
പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം 'കറുപ്പ്' ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നു. റിലീസ് ചെയ്ത് ആദ്യ വാരാന്ത്യത്തില്‍ തന്നെ ചിത്രം ആഗോളതലത്തില്‍ 100 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി.
ഇന്ത്യയിലും വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്ത വെള്ളിയാഴ്ച 15.50 കോടി രൂപ നേടിയ ചിത്രം, ശനിയാഴ്ച 56% വളര്‍ച്ചയോടെ 24.15 കോടി രൂപയും ഞായറാഴ്ച 28 കോടിയിലധികം രൂപയും സ്വന്തമാക്കി. ഇതോടെ ഇന്ത്യയില്‍നിന്ന് മാത്രം ആദ്യ വാരാന്ത്യത്തില്‍ 68 കോടി രൂപയുടെ (78.75 കോടി
ഗ്രോസ്) കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്നുമികച്ച തുടക്കം ലഭിച്ച ചിത്രം അവിടെനിന്ന് 4.5 മില്യണ്‍ ഡോളറിലധികം കളക്ട് ചെയ്തു. ഇതോടെ ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ ആഗോള കളക്ഷന്‍ 120 കോടി രൂപയിലെത്തി.
ഈ വര്‍ഷത്തെ ഏറ്റവും പണംവാരിയ തമിഴ് ചിത്രമായി 'കറുപ്പ്' ഇതിനകം മാറിക്കഴിഞ്ഞു. ശിവകാര്‍ത്തികേയന്റെ 'പരാശക്തി' (100 കോടി), ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട സൂര്യയുടെ തന്നെ മുന്‍ ചിത്രം 'കങ്കുവ' (105 കോടി) എന്നിവയുടെ ലൈഫ് ടൈം കളക്ഷന്‍ വെറും മൂന്ന് ദിവസം കൊണ്ടാണ് കറുപ്പ് മറികടന്നത്.
മേയ് 14-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്നിരുന്നു.