
അമേരിക്കൻ മലയാളി സമൂഹത്തിലെ ഊർജ്ജസ്വലനായ യുവനേതാവ്, സംഘാടകൻ, മനുഷ്യസ്നേഹി എന്നീ നിലകളിൽ ശ്രദ്ധേയനാണ് ഷാലു പുന്നൂസ്. ഫോമായുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ സംഘടനയെ സാധാരണക്കാരിലേക്കും യുവാക്കളിലേക്കും എത്തിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. എന്നാൽ ഈ പൊതുപ്രവർത്തനങ്ങൾക്കപ്പുറം, പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ ജീവൻ രക്ഷിക്കാൻ ഓടിയെത്തുന്ന ഒരു നഴ്‌സ് കൂടിയാണ് അദ്ദേഹം. അന്താരാഷ്ട്ര നഴ്സിംഗ് വാരം ആഘോഷിക്കുന്ന ഈ വേളയിൽ, ഫിലാഡൽഫിയയിലെ തന്റെ പ്രൊഫഷണൽ ജീവിതത്തെക്കുറിച്ചും ഫോമായിലെ പ്രവർത്തനങ്ങളെക്കുറിച്ചും ഷാലു പുന്നൂസ് സംസാരിക്കുന്നു...
നഴ്സിംഗ് വാരം ആഘോഷിക്കുന്ന ഈ വേളയിൽ, അങ്ങയുടെ നഴ്സിംഗ് കരിയറിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? എങ്ങനെയായിരുന്നു തുടക്കം?
നഴ്സിംഗ് എന്നത് എനിക്ക് കേവലം ഒരു ജോലിയല്ല, മറിച്ച് ഒരു സമർപ്പണമാണ്. ബാംഗ്ലൂരിലായിരുന്നു എന്റെ പഠനം. പഠനശേഷം നഴ്സിംഗ് അധ്യാപകനായും വൈസ് പ്രിൻസിപ്പലായും പ്രവർത്തിച്ചു. പിന്നീട് 2009-ലാണ് അമേരിക്കയിലേക്ക് വരുന്നത്. ആദ്യം കണക്ടിക്കട്ടിലെ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. ന്യൂയോർക്ക് ബോർഡറിൽ ജോലി ചെയ്ത ശേഷം പിന്നീട് ഫിലാഡൽഫിയയിലേക്ക് താമസം മാറി. കഴിഞ്ഞ 13 വർഷമായി ഇവിടുത്തെ കറക്ഷൻ സെന്ററിൽ (ജയിലിൽ) നഴ്‌സായി ജോലി ചെയ്യുകയാണ്.
ഒരു കറക്ഷൻ സെന്ററിലെ നഴ്സിംഗ് അനുഭവം സാധാരണ ആശുപത്രികളിൽ നിന്നും എത്രത്തോളം വ്യത്യസ്തമാണ്? അവിടെ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
ഇത് വളരെ വ്യത്യസ്തമായ ഒരു ലോകമാണ്. നമ്മൾ ടിവിയിൽ കാണുന്ന കുറ്റവാളികളോ കൊലപാതകികളോ ഒക്കെയാണ് നമ്മുടെ മുന്നിൽ വരുന്നത്. മെഡിക്കൽ ഇൻടേക്ക് പൂർത്തിയാക്കാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല. കടുത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഞങ്ങൾ ഡ്യൂട്ടിക്ക് കയറുന്നത്. അവിടെ ഏറ്റവും വലിയ വെല്ലുവിളി അന്തേവാസികൾ തമ്മിലുള്ള സംഘർഷങ്ങളാണ്. ഒരിക്കൽ സാരമായി പരിക്കേറ്റ ഒരു അന്തേവാസിയെ അടിയന്തിരമായി രക്ഷപ്പെടുത്തിയതിന്, കറക്ഷണൽ നഴ്സസ് വീക്കിൽ ജയിലിന്റെ വെബ്സൈറ്റിൽ ഞാനുൾപ്പെടെ നാല് നഴ്സുമാരുടെ ചിത്രം നൽകി ആദരിച്ചിരുന്നു. വെല്ലുവിളികൾ ഉണ്ടെങ്കിലും അവർക്ക് മെഡിക്കൽ സഹായം നൽകുന്നത് വലിയൊരു ഉത്തരവാദിത്തമാണ്.
സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തുടക്കം?
ചങ്ങനാശ്ശേരി ബ്ലോക്ക് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്നു. സ്റ്റേറ്റ് തലത്തിലുമുള്ള തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. നാട്ടിലെ പ്രവർത്തനങ്ങളാണ് ആളുകളെ ഒന്നിപ്പിക്കാനും നേതൃത്വഗുണങ്ങൾ വളർത്താനുമെനിക്ക് പ്രചോദനമായത്.
ഫോമായുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കാൻ താങ്കൾ ചെയ്ത പ്രവർത്തനങ്ങൾ എന്തൊക്കെയായിരുന്നു?
