Image

'ഇതാണോ ടീം യുഡിഎഫ്?'; ടേം വ്യവസ്ഥയിൽ അതൃപ്തിയുമായി മാണി സി. കാപ്പൻ രംഗത്ത്

Published on 17 May, 2026
'ഇതാണോ ടീം യുഡിഎഫ്?'; ടേം വ്യവസ്ഥയിൽ അതൃപ്തിയുമായി മാണി സി. കാപ്പൻ രംഗത്ത്

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മുന്നണിയിൽ അസ്വാരസ്യങ്ങൾ പുകയുന്നു. തനിക്ക് രണ്ടര വർഷത്തെ മന്ത്രിസ്ഥാനം മാത്രം നൽകാനുള്ള ടേം വ്യവസ്ഥയ്ക്കെതിരെ യു.ഡി.എഫ് സ്വതന്ത്ര എം.എ.എ മാണി സി. കാപ്പൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ഇതാണോ 'ടീം യു.ഡി.എഫ്' എന്ന് ചോദിച്ച കാപ്പൻ, എല്ലാവരെയും ഉൾക്കൊള്ളിച്ചാകണം മുന്നണി മുന്നോട്ട് പോകേണ്ടതെന്നും വ്യക്തമാക്കി. മേജർ ആർച്ച് ബിഷപ്പ് കാർഡിനൽ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച നടന്ന യു.ഡി.എഫ് യോഗത്തിൽ തനിക്ക് രണ്ടര വർഷത്തെ മന്ത്രിസ്ഥാനമാണ് വാഗ്ദാനം ചെയ്തതെന്നും, അതിന് ശേഷം കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബിന് സ്ഥാനം കൈമാറണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചതെന്നും കാപ്പൻ വെളിപ്പെടുത്തി.

​തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും തനിക്ക് നൽകിയ വാഗ്ദാനങ്ങൾ കാപ്പൻ മാധ്യമങ്ങൾക്ക് മുന്നിൽ ഓർമ്മിപ്പിച്ചു. പാലായിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവെ, കാപ്പൻ തിരുവനന്തപുരത്ത് നിന്ന് മടങ്ങുക ഔദ്യോഗിക പതാക വെച്ച കാറിലായിരിക്കുമെന്ന് സതീശൻ പ്രഖ്യാപിച്ചിരുന്നു. പാലായെ കാത്തിരിക്കുന്നത് വലിയൊരു സമ്മാനമാണെന്നായിരുന്നു രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞത്. എന്നാൽ ഇപ്പോൾ അഞ്ച് വർഷത്തെ പൂർണ്ണ മന്ത്രിസ്ഥാനത്തിന് പകരം രണ്ടര വർഷത്തെ ടേം വ്യവസ്ഥ മുന്നോട്ട് വെക്കുന്നത് നീതിയല്ലെന്നാണ് കാപ്പന്റെ പക്ഷം.

​ടേം വ്യവസ്ഥയിൽ യു.ഡി.എഫ് നേതൃത്വം ഔദ്യോഗികമായി അന്തിമ തീരുമാനം അറിയിച്ച ശേഷം തന്റെ അടുത്ത നിലപാട് വ്യക്തമാക്കുമെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു. പാലായിൽ ഇടതുമുന്നണിയുടെ ശക്തമായ കോട്ട തകർത്ത് വലിയ വിജയം നേടിയ തനിക്ക് അർഹമായ പരിഗണന മുന്നണിയിൽ നിന്ന് ലഭിക്കണമെന്നാണ് കാപ്പൻ ആവശ്യപ്പെടുന്നത്. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കെ ഘടകകക്ഷി നേതാവ് തന്നെ പരസ്യവിമർശനവുമായി രംഗത്തെത്തിയത് യു.ഡി.എഫ് നേതൃത്വത്തിന് പുതിയ തലവേദനയായിട്ടുണ്ട്.

Join WhatsApp News
Jayan varghese 2026-05-17 11:44:50
ഒരു കൂട്ടർ കട്ടുമുടിച്ച് കര കയറി ! മറുകൂട്ടർ കട്ട്മുടിക്കാൻ വലതുകാൽ വച്ച് കയറുന്നു ! പൊതു സമ്പത്തിൽ നിന്ന് ഏറ്റവും വലിയ കഷ്ണം എങ്ങനെ സ്വന്തം മാളത്തിൽ എത്തിക്കാം എന്നതിനുള്ള പെരുച്ചാഴി കടിപിടി മാത്രമായി ഇന്ത്യൻ രാഷ്ട്രീയം തരം താഴുന്നു. ആയതിനുള്ള ഏറ്റവും വലിയ തെളിവായി മാറുന്നു അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടിയുള്ള ആദർശ ധീരന്മാരുടെ അപ്പം പങ്കിടൽ നാടകങ്ങൾ ! പ്രതിഫലേഛ ഇല്ലാതെ ഞാനെന്റെ കർമ്മം ചെയ്യും എന്ന് നട്ടെല്ല് നിവർത്തി നിന്ന് പ്രഖ്യാപിക്കാൻ നൂറ്റി രണ്ടിൽ നിന്ന് ആരുമില്ല - ഒരുത്തനുമില്ല. ലജ്‌ജാവഹം !! ജയൻ വർഗീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക