
സൂര്യയുടെ മാസ്സ് എന്റർടൈനർ ‘കറുപ്പ്’ തിയേറ്ററുകളിൽ നിറഞ്ഞാടുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ തമിഴ്നാട്ടിലും കേരളത്തിലുമടക്കം വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. സൂര്യയുടെ കരിയറിലെ മികച്ച തിരിച്ചുവരവുകളിൽ ഒന്നായി ഇതിനകം തന്നെ ആരാധകർ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു.
സാക്നിൽകിന്റെ റിപ്പോർട്ടുകൾ പ്രകാരം, റിലീസ് ദിനത്തിൽ വൻ കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 15.50 കോടി രൂപയും, ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 18 കോടി രൂപയുമാണ്. ബുക്ക് മൈ ഷോ വഴി മാത്രം ആദ്യദിനം 7 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ആദ്യദിനം ലഭിച്ച ഗംഭീര പ്രതികരണം രണ്ടാം ദിനത്തിലെ ബുക്കിംഗിലും പ്രതിഫലിക്കുന്നുണ്ട്. അർധരാത്രി വരെയുള്ള കണക്കുകൾ പ്രകാരം രണ്ടാം ദിനത്തിലെ അഡ്വാൻസ് ബുക്കിംഗ് മാത്രം 6.93 കോടി പിന്നിട്ടു കഴിഞ്ഞു.
സാമ്പത്തിക പ്രതിസന്ധികൾ കാരണം മെയ് 14-ന് തീരുമാനിച്ചിരുന്ന പ്രദർശനം റദ്ദാക്കിയത് ആരാധകരെ നിരാശയിലാക്കിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾക്ക് അനുമതി നൽകിയിരുന്നെങ്കിലും അവസാന നിമിഷം പ്രദർശനം മുടങ്ങുകയായിരുന്നു. എന്നാൽ ഇന്ന് ചിത്രം തീയേറ്ററുകളിലെത്തിയതോടെ ആ പഴയ നിരാശയെല്ലാം സൂര്യ ആരാധകർ ആഘോഷമാക്കി മാറ്റി. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു എന്നതാണ് ‘കറുപ്പിന്റെ’ ഏറ്റവും വലിയ ആകർഷണം. ഇരുവരുടെയും വേറിട്ട മേക്കോവറിനും മികച്ച പ്രകടനത്തിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. മലയാള താരം ഇന്ദ്രൻസ്, അനഘ, സ്വാസിക, ശിവദ എന്നിവരും പ്രധാന വേഷങ്ങളിൽ തിളങ്ങുന്നു