ഫോമാ എന്നത് മുതിർന്നവരുടെ മാത്രം സംഘടനയാണെന്ന ഒരു ധാരണ പലർക്കും ഉണ്ടായിരുന്നു. അത് മാറ്റിയെടുക്കുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം. എന്നെപ്പോലെ ഒരു സാധാരണക്കാരന് സംഘടനയുടെ തലപ്പത്ത് വരാൻ സാധിക്കുമെന്ന് തെളിയിച്ചതോടെ നിരവധി യുവാക്കൾ മുന്നോട്ട് വന്നു. സ്പോർട്സ് പോലുള്ള മേഖലകളിലൂടെ യുവജനങ്ങളെ കൂട്ടിക്കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. അലിയാർ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് പോലുള്ള പരിപാടികൾ അതിന്റെ ഭാഗമാണ്.മാപ്പിൽ (MAP) പ്രസിഡന്റായിരുന്നപ്പോൾ 350 അംഗങ്ങളെ 720 ആയി വർദ്ധിപ്പിക്കാൻ സാധിച്ചു. പല യുവാക്കൾക്കും പരമ്പരാഗത സംഘടനകളിൽ ചേരാൻ താല്പര്യമില്ലെന്ന് തിരിച്ചറിഞ്ഞാണ് 'ബഡി ബോയ്സ്' ആരംഭിച്ചത്. ആദ്യം ഒരു വാട്സ്ആപ്പ് ഗ്രൂപ്പായിരുന്നു. ഇന്ന് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നു. മജീഷ്യൻ മുതുകാടിന്റെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 20 ലക്ഷം രൂപ സമാഹരിച്ചു. ലിവർ ട്രാൻസ്പ്ലാന്റ് കഴിഞ്ഞ് ബുദ്ധിമുട്ടിലായിരുന്ന ഒരാളുടെ വീട്ടിൽ ഹീറ്റിംഗ് സംവിധാനം ഒരുക്കി. ജാതി, മതം, പാർട്ടി ഭേദമില്ലാതെ സഹായിക്കുകയാണ് ലക്ഷ്യം.
കോവിഡ് കാലത്ത് മാപ്പിന്റെയും താങ്കളുടെയും നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ഇന്നും മാതൃകയായി പറയപ്പെടുന്നു. അക്കാലത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?
എല്ലാവരും ഭയപ്പെട്ട് വീടിനുള്ളിൽ ഇരുന്നപ്പോൾ, നഴ്സ് ആയതുകൊണ്ടുകൂടിയാകാം എനിക്ക് പുറത്തിറങ്ങാൻ ഭയമുണ്ടായിരുന്നില്ല. പത്തോളം സുഹൃത്തുക്കളെ കൂട്ടി ഞങ്ങൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭക്ഷണവും അവശ്യസാധനങ്ങളും വീടുകളിൽ എത്തിച്ചു. മാപ്പിന്റെ ബിൽഡിംഗിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തി. മനുഷ്യർക്ക് നന്മ ചെയ്യാൻ ഇറങ്ങിത്തിരിച്ചാൽ ദൈവം കൂടെയുണ്ടാകുമെന്നത് അത്തരം അവസരങ്ങളിൽ കൂടുതൽ ബോധ്യപ്പെടും.
നഴ്സിംഗിനൊപ്പം തന്നെ ബിസിനസ്സ് രംഗത്തും താങ്കൾ സജീവമാണല്ലോ? എങ്ങനെയാണ് ഇതെല്ലാം ഒന്നിച്ച് കൊണ്ടുപോകുന്നത്?
അതെ, ജോലിക്ക് പുറമെ സ്വന്തമായി ഹോം കെയർ, അഡൽറ്റ് ഡേ കെയർ എന്നിവയുണ്ട്. കൂടാതെ റിയൽ എസ്റ്റേറ്റ് ലൈസൻസും ഒരു റെസ്റ്റോറന്റുമുണ്ട്. അമേരിക്കയിലെ പട്ടേൽ സമുദായത്തെപ്പോലെ മലയാളികളും ബിസിനസ്സ് രംഗത്ത് പരസ്പരം സഹായിച്ച് വളരണമെന്നാണ് എന്റെ ആഗ്രഹം. നമ്മുടെ സമൂഹത്തിന് ഉന്നതിയുണ്ടാകാൻ സംഘടനകൾക്ക് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാൻ സാധിക്കും.
തിരക്കേറിയ പൊതുപ്രവർത്തനങ്ങൾക്കും ജോലിക്കുമിടയിൽ കുടുംബത്തിന് എത്രത്തോളം സമയം നൽകാൻ കഴിയുന്നുണ്ട്?
കുടുംബം നൽകുന്ന പിന്തുണയാണ് എന്റെ വലിയ ശക്തി. ഭാര്യ സംഗീതയും നാല് മക്കളും (മിറിയം, ഇമ്മാനുവൽ, ഗബ്രിയേൽ) അടങ്ങുന്നതാണ് എന്റെ ലോകം. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ഞാൻ കഴിവതും വീട്ടിലുണ്ടാകും. ഞങ്ങൾ ഒരുമിച്ച് ബാർബിക്യൂ വെച്ചും പുറത്തുപോയും സമയം ചെലവഴിക്കും. സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങൾ കഴിയുന്നത്. പള്ളിയിലെ ട്രസ്റ്റി എന്ന നിലയിലുള്ള ചുമതലകളും സന്തോഷത്തോടെ നിർവ്വഹിക്കുന്നു.
നഴ്സിംഗ് ദിനത്തിൽ സഹപ്രവർത്തകരോടും വരുംതലമുറയിലെ നഴ്സുമാരോടും എന്താണ് പറയാനുള്ളത്?
നഴ്സിംഗ് എന്നത് വലിയ അവസരങ്ങളുള്ള മേഖലയാണ്. പ്രത്യേകിച്ച് പുതുതായി വരുന്ന വിദ്യാർത്ഥികൾക്ക് കൃത്യമായ ഗൈഡൻസ് നൽകാൻ പഴയ തലമുറയ്ക്ക് കടമയുണ്ട്. ഫോമാ പോലുള്ള സംഘടനകൾക്ക് ഇത്തരം വിദ്യാർത്ഥികളെ സഹായിക്കാൻ സാധിക്കും. സേവനമനോഭാവത്തോടെ ഈ മേഖലയെ കാണുന്നവർക്ക് എന്നും ശോഭിക്കാൻ കഴിയും.