Image

പ്രസിഡന്റ് വെറും റബ്ബർ സ്റ്റാമ്പ്: ‘അമ്മ’യ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ടിനി ടോം

Published on 15 May, 2026
 പ്രസിഡന്റ് വെറും റബ്ബർ സ്റ്റാമ്പ്: ‘അമ്മ’യ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ടിനി ടോം

മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭാരവാഹികൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. സംഘടനയിൽ വ്യാപകമായ അധികാരദുർവിനിയോഗം നടക്കുന്നുണ്ടെന്നും നിലവിലെ പ്രസിഡന്റ് വെറും ‘സ്റ്റാമ്പ്’ മാത്രമായി മാറിയിരിക്കുകയാണെന്നും എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ടിനി ടോം ആരോപിച്ചു. ഭരണപരമായ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തവരുടെ ഇടപെടലുകളാണ് സംഘടനയെ പുതിയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സംഘടനയുടെ ട്രഷറർ ഉണ്ണി ശിവപാൽ പരിധിവിട്ട് ഭരണപരമായ കാര്യങ്ങളിൽ ഇടപെടുന്നുവെന്നാണ് പ്രധാന വിമർശനം. ട്രഷററുടെ ഉത്തരവാദിത്തങ്ങൾ എന്താണെന്ന് അദ്ദേഹത്തിന് ബോധ്യമില്ലെന്ന് കുറ്റപ്പെടുത്തിയ ടിനി ടോം, സംഘടനയിലെ ജീവനക്കാരി നൽകിയ തൊഴിൽ പീഡനപരാതിയിൽ ട്രഷറർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഈ സംഭവത്തെത്തുടർന്ന് ട്രഷററോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നിർദേശിച്ചിട്ടുണ്ട്.

സംഘടനയുടെ ബൈലോ പ്രകാരം ജനറൽ സെക്രട്ടറിക്കാണ് പൂർണ്ണ അധികാരം നൽകിയിരിക്കുന്നത്. എന്നാൽ ഈ അധികാരം ദുരുപയോഗം ചെയ്യപ്പെടുകയാണ്. മുൻപ് ഇടവേള ബാബു ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ചെറിയ കാര്യങ്ങൾ പോലും കമ്മിറ്റിയെ അറിയിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ പല തീരുമാനങ്ങളും ഏകപക്ഷീയമായാണ് കൈക്കൊള്ളുന്നത്. പ്രസിഡന്റിന് പോലും പല തീരുമാനങ്ങളിലും പങ്കില്ലാത്ത അവസ്ഥയാണെന്നും പ്രസിഡന്റ് ഒരു സ്റ്റാമ്പായി മാറിയെന്നും ടിനി ടോം പരിഹസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക