
കവി കെ.ജി. ശങ്കരപ്പിള്ള ശിഷ്യന്റെ ഓര്‍മ്മകളില്‍ …
അരനൂറ്റാണ്ടിനപ്പുറമാണെങ്കിലും ഇപ്പോഴും നല്ല ഓർമയുണ്ട്, കെ ജി എസിന്റെ ആദ്യത്തെ ക്ലാസ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ തുടക്കം. ഞാൻ പട്ടാമ്പി ഗവണ്മെന്റ് കോളേജിൽ മലയാളം എം എക്ക് ചേർന്നതേയുള്ളു. ക്ളാസുകൾ തുടങ്ങി കുറച്ച് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു ദിവസം കറുത്ത് മെലിഞ്ഞ, തിളങ്ങുന്ന കണ്ണുകളുള്ള ഒരു ചെറുപ്പക്കാരൻ, പുതിയ അദ്ധ്യാപകൻ ക്ലാസ്സിലേക്ക് കയറിവരുന്നു. അദ്ദേഹം പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. അതിനിടയിൽത്തന്നെ അദ്ദേഹം പതിപ്പിക്കുന്ന വിഷയത്തിലേക്ക്, ഞങ്ങളറിയാതെത്തന്നെ കടന്നു. എന്താണ് പ്രതിഭ? പൗരസ്ത്യ സൗന്ദര്യശാസ്ത്രത്തിൽ പതഞ്ജലിയുടെ പ്രതിഭാനിർവചത്തെ മുൻനിർത്തി ആ ക്ലാസ് പുരോഗമിച്ചു. പതഞ്ജലിയുടെ ' പ്രതിഭാദ്‌വാ സർവം ' എന്ന സൂതത്തിന്റെ വിശദീകരണമായിരുന്നു അത്. 'ഇന്ദ്രിയാതീതമായി അറിവാർജിക്കാനുള്ള കഴിവിനെയാണ് പതഞ്ജലി പ്രതിഭയെന്ന വിളിക്കുന്നത്' എന്നതു അത് ചെന്നെത്തി. അതിനിടയിൽ സമകാലീന സാഹിത്യത്തിലേക്കും സിനിമയിലേക്കുമൊക്കെ അത് പടർന്നു. ഇതെന്ത് മാന്ത്രികത എന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. ആ പൈഡ് പൈപ്പറുടെ പിന്നാലെ ക്ലാസ് ഒന്നടങ്കം വിസ്മയത്തോടെ നീങ്ങി.
പിന്നീട് എത്രയോ അത്തരം ക്ളാസുകൾ. എന്നെ സംബന്ധിച്ചിടത്തോളം ജീവിതകാലം മുഴുവൻ തുടർന്ന് ഒരു ബന്ധത്തിന്റെ തുടക്കം. ക്ലാസ് മുറികളിൽ മാത്രമായിരുന്നില്ല ആ ബന്ധം. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജിൽ ഞാനും ചില സുഹൃത്തുക്കളും എത്തുമായിരുന്നു; ദീർഘ നേരം സംസാരിച്ചിരിക്കുമായിരുന്നു. നിലാവുള്ള തെളിഞ്ഞ രാത്രികളിൽ ഞങ്ങൾ ഭാരതപ്പുഴയുടെ മണൽ പരപ്പിൽ ചെന്നിരിക്കുമായിരുന്നു. രാഷ്ട്രീയം, സിനിമ, സാഹിത്യം തുടങ്ങി പല കാര്യങ്ങളും അവിടെ സംസാരവിഷയങ്ങളായി. പതിഞ്ഞ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചിരുന്നതെങ്കിലും ആ വിജനതയിൽ അദ്ദേഹത്തിന്റെ വാക്കുകൾ മുഴങ്ങി. "പൂങ്കോഴികൂകിയാലും തീരാത്ത സംവാദത്തിന്റെ തുറസ്സ് " ആയിരുന്നു ആ രാത്രികൾ. ഏതാനും നാളുകൾക്ക് മുമ്പ് അദ്ദേഹത്തെ വിളിച്ചപ്പോൾ സംസാരത്തിനിടയിൽ അദ്ദേഹം ചോദിച്ചു : നമ്മൾ രാത്രികളിൽ ഭാരതപ്പുഴയുടെ മണലിൽ പോയിരുന്ന് സംസാരിക്കുമായിരുന്നില്ലേ? അങ്ങനെയൊക്കെ ഇപ്പോൾ നടക്കുമോ?
ഞാൻ കെ ജി എസ്സിന്റെ കവിതയിലേക്ക് വഴുതി വീണുപോകുന്നത് 'ബംഗാളി ' ലൂടെയാണ്. എന്റെ കണ്ണുതുറപ്പിച്ച കവിത. ഒരു പക്ഷെ, ഭാരതപ്പുഴയുടെ മണൽ പരപ്പിൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്ന കാലത്ത് അദ്ദേഹം ബംഗാൾ എഴുതിത്തുടങ്ങിയിട്ടുണ്ടാകും. പട്ടാമ്പിയിൽ നിന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്ന, രണ്ട് ലക്കം കൊണ്ട് അവസാനിച്ച പ്രസക്തി മാസികയിലാണ് ബംഗാൾ അച്ചടിച്ചുവന്നത്. രണ്ട് ലക്കം കൊണ്ട് അവസാനിച്ച പ്രസക്തിയുടെ ചരിത്രപ്രസക്തിയും അതാണ്. അന്നത്തെ തീവ്ര ന്യൂനപക്ഷക്കാരായിരുന്നു പ്രസക്തിയുടെ പിന്നിൽ. കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്ന ദാസ് ശാന്താലയമായിരുന്നു പ്രസക്തിയുടെ സൂത്രധാരൻ. അക്കാലത്ത് ഒരു കെ എസ യു പ്രവർത്തകനായിരുന്ന ഞാൻ അവരുടെ കൂട്ടത്തിൽ എങ്ങനെ വന്നുപെട്ടു എന്നത് ഇന്നും എനിക്ക് പിടിയില്ല. പ്രസക്തിക്കുവേണ്ടി പണം പിരിക്കാനൊക്കെ ഞാനും ദാസിന്റെ കൂടെ ഓടി നടന്നിട്ടുണ്ട്.
ബംഗാൾ അക്കാലത്ത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കി. ആധുനിക കവിത എന്നത് നിഗൂഡമായ ഒരാഭിചാരക്രിയയല്ലാ എന്ന് ആ കവിതയിലെ പ്രത്യക്ഷരാഷ്ട്രീയം വിളിച്ചുപറഞ്ഞു. ജനവിരുദ്ധമായ രാഷ്ട്രീയത്തെ എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് തന്റെ രാഷ്ട്രീയമെന്ന് ബംഗാളിൽ കെ ജി എസ് വ്യക്തമാക്കി. ചക്രവർത്തിയുടെ തല മുക്കുവന്റെ വലയിൽ കുടുങ്ങിക്കിടക്കുന്ന കാലം വരുമെന്ന് ഭരണകൂടങ്ങളെ ഭീതിപ്പെടുത്തുന്ന പ്രവചനം ആണ് ആ കവിത. അത് കവിയുടെ പ്രകടനപത്രിക ആയിരുന്നു. "സർഗാത്മകമായ എന്തും ഒരു സംസ്കാരത്തിൽ അനീതിക്കെതിരായ പ്രതിരോധമാണ്, സ്നേഹം പോലും " എന്ന് കവിതന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. അന്നത്തെ ആധുനികരിൽ പലരും ഒളിഞ്ഞും തെളിഞ്ഞും ആ കവിതയെ എതിർത്തു. അതേസമയം, എം ലീലാവതിയെപ്പോലുള്ള ഒരാൾ ബംഗാളിന്റെ പ്രസക്തി കണ്ടറിയുകയും ഊന്നിപ്പറയുകയും ചെയ്തുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോഴും ബംഗാളിനെമാത്രമല്ല, കെ ജി എസിന്റെ കവിതയെ മൊത്തത്തിൽത്തന്നെ 'ഭയ'പ്പെടുന്നവരുണ്ട്. വര്ഷങ്ങള്ക്കുശേഷം ഞാൻ ഇന്ത്യാടുഡേയിൽ ജോലി ചെയ്യുമ്പോൾ സാഹിത്യപതിപ്പുകളിൽ കെജിഎസിന്റേയും ആറ്റൂരിന്റെയും കവിതകൾ പതിവായി വന്നുകൊണ്ടിരുന്നത് പലരെയും രോഷം കൊള്ളിച്ചിരുന്നു, പ്രത്യേകിച്ചും കവിതകൾ നിരസിക്കപ്പെട്ട പലരെയും. ഞാൻ ആറ്റൂരിന്റെയും കെജിഎസിന്റേയും ശിഷ്യനാണെന്ന വിവരം ചികഞ്ഞെടുത്ത ചിലർ എന്റെ ഈ 'പക്ഷപാതിത്വത്തെ' കത്തുകളിലൂടെയും നേരിട്ടും വിമര്ശിച്ചു. സർവകലാശാലകളിൽ ഉന്നതപദവിയിൽ ഒക്കെ ഇരുന്നിട്ടുള്ള ഒരാൾ ഒരിക്കൽ ഞാൻ ആവശ്യപ്പെട്ടിട്ട് അയച്ചുതന്ന ഒരു ലേഖനത്തോടൊപ്പം ഒരു കുറിപ്പുണ്ടായിരുന്നു. " ഇതിൽ കെ ജി ശങ്കരപ്പിള്ളയെ വിമർശിക്കുന്ന ഒരു ഭാഗമുണ്ട്.അത് നിങ്ങൾ വെട്ടിക്കളയുമെന്ന് .......... എന്നോട് പറഞ്ഞിട്ടുണ്ട്. അത് വെട്ടിമാറ്റി ലേഖനം പ്രസിദ്ധീകരിക്കാൻ എനിക്ക് താല്പര്യമില്ല." എന്നെ ഇങ്ങനെയാണല്ലോ ഈയാൾ മനസ്സിലാക്കിയിരിക്കുന്നത് എന്നതിൽ വല്ലാതെ വിഷമം തോന്നി. ആ ലേഖനം ഒട്ടും വെട്ടിമാറ്റാതെയാണ് പ്രസിദ്ധീകരിച്ചത്. കുറച്ചുകാലം കഴിഞ്ഞ് ആ ലേഖകൻ എന്നെക്കാണാൻ വന്നു. അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന ഒരാരോപണവാർത്ത പ്രസിദ്ധീകരിക്കരുതെന്ന് അഭ്യർത്ഥിക്കാനായിരുന്നു അദ്ദേഹം വന്നത്. ആരോപണത്തിൽ വ്യക്തതയില്ലാത്തതുകൊണ്ട് ആ വാർത്ത പ്രസിദ്ധീകരിച്ചില്ല. ഇപ്പോൾ അയാളെ ഓർക്കുമ്പോൾ ചിരിവരുന്നു.
പട്ടാമ്പിയിൽ പഠിക്കുന്ന കാലത്തുതന്നെ ആറ്റൂർ രവിവര്മയുടെയും കെ ജിഎസിന്റേയും കവിതകൾ പ്രസിദ്ധീകരിക്കാൻ എനിക്ക് അവസരമുണ്ടായി. എന്റെ അവിടത്തെ രണ്ടാമത്തെ വര്ഷം കോളേജ് മാഗസിൻ എഡിറ്റ് ചെയ്യാനുള്ള ചുമതല പ്രിൻസിപ്പൽ എന്നെ ഏൽപ്പിച്ചു. ' താൻ ആറ്റൂരും ശങ്കരപ്പിള്ളയുമായൊക്കെ ആലോചിച്ച് വേണ്ടപോലെ ചെയ്യ്. മാഗസിൻ കൃത്യസമയത്തുതന്നെ പുറത്തിറങ്ങണം," എന്നായിരുന്നു പ്രിൻസിപ്പൽ ഹരിഹരൻ സാറിന്റെ നിർദ്ദേശം. അവർ രണ്ടുപേരും കൂടിയാലോചനക്കൊന്നും നിന്നുതന്നില്ല. എന്നാൽ ആറ്റൂരിന്റെയും കെ ജി എസ്സിന്റെയും കവിതകൾ മാഗസിനിൽ വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നു, എന്റെ കൂട്ടുകാർക്കും. അങ്ങനെയാണ് കെ ജി എസിന്റെ അയോദ്ധ്യ, ആറ്റൂരിന്റെ എത്രയെളുപ്പം,എത്രഞെരുക്കം എന്നീ കവിതകൾ മാഗസിനിൽ പ്രസിദ്ധീകരിക്കുന്നത്. എന്റെ ആദ്യത്തെ എഡിറ്റർ ജോലിയിലെ അഭിമാനം അതായിരുന്നു.
അരനൂറ്റാണ്ടിലേറെ കാലമായി കെ ജി എസുമായുള്ള ബന്ധം തുടരുന്നു. അത് ആ കവിതയോടും കൂടിയുള്ള ബന്ധമാണ്. സ്വന്തം വീടുകഴിഞ്ഞാൽ ഞാൻ ഏറ്റവുമധികം കയറിച്ചെന്നിട്ടുള്ള വീടുകളിലൊന്ന് കെ ജി എസിന്റേതാണ്. തൃശൂർ വഴിയുള്ള യാത്രകളിലെല്ലാം അത് പതിവായിരുന്നു. പലപ്പോഴും തിരക്കുകളെല്ലാം മാറ്റിവെച്ച് മണിക്കൂറുകളോളം കവി പറയുന്നത് കേട്ടിരിക്കും. കവിതയിലെന്നപോലെ സംഭാഷണത്തിലും കൃത്യതയുള്ള വാക്കുകൾ. കവിയും കവിതയും രണ്ടല്ല എന്ന അദ്വൈതം.
എനിക്ക് എന്താണ് കെ ജി എസിന്റെ കവിത? നമ്മുടെ കാലത്തെക്കുറിച്ചുള്ള നിതാന്ത ജാഗ്രത. കഴിഞ്ഞുപോയവയുടെ ഓർമപ്പെടുത്തൽ. വരാനിരിക്കുന്നവയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ. “എണീക്കാൻ ധൃതിപ്പെടേണ്ട. സമയമുണ്ടല്ലോ വേണ്ടുവോളം" എന്ന പരിഹാസത്തോടെയുള്ള കുറ്റപ്പെടുത്തൽ. ഉത്തിഷ്ഠത ജാഗ്രത!