
അപ്രതീക്ഷിത കണ്ടു മുട്ടലുകൾ,അസാധാരണ അനുഭവസന്ദർഭങ്ങൾ,സന്ദിഗ്ധതയുടെ അഭിമുഖങ്ങൾ എല്ലാം മിത്രയുടെ എഴുത്തിലുണ്ട്.
സോളോയാത്രകൾ സഞ്ചാരിയുടെ തിരഞ്ഞെടുപ്പാണ്. കാഴ്ചകളെ ഏകാന്ത ധ്യാനമാക്കാൻ ഈ യാത്രകൾ പ്രേരിപ്പിക്കുന്നു. മിത്ര സതീഷ് ഇത്തരം ഏകാന്തയാത്രകളിലൂടെയാണ് ജനതയെ കണ്ടെത്തുന്നത്.
മനുഷ്യൻ /ജനപദങ്ങൾ / സംസ്ക്കാരം / ചരിത്രം / ഭാഷ / ഭക്ഷണം / വസ്ത്രം എല്ലാം ഈ യാത്രികയുടെ അന്വേഷണ സ്ഥലികളാണ്. യാത്രകൾ എഴുത്തിന്റെ ഏകാന്ത പഥങ്ങളിലും സാധ്യമാക്കുന്നു. വി ഫോർ വിയറ്റ്നാം (സാഹിത്യ പ്രസാധക സഹകരണ സംഘം), സോളോ മംഗോളിയ(ഡി.സി.ബുക്ക്സ്), നീലാകാശവും സൈപ്രസ്സുകളും എന്നിവയാണ് പ്രധാന കൃതികൾ. അപ്രതീക്ഷിത കണ്ടു മുട്ടലുകൾ,അസാധാരണ അനുഭവസന്ദർഭങ്ങൾ,സന്ദിഗ്ധതയുടെ അഭിമുഖങ്ങൾ എല്ലാം മിത്രയുടെ എഴുത്തിലുണ്ട്. വി ഫോർ വിയറ്റ്നാം എന്ന പുസ്തകത്തിന്റെ അവതാരികയിൽ ഒ കെ.ജോണി എഴുതുന്നു, "യാത്രികരായ മലയാളി സ്ത്രീകളുടെ അനുഭവാഖ്യാനങ്ങൾ വെറും വിവരണത്തിന്റെ ഉപരിപ്ലവതയിൽ നിന്നും മുക്തമാകുകയും സഞ്ചാര സാഹിത്യത്തെ നവീകരിക്കുകയും ചെയ്യുമെന്ന് തീർച്ച. പെണ്ണെഴുത്തിന്റെ ആദിശയിലേക്കുള്ള യാത്രയുടെ ഒരടയാളമായിട്ടാണ് ഈ പുതിയ പുസ്തകത്തേയും ഞാൻ കാണുന്നത്. ഒറ്റക്ക് യാത്ര പോകുന്ന സ്ത്രീയും അവളുടെ ഉൾവിലക്കുകളില്ലാത്ത എഴുത്തും സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെയാണ്."
മിത്ര സതീഷുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്
സോളോ യാത്രകളിലാണല്ലോ താൽപര്യം? ഇത്തരം യാത്രകൾ വിഭാവനം ചെയ്യുന്നതിന്റെ അടിസ്ഥാനം എന്താണ്?
സോളോ ആയിട്ടും, മകന്റെയൊപ്പവും വളരെ ചുരുക്കം സന്ദർഭങ്ങളിൽ സുഹൃത്തുക്കളോടൊത്തും യാത്ര ചെയ്യാറുണ്ട്. ഓരോന്നും വ്യത്യസ്തമായ അനുഭവവും, സന്തോഷവുമാണ് നൽകുന്നത്. എന്നിരുന്നാലും ഒറ്റയ്ക്കുള്ള യാത്രകളാണ് ഇഷ്ടം. യാത്രാപദ്ധതി സ്വന്തമായിട്ടാണ് തയ്യാറാക്കുന്നത്. യാത്രക്കിടയില്‍ പല പ്രതിബന്ധങ്ങളും നേരിടേണ്ടി വരാറുണ്ട്. മറ്റൊരാള്‍ ഒപ്പമുള്ളപ്പോൾ കൂട്ടുത്തരവാദിത്വത്തിലായിരിക്കണം യാത്ര. എല്ലാ കാര്യങ്ങളിലും പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങൾകൂടി കണക്കിലെടുക്കണം. നമ്മുടെ ആഗ്രഹംപോലെ യാത്രചെയ്യാൻ പ്രയാസമാകും. മറ്റൊന്ന് ഒറ്റയ്ക്കുള്ള യാത്രകളിലാണ് അപ്രതീക്ഷിതമായി പല സ്ഥലങ്ങൾ സന്ദർശിക്കാനും ഒരുപാട് പുതിയ ആളുകളെ പരിചയപ്പെടാനും സാധിച്ചിട്ടുള്ളത്. അതുപോലെ, പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ ഏകാന്തയാത്രകള്‍ നല്‍കുന്ന സ്വാതന്ത്ര്യം വലുതാണ്.
ഈ ഏകാന്ത യാത്രകളിൽ, ഒരു യാത്രിക എന്നനിലയിൽ അനുഭവിക്കുന്ന ആഹ്ലാദം എന്താണ്?
ചില കാഴ്ച്ചകൾ തീവ്രമായി മനസ്സിനെ സ്പർശിക്കും. അത്തരം സന്ദർഭങ്ങളിൽ കാഴ്ച്ചകൾക്കു മുൻപിൽ സ്വയം അടിയറവുവെച്ച് അതിൽ ലയിച്ചുചേരാൻ ഞാനാഗ്രഹിക്കും. കെട്ടുപാടുകളില്ലാത്ത യാത്രകളാണ് ഏകാന്തയാത്ര. ഇഷ്ടപ്പെടുന്ന കാഴ്ചകൾ തിരഞ്ഞെടുക്കാനും ഇഷ്ടമുള്ളത്രനേരം അത് ആസ്വദിക്കാനുമുള്ള സ്വാതന്ത്ര്യം.

വിഭിന്ന രാജ്യങ്ങൾ, പ്രദേശങ്ങൾ — അവിടെ ഈ യാത്രികയുടെ പ്രധാന പരിഗണന എന്താണ്?
ഓരോ രാജ്യത്തിന്റെയും ചരിത്രപരവും സാംസ്‌ക്കാരികപരവുമായ സവിശേഷതകളെക്കുറിച്ച്ുള്ള ഏകദേശധാരണ യാത്രയ്ക്കു മുൻപുതന്നെ സ്വായത്തമാക്കാൻ ശ്രദ്ധിക്കാറുണ്ട്. യാത്രികൾ സ്ഥിരമായി സന്ദർശിക്കുന്ന ഇടങ്ങളോടൊപ്പം തന്നെ സാമൂഹികജീവിതവും ഗ്രാമങ്ങളിലെ കാഴ്ച്ചകളും ഗോത്രസംസ്‌ക്കാരവുമൊക്കെ കണ്ടറിയാൻ ശ്രദ്ധിക്കാറുണ്ട്. തനത് രുചികളും കലകളും ആസ്വദിക്കാൻ ശ്രമിക്കും.
യാത്രകൾ കാഴ്ചകൾക്ക് വേണ്ടി മാത്രമല്ല, കാഴ്ചപാടുകൾക്ക്കൂടിയുള്ളതാണെന്ന് എഴുതിയിട്ടുണ്ടല്ലോ? കാഴ്ചകളിൽനിന്നും കാഴ്ചപാടുകളിലേക്ക് എത്തുന്നത് എങ്ങനെയാണ് ?
ജീവിതത്തിനോടുള്ള പല കാഴ്ചപ്പാടുകളും മാറ്റിയെടുക്കാൻ യാത്ര സഹായിച്ചിട്ടുണ്ട്. ജീവിതത്തിൽ നമ്മൾ പ്രാധാന്യം കല്പ്പിക്കുന്ന പലതും തീർത്തും നിസ്സാരമാണെന്ന് യാത്രാനുഭവങ്ങൾ വെളിപ്പെടുത്തിത്തരും. ചില കാഴ്ചകൾ, ചിലരുടെ വാക്കുകൾ നമ്മളെ ഏറെ ചിന്തിപ്പിക്കും. ലഡാക്കിലെ ഗ്രാമത്തിൽ വെച്ച് ഒരു വൃദ്ധനെ പരിചയപ്പെട്ടു. സംസാരിച്ചിരിക്കുന്നതിനിടയിൽ അദ്ദേഹത്തോട് സ്വന്തമായി വീടുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി 'എന്തിനാണ് എന്തെങ്കിലും ഒരു സാധനം സ്വന്തമായി വേണമെന്ന് കരുതുന്നത്’ എന്നായിരുന്നു. നമ്മൾ പ്രപഞ്ചത്തിന്റെ ചെറിയ ഭാഗമാണ്. ഉടമസ്ഥാവകാശമില്ല, സംരക്ഷണാവകാശം മാത്രമേ നമുക്കുള്ളൂ.
കാഴ്ചകൾക്കു പിന്നിൽ നമ്മൾ കണ്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത പലതുമുണ്ട്. റുവാണ്ടയിൽ വംശഹത്യ നടന്ന സ്ഥലങ്ങളിൽ കൂടി സഞ്ചരിക്കുകയും, അത് അനുഭവിച്ച ആളുകളുമായി സംവദിക്കുകയും ചെയ്തപ്പോൾ സമാധാനപൂര്‍ണ്ണമായ സാമൂഹികവ്യവസ്ഥ ജീവിതപുരോഗതിക്ക് എത്ര അത്യന്താപേക്ഷിതമാണ് എന്ന് തോന്നിയിട്ടുണ്ട്. എത്യോപ്യയിൽ വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിക്കപ്പെട്ട് വെള്ളത്തിനും ഭക്ഷണത്തിനുമായി അലയുന്ന കുട്ടികളും പുരുഷന്മാർ സ്ത്രീകളെ ചമ്മട്ടി കൊണ്ടടിക്കുന്ന കാഴ്ചകളും നൊമ്പരപ്പെടുത്തി. മാറ് മറയ്ക്കാതെ നടന്നിരുന്ന സ്ത്രീകൾ വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ദുരാചാരങ്ങളെ ഓർമ്മിപ്പിച്ചു.
ജീവിതത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളും നമ്മുടെ വീക്ഷണങ്ങളും തമ്മിലുള്ള പൊരുത്തങ്ങളും പൊരുത്തക്കേടുകളും മനനം ചെയ്യുമ്പോൾ സ്വന്തം കാഴ്ച്ചപ്പാടുകളിൽ പരിവർത്തനം സംഭവിക്കുകയും കൂടുതൽ സ്വതന്ത്രമായ ചിന്തകളിലേക്കെത്തുകയും ചെയ്യുന്നു.
സംസ്‌ക്കാരം/മനുഷ്യൻ/പ്രകൃതി യാത്രികയ്ക്ക് കടന്നുപോകാൻ എളുപ്പം ഏതാണ്?
ഓരോ ദേശത്തെയും മനുഷ്യസമൂഹത്തിന്റെ സാമൂഹ്യജീവിതത്തെ കാലങ്ങൾകൊണ്ട് പരുവപ്പെടുത്തിയതിന്റെ പിന്നിലെ ചാലകശക്തിയായിരിക്കും ആ നാടിന്റെ സംസ്‌ക്കാരം. ജീവിതത്തിനോടും പ്രകൃതിയോടുമുള്ള അവരുടെ കാഴ്ച്ചപ്പാടുകളെ ഗ്രഹിക്കാൻ തികച്ചും വ്യത്യസ്തമായ സാംസ്‌ക്കാരികാന്തരീക്ഷത്തിൽനിന്നും വരുന്ന ഒരാൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഒരു സംസ്‌ക്കാരത്തെ മനസിലാക്കാൻ അവിടുത്തെ രാഷ്ട്രീയം, മതം, ഭാഷ, ആഘോഷങ്ങള്‍, ആനന്ദങ്ങൾ, ദുഃഖങ്ങൾ, അടിസ്ഥാനപ്രശ്‌നങ്ങൾ തുടങ്ങിയവയിൽക്കൂടി കടന്നുപോകണം. അത് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് പരിചയപ്പെടാൻ സാധിക്കില്ല. പ്രകൃതിയും മനുഷ്യനും തമ്മിൽ ഇഴചേർന്ന് നിലനിൽക്കുന്നതുകൊണ്ട് പ്രകൃതിയെ ആസ്വദിക്കുവാൻ സാധിക്കാറുണ്ട്. അതിന് ദേശങ്ങളോ സംസ്‌ക്കാരങ്ങളോ വിഘാതം സൃഷ്ടിക്കാറില്ല. മരുഭൂമികളും അനന്തമായ സാഗരങ്ങളും നീലാകാശവും ഗിരിനിരകളുമൊക്കെ വിസ്മയക്കാഴ്ച്ചകൾ ഒളിപ്പിച്ചുവെച്ച് മാടിവിളിക്കുന്നതായിട്ടാണ് എനിക്കെന്നും അനുഭവപ്പെടാറുള്ളത്.
യാത്ര എഴുത്ത് ഒരു ആവിഷ്‌ക്കാരമായി മാറിയത് എങ്ങനെയാണ്?
ആദ്യ കാലങ്ങളിൽ യാത്രകളെ വളരെ ലാഘവത്തോടെയാണ് കണ്ടിരുന്നത്. ആവിഷ്‌ക്കരിക്കണം എന്നുള്ള ചിന്തയെ ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിൽ സഞ്ചാരഗ്രൂപ്പുകളിൽ സജീവമായിരുന്നു. പുതിയ മനുഷ്യരെയും, പുതിയ സംസ്‌കാരങ്ങളെയും പരിചയപ്പെട്ടപ്പോൾ യാത്രയ്ക്ക് അതിന്റേതായ സവിശേഷതയുണ്ടെന്നു തിരിച്ചറിഞ്ഞു. കാഴ്ച്ചപ്പാടുകളിൽ മാറ്റങ്ങൾ വന്നുതുടങ്ങി. അങ്ങനെ ചെറിയ കുറിപ്പുകളിൽ അനുഭവങ്ങളെ പങ്കുവെക്കാൻ ആരംഭിച്ചു. എഴുത്തിന് ലഭിച്ച സ്വീകാര്യതയും പ്രോത്സാഹനവും കൂടുതൽ എഴുതാനുള്ള പ്രചോദനം നൽകി. യാത്രകളെയും കാഴ്ച്ചകളെയും സ്‌നേഹിക്കുന്നവരിലേക്ക് കൂടുതൽ എത്തണമെന്ന് അതോടെ തീരുമാനിച്ചു.
കാഴ്ചകൾ എഴുത്തായി തീരുമ്പോൾ അനുഭവങ്ങളുടെ തീക്ഷ്ണത സൂക്ഷിക്കാൻ കഴിയുന്നുണ്ടോ
യാത്രയും എഴുത്തുമായുള്ള ബന്ധം വളരെ സങ്കീർണമാണ്. ചില അനുഭവങ്ങളുടെ തീവ്രത എഴുത്തിലേക്ക് പകർത്താൻ ബുദ്ധിമുട്ടാണ്. മനുഷ്യന്റെ ചില ധർമ്മസങ്കടങ്ങൾ, ചില സാമൂഹിക പ്രശനങ്ങൾ, അതുപോലെ ചില പ്രകൃതിദുശ്യങ്ങൾ — ഇതൊക്കെ വിവരിക്കാൻ വാക്കുകൾക്ക് പരിമിതിയുണ്ട്. അതിന്റെ മറുവശമെന്തെന്നാൽ യാത്രയിൽ ഗൗരവമായി കാണാത്ത പലതും പിന്നീട് പുനർവിചിന്തനം ചെയ്യുമ്പോൾ ശക്തമായ ഭാഷയിൽ അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. ചില കാര്യങ്ങളിലെ നർമ്മം ബോധ്യംവരുന്നത് അതിനെപ്പറ്റി എഴുതാനിരിക്കുമ്പോഴാണ്.
വിയറ്റ്‌നാം യാത്ര/അതിന്റെ ആവിഷ്‌ക്കാരം. അത് കഴിയുമ്പോൾ മനസ്സിൽ അവശേഷിച്ചത് എന്താണ്?
രാഷ്ട്രീയമായ മുൻവിധികൾ ഒന്നുമില്ലാതെയാണ് വിയറ്റ്‌നാമിലേക്ക് പോയത്. അത് ഒരു രീതിയിൽ നന്നായി. കാരണം അവിടത്തെ സാധാരണ ജനങ്ങളുമായി ഇടപെട്ടപ്പോൾ ജനങ്ങൾ അവരുടെ ഗതകാല പോരാട്ടങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ഒന്നും കൊണ്ടുനടക്കുന്നതായി തോന്നിയില്ല. യാത്രയിൽ അവശേഷിച്ചത് കഠിനാധ്വാനികളായ അവിടത്തെ മനുഷ്യരുടെ സ്‌നേഹവും കരുതലുമാണ്.
യാത്ര എഴുത്തിൽ നേരിടുന്ന പ്രതിസന്ധി എന്താണ്? ഭാഷ / ഭാവന /ആ വിഷ്‌കാരം?
യാത്ര കഴിഞ്ഞെത്തുമ്പോൾ ഒരു പിടി ഓർമകളും, ചിത്രങ്ങളും, ഡയറിക്കുറിപ്പുകളും ബാക്കിയാകും. ഇതെല്ലാം എഴുത്തിന്റെ പല കണ്ണികളാണ്. ഈ കണ്ണികൾ യോജിപ്പിച്ചു, ഒരു നാടിനെപ്പറ്റി സമഗ്രമായ അവബോധം വായനക്കാര്‍ക്ക് നല്കാൻ എഴുത്തിൽ ശ്രമിക്കാറുണ്ട്. എന്റെ എഴുത്തിലുടനീളം സ്വന്തമായ ഒരു ഭാഷാശൈലി നിലനിർത്താനും ശ്രദ്ധിക്കാറുണ്ട്. ഞാൻ കണ്ട കാഴ്ച്ചകളെ അതേ അനുഭൂതിയോടെ വായനക്കാരും മനസ്സിലാക്കണം എന്നാണ് ഞാനാഗ്രഹിക്കുന്നത്.
പുതിയ പുസ്തകം സോളോ മംഗോളിയ ആണല്ലോ? മംഗോളിയ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
ചെങ്കിസ് ഖാന്റെ നാട് എന്നനിലയിൽ ചെറുപ്പം മുതലേ മംഗോളിയ പരിചിതമാണ്. അവിടത്തെ മനുഷ്യരുടെ സ്വാതന്ത്ര്യബോധം വല്ലാതെ ആകർഷിച്ചിട്ടുണ്ട്. അവരുടെ ജീവിതരീതി നേരിൽ കാണണമെന്നത് ഏറെ കാലമായി ആഗ്രഹിച്ച ഒന്നാണ്. ഒരു പ്രതിസന്ധി ഘട്ടത്തിലാണ് സർക്കാർ ജോലിയിൽനിന്ന് നീണ്ട അവധിയിൽ പ്രവേശിച്ചത്. വല്ലാത്ത മാനസിക സംഘർഷത്തിന്റെ കാലഘട്ടമായിരുന്നു. സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളുള്ള മംഗോളിയയിലേക്കുള്ള ഏകാന്തയാത്ര എന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് തോന്നി. അത് വളരെ ശരിയാണെന്ന് യാത്ര എന്നെ ബോധ്യപ്പെടുത്തി.
യാത്രയും ജീവിതവും, ജീവിതവും യാത്രയും. ആത്മസംഘർഷത്തിന്റെ സന്ദർഭങ്ങൾ എങ്ങനെ നേരിടുന്നു?
യാത്രയും ജീവിതവും വേറിട്ട് കാണുമ്പോഴാണ് സംഘർഷത്തിന് ഇട വരുന്നത്. യാത്രയിലുള്ള ജീവിതവും, ജീവിതത്തിലുള്ള യാത്രയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അത് കൊണ്ടാണല്ലോ പലപ്പോഴും ‘ജീവിതയാത്ര’ എന്ന് ജീവിതത്തെ വിശേഷിപ്പിക്കുന്നത്. യാത്രയിൽ കിട്ടുന്ന ഊർജം ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ ഉപകരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ പുതിയ നാടുകൾ തേടിപ്പോകാൻ ഊർജം പകരുന്നു.
അടുത്ത ഏകാന്തയാത്ര ലക്ഷ്യം എന്താണ്?
കുട്ടിക്കാലത്തു വായിച്ചതിൽ ഇഷ്ടപ്പെട്ട നോവലാണ് അലക്‌സ് ഹെയ്ലിയുടെ 'റൂട്‌സ്' . കുന്റ കിന്റെ എന്ന അടിമയുടെ കഥയാണ് ഇതിവൃത്തം. ഈ ഇടയ്ക്കാണ് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയ എന്ന രാജ്യത്ത് അദ്ദേഹത്തിന്റെ പേരിലൊരു ദ്വീപുണ്ടെന്ന് മനസിലാക്കിയത്. അവിടന്നായിരുന്നത്രെ അദ്ദേഹത്തെ അടിമകച്ചവടക്കാർ അമേരിക്കയിലേക്ക് കൊണ്ടുപോയത്. പടിഞ്ഞാറൻ ആഫ്രിക്ക ആയിരുന്നു അടിമ കച്ചവടത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്ന്. ആ ഭാഗങ്ങളിലെ രാജ്യങ്ങളിൽ അതിന്റെ പല ശേഷിപ്പുകളുമുണ്ടെന്ന് കേട്ടപ്പോൾ അത് കാണാനായി തീരുമാനിച്ചു. സെനഗൽ, ഗാംബിയ, ഘാന, ബെനിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് പദ്ധതി.