
തിരുവനന്തപുരം: കോൺഗ്രസിൽ ആറ് പതിറ്റാണ്ടുകൾക്ക് ശേഷം മുഖ്യമന്ത്രിയോടൊപ്പം സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ . മുഖ്യമന്ത്രിയടക്കം 21 പേർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഒരുപാട് അർഹതപ്പെട്ടയാളുകളെ ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു. സോഷ്യൽ ബാലൻസും റീജ്യണൽ ബാലൻസുമെല്ലാം പരിഗണിച്ചപ്പോൾ പലരെയും പരിഗണിക്കാനായില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
പികെ കുഞ്ഞാലിക്കുട്ടി , രമേശ് ചെന്നിത്തല , സണ്ണി ജോസഫ് , കെ മുരളീധരൻ , മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സിപി ജോൺ, എപി അനിൽ കുമാർ, എൻ ഷംസുദ്ദീൻ, പിസി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീർ, വിഇ അബ്ദുൾ ഗഫൂർ, ടി സിദ്ധീഖ്, കെഎ തുളസി, ഒജെ ജനീഷ്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
തുടക്കം മുതൽ പുതിയ മന്ത്രിസഭയിൽ സജീവമായി പരിഗണിക്കപ്പെട്ടിരുന്ന പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, വി ടി ബൽറാം എന്നിവർക്ക് അവസാന നിമിഷം അന്തിമ പട്ടികയിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. എന്നാൽ വമ്പൻ സർപ്രൈസുകൾ ഒരുക്കിക്കൊണ്ട് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷ്, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർ മന്ത്രിമാരുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മന്ത്രിമാരും വകുപ്പുകളും:
വി.ഡി. സതീശൻ - മുഖ്യമന്ത്രി - ധനം, തുറമുഖം, നിയമം
രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്
സണ്ണി ജോസഫ് - റവന്യൂ
എ.പി. അനിൽകുമാർ - ആരോഗ്യം
കെ. മുരളീധരൻ - വൈദ്യുതി
പി.സി. വിഷ്ണുനാഥ് - ടൂറിസം, സാംസ്കാരികം
എം. ലിജു - എക്സൈസ്, സഹകരണം
ടി. സിദ്ദിഖ് - വനം
ബിന്ദു കൃഷ്ണ - വനിതാ ശിശുക്ഷേമം
ഒ.ജെ. ജനീഷ് - യുവജനക്ഷേമം
റോജി എം. ജോൺ - ഉന്നത വിദ്യാഭ്യാസം
കെ.എ. തുളസി - പട്ടികജാതി/വർഗ ക്ഷേമം
രണ്ടര വർഷത്തിനു ശേഷം കെ.എ. തുളസിയുടെ സ്ഥാനത്ത് ഐ.സി. ബാലകൃഷ്ണനെ മന്ത്രിയാക്കാനും ധാരണ.
യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മിസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരായിരിക്കും ഈ സ്ഥാനങ്ങളിൽ. ഇതിൽ ഒരാൾക്കു പകരം രണ്ടര വർഷത്തിനു ശേഷം പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും.
മോൻസ് ജോസഫ് ആയിരിക്കും കേരള കോൺഗ്രസിന്‍റെ പ്രതിനിധി. ആർഎസ്‌പിയിൽ നിന്ന് ഷിബു ബേബി ജോണും സിഎംപിയിൽ നിന്ന് സി.പി. ജോണും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽനിന്ന് അനൂപ് ജേക്കബും കെഡിപിയിൽ നിന്ന് മാണി സി. കാപ്പനും രണ്ടര വർഷം വീതം മന്ത്രി സ്ഥാനം പങ്കുവയ്ക്കും. കേരള കോൺഗ്രസ് പ്രതിനിധി അപു ജോൺ ജോസഫ് ചീഫ് വിപ്പ് ആയിരിക്കും.
വയനാട് ജില്ലയ്ക്ക് ഒരു മന്ത്രി എന്ന പരിഗണനയും കോൺഗ്രസിലെ മുസ്ലിം പ്രതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമാണ് ടി സിദ്ദിഖിന് അനുകൂലമായത്. ഈ നീക്കങ്ങളിലൂടെ കോൺഗ്രസിലെ കെസി പക്ഷം മന്ത്രിമാരുടെ പട്ടികയിൽ പൂർണ്ണമായ സ്വാധീനം ഉറപ്പിച്ചതായാണ് രാഷ്ട്രീയ വിലയിരുത്തലുകൾ .
തുടക്കത്തിൽ ആരോഗ്യ വകുപ്പിലേക്ക് പരിഗണിച്ചിരുന്ന കെ മുരളീധരന് ഏറ്റവും പുതിയ തീരുമാനപ്രകാരം വൈദ്യുതി വകുപ്പായിരിക്കും ലഭിക്കുക.