Image

മാമാ...എനിക്ക് ഫുള്‍ എ പ്ലസ്'; മിന്നല്‍ മുരളിയിലെ ജോസ് മോന് മിന്നുംവിജയം

Published on 16 May, 2026
മാമാ...എനിക്ക് ഫുള്‍ എ പ്ലസ്'; മിന്നല്‍ മുരളിയിലെ ജോസ് മോന് മിന്നുംവിജയം

 

ചളവറ(പാലക്കാട്): ''മാമാ...എനിക്ക് ഫുള്‍ എ പ്ലസ്''- സിനിമയിലായിരുന്നെങ്കില്‍ 'ജോസ്മോന്‍' മിന്നല്‍ മുരളിയായ ജെയ്സണോട് ഇങ്ങനെ പറഞ്ഞേനെ. സിനിമയുടെ തിരക്കൊന്നും 'ജോസ് മോന്‍' എന്ന വസിഷ്ഠിനെ ബാധിച്ചില്ല. എസ്.എസ്.എല്‍.സി. പരീക്ഷാഫലം വന്നപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് ബാലതാരം വസിഷ്ഠ്.

ചെന്നൈയില്‍ തമിഴ് സിനിമയായ 'സൂപ്പര്‍ഹീറോ'യുടെ ചിത്രീകരണത്തിനിടയിലാണ് വസിഷ്ഠ് എസ്.എസ്.എല്‍.സി. ഫലം അറിയുന്നത്. പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന വസിഷ്ഠ് മൂന്നുമാസത്തോളമായി ഈ സിനിമയുടെ ചിത്രീകരണത്തിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ ചിത്രീകരണം നിര്‍ത്തിവെച്ച് സിനിമയുടെ സംഘാടകര്‍ സമയം നല്‍കുകയായിരുന്നു. മോഡല്‍ പരീക്ഷപോലും എഴുതാനായിട്ടില്ല.

വാണിയംകുളം ടി.ആര്‍.കെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകനാണ് അച്ഛന്‍ ചളവറ കയിലിയാട് ശ്രേണികയില്‍ ഉമേഷ്. അതേ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം 
അധ്യാപികയാണ് അമ്മ ജ്യോതി. ഇരുവരുടെയും പരിശീലനംകൂടി ആയതോടെയാണ് വസിഷ്ഠിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായത്. പുതിയ സ്‌കൂളില്‍ പ്ലസ് വണ്‍ പഠനം തുടങ്ങുന്നതിനൊപ്പം സെപ്റ്റംബറില്‍ തന്റെ പുതിയ തമിഴ് സിനിമയും പുറത്തിറങ്ങുമെന്ന സന്തോഷത്തിലാണ് വസിഷ്ഠ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക