Image

ഗ്രീൻ കാർഡ് ഫയലുകൾ പരിശോധിക്കാൻ ഉത്തരവിറക്കി. കുറ്റകൃത്ത്യങ്ങൾ കണ്ടാൽ നാട് കടത്താൻ തീരുമാനം

(എബി മക്കപ്പുഴ) Published on 17 May, 2026
ഗ്രീൻ കാർഡ്  ഫയലുകൾ പരിശോധിക്കാൻ ഉത്തരവിറക്കി. കുറ്റകൃത്ത്യങ്ങൾ കണ്ടാൽ നാട് കടത്താൻ തീരുമാനം

വാഷിംഗ്ടൺ: യുഎസിലേക്ക് പോകുന്നവരുടെ വലിയ സ്വാപ്നമാണ് ഗ്രീൻ കാർഡ്. പലർക്കും ഗ്രീൻ കാർഡ് ലഭിച്ചാൽ ഒരു സമാധാനം തന്നെയാണ്. എന്നാൽ ഗ്രീൻ കാർഡ് ലഭിച്ചവർ യുഎസിൽ സുരക്ഷിതർ ആണോ? യുഎസിൽ നിന്നും ഗ്രീൻ കാർഡ് ഉടമകളെ  പുറത്തതാക്കാൻ സാധിക്കില്ല എന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ ആ വിചാരം തെറ്റാണ്. ഇപ്പോൾ ട്രംപ് ഭരണകൂടം യുഎസ് ഗ്രീൻ കാർഡ് ഉടമകളുടെ ഫയലുകൾ ശക്തമായി പരിശോധിക്കുകയാണ്. പരിശോധനകൾ ആരംഭിച്ചതിനു ശേഷം നിരവധി ആളുകൾ നാടുകടത്തൽ നോട്ടീസ് കൈപറ്റിയതായിട്ടാണ് റിപ്പോർട്ടുകൾ.

ലൈംഗിക അതിക്രമങ്ങൾ
ഗാർഹിക പീഡനങ്ങൾ
മദ്യപിച്ച് വണ്ടിയോടിച്ച് അപകടം ഉണ്ടാക്കൽ
മയക്കുമരുന്ന് കടത്ത്
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവർ

കള്ളം പറഞ്ഞ് ഗ്രീൻ കാർഡ് വാങ്ങിയവർ തുടങ്ങിയ കുറ്റകൃത്യങ്ങൾ മറച്ചു വെച്ച് ഗ്രീൻ കാർഡ് സമ്പാദിച്ചിട്ടുള്ളവരെ ഗ്രീൻ കാർഡ് മരവിപ്പിച്ചു നാട് കടത്താനാണ് തീരുമാനം.പുതിയ പരിശോധനക്ക് പിന്നിൽ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ആണെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസിനുള്ളിലെ പ്രത്യേക സംഘമാണ് ഈ പരിശോധനകൾ നടത്തുന്നത്. ടാക്റ്റിക്കൽ ഓപ്പറേഷൻസ് ഡിവിഷൻ എന്നാണ് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസിലെ പുതിയ ടീമിന്റെ പേര്.

ഈ ടീമിനുള്ളിൽ തന്നെ മൂന്ന് പ്രത്യേക വിഭാഗം ഉണ്ട്. ഗ്രീൻ കാർഡ് ഉടമകളെ നിരീക്ഷിക്കുന്ന എൽപിആർ ഓപ്പറേഷൻസ് ടീം, പൗരത്വം റദ്ദാക്കാൻ ശ്രമിക്കുന്ന ഡിനാച്ചുറലൈസേഷൻ ടീം, അഭയാർത്ഥികളുടെ പശ്ചാത്തലം വീണ്ടും പരിശോധിക്കുന്ന റഫ്യൂജി റീവെറ്റിങ് ടീം.

ഗ്രീൻ കാർഡുകാരെ പുറത്താക്കാനുള്ള സംവിധാനം എന്നാണ് ഈ വിഭാഗത്തിന്റെ ഡയറക്ടറായ ഡാനിയൽ ആൻഡ്രേഡ് ഒരു ഇ മെയിലിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ 40 ഓളം പ്രത്യേക ഇമിഗ്രേഷൻ ഓഫീസർമാരാണ് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. അവർ രാത്രിയിലും പകലും ഗ്രീൻകാർഡ് ഫയലുകൾ പരിശോധിക്കുന്നുണ്ട്.
ഏകദേശം 2,890 ഗ്രീൻ കാർഡ് കേസുകൾ ഈ സംഘം പരിശോധിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴും നിരവധി എണ്ണം പുനഃപരിശോധനക്കായി എടുത്തിട്ടുമുണ്ട്.500-ലധികം ആളുകളുടെ ഫയലുകൾ നിരീക്ഷണം കടുപ്പിച്ചിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി 50 ൽ കൂടുതൽ ആളുകൾക്ക് നാടുകടത്തൽ നോട്ടീസ് നൽകിയിട്ടുമുണ്ട്.
കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ചെറിയ ഒരു തുടക്കം എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. പരിശോധനകൾ ശക്തമാക്കും എന്നും അവർ പറഞ്ഞു. നിരവധി ആളുകളുടെ ലിസ്റ്റുകൾ തയാറാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകളെ കൃത്യമായി സ്ക്രീനിങ് ചെയ്യുക എന്നതാണ് ലക്ഷ്യം എന്നും അവർ പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക