
നൈമിഷിക മാധ്യമം എന്ന ദുഷ്പേരുള്ള റേഡിയോ പ്രക്ഷേപണത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ വരമൊഴി സാക്ഷ്യങ്ങളാണ് ഏറെക്കാലത്തെ ഗവേഷണഫലമായി രചിക്കപ്പെട്ട ഈ വിലപ്പെട്ട ഗ്രന്ഥങ്ങൾ.ശബ്ദങ്ങളിലൂടെ മാത്രം ശ്രോതാക്കൾ അറിഞ്ഞ അസംഖ്യം കലാകാരരെ ഈ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.അവരെല്ലാം റേഡിയോ മാധ്യമവുമായി ഹൃദയബന്ധമുള്ളവർ. അതിൻ്റെ വളർച്ചയിൽ ഒപ്പം വളർന്നവർ.
മലയാള റേഡിയോ പ്രക്ഷേപണത്തിന് പ്രായം 86 വയസ്സ്.ബ്രിട്ടീഷ് ഇന്ത്യയിൽ, മലബാർ പ്രവിശ്യയുടെ ആസ്ഥാനമായിരുന്ന മദിരാശിയിലെ ഓൾ ഇന്ത്യ റേഡിയോ നിലയത്തിൽ നിന്ന് 1939-ൽ കൊല്ലങ്കോട്ടെ സർ വാസുദേവ രാജയുടെ ഓണസന്ദേശത്തോടെയായിരുന്നു തുടക്കം.കേരളത്തിൽ ടെലിവിഷന് പ്രചുരപ്രചാരം ലഭിക്കുന്ന 1990കളുടെ അവസാനം വരെ, ഏറ്റവും വലിയ ജനകീയ മാധ്യമമായിരുന്നു റേഡിയോ .ഈ ഇൻറർനെറ്റ് യുഗത്തിലും റേഡിയോ ശ്രോതാക്കളുടെ എണ്ണം അമ്പരപ്പിക്കുംവിധം വലുതാണ്.

ചരിത്ര ചിത്രം :
1947-ൽ ആദ്യ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ആകാശവാണി മദിരാശി നിലയം പ്രക്ഷേപണം ചെയ്ത പ്രത്യേക തത്സമയ പരിപാടി..
നില്ക്കുന്നവർ :ആദ്യ നിര - ഇടത് നിന്ന് രണ്ടാമത് ശാന്ത പി നായർ, മൂന്നാമത് പി.ലീല, വലതേ അറ്റത്ത് ജാനമ്മ ഡേവിഡ് .
പിൻനിര : ആദ്യം തിക്കോടിയൻ, രണ്ടാമത് കെ.ബാലകൃഷ്ണ മേനോൻ (നീലക്കുയിലിലെ 'കായലരികത്ത്..' ഗാനരംഗത്ത് അഭിനയിച്ച ഇദ്ദേഹം, പിന്നീട് കോഴിക്കോട് നിലയത്തിലെ സ്റ്റാഫ് ആർട്ടിസ്റ്റായി), മൂന്നാമത് കെ.പത്മനാഭൻ നായർ, നാലാമത് പി.ഭാസ്ക്കരൻ .
പക്ഷേ, ഈ ശ്രവ്യമാധ്യമത്തിന്റെ സംഭവബഹുലമായ ചരിത്രം കേരളത്തിൽ അടുത്തിടെ വരെ ആധികാരികമായി ആരും രേഖപ്പെടുത്തിയിരുന്നില്ല.മദിരാശി റേഡിയോ നിലയം മുതൽ മഞ്ചേരി എഫ്.എം വരെയുള്ള ആകാശവാണി നിലയങ്ങളുടെയും മോസ്കോ റേഡിയോ മുതൽ ഗൾഫ് മലയാളം റേഡിയോ നിലയങ്ങൾ വരെയുള്ള മറുനാടുകളിലെ മലയാള റേഡിയോ പ്രക്ഷേപണത്തിൻ്റെയും അവയിൽ ചരിത്രപരമായ പങ്കുവഹിച്ച പ്രക്ഷേപകരുടെയും ചരിത്രം പറയുന്ന രണ്ട് ബൃഹദ്ഗ്രന്ഥങ്ങൾ ഏതാനും മാസം മുൻപ് പുറത്തിറങ്ങിയതോടെ ഈ കുറവ് പരിഹരിക്കപ്പെട്ടു. മൂന്ന് ദശാബ്ദത്തോളം ആകാശവാണി നിലയങ്ങളിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്, അസിസ്റ്റൻറ് ഡയറക്ടർ തസ്തികകളിൽ പ്രവർത്തിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ഡി. പ്രദീപ്കുമാർ എഴുതിയ 'ശബ്ദരേഖ'യും 'ശബ്ദതരംഗ'വുമാണ് ഈ പുസ്തകങ്ങൾ.നൈമിഷിക മാധ്യമം എന്ന ദുഷ്പേരുള്ള റേഡിയോ പ്രക്ഷേപണത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ വരമൊഴി സാക്ഷ്യങ്ങളാണ് ഏറെക്കാലത്തെ ഗവേഷണഫലമായി രചിക്കപ്പെട്ട ഈ വിലപ്പെട്ട ഗ്രന്ഥങ്ങൾ.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ശബ്ദരേഖ'യിൽ 42 അധ്യായങ്ങളും ഗ്ലേസ്ഡ് പേപ്പറിൽ നൂറിലേറെ അപൂർവ ചിത്രങ്ങളുമുണ്ട്.പേജ് 420.മദിരാശിയിലെ മലയാളം പ്രക്ഷേപണത്തിൽ തുടങ്ങി തിരുവിതാംകൂർ റേഡിയോ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ നിലയങ്ങളിലൂടെ വളർന്ന്, പുതുകാലത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന കൊച്ചി എഫ്.എം നിലയത്തിലൂടെ നവയുഗത്തിലേക്ക് കടന്ന്,തൊട്ടയൽവക്കത്തെ റേഡിയോ നിലയങ്ങളായ കമ്മ്യൂണിറ്റി നിലയങ്ങളിൽ എത്തിനിൽക്കുന്ന മലയാള പ്രക്ഷേപണത്തിന്റെ സമഗ്രമായ ചരിത്രമാണ് 'ശബ്ദരേഖ'. ഇതിൽ മറുനാട്ടിൽ നിന്നുള്ള പ്രക്ഷേപണങ്ങളുടെ കൂടി ചരിത്രമുണ്ട് .1971-ൽ ആരംഭിച്ച ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ്റെ മലയാള പ്രക്ഷേപണത്തിന്റെ മുതൽ പോർട്ട് ബ്ലയർ ,കവരത്തി നിലയങ്ങളിൽ നിന്നുമുള്ള പ്രക്ഷേപണത്തിൻ്റെ വരെ സമഗ്ര ചരിത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

മലയാള പ്രക്ഷേപണ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിവാര പ്രതികരണ പരിപാടിയായ മഞ്ചേരി എഫ്.എം നിലയത്തിൻ്റെ 'പരസ്പര'ത്തിൽ പ്രോഗ്രാം മേധാവി ഡി. പ്രദീപ് കുമാർ, അവതാരകയായ എസ്. ശാലിനി
ഇതിലെ ഏറ്റവും വലിയ മൂന്ന് അദ്ധ്യായങ്ങൾ വാർത്താപ്രക്ഷേപണത്തെക്കുറിച്ചാണ്.1949 ജനുവരി ഒന്നാം തീയതി തുടക്കം കുറിച്ച മലയാളം വാർത്താപ്രക്ഷേപണത്തിന്റെയും തൃശൂർ നിലയത്തിൽ നിന്ന് 1966 ഓഗസ്റ്റ് 11 ന് ആരംഭിച്ച 'വയലും വീടും' എന്ന കാർഷിക പ്രക്ഷേപണത്തിൻ്റെയും ഇതുവരെ എഴുതപ്പെടാത്ത സമഗ്രചരിത്രം ഈ പുസ്തകത്തിൻ്റെ വലിയ പ്രത്യേകതയാണ്. മദിരാശി റേഡിയോ നിലയത്തിൽ നിന്ന് 1945-ൽ സ്റ്റാഫ് ആർട്ടിസ്റ്റായി പ്രക്ഷേപണ ജീവിതം ആരംഭിച്ച കെ.പത്മനാഭൻ നായരായിരുന്നു ഡൽഹിയിൽ നിന്ന് ആദ്യ മലയാളം വാർത്തകൾ വായിച്ചത്. അദ്ദേഹം തൻ്റെ ജാതിവാൽ ഉപേക്ഷിച്ച്,പത്മനാഭൻ എന്ന പേരിലാണ് വാർത്ത വായിച്ചത്. പിന്നീടു വന്ന എല്ലാ വാർത്താ അവതാരകരും ആ മാതൃക പിന്തുടർന്നുവെന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു. ഇപ്പോഴും മലയാളത്തിലെ സ്വകാര്യ ടെലിവിഷൻ ചാനലുകളിലടക്കം ഈ പാരമ്പര്യം തുടർന്നുപോരുന്നുണ്ട്.കടുത്ത ഭക്ഷ്യക്ഷാമം പരിഹരിക്കാനായി സർക്കാർ ആരംഭിച്ച 'ഗ്രോ മോർ ക്യാമ്പൈയിനി'ൻ്റെ ഭാഗമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ 20 നിലയങ്ങളിൽ ഒന്നായിരുന്നു തൃശ്ശൂരിലേത്.പാലക്കാട്, ആലപ്പുഴ എന്നീ നെല്ലറകൾക്ക് നടുവിൽ സ്ഥിതിചെയ്യുന്ന തൃശ്ശൂരിൽ ബി.ബി.സി നൽകിയ 20 കിലോവാട്ടുള്ള ശക്തിയേറിയ പ്രസരണി സ്ഥാപിക്കപ്പെട്ടതോടെ, അതുവരെ കോഴിക്കോട്ടും തിരുവനന്തപുരത്തും വളരെ പരിമിതമായ ഭാഗങ്ങളിൽ ലഭിച്ചിരുന്ന റേഡിയോ പ്രക്ഷേപണം സംസ്ഥാനത്തെ ബഹുഭൂരിഭാഗം സ്ഥലങ്ങളിലും എത്തിത്തുടങ്ങി. ഹരിത വിപ്ലവത്തിൻ്റെ വ്യാപനത്തിനും ധവള വിപ്ലവം അടക്കമുള്ള കാർഷിക വിപ്ലവങ്ങൾക്കും റേഡിയോ ശക്തി പകർന്നു. കൃഷിപാഠ പരമ്പരകളിലൂടെ താഴെത്തട്ടിൽ വരെയെത്തുന്ന കാർഷിക വിജ്ഞാനവ്യാപനത്തിന് ഉപാധിയായതും തൃശ്ശൂർ നിലയമായിരുന്നുവെന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ് പി.പത്മരാജന്റെയും എസ്. രമേശൻ നായരുടെയും ആർ. ശ്രീകണ്ഠൻ നായരുടെയും ജി.വേണുഗോപാലിൻ്റെയും റേഡിയോ ജീവിതം ആരംഭിക്കുന്നതും കവി അക്കിത്തത്തിന്റെ റേഡിയോജീവിതത്തിന് 1985-ൽ വിരാമമാകുന്നതും.1956-ൽകോഴിക്കോട് നിലയം തൃശ്ശൂരിൽ നടത്തിയ ഒരു കവിസമ്മേളനത്തിൽ 'മഹിഷാസുരമർദ്ദിനി' എന്ന കവിത അവതരിപ്പിച്ച്, അന്നത്തെ സ്റ്റേഷൻ ഡയറക്ടർ പി.വി കൃഷ്ണമൂർത്തിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി കോഴിക്കോട് നിലയത്തിൽ സ്ക്രിപ്റ്റ് റൈറ്ററായി നിയമിക്കപ്പെട്ട അദ്ദേഹം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചശേഷം പ്രമോഷനോട് കൂടിയാണ് തൻ്റെ ജന്മനാടിനടുത്തുള്ള തൃശ്ശൂർ നിലയത്തിൽ 'വയലും വീടും' പരിപാടിയുടെ എഡിറ്ററായി 1976-ൽ എത്തിയത്.അദ്ദേഹത്തിന് ഒപ്പം അന്ന് സബ് എഡിറ്ററായി എസ്. രമേശൻ നായരും ഉണ്ടായിരുന്നു. കാർഷിക പരിപാടിയുടെ മുറി അന്ന് കേരളത്തിലെ എഴുത്തുകാരുടെ സംഗമവേദിയായിരുന്നു എന്നും ഗ്രന്ഥകാരൻ രസകരമായ അനുഭവവിവരണങ്ങൾ ഉദ്ധരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

കെ. രാഘവൻ്റെ സംഗീത സംവിധാനത്തിൽ ആകാശവാണിയിൽ ഒരു ഗാനത്തിൻ്റെ പിറവി
അത്തരം അനുഭവങ്ങൾ വിശദമായുള്ളത്, 'ശബ്ദതരംഗ'ത്തിലാണ്. 276 പേജുള്ള ഈ പുസ്തകത്തിൻ്റെ പ്രസാധകർ പരിധി പബ്ലിക്കേഷൻസ് . പ്രക്ഷേപണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ ചരിത്രപരമായ പങ്കുവഹിച്ച 28 പ്രമുഖരുടെ റേഡിയോജീവിതരേഖയാണ് 'ശബ്ദതരംഗം'. ആകാശവാണിയുടെ കേരളീയനായ ആദ്യ ഡയറക്ടർ ജനറൽ കേണൽ എൻ.എ.എസ് ലക്ഷ്മണൻ, പിന്നീട് ഡയറക്ടർ ജനറലായ ഡോ. വി.കെ നാരായണമേനോൻ, ആ ചുമതല കുറച്ചു കാലം വഹിച്ച ജി.ജയലാൽ, പി. ഭാസ്കരൻ, തിക്കോടിയൻ, ഉറൂബ്, അക്കിത്തം, എൻ.എൻ കക്കാട്, കെ. എ കൊടുങ്ങല്ലൂർ,പി.വി കൃഷ്ണമൂർത്തി,പി.പുരുഷോത്തമൻ നായർ,കെ.രാഘവൻ, ജാനമ്മ ഡേവിഡ്,സി.എസ് രാധാദേവി, തിരുനയിനാർകുറിച്ചി മാധവൻ നായർ , കെ. സുരേന്ദ്രൻ,എം.ജി രാധാകൃഷ്ണൻ,പി.പത്മരാജൻ, എസ്. സരസ്വതിയമ്മ,ഖാൻ കാവിൽ,പി.സി സതീഷ്ചന്ദ്രൻ, ഡോ. എം.രാജീവ് കുമാർ തുടങ്ങിയവരുടെ സംഭാവനകളും അപൂർവ്വാനുഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഗ്രന്ഥങ്ങളിലും വസ്തുതകളും തീയതികളും നിരത്തി ചരിത്രം വിരസമായി വെറുതെ പറഞ്ഞു പോകുകയല്ല;ഓരോ പേജിലും ഒട്ടേറെപ്പേരുടെ അനുഭവങ്ങളുടെ വൈവിധ്യമുണ്ട്; നാടകീയാവിഷ്കാരങ്ങളുണ്ട്.റേഡിയോ പല കാലഘട്ടങ്ങളിലൂടെ എങ്ങനെ വളർന്നു,എന്തു മാറ്റങ്ങളാണ് ഉണ്ടായത് എന്ന് ഈ അനുഭവങ്ങളാണ് സാക്ഷ്യം പറയുന്നത്.റേഡിയോ നേരിട്ട വെല്ലുവിളികളിൽ പ്രധാനം സാങ്കേതിക പരിമിതികളായിരുന്നു.ആദ്യകാലങ്ങളിൽ റേഡിയോ സെറ്റ് വലിയ വിലപിടിപ്പുള്ള ഉപകരണമായിരുന്നു. ധനാഢ്യർക്കു മാത്രം ലഭ്യമായ ആഡംബര വസ്തുവായിരുന്നു അത്. 1980കളുടെ മദ്ധ്യം വരെ ലൈസൻസ് ഫീ നൽകിയവർക്ക് മാത്രമാണ് റേഡിയോ ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നത്. ട്രാൻസിസ്റ്റർ റേഡിയോകൾ വ്യാപകമായതോടെയാണ് കേരളത്തിലും റേഡിയോ സാധാരണക്കാരുടെ ചങ്ങാതിയായത്.

1978 ൽ തൃശൂർ നിലയം നടത്തിയ നാടകോത്സവത്തിൽ പ്രക്ഷേപണം ചെയ്തത 'രാഗം താനം പല്ലവി' (രചന: ജി. ഗോപാലകൃഷ്ണൻ) നാടകം മദിരാശി ആകാശവാണിയിൽ ശബ്ദലേഖനം ചെയ്തപ്പോൾ; എം.രാധാകൃഷ്ണൻ (പില്ക്കാലത്ത് സ്റ്റേഷൻ എഞ്ചിനിയർ), സംവിധായകനായ എൻ.ആർ.സി നായർ,കെ.വി മണികണ്ഠൻ നായർ, മല്ലിക സുകുമാരൻ, പി. ഭാസ്കരൻ, ഷീല,ചന്ദ്രാജി തുടങ്ങിയവർ.
ആകാശവാണി നിലയങ്ങളിൽ അധികാരത്തിന്റെ മേൽക്കോയ്മുകൾ തീർത്ത അതിർവരമ്പുകളെക്കുറിച്ചും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.അടിയന്തരാവസ്ഥയെ എതിർക്കുന്ന 'പട്ടിപ്പാട്ട്' ,'കീമായണം' അടക്കമുള്ള കവിതകൾ എഴുതിയതിന്റെ പേരിൽ ഒറ്റപ്പെടുത്തപ്പെട്ട എൻ.എൻ കക്കാടിൻ്റെയും ഒരു കവിതയുടെ പേരിൽ അന്വേഷണ നടപടികൾ നേരിട്ട പി.എസ് നമ്പീശന്റെയും കോഴിക്കോട് ആകാശവാണിയിൽ നിന്ന് നക്സൽബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ ഭരണവിഭാഗത്തിലെ ഉദ്യോഗസ്ഥനായ കെ. ആർ സലീമിന്റെയും ചരിത്രം കൂടി 'ശബ്ദരേഖ'യിലുണ്ട്.
