
വി.ഡി. സതീശൻ മന്ത്രിസഭയിൽ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭ. യുവാക്കൾ മന്ത്രിസ്ഥാനത്തേക്ക് വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചാണ്ടി ഉമ്മനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് ശരിയല്ലെന്നും സഭ വ്യക്തമാക്കി.
കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് ആണ് ചാണ്ടി ഉമ്മന് പിന്തുണയുമായി എത്തിയത്. യുവാക്കൾ ഭരണനേതൃത്വത്തിലേക്ക് വരുന്നതിൽ തമിഴ്‌നാട് മികച്ച ഉദാഹരണമാണെന്ന് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ചാണ്ടി ഉമ്മൻ മന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആ തീരുമാനത്തിൽ മാറ്റം ഉണ്ടാകില്ലെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ മന്ത്രിസ്ഥാനത്തെക്കുറിച്ച് സഭയുൾപ്പെടെയുള്ളവർ ചർച്ചകൾ നടത്തുമ്പോഴും പാർട്ടി തീരുമാനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം