
കുട്ടികൃഷ്ണ മാരാർ, ജോസഫ് മുണ്ടശ്ശേരി, കുറ്റിപ്പുഴ കൃഷ്‌ണപിള്ള, സുയകുമാർ അഴീക്കോട്, എം ലീലാവതി, കെ പി അപ്പൻ എന്നിവരെപോലെ സർഗാത്മക രചനകളെ വിലയിരുത്തുകയും പുതിയ പ്രവണതകളെ കർക്കശമായ മൂല്യവിചാരത്തിന് വിധേയമാക്കുകയും ചെയ്യാൻ ആരുണ്ട് ഇന്ന്? വി സി ശ്രീജൻ, വി രാജകൃഷ്ണൻ, ബി രാജീവൻ, പി കെ രാജശേഖരൻ തുടങ്ങി ഒരു കാലത്ത് നിശിത നിരീക്ഷണങ്ങള്കൊണ്ട് ശ്രദ്ധേയരായ വിമർശകർ ഇന്ന് സജീവമല്ല. എന്തുപറ്റി നമ്മുടെ വിമര്ശന സാഹിത്യത്തിന്?
ഇന്ന് മലയാളത്തെ സംബന്ധിച്ചിടത്തോളം സാഹിത്യവിമര്ശനം ഒരു ഭൂതകാല സ്മൃതിമാത്രമാണ്. ഒരുകാലത്ത് മലയാള സാഹിത്യത്തിൽ അതികായന്മാരായി വിരാജിച്ചിരുന്ന വിമര്ശകര്ക്ക് ഇന്ന് പിന്മുറക്കാറില്ല. കുട്ടിക്ക്ര്ഷ്ണമാരാർ, ജോസഫ് മുണ്ടശ്ശേരി, കുറ്റിപ്പുഴ കൃഷ്‌ണപിള്ള, സുയകുമാർ അഴീക്കോട്, എം ലീലാവതി, കെ പി അപ്പൻ എന്നിവരെപോലെ സർഗാത്മക രചനകളെ വിലയിരുത്തുകയും പുതിയ പ്രവണതകളെ കർക്കശമായ മൂല്യവിചാരത്തിന് വിധേയമാക്കുകയും ചെയ്യാൻ ആരുണ്ട് ഇന്ന്? വി സി ശ്രീജൻ, വി രാജകൃഷ്ണൻ, ബി രാജീവൻ, പി കെ രാജശേഖരൻ തുടങ്ങി ഒരു കാലത്ത് നിശിത നിരീക്ഷണങ്ങള്കൊണ്ട് ശ്രദ്ധേയരായ വിമർശകർ ഇന്ന് സജീവമല്ല. എന്തുപറ്റി നമ്മുടെ വിമര്ശന സാഹിത്യത്തിന്?
സാഹിത്യകമ്പോളത്തിലെ വിലയില്ലാത്ത നാണയമായാണ് ഇന്ന് വിമര്ശനം കരുതപ്പെടുന്നത്. സഹിഷ്ണുത വറ്റിവരണ്ടുപോയ ഇക്കാലത്ത് ആർക്കും വിമര്ശനം സഹനീയമല്ല. ആനുകാലികങ്ങളിൽ വിമര്സകസാന്നിദ്ധ്യമില്ല. ഏറ്റവും ശ്രദ്ധേയമായ ഒരു പംക്തിയായിരുന്നു മാതൃഭൂമി വാരികയിലെ 'വളരുന്ന സാഹിത്യം' എന്ന പുസ്തകനിരൂപണ പംക്തി. ഒരു പുസ്തകമിറങ്ങിയാൽ അതിനെപ്പറ്റി നിരൂപകൻ എന്തുപറയുന്നു എന്നാണ് വായനക്കാർ ആദ്യം നോക്കുക.മാറ്റ് സാഹിത്യ പ്രസിദ്ധീകരണങ്ങളിലും സമാനമായ പുസ്തകനിരൂപണ പംക്തികൾ ഉണ്ടായിരുന്നു. പുസ്തകരൂപത്തിലാകുന്നതിനുമുമ്പുതന്നെ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രചനകളെ തൽക്ഷണം തന്നെ തകല്ലുകയോ തലോടുകയോ ചെയ്യുന്ന എം കൃഷ്ണൻ നായരുടെ 'സാഹിത്യവാരഫലം' എന്ന നിരൂപണ പംക്തി (അത് ആദ്യം മലയാളനാട് വരികയിലും തുടർന്ന് ഏറെക്കാലം കലാകൗമുദി വാരികയിലെ പിന്നീട് മലയാളം വാരികയിലെ പതിവായി പ്രസിദ്ധീകരിച്ചുവ ന്നു} വൻ ജനപ്രീതി നേടിയിരുന്നു. എന്നാൽ ഇന്നോ?