അതുകൊണ്ടുതന്നെ, കേരളത്തിലെ റേഡിയോ പ്രക്ഷേപണത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന വ്യക്തമായ ചരിത്രമാണ് ഈ താളുകളിലുള്ളത്.ആകാശവാണിയെ പ്രണയിക്കുന്നവർ ഈ പുസ്തകങ്ങൾ വായിക്കുമ്പോൾ, റേഡിയോയെ ഒന്നുകൂടി മുറുകെ പിടിക്കും.മൂന്നു പതിറ്റാണ്ടോളം റേഡിയോനിലയങ്ങളിൽ പ്രവർത്തിക്കുകയും സംസ്ഥാനത്തെ ആദ്യ എഫ്.എം നിലയമായ കൊച്ചിയുടെ ആദ്യകാല സാരഥികളിലൊരായി കേരളത്തിൽ റേഡിയോയുടെ തിരിച്ചുവരവിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്ത ഗ്രന്ഥകാരന്റെ കർമ്മപഥവും ഒരു ഡയറിക്കുറിപ്പ് എന്നപോലെ ചരിത്രത്താളുകളിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്.ശബ്ദങ്ങളിലൂടെ മാത്രം ശ്രോതാക്കൾ അറിഞ്ഞ അസംഖ്യം കലാകാരരെ ഈ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.അവരെല്ലാം റേഡിയോ മാധ്യമവുമായി ഹൃദയബന്ധമുള്ളവർ. അതിൻ്റെ വളർച്ചയിൽ ഒപ്പം വളർന്നവർ.

മലയാള സിനിമ റേഡിയോയ്ക്കൊപ്പം വളർന്നതിൻ്റെ ഗ്രാഫിക് ചിത്രം ഈ പുസ്തകങ്ങളിലുണ്ട്. ആദ്യകാല സിനിമാപ്രവർത്തകരായ ടി.എൻ ഗോപിനാഥൻ നായർ, നാഗവള്ളി ആർ.എസ്.കുറുപ്പ്,പി.ഭാസ്കരൻ, ഉറൂബ്, തിരുനയിനാർകുറിച്ചി മാധവൻ നായർ,ബി.എ ചിദംബരനാഥ്, കെ. രാഘവൻ, ജാനമ്മ ഡേവിഡ്, സി.എസ് രാധാദേവി,ശാന്ത പി നായർ, കെ.പി ഉദയഭാനു , ഗായത്രി ശ്രീകൃഷ്ണൻ, കെ.പത്മനാഭൻ നായർ തുടങ്ങിയവരൊക്കെ ആകാശവാണിക്കാരായിരുന്നു. പിന്നീട് സിനിമയിൽ മായാമുദ്ര പതിപ്പിച്ച കെ.ജി സേതുനാഥ്, പി.പത്മരാജൻ, എം.ജി രാധാകൃഷ്ണൻ, കെ.ജി സേതുനാഥ്, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, എം.ഡി രാജേന്ദ്രൻ എസ് .രമേശൻ നായർ, വേണു നാഗവള്ളി ,ജി. വേണുഗോപാൽ, എം.ഡി രാജേന്ദ്രൻ തുടങ്ങിയവരും ആകാശവാണി സ്റ്റാഫംഗങ്ങളായിരുന്നു. മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ നീലക്കുയിൽ, സത്യത്തിൽ ഒരു ആകാശവാണിചിത്രമായിരുന്നു എന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്.കോഴിക്കോട് നിലയത്തിൽ നിന്ന്, കെ.രാഘവൻ-പി. ഭാസ്കരൻ ടീം മലയാള സംഗീതത്തിന് ലളിതഗാനം എന്ന ഒരു പുതിയ ശാഖ സമ്മാനിച്ചു. പുള്ളുവൻ രാമനും ഭാര്യയും അവതരിപ്പിച്ച നാവേറുപാട്ടോടെ ഉദ്ഘാടനം ചെയ്യപ്പെട്ട കോഴിക്കോട് നിലയമാണ് അധ:സ്ഥിത ജനവിഭാഗങ്ങളുടെ നാടൻ സംഗീതത്തെയും മാപ്പിളപ്പാട്ടുകളെയും മലയാള സംഗീതത്തിൻ്റെ പൊതുധാരയിലേക്ക് കൊണ്ടുവന്നത്. മണ്ണിൻ്റെ മണമുള്ള, ജീവിതഗന്ധിയായ വരികളും ഈണങ്ങളും നീലക്കുയിലൂടെ മലയാളി ഏറ്റുപാടി.മാപ്പിളപ്പാട്ടുകളെയും നാടൻപാട്ടുകളെയും അന്യംനിൽകാതെ സംരക്ഷിച്ചുപോന്നത് ആകാശവാണി നിലയങ്ങളായിരുന്നു. ഇപ്പോഴും അവയുടെ അപൂർവമായ അമൂല്യ ശബ്ദശേഖരമുണ്ട്, ആകാശവാണിയുടെ നിലവറകളിൽ.സിനിമകളിലും സാഹിത്യത്തിലും മാത്രമല്ല, കലാ-സാഹിത്യ രംഗങ്ങളു'ടെയും പൊതുജീവിതത്തിന്റെയും എല്ലാ മേഖലകളിലും പിന്നീട് പ്രഗൽഭരായിത്തീർന്ന ധാരാളം പേരുടെ പരിശീലനക്കളരിയായിരുന്നു റേഡിയോയിലെ വിവിധ പരിപാടികൾ.
മലയാള റേഡിയോ പ്രക്ഷേപണത്തിൽ കാലാനുസൃമായ മാറ്റങ്ങളും വൈവിധ്യങ്ങളും കൊണ്ടുവന്നത് കൊച്ചി എഫ്.എം നിലയമാണ്.അതിൻ്റെ ആദ്യകാല സാരഥികളിൽ ഒരാളാണ് ഗ്രന്ഥകാരൻ.ടെലിവിഷന്റെ ഗ്രഹണത്തിൽ നിന്ന് റേഡിയോയെ മോചിപ്പിച്ചത് ജനോപകാരപ്രദമായ ഒട്ടേറെ പുതിയ പരിപാടികളിലൂടെയായിരുന്നു. ഗ്രന്ഥകാരൻ തന്നെ ആരംഭിച്ച നിയമവേദി, സമകാലികം തുടങ്ങി സൈബർജാലകം വരെയുള്ള വൈവിധ്യപൂർണ്ണമായ പരിപാടികൾക്ക് ശ്രോതാക്കളുണ്ടായി. കേരളത്തിൽ ആകാശവാണി ആരംഭിച്ച ഏറ്റവും അവസാനത്തെ എഫ്.എം നിലയമാണ് മഞ്ചേരിയിലേത്. അതിനെ 'മലബാറിൻ്റെ മൊഞ്ചും മൊഴിയഴകു'മായി ഏറ്റവും ജനകീയമാക്കിയത് പ്രാരംഭകാലത്തും പിന്നീട് 2017-ൽ പൂർണ്ണതോതിൽ പ്രക്ഷേപണം തുടങ്ങിയപ്പോഴും അതിനെ നയിച്ച ഗ്രന്ഥകാരനായിരുന്നു. അക്കൊല്ലത്തെ ശിശുദിനത്തിൽ രാവിലെ മുതൽ രാത്രി വരെ മുഴുവൻ പ്രക്ഷേപണവും കുട്ടികൾ തന്നെ നടത്തി ചരിത്രമെഴുതിച്ചേർത്തതും ഫോട്ടോ സഹിതം 'ശബ്ദരേഖ'യിൽ ഇടം നേടിയിട്ടുണ്ട്.

ഔദ്യോഗിക മാധ്യമം എന്ന് മുദ്രകുത്തപ്പെട്ട റേഡിയോയ്ക്കും ആക്ടിവിസ്റ്റി'ന്റെ റോൾ ചേരുമെന്നും വിവരാവകാശ നിയമം അതിന് ശക്തമായ ആയുധമാക്കാമെന്നും നിയമവേദി, ജാഗ്രത പോലെയുള്ള പരിപാടികൾ വ്യക്തമാക്കുന്നുണ്ട്.പ്രളയ കാലത്ത് തുടർച്ചയായ പ്രക്ഷേപണം നടത്തി ദുരിതാശ്വാസ , രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ മാധ്യമ പിന്തുണ നൽകിയ റേഡിയോ പുതുകാലത്തും പ്രസക്തമായ ജനകീയ മാധ്യമമായി മാറിയതിന്റെ ചരിത്രവും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.ശ്രോതാക്കളാണ് തങ്ങളുടെ ശക്തി എന്ന് സ്വന്തം പ്രക്ഷേപണാനുഭവങ്ങളുടെ പിൻബലത്തിൽ ഗ്രന്ഥകാരൻ അടിയുറച്ച് വിശ്വസിക്കുന്നു. സമൂഹത്തിൻ്റെ താഴെത്തട്ടിലുള്ള ജനങ്ങളുടെ വലിയ പ്രാതിനിധ്യമുള്ള ഫോൺ - ഇൻ പരിപാടികൾ, ശ്രോതാക്കളുടെ കത്തുകൾ, അവർ കൂടി അവരിപ്പിക്കുന്ന മഞ്ചേരി എഫ്.എം നിലയത്തിലെ 'എൻ്റെ ഗാനം' പോലുള്ള പരിപാടികൾ തുടങ്ങിയവ പുതുകാലത്തും റേഡിയോയുടെ ജനസമ്മതി വ്യക്തമാക്കുന്നു.
നവമാധ്യമങ്ങളുടെ പ്രളയകാലത്തും ആദ്യ ഇലക്ടോണിക് മാധ്യമമായ റേഡിയോ ഇനിയും മുന്നോട്ടു തന്നെ. അതിന് ഇപ്പോൾ ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളില്ല. ലോകത്തിൻ്റെ ഏതു ഭാഗത്തിരുന്നും ഇൻ്റർനെറ്റിലൂടെ റേഡിയോ പ്രക്ഷേപണങ്ങൾക്ക് കാതോർത്തിരിക്കുന്ന മലയാളികൾ അനവധി. ഒറ്റക്കേൾവിയിലൂടെ മാഞ്ഞു പോകേണ്ടതല്ല പ്രക്ഷേപണങ്ങളും അവയുടെ ചരിത്രവഴികളും . കേരളത്തിൽ റേഡിയോ മാധ്യമം താണ്ടിയെത്തിയ വഴിത്താരകളും ആധുനിക കേരള നിർമ്മിതിക്ക് ആകാശവാണി നിലയങ്ങൾ നൽകിയ ക്രിയാത്മക പിന്തുണയും വിസ്മൃതിലാഴ്ന്നുപോകേണ്ടവയല്ല.
കഠിനമായ ഗവേഷണത്തിലൂടെ വീണ്ടെടുക്കപ്പെടുകയും കണ്ടെത്തപ്പെടുകയും ചെയ്ത മലയാള പ്രക്ഷേപണത്തിൻ്റെ നാൾവഴികളും നമ്മുടെ സമൂഹത്തിന് അത് നൽകിയ ക്രിയാത്മകമായ സംഭാവനകളും ഇതോടെ മായ്ക്കാനാകാത്ത ചരിത്രരേഖകളായിരിക്കുന്നു. ലളിതമനോഹരമായ ശൈലിയിൽ എഴുതപ്പെട്ട, ഒരു കഥ പോലെ വായിക്കാവുന്ന, ഈ അമൂല്യ ചരിത്ര ഗ്രന്ഥങ്ങൾ മലയാള റേഡിയോ പ്രക്ഷേപണത്തിൻ്റെ എൻസൈക്ലോപീഡിയകളാണ്.
********
ശബ്ദരേഖ : മലയാള പ്രക്ഷേപണചരിത്രം
-ഡി .പ്രദീപ് കുമാർ .
പ്രസാധകർ:കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,
വില : 400 രൂപ.
ശബ്ദതരംഗം:പ്രക്ഷേപണത്തിലെ ചരിത്രസ്രഷ്ടാക്കൾ
-ഡി. പ്രദീപ് കുമാർ
പ്രസാധകർ: പരിധി പബ്ളിക്കേഷൻസ്,തിരുവനന്തപുരം
വില :440 രൂപ.