .നാടകങ്ങളുമായി അവര്‍ക്ക് അടുത്ത ബന്ധം ഉണ്ടെങ്കിലും ജീവിത സമരങ്ങളാണ് അവരെ പൊതു ധാരയില്‍ കൊണ്ടു വന്നു നിര്‍ത്തുന്നത് .ഒരു കുട്ടിയുടെ ,ഒരു സ്ത്രീയുടെ ,ഭാര്യയുടെ ജീവിതം എത്ര ദുസ്സഹമാണ് ഈ വികസിത കേരളത്തില്‍ എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണ് ഈ ജീവിത കഥ.ആകര്‍ഷകമായ ഭാഷയില്‍ ആല്മാര്‍ഥമായി   ഒരു തുറന്നു പറച്ചില്‍ നടത്തുകയാണ് അവര്‍ ഈ കൃതിയില്‍.

“ആരുടെയെങ്കിലും തോന്നലല്ല ഞാനെന്നും ശരിക്കും ഞാനുണ്ടെന്നും  മറ്റുള്ളവരുടെ ജീവിതകഥയിലെ അടിക്കുറിപ്പായി മാത്രം ഒതുങ്ങേണ്ടതല്ലെന്നുമുള്ള അവബോധത്തിലെക്കെത്താന്‍ സമയമെടുത്തു . അനാവശ്യവും അപ്രസക്തവുമെന്ന തോന്നലില്‍ ആല്മഹത്യ മുനമ്പിലെത്തി . അതില്‍ നിന്നുള്ള തിരിഞ്ഞു നടത്തമാണ് ഇപ്പോഴത്തെ ജീവിതം. ജീവിതം കൊണ്ടു എന്ത് നേടിയെന്ന വലിയ ചോദ്യങ്ങളൊന്നും ഞാന്‍ ചോദിക്കാറില്ല . നിന്നു കത്തുന്ന കടല്‍ പോലെ ഞാനുണ്ട് .അതിന്റെ ചൂടും വേവുമുണ്ട്  ,ആളലുണ്ട് .അത് മാത്രമറിയാം “,ജോളി ചിറയത്ത് തന്‍റെ പുസ്തകത്തെ പറ്റി പറയുന്നു .

ഭൂമി ഉണ്ടായിരുന്നെങ്കിലും  നിരക്ഷരതയും പട്ടിണിയും രോഗങ്ങളും വലച്ച ,ഇരുപതാം നൂറ്റാണ്ടിലെ അവസാന പാദങ്ങളിലെ ഒരു ക്രിസ്തീയ കുടുംബത്തിന്‍റെയും ഒരു രാഷ്ട്രീയ കുടുംബത്തിന്റെയും  കഥ യാതൊരു ഒളിമറവും ഇല്ലാതെ ജോളി ചിറയത്ത് അവതരിപ്പിക്കുമ്പോള്‍ അത് സമീപകാല കേരള സമൂഹത്തിനു നേരെ പിടിച്ച കണ്ണാടി കൂടിയാകുന്നു .വരുമാനമോ തൊഴിലോ വേണ്ട സുരക്ഷിതത്വമോ ഇല്ലാതെ വളര്‍ന്നു വരുന്ന ഒരു തലമുറയുടെ ബാക്കിപത്രം .നിരക്ഷരനായ, ജോലി തേടി മഹാരാഷ്ട്രയിലെ സട്ടാനയില്‍ പോയ പിതാവ് .സുന്ദരിയായ  യുവതിയെ വിവാഹം കഴിച്ചതിന്റെ അപകര്‍ഷതാബോധം തലയിലേറ്റിയ അപ്പന്‍ ,വരുമാനമില്ലാതെ ജീവിതം തള്ളി നീക്കാന്‍ ശ്രമിക്കുന്നതിനിടെ  മദ്യത്തില്‍ അകപ്പെട്ടു ഭാര്യയെ  ക്രൂരമായി മര്‍ദ്ദിക്കുന്ന ഭര്‍ത്താവ് ,ഹൃദ്രോഗം മൂലം നാലാം വയസ്സ് വരെ മകളെ നോക്കാന്‍ കഴിയാതെ പോയ അമ്മ ,വടക്ക് പഠനം തുടങ്ങി കേരളത്തിലെത്തുമ്പോള്‍ ഇവിടത്തെ ആല്‍മവഞ്ചനയും  ഇരട്ട സ്വഭാവരീതികളും  കാണുന്ന വിദ്യാര്‍ഥിനി.ജോളിയുടെ ജീവിത കഥയുടെ തുടക്കം ആരെയും വല്ലാതെ മഥിക്കും .പണക്കാരെയും ആല്ലാത്തവരെയും രണ്ടായി  കാണുന്ന പള്ളി സ്കൂള്‍ ഇതിലെ ഒരു പതിവ് യാഥാര്‍ത്ഥ്യമാണ് .ജോളിയുടെ ചോദ്യം ചെയ്യല്‍ വാസന അവിടെ തുടങ്ങുന്നു .

ജോളിയുടെ ഓര്‍മ്മകളില്‍ നാലാം വയസ്സുകാരി രോഗിയായി കിടക്കുന്ന  അമ്മയെ ആദ്യം കാണുന്ന മുഹൂര്‍ത്തം അതിമനോഹരമായി രേഖപ്പെടുത്തിയിരിക്കുന്നു .എടുത്തു പുണര്‍ന്നില്ലെങ്കിലും അമ്മയുടെ വാല്‍സല്യമാര്‍ന്ന ഒരു നോട്ടം ആ മധുരമായ കൂടിക്കാഴ്ചയുടെ ഓര്‍മ്മയായി അവര്‍ കുറിച്ചു വെയ്ക്കുന്നു .സട്ടാനയില്‍ നിന്ന് അച്ഛന്‍റെ മര്‍ദ്ദനം സഹിക്കവയ്യാതെ വീട് വിട്ടോടുന്ന അമ്മയെ പറ്റി അവര്‍ എഴുതുന്നുണ്ട് .കാപ്പി നിറത്തില്‍ മഞ്ഞപൂക്കള്‍ വിതറിയ ഒരു സാരി ഉടുത്തു വീട് വിട്ടു എങ്ങോ പോയ അമ്മയെ കുട്ടികള്‍ പിന്തുടരുന്നു .നിന്നു  കത്തുന്ന ഒരു മരം എന്നാണു അവരെ ജോളി വിശേഷിപ്പിക്കുന്നത് .വൈകാരികമായി ഒരു ദൗര്‍ബല്യം പോലെ അമ്മ എപ്പോഴും ജോളിയുടെ ചിന്തകളില്‍ ഉണ്ട് .അവരുടെ ആല്മകഥ അവസാനിക്കുന്നത് തന്നെ അങ്ങനെയാണ്.“പതിനെട്ടു വയസ്സ് വരെ അമ്മയുടെയും ചേച്ചിയുടെയും കൂടെ ഒരു വീട്ടില്‍ ആയിരുന്നു എന്‍റെ ജിവിതം .ആ ഓര്‍മ്മകളിലാണ് ഞാനിപ്പോഴും ജീവിക്കുന്നതെന്ന് തോന്നും ചിലപ്പോള്‍ . “എല്ലാക്കാലത്തും സങ്കടം തൂങ്ങി ,അമ്മച്ചിക്ക് വേണ്ടി കാത്തിരിക്കുന്ന ,നിന്നുകത്തുന്ന കടല് പോലെയുള്ള ഒരു കുട്ടിയുടെ ജീവനാണ് ഞാന്‍ “ അമ്മയുടെ ആ മടക്കയാത്ര നാട്ടില്‍ അവര്‍ തിരികെ എത്തുന്നതില്‍ കലാശിച്ചു .എങ്കിലും അപ്പനെ കുറിച്ചു നിര്‍ദ്ദയമായി കുറ്റപ്പെടുത്തല്‍ നടത്തുന്ന മകളല്ല ജോളി എന്നത് ശ്രദ്ധേയം .

വലിയ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഒരു സ്കൂളില്‍ ആയിരുന്നു ജോളി സട്ടാനയില്‍ പഠിച്ചിരുന്നത് .കുട്ടികള്‍ നിലത്തിരിക്കും. ആണ്‍കുട്ടികള്‍ക്ക് ഇറാന്‍  ഷര്‍ട്ട് ഉണ്ടാവില്ല . . ക്ലാസ്സില്‍ പലരും ജനാലയില്‍ കൂടി വരികയും പോകുകയും ചെയ്യും .ആണ്‍ പെണ്‍  വ്യത്യാസം ഉണ്ടായിരുന്നില്ല അവിടെ. എന്നാല്‍ കേരളത്തില്‍തിരികെ വന്നപ്പോള്‍  നേരെ എതിരായിരുന്നു കാര്യങ്ങള്‍ . പ്രൈമറി തലത്തില്‍ തന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിക്കുന്നതില്‍ തന്നെ വലിയ എതിര്‍പ്പ് .ഒരേ ബെഞ്ച്‌ എന്നത് ചിന്തിക്കാനെ ആവില്ല .ഈ ജീവിതത്തില്‍ ലഭിച്ച ചില   സൌഹൃദങ്ങള്‍ ആണ് ജോളിയുടെ ജീവിതത്തിനു വലിയ അടിത്തറയാകുന്നത് . പ്രത്യേകിച്ചും സാഹിറ എന്ന ബാല്യകാലസഖി .ആ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നു .

കുടുംബസാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന പരിമിതികളില്‍ നിന്ന് രക്ഷപെടാന്‍ അവര്‍ നടത്തുന്ന ശ്രമമാണ് ആദ്യ പകുതിയിലെ  പ്രധാന ഘടകം .ട്യുഷന്‍ എടുത്തും പട്ടിണി കിടന്നും കോളേജില്‍ പോയ കാലങ്ങള്‍ .അത് മുന്നില്‍ തുറന്ന പുതിയ ലോകങ്ങള്‍ .അതില്‍ രസകരമായത് ഒരു ആര്‍ എസ് എസുകാരനുമായുള്ള അവരുടെ പ്രണയബന്ധമാണ്.മതപരമായ ,യാഥാസ്ഥിതികമായ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ആ പ്രണയബന്ധത്തെ തകര്‍ത്തു .വളരെ അടുപ്പം ഉണ്ടായിരുന്ന ഒരു യുവാവിന്‍റെ ആകസ്മികമായ അപകടമരണമാണ് ആ ജീവിതത്തിലെ മറ്റൊരു കറുത്ത നിമിഷം .ഇതിനിടെ  അവര്‍ മറ്റൊരു  ബന്ധത്തിലായി .ഒരു സി പി ഐ നേതാവിന്‍റെ മകന്‍ .

അന്നാണ് അവര്‍ അറിയുന്നത് .ആ വീട്ടില്‍ സിദ്ധാന്തവും പ്രായോഗിക രാഷ്ട്രീയവുമായി യാതൊരു ബന്ധവും ഇല്ല എന്ന് .

സൈദ്ധാന്തികമായ പ്രശ്നങ്ങള്‍ എക്കാലവും അവരെ അലട്ടിയിരുന്നു .സ്കൂള്‍ കാലത്ത് അവര്‍ കെ എസ് യു വിനോടാണ്  ആഭിമുഖ്യം പുലര്‍ത്തിയത്‌ .അന്ന് മറ്റു കുട്ടികള്‍ ഒരു അധ്യാപകനെതിരെ ലൈംഗീകാരോപണം ഉന്നയിച്ചപ്പോള്‍ എല്ലാം സഹിച്ചു അവര്‍  കുറ്റാരോപിതനൊപ്പം നിന്നതും ഒരു കഥ ..ഇതെപോലെയൊരു അന്തരീക്ഷം ആണ് കോളേജിലും അവര്‍ അഭിമുഖീകരിക്കുന്നത് .അങ്ങനെയാണ് അവര്‍ എസ് എഫ് ഐയുമായി തെറ്റിപ്പിരിയുന്നത്‌.പിന്നിട് കുറച്ചു കൂടി സ്വതന്ത്രമായ ഫെമിനിസ്റ്റ് ചിന്താധാരയില്‍ അവര്‍ എത്തിപ്പെടുന്നു .

എല്ലാക്കാലത്തും നാടകം ജോലി  ചിറയത്തിനു ഒരു അഭിനിവേശമായിരുന്നു .ആറാം ക്ലാസില്‍ ഒരു ഇംഗ്ലീഷ് നാടകം സംവിധാനം ചെയ്തു അഭിനയിച്ചത് മുതല്‍ അത് തുടങ്ങുന്നു .കോളേജ് കാലത്തു  അത് തീവ്രമായി . നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍  അഭിനയം കോഴ്സിന് അഭിമുഖത്തില്‍ പങ്കെടുത്തുവെങ്കിലും മറ്റൊരാള്‍ക്ക് വേണ്ടി താന്‍ തഴയപ്പെട്ടുവെന്നു അവര്‍ ഓര്‍ക്കുന്നു . കൂത്താട്ടുകുളത്തെ നാടക ക്യാമ്പാണ്  അവരുറെ ഓര്‍മ്മയില്‍  നിറം പിടിച്ചു നില്‍ക്കുന്ന ഒന്ന് .ആ ക്യാമ്പില്‍ പല അവതരണങ്ങളും നടന്നു .പില്‍ക്കാലത്തെ പല സൗഹൃദങ്ങളുടെ തുടക്കം കൂടിയായിരുന്നു ആ ക്യ്യംപ് .ഗള്‍ഫില്‍ ഇല്ലായ്മകളുടെയും  അവിടുത്തെ പലവിധ വിലക്കുകളുടെയും   നടുവില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു നാടക ക്യാമ്പ് നടത്താന്‍ അവര്‍ ചെയ്ത ശ്രമവും അതിന്റെ ഭാഗം  തന്നെ .നടന്‍ മുരളി അതുമായി സജീവമായി സഹകരിച്ചു .പക്ഷെ കുടുംബ ജീവിതത്തിന്‍റെ ഭാരിച്ച നുകത്തിനടിയില്‍  പെട്ട അവര്‍ക്ക് നാടകം സ്ഥിരമായ ഒരു മോഹമായി , അഭിനിവേശമായി കൊണ്ടു നടക്കാന്‍ കഴിഞ്ഞില്ല .

ജോളിയുടെ ജീവിതത്തിന്‍റെ ആദ്യഭാഗം കുടുബ ബന്ധങ്ങളിലെ ദുസഹമായ സംഭവങ്ങള്‍ ആയിരുന്നുവെങ്കില്‍ ദാമ്പത്യ  ജീവിതം സൃഷ്ടിച്ച കടുത്ത നിഴലുകള്‍ ആയിരുന്നു അവരുടെ ജീവിതത്തിന്‍റെ രണ്ടാം ഭാഗത്തെ വല്ലാതെ ബാധിച്ചത് .മതിയായ വിദ്യാഭ്യാസം ഉണ്ടെങ്കിലും സാമ്പത്തികമായി ഉയര്‍ന്ന ഒരു സി പി ഐ നേതാവിന്‍റെ  കുടുംബത്തിലാണ് പ്രണയ വിവാഹിതയായി ചെന്ന് കയറിയതെങ്കിലും അവിടത്തെ ആചാരങ്ങളിലും അരക്ഷിതാവസ്ഥയിലും നരകതുല്യമായ ജീവിതം നയിക്കാനായിരുന്നു അവരുടെ ദുര്യോഗം .സൈദ്ധാന്തികമായി കമ്മ്യുണിസ്റ്റ്  കുടുംബം ആണെങ്കിലും ഭ്രുത്യരെയും  മരുമക്കളെയും തൃണ സമാനരായി കാണുന്ന  ഒരു തറവാടിലായിരുന്നു അവരുടെ ദാമ്പത്യത്തിന്റെ തുടക്കം .ഭര്‍ത്താവ് ബാലു പുറമേ  അക്കാലത്തെ ആധുനിക, പുരോഗമന ചിന്തഗതിക്കാരനാണെങ്കില്‍ ,അതൊക്കെ വീട്ടില്‍ വരുമ്പോള്‍ പരണത്തു വെക്കുന്ന വ്യക്തിയാണ് . .സ്വന്തം വീട്ടില്‍ വിശപ്പ്‌ സഹിക്കാതെ ഭക്ഷണം മോഷ്ടിച്ചു കഴിക്കേണ്ട നില അവര്‍ക്കുണ്ടായി  .ഒരു മുപ്പതു കൊല്ലം മുന്‍പത്തെ  കാര്യമാണിതെന്നോര്‍ക്കണം .ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല എന്ന് ദിനപത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു .ഭര്‍ത്താവ് ആകട്ടെ ഉത്തരവാദിത്തമില്ലാതെ  ദിവസങ്ങള്‍ തള്ളി നീക്കുകയും ..ഒരു സ്ത്രീയുടെ  തിളയ്ക്കുന്ന പ്രായത്തിലെ ദുരവസ്ഥ .

മദ്രാസില്‍ സ്വതന്ത്രമായി ഒരു ചെറിയ കച്ചവടം ചെയ്തപ്പോഴാണ് മറ്റൊരു  ജീവിതം അവര്‍ കാണുന്നത് .അതും ഫലത്തില്‍ തകര്‍ന്നു വീണു .അവസാനം പോണ്ടിച്ചേരിയില്‍ ഒരു കമ്പ്യൂട്ടര്‍ കടയില്‍ ജോലി .കോളേജില്‍ .കമ്പ്യൂട്ടറിനെതിരെ  സമരം ചെയ്ത വിദ്യാര്‍ഥിനിയുടെ  പരിണാമം !.

അവസാനം ഗള്‍ഫില്‍ ഭര്‍ത്താവുമൊത്ത് ജീവിതം. ചെറിയ ശമ്പളം മാത്രമുള്ള ഭര്‍ത്താവിനു ഒപ്പമുള്ള ആദ്യകാലജീവിതം  ഏറെ ക്ലേശകരമായിരുന്നു  എന്നവര്‍ ഓര്‍ക്കുന്നു . മറ്റുള്ളവരുടെ ഔദാര്യത്തില്‍ ജീവിതം തള്ളി  നീക്കിയ കാലം .ആദ്യപ്രസവത്തിനു ചില്ലിക്കാശു പോലുമില്ലാതെ ആശുപത്രിയില്‍ വിശന്നു കഴിഞ്ഞ നിമിഷങ്ങള്‍ അവര്‍ ഓര്‍ക്കുന്നുണ്ട് . .ഭര്‍ത്താവ് അതറിഞ്ഞിട്ടു പോലുമില്ല ..ക്രമേണെ അവര്‍ ഫോട്ടോഗ്രഫി പഠിക്കുന്നു .അറബി കുടുംബങ്ങളില്‍ വിവാഹ ചിത്രങ്ങള്‍ എടുക്കുന്നു ..അപ്പോള്‍ നാട്ടില്‍ നിന്ന് മറ്റൊരു പെണ്കുട്ടി ആ ജിവിതത്തില്‍ എത്തുന്നു. .മര്‍ദ്ദനമോ ക്രൂര വാക്കുകളോ  ഇല്ലെങ്കിലും ആ  കുടുംബജീവിതത്തിന്‍റെ താളം  തെറ്റുന്നു .നാട്ടില്‍ എത്തിയപ്പോഴും ഭര്‍ത്താവിന്റെ ജീവിതത്തില്‍ മറ്റൊരു സ്ത്രീ . .ഭര്‍ത്താവ് മറ്റൊരാളുടെ  സ്വന്തമാകാന്‍  പോകുന്ന നിമിഷങ്ങളെ തരണം ചെയ്യുന്ന ജോളിയുടെ ഹൃദയസ്പ്രുക്കായ  നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഈ  കഥയില്‍ ഉണ്ട് .പല ആയുസ് ഈ ജീവിതത്തില്‍  ജീവിച്ചു കഴിഞ്ഞപോലെയുള്ള  ഒരു അനുഭവം .

അവസാനം, സിനിമയിലേക്ക് ആരും അവസരം കൊടുക്കാന്‍ ഇടയില്ലാത്ത ഒരു പ്രായത്തില്‍ അവര്‍ക്ക് അങ്കമാലി ഡയറിസില്‍ ഒരു  റോള്‍ ലഭിക്കുന്നു . നിരവധി റോളുകളുടെ തുടക്കം .ജോളി ചിറയത്ത്  എന്ന സ്ത്രീ നടിയായി അറിയപ്പെട്ടു തുടങ്ങുന്നു.

നടി ആക്രമിക്കപ്പെട്ട കാലത്ത് സിനിമയില്‍ പ്രവേശിച്ച  ജോളി ചിറയത്ത് ആ വ്യവസായത്തെ പറ്റി  വിമര്‍ശനാല്മ്കമായി ചിന്തിക്കുന്നതില്‍ അതിശയമില്ല .വേതനത്തില്‍ സ്ത്രീകളോടുള്ള നിലപാടാണു അവരുടെ വലിയ ആശങ്ക.ഒരു നിര്‍മാതാവ് തനിക്കു രണ്ടായിരം  രൂപ മാത്രമാണ് നല്‍കിയെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു .അതേപോലെ മതിയായ ടോയിലെറ്റ് ഉള്‍പടെയുള്ള സൌകര്യങ്ങള്‍ അവര്‍ക്കില്ല എന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു .മീ ടൂ കാലത്ത് രൂപപ്പെട്ട വിമന്‍ ഇന്‍ സിനിമ കളെക്ടീവും അവരടെ വിമര്‍ശനത്തില്‍ കടന്നു വരുന്നു .

അതെ പോലെ രാഷ്ട്രീയമായി ഉള്‍ക്കാഴ്ചയുള്ള ചില നിരീക്ഷണങ്ങളും ഈ പുസ്തകത്തില്‍ കാണാം. പ്രത്യേകിച്ചും ജാതീയതയെയും  വലതു പക്ഷ രാഷ്ട്രീയത്തെപ്പറ്റിയും പറയുന്ന ഭാഗങ്ങളില്‍.വലതു രാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള ഒരു തരം ഊര്‍ജ്ജമാണ് ഇവിടെ കാണുന്നതെന്ന്  അവര്‍ പറയുന്നു വംശീയതയും ജാതീയതയും പേറി നടക്കുന്ന ഇത്രയും ഹിപ്പോക്രാറ്റിക്ക് ആയ ഒരു സമൂഹത്തെ താന്‍ വേറെ എവിടെയും കണ്ടിട്ടില്ല .കേരളത്തില്‍ ജാതി എന്നത് പച്ചപ്പുല്ലിനടിയില്‍  ജീവിക്കുന്ന വിഷപ്പാമ്പുകള്‍ ആണ് .അത് ചൂണ്ടിക്കാണിച്ചാല്‍ സ്വത്വ വാദത്തിന്‍റെ കുശുമ്പായി മാത്രമേകാണൂ എന്നവര്‍ പറയുന്നു .

മത വിശ്വാസി അല്ലെങ്കിലും തന്റെയീ കഥയില്‍ വന്നു പോയ എല്ലാവരും ഒരു ഗ്രാന്‍ഡ്‌ നരേറ്റീവിന്റെ  ഭാഗമാണെന്നു പറഞ്ഞാണ് ജോളി ആല്മകഥ  അവസാനിപ്പിക്കുന്നത് നമ്മുടെ തന്നെ ജീവിതത്തിനു മേല്‍ വലിയ നിയന്ത്രണങ്ങള്‍ ഇല്ലാത്ത സ്വാഭാവികമായ ആ ഒഴുക്കിനെ കാലുഷ്യമില്ലാതെ തനിക്കു കാണാനാകുന്നു എന്നവര്‍ പറഞ്ഞു അവസാനിപ്പിക്കുന്നു .

ആറാമത്തെ പതിപ്പില്‍ എത്തി നില്‍ക്കുന്ന ഈ പുസ്തകം സത്യസന്ധത കൊണ്ടും അതുയര്‍ത്തുന്ന ചോദ്യങ്ങള്‍ കൊണ്ടും നമ്മുടെ കാലത്തെ ശ്രദ്ധേയ കൃതിയാണ് .ചായം തേക്കാത്ത അനുഭവങ്ങളുമായി  ഈ കൊച്ചു കേരളത്തിന്റെ യുവ മുഖം തന്‍റെ കഥ പറയുമ്പോള്‍ പൊള്ളുന്ന അനുഭവ സാക്ഷ്യമായി മാറുന്നു .നാം ഇനിയും എത്രയോ മാറാന്‍ ഉണ്ടെന്ന സൂചന തരുന്ന വെളിപ്പെടുത്തല്‍ .നമ്മുടെ സ്ത്രീകള്‍ എന്ത് കൊണ്ടു മുന്നോട്ടു വരാതെ, ദാമ്പത്യത്തിലും കുടുംബപ്രശ്നങ്ങളിലും തട്ടി വീണു  വഴിവക്കില്‍ തളര്‍ന്നു വീഴുന്നു എന്നതിന് വലിയ ഉദാഹരണം കൂടിയാണ് ജോളി ചിറയത്തിന്റെ ഈ പുസ്തകം .  


നിന്നു കത്തുന്ന കടലുകള്‍

ആത്മകഥ:

ജോളി ചിറയത്ത്

ഗൂസ്ബെറി പബ്ലിക്കേഷന്‍സ് ,തൃശൂര്‍

വില 299 രൂപ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക