Image

ഏറെ വിസ്മയങ്ങളുമായി വി.ഡി സതീശന്റെ ടീം യു.ഡി.എഫ് പുതു കേരള യാത്ര ആരംഭിച്ചു

എ.എസ് ശ്രീകുമാര്‍ Published on 18 May, 2026
ഏറെ വിസ്മയങ്ങളുമായി വി.ഡി സതീശന്റെ ടീം യു.ഡി.എഫ് പുതു കേരള യാത്ര ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വി.ഡി സതീശന്‍ നയിച്ച 'പുതുയുഗ യാത്ര' എന്ന പേര് അന്വര്‍ത്ഥമായിരിക്കുന്നു. കേരളം കണ്ടതില്‍ അങ്ങേയറ്റം് പ്രൗഢോജ്വലമായ ചടങ്ങില്‍ വച്ച് സംസ്ഥാനത്തിന് ഏറ്റവും വലിയ പ്രതീക്ഷ നല്‍കുന്ന വി.ഡി സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു. നാല് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് യു.ഡി.എഫിന്റെ പൂര്‍ണ മന്ത്രിസഭ മന്ത്രിസഭ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. പത്ത് വര്‍ഷം തുടര്‍ച്ചയായി പ്രതീപക്ഷത്തിരുന്ന യു.ഡി.എഫിന് ലഭിച്ചത് 102 സീറ്റിന്റെ മിന്നുന്ന വിജയമായിരുന്നു. രണ്ട് വനിതാ മന്ത്രിമാര്‍, രണ്ട് പട്ടികജാതി-വര്‍ഗ മന്ത്രിമാര്‍, യുവനിരയുടെ സാന്നിധ്യം എന്നിങ്ങനെ സതീശന്‍ മന്ത്രിസഭയ്ക്ക് വിസ്മയങ്ങളേറെയുണ്ട്.

ബിന്ദു കൃഷ്ണ, കെ.എ തുളസി എന്നിവരാണ് വനിതകളുടെ കൊടി പാറിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷിന് മന്ത്രിക്കുപ്പായമണിയാനുള്ള അപ്രതീക്ഷിത ഭാഗ്യമാണ് കൈവന്നത്. സതീശനടക്കം 21 അംഗ മന്ത്രിസഭയില്‍ 16 പുതുമുഖങ്ങളുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവര്‍ മന്ത്രിസഭയിലെ കാരണവര്‍മാരുടെ റോളിലുമുണ്ട്. എ.പി അനില്‍കുമാര്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, കെ മുരളീധരന്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം വഹിച്ച പരിചയസമ്പത്തുണ്ട്. വനിതകള്‍ക്ക് പുറമെ സണ്ണി ജോസഫ്, പി.സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, പി.കെ ബഷീര്‍, എന്‍ ഷംസുദീന്‍, കെ.എം ഷാജി, അബ്ദുള്‍ ഗഫൂര്‍, സി.പി ജോണ്‍ എന്നിവരാണ് നവാഗതര്‍.

അതേസമയം, ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറായി യു.ഡി.എഫിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ചു. പല മാനദണ്ഡങ്ങള്‍ കാരണം പലരെയും ഒഴിവാക്കിയതില്‍ ദുഖമുണ്ടെന്ന് മന്ത്രിമാരെ നിശ്ചയിച്ച വേളയില്‍ വി.ഡി സതീശന്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായി മുസ്ലീം ലീഗ് മന്ത്രി സ്ഥാനത്തിന് ടേം വ്യവസ്ഥ ഏര്‍പ്പെടുത്തി. കോഴിക്കോട് ജില്ലയില്‍ നിന്ന് വിജയിച്ചവര്‍ക്ക് മന്ത്രിസ്ഥാനമില്ലാത്തതിനാല്‍ പാറയ്ക്കല്‍ അബ്ദുള്ളയെ രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിയാക്കും. എന്നാല്‍ ആര് ഒഴിയുമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. കേരലാ കോണ്‍ഗ്രസ് ജേക്കബിന്റെ അനൂപ് ജേക്കബ് രണ്ടര വര്‍ഷം കഴിഞ്ഞ് ഒഴിയുമ്പോള്‍ എല്‍.സി.കെയുടെ മാണി സി കാപ്പന്‍ മന്ത്രിയാകും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സ്പീക്കറാകാനാണ് അദ്ദേഹത്തിന്റെ നിയോഗം. പി.ജെ ജോസപിന്റെ മകന്‍ അപു ജോണിന് ചീഫ് വിപ്പ് പദവിയിലിരിക്കാം.

വ്യക്തമായ വികസന കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും കണക്കുകളിലെ കൃത്യതയും ആണ് ഹരിത എം.എല്‍.എ എന്ന കൂട്ടായ്മയിലൂടെ ശ്രദ്ധേയനായ വി.ഡി സതീശന്റെ സവിശേഷതകള്‍. എം.എല്‍.എ ആയി 25 വര്‍ഷം പ്രവര്‍ത്തിച്ച സാമാജിക പരിചയവും അദ്ദേഹത്തിന് കൈമുതലാണ്. പത്തു വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്ന് അനിവാര്യമായ മാറ്റം പ്രതീക്ഷിച്ച കേരള ജനതയെ അദ്ദേഹം നിരാശരാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിസഭയിലെ കാരണവരായ മുസ്ലീം ലീഗിന്റെ സമുന്നത നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം (85,327വോട്ട്)  നേടിയാണ് ആറാം തവണയും മന്ത്രിയായിരിക്കുന്നത്. ക്രൈസിസ് മാനേജ്‌മെന്റിലുള്ള മിടുക്കാണ് 74 വയസ്സുള്ള പി.കെ കുഞ്ഞാലിക്കുട്ടിയെ യു.ഡി.എഫിന്റെ നേതൃനിരയിലെത്തിച്ചത്.

മുഖ്യമന്ത്രിപ്പോരില്‍ വി.ഡി സതീശന്റെ എതിര്‍ ചേരിയിലായിരുന്ന 69-കാരന്‍ രമേശ് ചെന്നിത്തല സുപ്രധാന വകുപ്പായ ആഭ്യന്തരത്തിന്റെ അമരക്കാരനായിരിക്കുന്നു. 1982-ല്‍ 26-ാമത്തെ വയസ്സില്‍ ഹരിപ്പാട് നിന്നുള്ള എം.എല്‍.എയായി 29-ാം വയസ്സില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന ഖ്യാതി നേടി. മുമ്പ് ആഭ്യന്തര മന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള ഇദ്ദേഹം കേരള പോലീസില്‍ വരുത്തിയ പരിഷ്‌ക്കാരങ്ങള്‍ ശ്രദ്ധേയമായിരുന്നു.  നാലാം വട്ടവും പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാണ് കെ.പി.സി.സി പ്രസിഡന്റായ സണ്ണി ജോസഫ് മന്ത്രിസഭയിലേക്കെത്തുന്നത്. 73 വയസ്സുള്ള ഇദ്ദേഹം നിയസഭാ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  

പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തമായ നിലപാടു കൊണ്ടും വിവാദങ്ങളില്‍ കൃത്യമായ വാക്കുകള്‍ കൊണ്ടും നിലകൊള്ളുന്ന നേതാവാണ് കെ മുരളീധരന്‍. ഇദ്ദേഹം മന്ത്രിയാകുന്നത് രണ്ടാം തവണയാണ്. നിയമസഭാംഗമല്ലാതെ 2004-ല്‍ വൈദ്യുത മന്ത്രിയായെങ്കിലും വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നു. തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ തുടര്‍ക്കഥകളില്‍ നിന്ന് കായംകുളത്ത് ഉജ്ജ്വല വിജയം നേടിയാണ് എം ലിജു മന്ത്രിസ്ഥാനത്തേയ്‌ക്കെത്തിയത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമരപോരാട്ടങ്ങളില്‍ സജീവ സാന്നിദ്ധ്യമറിയിച്ച ഒ.ജെ ജനീഷിനെത്തേടി പദവികള്‍ അപ്രതീക്ഷിതമായി എത്തുകയായിരുന്നു. സ്ത്രീ പീഡന വിവാദത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി. ഇപ്പോഴിതാ മന്ത്രിയും. 37-കാരനായ ഒ.ജെ ജനീഷ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.

61-കാരനായ മോന്‍സ് ജോസഫിന് നിയമസഭയിലേക്ക് ആറാം വിജയമായിരുന്നെങ്കില്‍ രണ്ടാം വട്ടമാണ് മന്ത്രിപദവിയിലെത്തുന്നത്. അനാരോഗ്യം മൂലം പി.ജെ ജോസഫ് വിട്ടുനിന്ന ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച എട്ട് സീറ്റില്‍ ഏഴിലും  സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതില്‍ മോന്‍സ് നിര്‍ണ്ണായക പങ്ക് വഹിച്ചു. മുസ്ലീം ലീഗിന്റെ തീപ്പൊരി നേതാവായ കെ.എം. ഷാജി (55) മന്ത്രിയാകുന്നത് ആദ്യം. കണ്ണൂരില്‍ നിന്നും മലപ്പുറത്ത് നിന്നും മൂന്ന് വട്ടം എം.എല്‍.എ ആയിട്ടുണ്ട്. അഞ്ച് കൊല്ലം മുമ്പ് വയനാട് ചുരം കയറിപ്പോയ ടി. സിദ്ദിഖ് എന്ന് കോണ്‍ഗ്രസ് കരുത്തനും മന്ത്രിയായിരിക്കുന്നു. വിവാദങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ മുഖം രക്ഷിക്കാറുള്ള സിദ്ദിഖിന്റെ കഴിവ് അപാരമാണ്.

കേരളത്തിലെ ആദ്യത്തെ വനിതാ ഡി.സി.സി പ്രസിഡന്റായ ബിന്ദു കൃഷ്ണ കൊല്ലത്തിലെ കന്നി വിജയത്തിലൂടെ തന്നെ മന്ത്രിസഭയിലേക്കും എത്തുകയായിരുന്നു. മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സൗമ്യമായ പെരുമാറ്റത്തിലൂടെയാണ് 53 ഈ അഭിഭാഷക മണ്ഡലം കീഴടക്കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി.ഇ അബ്ദുള്‍ ഗഫൂര്‍ (50) മന്ത്രിക്കസേരയില്‍ എത്തുമ്പോള്‍ അതൊരു മുസ്ലീം ലീഗ് പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. സാമ്പത്തിക വിദഗ്ധനായ സി.എം.പിയുടെ ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ (69) വിപ്ലവ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനാകും. ധീക്ഷണശാലിയായ ഇദ്ദേഹം യു.ഡി.എഫിന്റെ ബൗദ്ധിക മുഖമാണ്. പാര്‍ലമെന്ററി രംഗത്ത് ഇതുവരെ അവസരം ലഭിക്കാതെയിരുന്ന സി.പി ജോണിന് മന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ മികവിനുള്ള അംഗീകാരം കൂടിയാണ്.

ചലച്ചിത്ര നിര്‍മ്മാതാവും ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമാണ് 62- കാരനായ ഷിബു ബേബി ജോണ്‍. സീ ഫുഡ് കയറ്റുമതി മേഖലയില്‍ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കെയാണ് മുന്‍ മന്ത്രി ബേബി ജോണിന്റെ മകനായ ഷിബുവിന്റെ രാഷ്ട്രീയ പ്രവേശനം. പിറവത്ത് റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് മുന്‍ മന്ത്രി ടി.എം ജേക്കബിന്റെ പുത്രന്‍ അനു ജേക്കബ് (49) ഇക്കുറി വിജയിച്ച് മന്ത്രിസഭയിലേക്കെത്തിയത്. ടി.എം ജേക്കബ്ബ് അന്തരിച്ചതിനെ തുടര്‍ന്ന് 2012-ല്‍ പിറവം ഉപതിരഞ്ഞെടുപ്പിലൂടെയാണ് അനുവിന്റെ നിയമസഭാ പ്രവേശം. ഇടതുകോട്ടയായ കോങ്ങാട്ടു നിന്ന് അട്ടിമറി വിജയം നേടിയ കെ.എ തുളസി (53) പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ ഭാര്യയാണ്. ഇത്തവണ മൂന്ന് മുന്നണികള്‍ക്കായും സ്ത്രീകള്‍ മത്സരിച്ച ഏക മണ്ഡലമാണ് കോങ്ങാട്.

ഏറനാടിന്റെ പകരക്കാരനില്ലാത്ത നേതാവായ പി.കെ ബഷീര്‍ (62) ആദ്യമാണ് മന്ത്രിയാകുന്നത്. മുസ്ലീം ലീഗ് മുന്‍ എം.എല്‍.എയും ചീഫ് വിപ്പുമായിരുന്ന പി സീതി ഹാജിയുടെ മകനാണ്. മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം നല്‍കിയ വിശ്വാസ്യത നാലാം തവണയും കാത്തുസൂക്ഷിച്ച എന്‍. ഷംസുദ്ദീന്‍ (56) ആദ്യമായി മന്ത്രിപദവിയില്‍ എത്തുന്നത് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ചരിത്രഭൂരിപക്ഷത്തിലൂടെയാണ്. കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റായ പി.സി വിഷ്ണുനാഥ് (47) മൂന്നാം തവണ എം.എല്‍.എ ആയപ്പോള്‍ ആ വിജയം മന്ത്രിസഭയിലേക്കും വഴി തുറന്നു. വണ്ടൂര്‍ മണ്ഡലത്തില്‍ നിന്ന് 2001 മുതല്‍ ആറു തവണ നിയമസഭാംഗമായ എ. പി അനില്‍കുമാര്‍ (61) മൂന്നാം വട്ടമാണ് മന്ത്രിയാകുന്നത്.

മൂന്നാം തവണ അങ്കമാലിയില്‍ നിന്ന് നിയമസഭയിലേക്ക് എത്തിയ റോജി എം ജോണ്‍ മന്ത്രിയാകുമോ എന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയവും രാഹുല്‍ ഉള്‍പ്പെടെയുള്ളവരുമായി നേരിട്ടുള്ള അടുപ്പവും അനുകൂലമായി. കര്‍ണ്ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാണ് 43 കാരനായ റോജി. 
 

Join WhatsApp News
ജെ. മാത്യു 2026-05-18 13:01:56
വി. കെ ശ്രീകണ്ഠൻ എന്നാണ് കോഴിക്കോട് എംപി ആയത്. ഇന്നലെ വരെ രാഘവൻ ആയിരുന്നു അവിടെ എംപി. എന്നാണ് അവിടെ മാറ്റം സംഭവിച്ചത്.
Josecheripuram 2026-05-18 14:06:24
Stop giving promises, run the departments in the way it should operate, do not compromise for party influence and money.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക