
കാഞ്ചൻജംഗയും ബുദ്ധമത കേന്ദ്രങ്ങളും നിറഞ്ഞ സിക്കിമിലൂടെ നടത്തിയ അപൂര്വ്വ യാത്രയുടെ മനോഹരമായ ചിത്രങ്ങള്‍ നല്‍കുന്ന യാത്രാവിവരണം തുടങ്ങുന്നു .മേഘമഞ്ഞില്‍ കുളിര്‍ന്ന മഹായാത്ര
രണ്ടാഴ്ചയിലേറെ നീളുന്ന സിക്കിം യാത്രയ്ക്കായി ബാഗ്ഡോഗ്രയിൽ വിമാനമിറങ്ങിയപ്പോൾ ചുറ്റും കണ്ണോടിച്ചു. ലക്ഷ്യം കാഞ്ചൻജംഗ. അവിടെനിന്നു നോക്കിയാൽ ഒരു വിദൂരദൃശ്യം കിട്ടുമെന്ന് ആരോ പറഞ്ഞിരുന്നു. എന്നാൽ അതുണ്ടായില്ല.
റൊബീന്ദ്രയുടെ കാറിൽ ഗാങ്ടോക്കിലേയ്ക്ക് തിരിച്ചു. മഹാനന്ദ നദി കടന്ന് സിലിഗുരിയിലെത്തി. സിലിഗുരിയിൽ നിന്ന് ഹൈവേയിലൂടെ അൽപ്പം നീങ്ങുമ്പോൾ സാലുഗാര എന്ന സ്ഥലം കാണാം. ഇവിടെ അധികം പഴക്കമില്ലെങ്കിലും ടിബറ്റൻ ബുദ്ധമതക്കാരുടെ ഒരു മൊണാസ്റ്ററിയുണ്ട്. 'ദ ഗ്രേറ്റ് ഇന്റർനാഷണൽ താഷി ഗോമാങ് സ്‌തൂപ' എന്ന പേരിൽ ഇതു പ്രസിദ്ധമാണ്. ഇതിന്റെ അധികം അകലെയല്ലാതെ മറ്റൊരു മൊണാസ്റ്ററിയുമുണ്ട്, 'സെഡ് ഗിയൂഡ്' മൊണാസ്റ്ററിയെന്നാണ് അതറിയപ്പെടുന്നത്. ആദ്യത്തെ മൊണാസ്റ്ററിയിൽ ഗാങ്ടോക്കിലേയ്ക്ക് പോകുന്ന വഴിക്കും രണ്ടാമത്തേതിൽ തിരികെ മടങ്ങുമ്പോഴും കയറുവാൻ കഴിഞ്ഞു.
ഗംഗാനദിയുടെ പോഷകനദിയാണ് മഹാനന്ദ. സിലിഗുരിയുടെ മുകളിലെ ഗിരിനിരകളിൽ നിന്നുത്ഭവിച്ച് ബംഗ്ളാദേശിലേയ്ക്ക് ഒഴുകുന്ന നദിയാണത്. മഹാനന്ദയെ മറികടക്കുന്നതേ ഉള്ളൂ. എന്നാൽ പിന്നെയങ്ങോട്ട് മറ്റൊരു നദിയെ ഒപ്പം കൂട്ടിക്കൊണ്ടാണ് യാത്ര. ടീസ്റ്റാ നദിയാണത്. ടീസ്റ്റയുടെ കരയിലൂടെയാണ് തുടർന്നുള്ള യാത്രയെന്നർത്ഥം. ടീസ്റ്റ പിറവികൊള്ളുന്നത് സിക്കിമിലാണ്. മഹാനന്ദ ഗംഗയിലാണെങ്കിൽ ടീസ്റ്റ ബ്രഹ്മപുത്രയിലാണ് ചെന്നു ചേരുന്നത്. സിലിഗുരി കഴിഞ്ഞ് ടീസ്റ്റയെ കാണുന്നത് താഴ്‌വാരത്തിൽ മൺതിട്ടകളും ഡെൽറ്റകളും സൃഷ്ടിച്ചുകൊണ്ട് പരന്നൊഴുകുന്ന അവസ്ഥയിലാണ്.
ശിവോക് കാടുകളുടെ അതിരിലൂടെ ഒഴുകുന്ന ടീസ്റ്റയെ കാണാൻ മനോഹരമാണ്. നദീതീരത്തുതന്നെ ശിവോകേശ്വരി ക്ഷേത്രം കാണാം. ശിവോകേശ്വരിയെന്നാൽ കാളീദേവി തന്നെ. 'കോറോണേഷൻ' പാലത്തിന്റെ അടുത്താണ് ഈ ക്ഷേത്രം. കോറോണേഷൻ പാലത്തിനെ നാട്ടുകാർ വിളിക്കുന്നത് ബാഗ് പൂൽ അഥവാ കടുവാപ്പാലം എന്നാണ്. ജോർജ് ആറാമൻ ചക്രവർത്തിയുടെ കിരീടധാരണത്തിന്റെ ഓർമ്മയ്ക്കായി ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ പാലത്തിലെ കടുവയുടെ പ്രതിമകളാണ് ആ പേരിനു പിന്നിൽ.

