
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പറ്റില്‍ വ്യത്യസ്തയായി ഇന്ത്യയില്‍ നിന്നുള്ള കലാകാരി ആര്‍തി ഖേതര്‍പാല്‍. ഫാഷന്‍ എന്നതിലുപരി തന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചാണ് ആര്‍തി റെഡ് കാര്‍പറ്റിലെത്തിയത്. വെസ്റ്റേണ്‍, ഫ്യൂഷന്‍ ഔട്ട്ഫിറ്റുകള്‍ക്ക് പകരം വൃന്ദാവനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ലെഹങ്കയാണ് അവര്‍ ധരിച്ചത്.
വൃന്ദാവനം വരച്ചുചേര്‍ത്ത ഈ മസ്റ്റാര്‍ഡ് യെല്ലോ ലെഹങ്ക ഡിസൈന്‍ ചെയ്തത് സുലക്ഷണ മോംഗയാണ്. അതിനൊപ്പം നിറയെ എംബ്രോയ്ഡറി വര്‍ക്ക് ചെയ്ത ചോളിയും ദുപ്പട്ടയും ധരിച്ചു. ശ്രീകൃഷ്ണന്റെ ഭക്തയായതിനാല്‍ ഒരു കൃഷ്ണ ബാഗും പോക്കറ്റ് സൈസ് ഭഗവത് ഗീതയും അവരുടെ കൈയിലുണ്ടായിരുന്നു. തുളസി കാന്തി മാലയും അവര്‍ അണിഞ്ഞിരുന്നു. ഗ്രീന്‍ മീനാകാരി നെക്ളേസും സ്റ്റേറ്റ്മെന്റ് ഇയര്‍റിങ്ങുമാണ് ആഭരണമായി അണിഞ്ഞത്. ബോള്‍ഡ് റെഡ് ലിപ്സ്റ്റിക്കും പിങ്ക് ഐഷാഡോയും ചേര്‍ന്നതോടെ അവരുടെ ലുക്ക് പൂര്‍ണമായി.
2026 ലെ ഗ്രാമി നോമിനേഷന്‍ ലഭിച്ച 'സൗണ്ട്സ് ഓഫ് കുംഭ' എന്ന ആല്‍ബത്തില്‍ ഇടം നേടിയ വൃന്ദാവനില്‍ നിന്നുള്ള കലാകാരിയാണ് ആര്‍തി. റെഡ് കാര്‍പറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 'ദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു. കൃഷ്ണാ...നീ എനിക്ക് സമ്മാനിക്കുന്ന ഓരോ വേദിയും
നിന്നെ സത്യസന്ധതയോടെ സേവിക്കാനുള്ള ഉത്തരവാദിത്തമാണ്. ദൈവമേ..ഞാന്‍ എല്ലാത്തിനും നിന്നോട് കടപ്പെട്ടിരിക്കുന്നു. കാരണം നീയാണ് എന്റെ എല്ലാം...'-അവര്‍ കുറിച്ചു.