Image

എന്റെ പ്രിയപ്പെട്ടവളർത്തുമൃഗം (ബഷീർ മുളിവയൽ)

Published on 16 May, 2026
എന്റെ പ്രിയപ്പെട്ടവളർത്തുമൃഗം (ബഷീർ മുളിവയൽ)

അരുമയായി കൂട്ടിലിട്ട് വളർത്തും 
മൃഗത്തെ പോലെ ഞാനെന്നിലിട്ട് വളർത്തുന്നുണ്ടൊരേകാന്തതയെ!

കൂട്ടിനാളുള്ളപ്പോൾ കുരക്കുകയോ,
മുരളുകയോ ചെയ്യില്ലെങ്കിലും 
ഒറ്റക്കാകുമ്പോൾ വന്നവനെന്നെ തൊട്ടുണർത്തും

സങ്കടങ്ങളിൽ തലോടി കണ്ണീർ ചുരത്തും 
മുറിവുകളിൽ തൊട്ട് നോവിപ്പിക്കും 
സ്വപ്നങ്ങളെ കടിച്ചു കുടഞ്ഞ്  അനുഭവിച്ചിട്ടില്ലാത്ത  രുചികളിൽ നക്കി ചുണ്ട് നുണയും 
മറവിയിൽ നിന്ന് ഓർമയുടെ ശലഭങ്ങളെ പറത്തി അതിനെ തൊടാൻ ചാടിക്കളിക്കും

ആൾക്കൂട്ടങ്ങളിലും , ആരവങ്ങളിലും എന്നെ പൊതിയുന്ന നിഴൽ 
അവനോട് കൂടാനുള്ള കൊതി

എന്റെ മോഹങ്ങൾക്ക് ചായം തൂവി വിസ്മയിപ്പിച്ചും 
എന്റെ കവിതയുടെ മുരടിൽ മാന്തി മുളപ്പിച്ചും 
അരുമയായി എന്നിൽ മേയുന്നുണ്ടേപ്പോഴുമവൻ

അവന്റെ കുസൃതികളിൽ മതി മറന്നിരിക്കുന്നതിൻ സുഖം 
ഒറ്റക്കാവാൻ എനിക്കുള്ള പ്രേരണ
കുഞ്ചിരോമങ്ങളിൽ തഴുകി വാത്സല്യത്തോടെ അവനെ ചേർത്ത് പിടിക്കുമ്പോളനുഭവിക്കുന്ന സ്നേഹമൂർച്ചയിൽ അഭിരമിക്കാനുള്ള കൊതി 
എന്റെ ക്ഷീണം

എല്ലാവരാലും ഉപേക്ഷിക്കപ്പെടുമ്പോൾ എനിക്ക് കാവൽ കിടക്കാനുണ്ടാകുന്നവനെ എന്ന് ചേർത്തുമ്മവെക്കുന്നുണ്ട് 
അരികിൽ ആരുമില്ലാത്തപ്പോഴൊക്കെ ഞാനെന്റെ പ്രിയപ്പെട്ട ഏകാന്തതയെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക