Image

റവ. ഇ.ജെ. ജോസഫ്: അജപാലന ശുശ്രൂഷയിലെ ധന്യമായ 44 വർഷങ്ങൾ

ബാബു പി. സൈമൺ, ഡാളസ് Published on 18 May, 2026
റവ. ഇ.ജെ. ജോസഫ്: അജപാലന ശുശ്രൂഷയിലെ ധന്യമായ 44 വർഷങ്ങൾ

മെസ്കീറ്റ് (ഡാളസ്): മാർത്തോമ്മാ സഭയുടെ സീനിയർ വൈദികൻ റവ. ഇ. ജെ. ജോസഫിന്റെ 44-ാമത് (മേയ് 15) പൗരോഹിത്യ ശുശ്രൂഷാ വാർഷികം ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. മേയ് 17 ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന മധ്യേ ഇടവക ജനങ്ങളുടെയും സഭാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്. ഇടവക വികാരി റവ. റെജിൻ രാജു സഭാംഗങ്ങൾക്ക് വേണ്ടി റവ. ഇ. ജെ. ജോസഫിന് ആശംസകൾ നേർന്നു. ഇ. ജെ. ജോസഫ് അച്ചന്റെ ദീർഘനാളത്തെ മാതൃകാപരവും അത്ഭുതങ്ങൾ നിറഞ്ഞതുമായ സേവനങ്ങളെ റെജിൻ അച്ചൻ യോഗത്തിൽ അനുസ്മരിച്ചു.

വിശുദ്ധ ബൈബിളിലെ പഴയനിയമ പ്രവാചകനായ ശമുവേൽ ജനങ്ങളോട് പറഞ്ഞതുപോലെ, "ഞാൻ ഇതാ നിൽക്കുന്നു; യഹോവയുടെ മുൻപാകെയും അവന്റെ അഭിഷിക്തന്റെ മുൻപാകെയും എന്നെക്കുറിച്ച് സാക്ഷ്യം പറയുവിൻ" (1 ശമുവേൽ 12:3). കഴിഞ്ഞ 44 വർഷത്തെ പൗരോഹിത്യ ശുശ്രൂഷയിലൂടെ ഇ. ജെ. ജോസഫ് അച്ചൻ ദൈവത്തിനും സമൂഹത്തിനും മുൻപിൽ ഇതേ വിശ്വസ്തതയോടെയാണ് നിലകൊണ്ടത്.

ഇലന്തൂർ സ്വദേശിയായ അച്ചന്റെ വിശ്വാസയാത്രയുടെ തുടക്കം സ്വന്തം ഇടവകയായ ഇലന്തൂർ മാർത്തോമ്മാ വലിയപള്ളിയിൽ നിന്നായിരുന്നു. കോട്ടയം മാർത്തോമ്മാ സെമിനാരിയിലെ ദൈവശാസ്ത്ര പഠനത്തിന് ശേഷം സഭയുടെ വിവിധ മേഖലകളിൽ അദ്ദേഹം ആത്മീയ നേതൃത്വം നൽകി.

യേശുക്രിസ്തുവിന്റെ സുവിശേഷം എന്നത് വെറുമൊരു പ്രസംഗമല്ല, മറിച്ച് തകർന്ന ഹൃദയമുള്ളവരെ സൗഖ്യമാക്കുന്ന പ്രായോഗിക സ്നേഹമാണെന്ന് അച്ചൻ തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു. ലൂക്കോസ് 4:18-ൽ യേശു പ്രഖ്യാപിച്ചതുപോലെ, "തടവുകാർക്ക് വിടുതലും അന്ധന്മാർക്ക് കാഴ്ചയും പ്രഖ്യാപിക്കാനും പീഡിതന്മാരെ വിടുവിക്കാനും" ഉള്ള വലിയ ദൗത്യമാണ് അച്ചൻ ഏറ്റെടുത്തത്.

അച്ചന്റെ സമർപ്പണം തിരിച്ചറിഞ്ഞ സഭ, ഉപരിപഠനത്തിനായി അദ്ദേഹത്തെ ഒഹായോയിലെ മെത്തഡിസ്റ്റ് തിയോളജിക്കൽ സെമിനാരിയിലേക്ക് അയച്ചു. അവിടെനിന്ന് 'അഡിക്ഷൻ കൗൺസിലിംഗിൽ' (Addiction Counseling) പ്രത്യേക വൈദഗ്ധ്യം നേടിയ അച്ചൻ, കേരളത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒട്ടനവധി ജീവിതങ്ങളെ ക്രിസ്തുവിലേക്ക് വഴിനടത്തി.

മോചന ഡീ-അഡിക്ഷൻ സെന്ററിന്റെ ഡയറക്ടറായി 11 വർഷക്കാലം സേവനമനുഷ്ഠിച്ച് നൂറുകണക്കിന് കുടുംബങ്ങളിൽ പ്രത്യാശയുടെ വെളിച്ചം പകരാൻ അച്ചന് സാധിച്ചു. തുടർന്ന് എറണാകുളം മാർത്തോമ്മാ ഗൈഡൻസ് സെന്ററിന്റെ ഡയറക്ടറായും, തുമ്പമൺ ശ്രേയസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഡയറക്ടർ പദവിയിലിരുന്നും സാമൂഹിക പുനരധിവാസ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

ക്രിസ്തീയ ശുശ്രൂഷയിൽ അച്ചന് എല്ലാവിധ പിന്തുണയുമായി കൊച്ചമ്മ മോളി ജോസഫ് ഒപ്പമുണ്ട്. "ഞാനും എന്റെ ഭവനവുമോ ഞങ്ങൾ യഹോവയെ സേവിക്കും" (യോശുവ 24:15) എന്ന തിരുവചനത്തെ അന്വർത്ഥമാക്കുന്നതാണ് ഇവരുടെ കുടുംബജീവിതം.

ഇവർക്ക് രണ്ട് പുത്രന്മാരാണുള്ളത്. മൂത്തമകൻ ജെഹാസ് ജോസഫും കുടുംബവും ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയപ്പോൾ, ഇളയമകൻ ജെഹോഷും കുടുംബവും ഡാളസിലെ ഗാർലൻഡിലാണ് താമസം. ഡാളസിലെ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിലെ സജീവ അംഗങ്ങളാണ് ഇളയമകൻ ജെഹോഷും ഭാര്യ രേഷ്മയും. 44 വർഷത്തെ പൗരോഹിത്യ പൂർത്തീകരണത്തിൽ റവ. ഇ. ജെ. ജോസഫിനും കുടുംബത്തിനും സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും ഇടവകജനങ്ങൾ നേർന്നു.

അച്ചന്റെ അനുഭവസാക്ഷ്യം ശ്രവിക്കുന്നതിനായി താഴെ കാണുന്ന യൂട്യൂബ് ലിങ്ക് സന്ദർശിക്കുക:  https://youtu.be/MFqq-LabGJI?si=Oe_Z02LW5qXIAskn
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക