Image

ചെന്നിത്തലയ്ക്ക് ആഭ്യന്തരം, സതീശന് ധനം; സതീശൻ മന്ത്രിസഭയിലെ വകുപ്പുകളിൽ ധാരണയാകുന്നു

Published on 17 May, 2026
ചെന്നിത്തലയ്ക്ക് ആഭ്യന്തരം, സതീശന് ധനം; സതീശൻ മന്ത്രിസഭയിലെ വകുപ്പുകളിൽ ധാരണയാകുന്നു

തിരുവനന്തപുരം: നാളെ അധികാരമേൽക്കുന്ന വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെയും അവർ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെയും കാര്യത്തിൽ യു.ഡി.എഫിൽ ഏകദേശ ധാരണയായി. നിർണായകമായ ആഭ്യന്തരവും വിജിലൻസും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മുഖ്യമന്ത്രിയാകുന്ന വി.ഡി. സതീശൻ ധനകാര്യം, തുറമുഖം എന്നീ വകുപ്പുകളാകും പ്രധാനമായും കൈകാര്യം ചെയ്യുക. കുണ്ടറയിൽ നിന്ന് മിന്നുന്ന വിജയം നേടിയ പി.സി. വിഷ്ണുനാഥിന് ഊർജ്ജ വകുപ്പ് നൽകാനാണ് നിലവിലെ നീക്കം. വകുപ്പുകൾ സംബന്ധിച്ച അന്തിമ പട്ടിക ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുൻപ് ഗവർണർക്ക് സമർപ്പിക്കും.

​രണ്ടാമത്തെ വലിയ ഘടകകക്ഷിയായ മുസ്ലിംലീഗിൽ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മുൻപ് കൈകാര്യം ചെയ്ത് പരിചയമുള്ള വ്യവസായം, ഐ.ടി വകുപ്പുകൾ തന്നെ ലഭിച്ചേക്കും. കോൺഗ്രസ് പ്രതിനിധികളിൽ കൊല്ലത്തു നിന്നുള്ള ബിന്ദു കൃഷ്ണയെ സാമൂഹിക ക്ഷേമം, വനിതാ ശിശുവികസന മന്ത്രിയായും കെ. മുരളീധരനെ ആരോഗ്യവകുപ്പ് മന്ത്രിയായും പരിഗണിക്കാനാണ് സാധ്യത. എക്സൈസ് വകുപ്പ് എം. ലിജുവിനും ഗതാഗത വകുപ്പ് സി.എം.പി നേതാവ് സി.പി. ജോണിനും ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. റവന്യൂ മന്ത്രിയായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ടൂറിസം മന്ത്രിയായി എ.പി. അനിൽകുമാറും എത്തിയേക്കും.

​ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ തൊഴിൽ വകുപ്പ് മന്ത്രിയാകാനാണ് കൂടുതൽ സാധ്യത. പുതിയ നിയമസഭാ സ്പീക്കറായി മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇതിനോട് പൂർണ്ണമായി യോജിച്ചിട്ടില്ലെന്നാണ് സൂചന. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്മാന്റെ പേരാണ് സജീവമായി പരിഗണനയിലുള്ളത്. മന്ത്രിമാരെ നിശ്ചയിക്കുന്നതിനൊപ്പം പ്രമുഖ വകുപ്പുകൾ വീതംവെക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കെ.പി.സി.സി ആസ്ഥാനത്ത് ഇപ്പോഴും സജീവമായി തുടരുകയാണ്.

​അതേസമയം, ഘടകകക്ഷികളിലെ ചില മന്ത്രിസ്ഥാനങ്ങൾക്ക് ഇത്തവണ ടേം വ്യവസ്ഥ ഏർപ്പെടുത്താനാണ് യു.ഡി.എഫ് തീരുമാനം. അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവർക്ക് രണ്ടര വർഷം വീതമുള്ള ടേം വ്യവസ്ഥയിലായിരിക്കും മന്ത്രിസ്ഥാനം നൽകുക. ഇതിൽ ഇരുനേതാക്കളും തങ്ങളുടെ അതൃപ്തി മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തീരുമാനത്തിൽ മാറ്റമുണ്ടാകാൻ ഇടയില്ല. മുസ്ലിം ലീഗ് മന്ത്രിമാരിൽ എ.കെ.എം. അഷറഫ്, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർക്കും ടേം വ്യവസ്ഥ ബാധകമാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക