
ഇന്ന് ഞായറാഴ്ച്ച ആണല്ലോ. ഓൾഗക്ക് മോൾടെ വീട്ടിലാണ് ഉച്ച ഭക്ഷണം. ഒൾഗ ഇല്ലാത്തപ്പഴല്ലേ എനിക്കെന്തെങ്കിലും ഹാസീ ഹൂസി കഴിക്കാൻ പറ്റൂ. ചേരുവൾ ഒന്നും ഇല്ലേലും പരിപ്പ്കറിക്ക് നല്ലരുചി. മീൻ പൊരിച്ചതും കൂടി ആയപ്പോ കുശാൽ. 120 ഗ്രാം അരി കണക്കു (ഡയറ്റ്)പ്രകാരം മൂന്ന് ദിവസം കൊണ്ടാ കഴിക്കേണ്ടത്. മുഴോനും ഒറ്റ ഇരിപ്പിന് തീർത്തു
പിന്നെ ഇത്തിരി വിറ്റമിൻ D കിട്ടാൻ വേണ്ടി ( അതിനൊക്കെ ഇവടെ വല്യ ക്ഷാമാ. പണ്ട് നമ്മളെത്ര കൊണ്ടതാ ഈ വെയില് , ഒരു വെലേം ഇല്ലാർന്നു ) വെയിലത്ത് പോയിരുന്നു. പൊറകിലെ പറമ്പ് വെട്ടി വെളിപ്പിച്ച് ഇട്ടണ്ട് . വെയില് കൊണ്ടിരിക്കുമ്പോ ദാണ്ട് രണ്ട് പന്നികൾ. കറുത്തത് . പുറകിലെ മുറ്റത്തിനും പറസിനും എടേല് കമ്പിവേലി ഉണ്ട് ഞാൻ വേലിക്കെ പോയി സൂക്ഷിച്ച് നോക്കി. രണ്ട് കറുത്ത പന്നികൾ. അതിലൊരുത്തൻ എന്നെ നോക്കി നിപ്പായി
കൊറേ പൂച്ചോളെ വളത്തണതറിയാം. പക്ഷേ -- -- . പന്നികൾ ! പറമ്പില് ചെറിയ ഒരു വീടുണ്ട് പല പലകച്ചുമര് ഉള്ളത്. അതും ഇന്നാദ്യായിട്ടാ ഞാൻ അടുത്ത് ചെന്ന് കാണല്. ഇനിപ്പോ ഇത് പന്നിക്കൂടെങ്ങാനും ആണോ? കാട്ടുപന്നി എങ്ങാനും ആണോ? ഇവടടുത്തൊന്നും കാടില്ല. ഇനി പൊകുവശത്തെങ്ങാനും ഉണ്ടോ? എന്തായാലും ഒരു ഫോട്ടോ എടുത്തേക്കാം എന്ന് കരുതി ഫോണെടുക്കാൻ അകത്തേക്ക് വന്നപ്പോ --- ദേ..... ഒൾഗ .
ഇവർക്കിതിപ്പൊ ഒരു ശിലായേക്കാ. ഓൾഗയെ പന്ത്രണ്ട് മണിക്ക് കൊണ്ടോയി മൂന്ന് മണിക്ക് കൊണ്ടാക്കല് . ഞാനിവിടെ വന്ന കാലത്ത് മൊടക്കു ദിവസങ്ങളിൽ രാവിലെ 9 ന് കൊണ്ടോയി 5 ന് കൊണ്ടാക്കണതാ. ആ ഞാൻ തന്നാ കള്ളത്തരം പഠിപ്പിച്ചത്. രാവിലെ എവടേങ്കെലും കറങ്ങാൻ പോയി വൈകിട്ട് തിരിച്ച് വന്നാ മതിയാരുന്നു.. ഞാനിവിടെ കുത്തിപ്പിടിച്ചിരിക്കണോണ്ടാ അവർക്ക് അമ്മേനെ ന്നോക്കാൻ മടി.
ആ ....എന്തായാലും ഞാൻ ഓൾഗോടെ മോൾ എൽഗയോട് ചോദിച്ചു , നിൻ്റെ ചേച്ചിക്ക് പൂച്ച വളത്തലിൻ്റെ കൂടെ പന്നിവളത്തലും ഉണ്ടോന്ന്? അവള് ചോയ്ച്ചു എന്താ പന്നീടെ നെറം ? കറുപ്പ് എന്ന് ഞാൻ മറുപടി കൊടുത്തു.
ഇവിടെ പന്നിയിറച്ചിക്ക് "മയാലേ " എന്നാ പറയല്. അതോണ്ട് ഞാൻ കറുത്ത മയാലെ നെ കണ്ടെന്ന് പറഞ്ഞപ്പോ അവള് ചിരിക്കണു.
കാട്ടുപന്നിക്ക് വേറൊരു പേരാത്രേ പറയ. എന്താത്?.... ആ "ചിഗ്യാലെ "
അപ്പ കാര്യം എന്താന്ന് വെച്ചാ നമ്മടെ നാട്ടില് കാട്ടുപന്നീന്ന് കേട്ടട്ടുണ്ട് എന്നല്ലാതെ കാണാൻ കിട്ടിർന്നില്ല. ഇവടെ ഇറ്റലി എത്തണ്ട വന്നു ആ ചേട്ടനെ ഒന്ന് കാണാൻ. കാണല് മാത്രല്ല അവൻ എന്നോട് സംവദിക്കേം ചെയ്തു. "നിങ്ങടെ നാട്ടിലെ പോലല്ല. ഞങ്ങക്കിവടെ ഭയങ്കര ദാരിദ്ര്യാ . കണ്ടില്ലേ ക്ഷീണിച്ചിരിക്കണ്. കൊറച്ച് നാട്ടുപുല്ല് തിന്നാന്ന് വെച്ച് എറങ്ങീതാ ഞങ്ങള് ...."
ശരിയാട്ടാ കഷ്ടി പത്ത് പതിനഞ്ച് കിലോ ണ്ടാവും. വിചാരിച്ചത്ര ഊക്കൊന്നും കണ്ടില്ല.