ഗാങ്ടോക്കിലേയ്ക്ക് പോകാൻ ടീസ്റ്റയ്ക്കു കുറുകേയുള്ള ഈ പാലമല്ല കടക്കുന്നത്. ടീസ്റ്റാ ചന്തയുടെ അടുത്ത് മറ്റൊരു പാലമുണ്ട്, അതു കടക്കുന്നതോടെ നമ്മൾ ടീസ്റ്റയുടെ ഇടതുവശത്തുനിന്ന് മറുഭാഗത്തേയ്ക്ക് കടക്കുന്നു. പിന്നെയുള്ള യാത്ര ടീസ്റ്റയുടെ വലതുവശം ചേർന്നാണ്. അപ്പോഴും നമ്മൾ പശ്ചിമബംഗാളിൽ തന്നെയാണ്. ബംഗാളിൽ നിന്നു സിക്കിമിലേയ്ക്ക് കടക്കുന്നത് മറ്റൊരു പാലം കടന്നാണ്. അടൽ സേതു എന്ന പാലം. അടൽ സേതു എന്ന പേരിൽ പല സംസ്ഥാനങ്ങളിലും പാലങ്ങൾ കണ്ടേയ്ക്കാം. ഈ അടൽ സേതു സാങ്കേതികമായി പറഞ്ഞാൽ ടീസ്റ്റയ്ക്കു കുറുകെയല്ല. റാങ്പോ നദിയിലാണ്. മാപ്പിൽ നോക്കിയാൽ റാങ്പോ ചൂ എന്നാവും കാണുക. ടിബറ്റൻ സംസ്കാരത്തിന്റെ ഇടമായതുകൊണ്ടാണ് ആ പേര്. ചൂ എന്നാൽ നദി എന്നർത്ഥം. സിക്കിമിലെ 'മെൻ മെച്ചോ' തടാകത്തിൽ നിന്ന് ഉത്ഭവിച്ച് റാങ്പോ പട്ടണത്തിനടുത്തുവെച്ചാണ് ഈ നദി ടീസ്റ്റയുമായി ഒത്തുചേരുന്നത്. ടീസ്റ്റയെ ജലസമൃദ്ധമാക്കുന്നതിൽ റാങ്പോ നദിയ്ക്ക് നിസ്സാരമല്ലാത്ത പങ്കുണ്ട്.
തുടർന്ന് കുറച്ചുദൂരംകൂടി സഞ്ചരിച്ചശേഷം സിംഗ്ടമിൽ വെച്ച് നമ്മൾ ടീസ്റ്റാ നദിയോട് വിട പറഞ്ഞ് 'റാണിഖോല' എന്ന പോഷകനദിയുടെ കുറുകെ കടന്ന് അതിനൊപ്പം സഞ്ചരിക്കാൻ തുടങ്ങുന്നു. ഖോല എന്ന നേപ്പാളി വാക്കിന്റെ അർത്ഥം അരുവി എന്നാണ്. സിക്കിമിൽ നേപ്പാളി ഭാഷ പ്രമുഖമാണ്. അൽപ്പം കൂടി കഴിയുമ്പോൾ റാണിഖോലയോട് യാത്രപറഞ്ഞ് ഗാങ്ടോക്കിലേക്കുള്ള മലമ്പാതയിൽ പ്രവേശിക്കുന്നു,
ഗാങ്ടോക്കിൽ കുറച്ചുദിവസം തങ്ങാനായി സോനം ഗ്യാറ്റ്സോ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അതിഥി മന്ദിരമാണ് ഏർപ്പാടാക്കിയിരുന്നത്. വൈകുന്നേരം പട്ടണത്തിലേയ്ക്ക് നടക്കാൻ തീരുമാനിച്ചു. ഇൻസ്ടിട്യൂട്ടിന്റെ കുന്നിറങ്ങി ഏതാണ്ട് അഞ്ചു കിലോമീറ്റർ നടന്നുകാണും. ഗാന്ധിമാർഗ്ഗ് എന്നു പ്രസിദ്ധമായ നഗരഹൃദയത്തിലെത്തി. ഭംഗിയായി രൂപകൽപ്പന ചെയ്തു നിർമ്മിച്ചിട്ടുള്ള കച്ചവടത്തെരുവാണ് ഗാന്ധി മാർഗ്ഗ്. വീതികൂടിയ തെരുവിന്റെ മദ്ധ്യഭാഗത്തെ മീഡിയനിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ വിശ്രമിക്കാൻ സൗകര്യപ്പെടുത്തിയിട്ടുള്ള കസാലകളും പടികളും ഉണ്ട്. പൂച്ചെടികൾ വെച്ച് ഈ ഭാഗം ഭംഗി പിടിപ്പിച്ചിട്ടുണ്ട്. അവിടെയൊക്കെ ചുറ്റിക്കറങ്ങി ചെരുപ്പും യാത്രകൾക്കാവശ്യമായ ബിസ്‌ക്കറ്റും ചോക്ലേറ്റും ഒക്കെ വാങ്ങി മടങ്ങി. യാത്രാക്ഷീണം കാരണം പെട്ടെന്നുറങ്ങിപ്പോയി.
രാവിലെ നേരത്തേ ഉണർന്നു. ഒന്നു നടന്നുവരാം എന്നു കരുതി പുറത്തിറങ്ങി. ഇൻസ്റ്റിറ്റ്യൂട്ട് ഒരു കുന്നിൻ മുകളിലാണ് എന്നു നേരത്തേ പറഞ്ഞിരുന്നല്ലോ. നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഇൻസ്റ്റിട്യൂട്ടിന്റെ കമാനം കടന്ന് മുൻപിൽ കണ്ട നേർത്തവെളിച്ചമുള്ള ആകാശത്തേയ്ക്ക് നോക്കി നിന്നു. മേഘപടലങ്ങൾ മൂടിക്കിടക്കുന്ന മലനിരകൾ. അൽപ്പനേരം അവിടെത്തന്നെ നിന്നപ്പോൾ സാവധാനം ആകാശം തെളിയാൻ തുടങ്ങി. അപ്പോഴാണ് മുകൾഭാഗം പരന്ന ഒരു കൊടുമുടി ദൃശ്യമായത്. അധികം വൈകാതെ അത് നല്ലപോലെ തെളിഞ്ഞു. അതെ. അതുതന്നെ കാഞ്ചൻ ജംഗ.
ആ കാഴ്ച്ച അപ്രതീക്ഷിതമായിരുന്നു. കാഞ്ചൻ ജംഗയെ കണ്ടുകൊണ്ടാണ് ഗാങ്ടോക്കിൽ താമസിക്കുന്നതെന്ന് അതിഥി മന്ദിരത്തിലേക്ക് എത്തുമ്പോൾ കരുതിയിരുന്നില്ല. രാവിലെ ഉണരുമ്പോൾ മുറിയുടെ ബാൽക്കണിയിലേക്കുള്ള വാതിൽ വഴി കിടന്നുകൊണ്ടുതന്നെ വേണമെങ്കിൽ കാഞ്ചൻ ജംഗയെ കാണാം. സിക്കിം യാത്രയെ മനോഹരമാക്കിയ കാഴ്ച്ച. ആദ്യ ദിവസം തന്നെ ഒരു കാര്യം മനസ്സിലായി കാഞ്ചൻ ജംഗയെ കാണുമ്പോൾ തന്നെ പരമാവധി നോക്കി നിന്നോണം. എപ്പോൾ വേണമെങ്കിലും മേഘങ്ങൾ മറയ്ക്കാം. ചില ദിവസം കാണാൻ തീരെ കഴിഞ്ഞെന്നുവരില്ല. ഫേസ് ബുക്കിൽ ഫോട്ടോ ഇട്ടപ്പോൾ തന്നെ ചില സുഹൃത്തുക്കൾ കമന്റ് ചെയ്തിരുന്നു. ഭാഗ്യവാൻ.
നേപ്പാളുകാർക്കും സിക്കിം കാർക്കും കാഞ്ചൻജംഗ ദേവസ്ഥാനമാണ്. ആദിമനിവാസികൾ മുതൽ ദേവതാസങ്കല്പം നൽകി ആരാധിക്കുന്ന കൊടുമുടിയാണിത്. അതുകൊണ്ടാണ് ആദ്യമായി കാഞ്ചൻ ജംഗ കീഴടക്കാനായി പുറപ്പെട്ട പർവ്വതാരോഹകർ കൊടുമുടിയിൽ കയറാതെ കുറച്ചു താഴെവെച്ച് യാത്ര അവസാനിപ്പിച്ചത്. നാട്ടുകാരുടെ വികാരത്തെ മാനിക്കണമെന്ന അന്നത്തെ സിക്കിം രാജാവായിരുന്ന താഷി നാംഗ്യാലിന്റെ അഭ്യർത്ഥന മാനിച്ചാണ് അവർ കൊടുമുടിയിൽ കയറാത്തത്. ഉയരം കൊണ്ട് ലോകത്തെ മൂന്നാമത്തെ വലിയ കൊടുമുടിയാണ് കാഞ്ചൻജംഗ. കാഞ്ചൻ ജംഗയുടെ മനോഹരമായ മറ്റൊരു ഭാവം പിന്നീട് പെല്ലിങ്ങിൽ ചെന്നപ്പോഴാണ് അവിചാരിതമായി കിട്ടിയത്.