
മാതൃദിനത്തില്‍ നടി സരിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ കഴിഞ്ഞ 30 വര്‍ഷമായി താന്‍ പിന്നിട്ട വഴികളെ കുറിച്ചാണ് സരിത കുറിച്ചത്. തന്റെ മുന്‍ ഭര്‍ത്താവും നടനും മുന്‍ എംഎല്‍എയുമായ മുകേഷിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സരിതയുടെ കുറിപ്പ്.
തന്റെ രണ്ട് മക്കള്‍ക്കൊപ്പം ജീവിതം അനുഭവിച്ചറിയാന്‍ അവസരം നല്‍കിയതിന് മക്കളുടെ അച്ഛനോട് നന്ദിയുണ്ടെന്നും ഓരോ ദിവസവും മക്കളുടെ മുഖം കാണുന്നത് തന്റെ ജീവിതത്തിലെ വലിയ പ്രചോദനമാണെന്നും സരിത കുറിച്ചു. വിവാഹബന്ധം വേര്‍പിരിഞ്ഞില്ലായിരുന്നെങ്കില്‍ താന്‍ ഇത്രത്തോളം ആത്മവിശ്വാസമുള്ള സ്ത്രീയാകുമായിരുന്നില്ലെന്നും മക്കള്‍ക്കൊപ്പം വളര്‍ന്നപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും സരിത വ്യക്തമാക്കി.
ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ഹൃദയം നിറഞ്ഞ മാതൃദിനശാംസകള്‍. ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ ഏറ്റവും കരുത്തയായ ഒരു അമ്മമയായി ഞാന്‍ എന്നെത്തന്നെ ആഘോഷിക്കാന്‍ തുടങ്ങിയിട്ട്മുപ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. എന്റെ രണ്ട് മക്കള്‍ക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാന്‍ അവസരം നല്‍കിയ അവരുടെ അച്ഛനോട് ഞാന്‍ നന്ദി പറയുന്നു.
അവര്‍ക്കൊപ്പം വളരുമ്പോള്‍ ഒട്ടേറെ കാര്യങ്ങളാണ് ഞാന്‍ പഠിച്ചത്. ഇപ്പോഴും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു. ഞാനൊരു സിംഗിള്‍ മദര്‍ ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഇപ്പോഴും പഴയ ആ പാവം പെണ്‍കുട്ടിയായിരിക്കും. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെ മറികടക്കാന്‍ ദൈവം എനിക്ക് കരുത്ത് നല്‍കി. ഓരോ ദിവസവും എന്റെ മക്കളുടെ മുഖം കാണുന്നതാണ് ജീവിക്കാനുള്ള പ്രചോദനം. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്. ഇന്ന് എനിക്ക് മനോഹരമായ സന്ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കും നന്ദി. എല്ലാവരേയും സ്നേഹിക്കുന്നു.'