ഒരു പുസ്തകം പ്രസിദ്ധീകരിച്ചാൽ അതിനെ നിക്ഷ്പക്ഷമായി നിരൂപണം ചെയ്യുന്ന പംക്തികളൊന്നും ഇന്ന് ആനുകാലികങ്ങളിൽ ഇല്ല. പുസ്തകത്തോടൊപ്പം തന്നെ അവതാരികയോ പഠനമോ ആയി പ്രശംസാകുറിപ്പുകൾ പുറത്തിറങ്ങും.
ഗ്രനഥകർത്താവിനെ സംബന്ധിച്ചിടത്തോളം 'പൊള്ളുന്ന' വിമർശനങ്ങൾ പുറത്തുവന്നിരുന്നപ്പോഴും അതൊന്നും ആരും വ്യക്തിപരമായ വിമർശനങ്ങളാണ് കരുതിയിരുന്നില്ല. മലയാളത്തിലെ ഏറ്റവും രൂക്ഷമായ വിമർശനമായിരുന്നു സുകുമാർ അഴീക്കോടിന്റെ 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെട്ടുന്നു.' മഹാകവി ജി യുടെ കവിതകൾ തികഞ്ഞ അനുകരണങ്ങളാണെന്ന് തെളിവുകൾ സഹിതം വാദിക്കുകയാണ് ആ കൃതിയിൽ അഴീക്കോട്. അതിൽ അല്പം വാസ്തവമുണ്ടായിരുന്നുന്നെങ്കിലും അതൊന്നും ജി യുടെ പ്രസക്തിയെയും പ്രശസ്തിയെയും ബാധിച്ചില്ല. അതിനൊക്കെ ശേഷമാണ് അദ്ദേഹം ജ്ഞാനപീഠ പുരസ്കാരം നേടിയത്. ആ പുസ്തകത്തിനുശേഷവും സുകുമാർ ജി യെ മഹാകവി എന്നുതന്നെ വിശേഷിപ്പിച്ചിരുന്നു. 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെട്ടുന്നു' എഴുതിയതുകൊണ്ട് തങ്ങൾക്കിടയിലുള്ള സ്നേഹബന്ധത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് അഴീക്കോട് എന്നോട് ഒരിക്കൽ പറയുകയുണ്ടായി. ആ പുസ്തകം പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുശേഷം അഴീക്കോടിന് ശങ്കരക്കുറുപ്പിന്റെ കാണേണ്ടതായി വന്നു. ഒരു വൈകുന്നേരം അദ്ദേഹം പ്രത്യേകിച്ചോന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തോടെ അദ്ദേഹം കവിയുടെ വസതിയായ ഭദ്രാലയത്തിലേക്ക് കയറിച്ചെന്നു. കവി വൈകുന്നേരത്തെ ചായ കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഗേറ്റുകടന്ന് അഴീക്കോട് വരുന്നതുകണ്ടതും അദ്ദേഹം സന്തോഷത്തോടെ ചാടിയെണീറ്റു. എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു, " സുഭദ്രേ, സുകുമാരൻ വന്നിരിക്കുന്നു. സുകുമാരനും ചായയും ദോശയും എടുത്തോളൂ." സൽക്കാരത്തിനുശേഷം ദീർഘമായ സൗഹൃദസംഭാഷണത്തിനുശേഷമാണ് അന്ന് അഴീക്കോട് അവിടെനിന്നും മടങ്ങിയത്. അതായത് വിമര്ശനം വേറെ, വ്യക്തിബന്ധം വേറെ.
ഞാൻ ഇന്ത്യാടുഡേയിൽ ജോലി ചെയ്തിരുന്നകാലത്തെ ചില സംഭവങ്ങൾ ഓർമ്മവരുന്നു. അക്കാലത്ത് പുറത്തിറങ്ങിയ ഓ എൻ വി യുടെ 'ഉജ്ജയിനി'എന്ന കാവ്യത്തെ രൂക്ഷമായി വിമർശിക്കുന്ന ഒരു നിരൂപണം വാരികയിലെ പ്രസിദ്ധീകരിച്ചു. തികച്ചും വസ്തുനിഷ്ടഹമായ ആ വിമര്ശനം എഴുതിയത് വി രാജകൃഷ്ണൻ. ഓ എൻ വിയുടെ വ്യക്തിപ്രഭാവം കണക്കിലെടുത്താൽ മലയാളത്തിൽ ഒരു പ്രധാനപ്രസിദ്ധീകരണത്തിലും അങ്ങനെ ഒന്ന് പ്രസിദ്ധീകരിക്കുകയില്ല. എല്ലാവര്ക്കും അത് 'മഹാശ്ചര്യം' ആയിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം തിരുവനന്തപുരത്ത് ചെന്നപ്പോൾ ഞാൻ ഓൺ വിയെ ഫോണിൽ വിളിച്ച് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം വീട്ടിലേക്ക് വിളിച്ചു. ചെന്നപ്പോൾ അദ്ദേഹം ആ വിമര്ശനം കണ്ടതായിപ്പോലും ഭാവിച്ചില്ല. ദീർഘനേരം ഞങ്ങൾ സംസാരിച്ചിരുന്നു. അതിനടുത്ത കാലത്തുതന്നെയാണ് എം ടിയുടെ 'വാരണാസി' എന്ന നോവൽ പുറത്തറങ്ങിയത്. അത് അത്ര നല്ല ഒരു കൃതിയായി തോന്നിയില്ല. അന്നത്തെ പല യുവ നിരൂപകരമായി സംസാരിച്ചപ്പോൾ അവരും അതിനെ വിമര്ശിച്ചാണ് സംസാരിച്ചത്. എന്നാൽ ആ അഭിപ്രായം വിശദീകരിക്കുന്ന ഒരു നിരൂപണം എഴുതാൻ പറഞ്ഞപ്പോൾ അവരെല്ലാം വിസമ്മതിച്ചു. ഒടുവിൽ ഞാൻ തന്നെയാണ് ഒരു ചെറിയ വിമര്ശനക്കുറിപ്പ് എഴുതിയത്. ഏതാനും ദിവസങ്ങൾക്കുശേഷം ഞാൻ കോഴിക്കോട് പോയപ്പോൾ എം ടിയെ കാണാൻ ഒരുങ്ങിയപ്പോൾ എം ടിയുടെ നല്ല അടുപ്പമുള്ള എന്റെ ഒരു യുവ സുഹൃത്ത് ആ വിമര്ശനക്കുറിപ്പിന്റെ പേരിൽ എന്നെ നിരുത്സാഹപ്പെടുത്തി. അത് വകവെക്കാതെ ഞാൻ എം ടി യെപോയി കാണുകതന്നെ ചെയ്തു. അദ്ദേഹം ഒരുപക്ഷെ, ആ കുറിപ്പ് കണ്ടിരിക്കാമെങ്കിലും അതൊന്നും അദ്ദേഹം ഓര്മിക്കുന്നതുതന്നെയില്ലെന്നാണ് തോന്നിയത്. എം ടി മാതൃഭൂമിവാരികയുടെ പത്രാധിപരായിരിക്കെയാണ് എം ടി യുടെ കാലം, ഒ വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസം എന്നിവയെക്കുറിച്ചുള്ള നിർമൽകുമാറിന്റെ നിരൂപണം വാരികയിൽ വന്നത്. കാലത്തേക്കാൾ ഖസാക്കിന്റെ ഇതിഹാസത്തെ ഉയർത്തിക്കാട്ടുന്ന ആ നിരൂപണം പ്രസിദ്ധീകരിക്കാൻ എം ടിക്ക് ഒരു മടിയുമുണ്ടായില്ല. അത്തരം പത്രാധിപന്മാർ ഇന്നെവിടെ?
എന്നാൽ ഇന്ത്യാടുഡേയിൽത്തന്നെ ഒരു പ്രമുഖ എഴുത്തുകാരന്റെ പുസ്തകത്തെ വിമർശിക്കുന്ന നിരൂപണം പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹം രോഷാകുലനായി എന്നെയും അത് എഴുതിയ നിരൂപകനെയും ചീത്തവിളിച്ചു. കാലം മാറുന്നതിന്റെ സൂചനയായിരുന്നു അത്.
നിരൂപണം അനുകൂലമായാലും പ്രതികൂലമായാലും അതിനെ ഒരേ മനസ്സോടെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. ഒരിക്കൽ സാറാജോസഫ് എന്നോട് പറഞ്ഞു. " എന്റെ കഥകളെപ്പറ്റി കെ പി അപ്പൻ എന്തുപറയുന്നു എന്നറിയാൻ താല്പര്യമുണ്ട്, അത് അനുകൂലമായാലും പ്രതികൂലമായാലും. ദാസ് ഇടക്കൊക്കെ അദ്ദേഹത്തെ കാണാറുള്ളതല്ലേ, ചോദിച്ചുനോക്കൂ." പിന്നീടൊരിക്കൽ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ സാറാടീച്ചർ പറഞ്ഞ കാര്യം സൂചിപ്പിച്ചു. വളരെ മതിപ്പോടെയാണ് അദ്ദേഹം അവരുടെ കഥകളെപ്പറ്റി സംസാരിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ശ്രദ്ധ പുതിയ എഴുത്തിന്റെ പൊതുസ്വഭാവത്തെക്കുറിച്ചായിരുന്നു. " അപാരമ്പര്യത്തിന്റെ ഉർജ്ജപ്രവാഹം " എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. ആ പുതിയ എഴുത്തിന്റെ ജനിതകരഹസ്യങ്ങളിലായിരുന്നു അദ്ദേഹം തന്റെ വിമര്ശനങ്ങളിലൂടെ തേടിയത്.
വിമര്ശകരായിരുന്നു ഒരു കാലത്ത് സാഹിത്യ നായകന്മാർ. സാഹിത്യ സമ്മേളനങ്ങളിൽ അവർ എന്ത് പറയുന്നു എന്ന് ജനം കാതോർത്തു. കോഴിക്കോട്ട് കോളേജിൽ പഠിക്കുന്ന കാലത്ത് നഗരത്തിൽ പതിവായിരുന്നു സാഹിത്യസമ്മേളനങ്ങൾ ഓർത്തുപോകുന്നു. എൻ വി കൃഷ്ണവാരിയർ, സുകുമാർ അഴീക്കോട്, എ പി പി നമ്പൂതിരി, കരിമ്പുഴ രാമകൃഷ്ണൻ, എം ആർ ചന്ദ്രശേഖരൻ, സി പി ശ്രീധരൻ തുടങ്ങി ഒട്ടേറെ വി മര്ശകര് നഗരത്തിലെ സാഹിത്യചർച്ചാവേദികളെ അലങ്കരിച്ചു. ഇ എം എസ്, പി ഗോവിന്ദപ്പിള്ള തുടങ്ങിയവർ മാർക്സിസ്ററ് വിമര്ശനത്തിന്റെ വാൾ വീശിയ സാഹിത്യ വേദികളും ഓർത്തുപോകുന്നു. പല വേദികളിലും വലിയ ആശയസംഘട്ടനങ്ങളുണ്ടായി. എന്റെ നാടായ പെരിന്തൽമണ്ണയിൽ നടന്ന ഒരു സാഹിത്യസമ്മേളനത്തിൽ . ഇ എം എസ് ചെറുകാടിനേയും എംടിയെയും താരതമ്യപ്പെടുത്തിക്കൊണ്ട് സംസാരിക്കവെ, ചെറുകാടാണ് എം ടിയെക്കാൾ എന്ന സ്ഥാപിക്കാൻ ശ്രമിച്ചതും തുടർന്ന് കുഞ്ഞുണ്ണി മാഷ് അതിനെ എതിർത്ത് സംസാരിച്ചതും ഓർത്തുപോകുന്നു.
ആശയസംഘട്ടനങ്ങളുടെ തീ പാറുന്ന സാഹിത്യ ചർച്ചാവേദികൾ ഇന്ന് അപൂർവമാണ്. ചെറിയ വിമര്ശനമോ വിയോജിപ്പോ പോലും ഇന്ന് അസഹനീയമാണ്, മിക്കവർക്കും. തൂമ്പയെ തൂമ്പയെന്നുതന്നെ വിളിക്കണമെന്നതുപോലെ നല്ലതിനെ നല്ലതെന്നും ചീത്തയെ ചീത്തയെന്നും വിളിക്കുകതന്നെ വേണ്ടേ എന്ന് സുഹൃത്തായ ഒരു നിരൂപകനോട് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു : ഇത് ബഹുസ്വരതയുടെ കാലാമാണ് ; എല്ലാം അങ്ങനെ കണ്ടാൽ മതി!