
(2026 മെയ് പത്തിന് നടത്തിയ മലയാളം സൊസൈറ്റി സൂം മീറ്റിംഗിൽ അവതരിപ്പിച്ച കവിത )
ആദത്തെ സൃഷ്‌ടിച്ച ശേഷവുമാസ്വരം
ഭൂതലം തന്നിലലഞ്ഞു നടന്നുപോൽ
മന്നിടമെങ്ങും ചരിക്കുന്ന ശബ്‌ദത്തെ
കണ്ടു മുളങ്കാടു ദുഖിതനായത്രേ
ഇല്ലിവനങ്ങളാ നാദത്തെ മോദാലെ
തങ്ങടെ ഹൃദയത്തിൽ കുടിയിരുത്തി
ഇല്ലിതൻ കാണ്ഡത്തെ ചെത്തിയെടുത്തതിൽ
ഇല്ലികളിട്ടതി ശോഭയേകി നരർ
മർത്ത്യാധരം ചേർത്തുക്തി തൻ താരകൾ
സംഗീതധാരയായ് വളർന്നു പടർന്നു
ഗാനപ്രവാഹത്തിൽ നീരാടി കന്യകൾ
ആനന്ദ നർത്തനച്ചുവടുകൾ വച്ചു
മാനവാധരം ഈശ്വരനാശ്ലേഷിക്കേ
മുരളിക മാന്ത്രിക ദണ്ഡായി മാറി
അനാദിയാകിയ ലാസ്യ പരബ്രഹ്മം
തന്നെ ദീപ്തിയേകും നാദി നാദബ്രഹ്മം