Image

പാട്ട് പാടിപ്പാടി തേഞ്ഞു തേഞ്ഞു പോകുമ്പോള്‍ … (ചലച്ചിത്രസംഗീതം: എസ് രാജേന്ദ്ര ബാബു)

Published on 15 May, 2026
പാട്ട് പാടിപ്പാടി തേഞ്ഞു തേഞ്ഞു പോകുമ്പോള്‍ … (ചലച്ചിത്രസംഗീതം: എസ് രാജേന്ദ്ര ബാബു)

ഗാനങ്ങളുടെ പുനരാവിഷ്കാര സ്വാതന്ത്ര്യം എവിടെ വരെയാകാം ?

 

സാങ്കേതിക വളർച്ചയുടെ പിൻബലത്തോടെ സംഗീതമേഖല പലവിധ പരിവർത്തനങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. ട്രാക്ക് സമ്പ്രദായമായിരുന്നു എടുത്തു പറയാവുന്ന ആദ്യത്തെ മാറ്റം ഗായകരുടെ അസാന്നിദ്ധ്യത്തിൽ പകരക്കാരെ വച്ച് റെക്കോഡ് ചെയ്യുകയും പിന്നീട് ഗായകരുടെ ശബ്ദം വിളക്കിച്ചേർക്കുകയും ചെയ്യുന്ന രീതി. തുടർന്ന് വാദ്യോപകരണങ്ങളും ഇത്തരത്തിൽ വിളക്കിച്ചേർക്കാമെന്നായി. വാദ്യോപകരണങ്ങൾ ഒന്നൊന്നായും ഗായകർ ഒരു പാട്ട് മുഴുവനായി പാടാതെ ഓരോ വരി മാത്രമായും റെക്കോഡ് ചെയ്യാവുന്ന വിധത്തിൽ സാങ്കേതിക സൗകര്യം വീണ്ടും വളർന്നു. വാദ്യകലാകാരന്മാരും ഗായകരും സംഗീതസംവിധായകന്റെ മേൽനോട്ടത്തിൽ സ്റ്റുഡിയോ യിൽ ഒന്നിച്ചിരുന്നു റെക്കോഡ് ചെയ്തിരുന്ന കാലം അങ്ങനെ ചരിത്രമായി. ഗാനങ്ങളുടെ ജീവനും തുടിപ്പും അതോടെ നഷ്ടമായി. സ്റ്റുഡിയോകളിൽ മാത്രമല്ല, സംഗീത വേദിക ളിലും പരിഷ്കാരങ്ങളുമായി. മൈനസ് ട്രാക്കും പ്ലസ് ട്രാക്കും രംഗത്ത് സജീവമായി. ഓർക്കസ്ട്ര മുൻകുട്ടി റെക്കോഡ് ചെയ്തിട്ട് അതിനനുസരിച്ച് ഗായകർ പാടുന്ന രീതിയാണ് മൈനസ് ട്രാക്ക്. ഓർക്കസ്ട്രയുടെയും ഗായകരുടെയും ശബ്ദം റെക്കോഡ് ചെയ്ത് വേദിയിൽ കേൾപ്പിക്കുകയും അതിനൊപ്പം ഗായകരും വാദ്യകലാകാരന്മാരും അഭിനയിക്കുകയും ചെയ്യുന്ന രീതിയാണ് പ്ലസ് ട്രാക്ക്. മുൻകൂട്ടി റെക്കോഡ് ചെയ്ത സംഗീതത്തിനനുസരിച്ച് ഇവർ ഇങ്ങനെ മെയ് മറന്ന് അഭിനയിക്കുമ്പോൾ മുന്നിൽ തടിച്ചുകൂടിയ സദസ്സ് "കഥയറി യാതെ ആട്ടം കാണുന്നു'. മുൻനിര സംഗീത സംവിധായകരും പിന്നണി ഗായകരും വാദ്യ കലാകാരന്മാരും തങ്ങളുടെ ആരാധകരെ ഇങ്ങനെ സമർത്ഥമായി കബളിപ്പിച്ചുവരുന്നു. ചാനലുകൾ അവതരിപ്പിക്കുന്ന സംഗീത പരിപാടികളിലും സ്ഥിതി വ്യത്യസ്തമല്ല.

അടുത്തകാലത്തായി പ്രബലമായിക്കൊണ്ടിരിക്കുന്ന മറ്റൊരു പരിവർത്തനമാണ് "കവർ വെർഷൻ'. ആസ്വാദകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗാനങ്ങൾ തെരഞ്ഞെടുത്ത് ഈണത്തിലും വാദ്യസംഗീതത്തിലും വ്യതിയാനം വരുത്തി യഥേഷ്ടം പുനരാവി ഷ്കരിക്കുന്നതാണ് ഈ രീതി. ഈണത്തിൽ വ്യതിയാനമില്ലാതെയും പുനരാവിഷ്കാരം നടക്കുന്നു. പരിഷ്കരിച്ച് റെക്കോഡ് ചെയ്യുന്ന ഗാനങ്ങൾ യൂ ട്യൂബിൽ അപ് ലോഡ് ചെയ്യുന്നതോടെ അവ കാലാകാലമായി നിലനിൽക്കും. ആർക്കു വേണമെങ്കിലും ഇങ്ങനെ ചെയ്യാം. മികവോ മേന്മയോ നിയന്ത്രിക്കാൻ ആരുമില്ല. പാടാനുള്ള കഴിവല്ല, ആഗ്രഹം മാത്രമാണ് ആവശ്യമുള്ളത്. ഇത്തരത്തിൽ ഒരേ ഗാനം പലരുടെ ശബ്ദത്തിലൂടെ യൂ ട്യൂബിൽ നിറയുമ്പോൾ കാലാന്തരത്തിൽ യഥാർത്ഥഗാനം അപ്രസക്തമാവുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്നു. ഉദാഹരണത്തിന് "കണികാണും നേരം കമലനേത്രന്റെ...' എന്ന ഗാനം യൂ ട്യൂബിൽ അന്വേഷിച്ചാൽ വിവിധ ഗായകർ പാടിയതാകും തെളിഞ്ഞുവരിക. യഥാർത്ഥത്തിൽ പാടിയ പി ലീലയുടെ ശബ്ദം പ്രത്യക്ഷപ്പെട്ടാലായി; കണ്ടില്ലെന്നും വരാം. ഈ ഗാനം പി ലീലയാണ് പാടിയിട്ടുള്ളതെന്ന യാഥാർത്ഥ്യം പുതുതലമുറയിലെ എത്രപേർക്കറിയാം. ജാനകിയമ്മ പാടിയ "സൂര്യകാന്തീ...' എന്ന ഗാനം അന്വേഷിച്ചാലും മറ്റുപലരും പാടിയതാകും ആദ്യം തെളിയുക. "പ്രമദവനം വീണ്ടും..', 'ചെമ്പകത്തൈകൾ പൂത്ത...' ഇങ്ങനെ എത്രയെത്ര പാട്ടുകൾ! പ്രഗത്ഭരായ സംഗീത സംവിധായകർ മികച്ച ഗായകരെ വച്ച് ആലേഖനം ചെയ്ത മികവുറ്റ ഗാനങ്ങളുടെ നിലനിൽപ് തന്നെ അതോടെ ഇല്ലാതാകുന്നു.

ഇന്നത്തെ പ്രശസ്തരായ ഗായകരും സംഗീത സംവിധായകരും വരെ കവർ വെർഷന്റെ മറവിൽ പഴയ ഗാനങ്ങൾ പരിഷ്കരിച്ച് അവതരിപ്പിക്കുന്നു. സംവിധായകനും കഥാകൃത്തും ഗാനരചയിതാവും സംഗീത സംവിധായകനും കൂടിച്ചേർന്നിരുന്ന് പലവട്ടം ചർച്ച ചെയ്ത് സന്ദർഭോചിതമായി മെനഞ്ഞെടുക്കുന്ന ഗാനങ്ങൾ ആലേഖനം ചെയ്യപ്പെട്ടു കഴി ഞ്ഞാൽ അത് "റെക്കോഡ്' എന്നാണ് പിന്നീട് അറിയപ്പെടുന്നത്. ആധികാരിക രേഖ എന്നു വ്യക്തം. യാതൊരു തിരുത്തലും പുനരാവിഷ്കാരവും അതിന്മേൽ പാടില്ലെന്നു ചുരുക്കം.


പ്രസിദ്ധീകൃതങ്ങളായ സാഹിത്യകൃതികൾ - കഥയോ നോവലോ കവിതയോ ഗാനമോ എന്തുമാകട്ടെ, അത് പിൽക്കാലത്ത് തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പരിഷ്കരിക്കാനോ ഭേദ ഗതി വരുത്താനോ മറ്റാർക്കും അവകാശമില്ല. പകർപ്പവകാശ നിയമം അതനുവദിക്കുന്നില്ല. എംടിയുടെയും ടി പത്മനാഭന്റെയും രചനകളിലോ വയലാറിന്റെയും ഭാസ്കരൻ മാസ്റ്ററു ടെയും ഗാനങ്ങളിലോ ഒരു വാക്കെങ്കിലും മാറ്റാൻ ആരെങ്കിലും ധൈര്യപ്പെടുമോ? പിന്നെ

എന്താണ് ഗാനങ്ങൾക്കു മേൽ മാത്രം ഈ കടന്നുകയറ്റം ?സംഗീത സംവിധായകർ നൽകിയ ഈണം അവരുടെ സർഗസൃഷ്ടിയാണ്. അതിൽ സ്വന്തം ഇഷ്ടാനുസരണം മാറ്റം വരുത്താൻ മറ്റുള്ളവർക്ക് എന്തവകാശമാണുള്ളത്. നിയമത്തിന്റെ ഏതെങ്കിലും പഴുതുകൾ തുണയ്ക്കെ ത്തിയാലും ധാർമ്മികമായി അതു പാടില്ലല്ലോ. സ്വന്തം സർഗശക്തി പ്രകടിപ്പിക്കാൻ സ്വതന്ത ഗാനങ്ങൾ എഴുതി സംഗീതം നൽകി അവതരിപ്പിക്കുകയാണ് വേണ്ടത്. മറ്റൊരാളുടെ സൃഷ്ടി യിൽ തന്നിഷ്ടം കാട്ടുന്നതിന് യാതൊരുവിധ നീതീകരണവുമില്ല.

ഗാനങ്ങളെ ഇത്തരത്തിൽ അംഗവിഛേദം ചെയ്ത് വികലമാക്കുമ്പോൾ വേദനയും അമർഷവും ഉള്ളിലൊതുക്കുന്ന വലിയൊരു വിഭാഗം ആസ്വാദകർ സമൂഹത്തിൽ ഉണ്ടെന്നത് വിസ്മരിക്കരുത്. പ്രശസ്ത ഗാനങ്ങളെടുത്ത് വികലമാക്കുന്നതിനു പിന്നിലെ വാണിജ്യ രഹസ്യം വ്യക്തമാണ്. പ്രശസ്ത ഗാനത്തിൽ ഭാവനാവൈകല്യം ഉൾച്ചേർത്താലും ശ്രോതാക്കളുടെ ശ്രദ്ധ നേടാൻ എളുപ്പമാണല്ലോ. “സ്വന്തമായി ഗാനങ്ങൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ചാൽ ആസ്വാദകശ്രദ്ധ നേടാനാവാത്തതു കൊണ്ടാണ് പഴയ ഗാനങ്ങളെടുത്ത് പുതുമസൃഷ്ടിക്കാനുള്ള പാഴ്ശ്രമം നടക്കുന്നത്. ഇതു സ്വതന്ത്ര സൃഷ്ടിയിന്മേലുള്ള കടന്നു കയറ്റമാണ്; ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സാഹിത്യ രചനകളിൽ ഇങ്ങനെ മാറ്റം വരുത്താൻ ഇവർ ധൈര്യം കാണിക്കുമോ?” സംഗീത സംവിധായകൻ പ്രതാപ് സിംഗ് അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്. ഒരു ചാനൽ അഭിമുഖത്തിനിടയിൽ കവർ വെർഷനെ സംബന്ധിച്ച് സംഗീത സംവിധായകൻ വിദ്യാസാഗറിനോട് ചോദ്യം ഉയർന്നു - “കവർ വെർഷന്റെ ആവശ്യം എന്താണ്. ഒറിജിനൽ നിലവിൽ ഉണ്ടല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “അമ്പതോ അറുപതോ വർഷം പഴക്കമുണ്ടെന്നു വച്ച് സ്വന്തം മാതാപിതാക്കളെ പുതിയകാലത്തിനനുസരിച്ച് മാറ്റാൻ സാധിക്കുമോ? കവർ വെർഷന്റെ ആളുകൾ അതാണ് ചെയ്യുന്നത്. ഒരിക്കലും യോജിക്കാനാവാത്ത കുറ്റകൃത്യം,” സംഗീത സംവിധായകൻ വിദ്യാധരൻ മാസ് റ്റർ ധാർമ്മിക രോഷത്തോടെ പ്രതികരിക്കുന്നു.

ദശാബ്ദങ്ങൾക്ക് മുമ്പ് ഒരു ചാനൽ അവരുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത ഗാനങ്ങൾ മറ്റു ഗായകരെക്കൊണ്ട് റെക്കോഡ് ചെയ്ത് അവതരിപ്പിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. കാര്യങ്ങൾ പുരോഗമിക്കുമ്പോഴാണ് ഇത് ദേവരാജൻ മാസ്റ്ററുടെ ശ്രദ്ധയിൽ പെട്ടത്. ചാനലിന്റെ അധികാരികളെ വിളിച്ച് തന്റെ ശക്തിയായ പ്രതിഷേധം മാസ്റ്റർ അറിയിച്ചതോടെ ആ ഉദ്യമം ചാനൽ അധികൃതർ ഉപേക്ഷിച്ചു. ഗാനങ്ങളുടെ സ്രഷ്ടാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ അനുവാദമില്ലാതെയുള്ള ഇത്തരം പ്രവണതകളെയാണ് അദ്ദേഹം അന്ന് എതിർത്തത്. ഗാനങ്ങളുടെ മൗലികതയിൽ മാറ്റം വരുത്തി പുനരാവി ഷ്കരിക്കുന്ന രീതിയോട് ഗായിക ലതികയ്ക്ക് വിയോജിപ്പാണ്. ചലച്ചിത്ര ഗാനങ്ങൾ മാത്രമല്ല പ്രചുരപ്രചാരം നേടിയ നാടക ഗാനങ്ങളും ഇത്തരം രൂപമാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ടെന്ന് ലതിക ചൂണ്ടിക്കാട്ടുന്നു. “ഗ്രാമീണ സൗന്ദര്യവും ശാലീനതയും നിറഞ്ഞൊഴുകുന്ന “എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്' എന്ന ഗാനം (നീലക്കുയിൽ എന്ന ചിത്രത്തിൽ രാഘവൻ മാസ്റ്ററുടെ ഈണത്തിൽ ജാനമ്മ ഡേവിഡ് പാടിയത്) ഗോവൻ കടപ്പുറത്ത് ഷോട്ട്സും ടി ഷർട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് ഗിറ്റാർ വായിച്ചു പാടുന്ന തെരുവ് പാട്ടായി രൂപമാറ്റം ചെയ്യപ്പെടുമ്പോൾ നമ്മുടെ സംഗീത പൈതൃകത്തോട് ചെയ്യുന്ന കടുത്ത അപരാധമായി മാത്രമേ കാണാൻ കഴിയൂ. ദേവരാജൻ മാസ്റ്റർ ജീവിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്,” ലതിക വ്യക്തമാക്കുന്നു.


കവർ വെർഷൻ എന്ന പുനരാവിഷ്കാര പ്രക്രിയയോട് വിയോജിപ്പാണെങ്കിലും അപൂർവമായെങ്കിലും ചില പ്രതിഭകളെ കണ്ടെത്താൻ കവർ വെർഷനിലൂടെ കഴിയുന്നുണ്ടെന്നാണ് ഗായകനും സൗണ്ട് ഡിസൈനറുമായ ദിനേശ് (വൈശാലി) നിരീക്ഷിക്കുന്നത്. “പുതിയവർക്ക് മറ്റ് പ്ലാറ്റ്ഫോമുകൾ ലഭിക്കാതെ വരുമ്പോൾ അവസരങ്ങൾക്കായി അവർ പുതിയ വഴികൾ തേടുകയാണ്. പക്ഷെ ഗാനങ്ങളുടെ പൈതൃക മൂല്യങ്ങളെ അപചയപ്പെടുത്തിക്കൊണ്ടാകരുത് ഇത്തരം പരീക്ഷണങ്ങൾ, ദിനേശ് അഭിപ്രായപ്പെടുന്നു.

യാതൊരു രൂപമാറ്റവും വരുത്താതെ ഗാനമേളകളിൽ പാട്ടുകൾ അവതരിപ്പിച്ചാൽ പോലും റോയൽറ്റി ആവശ്യപ്പെടുന്ന സംഗീത സംവിധായകരുടെ കാലമാണ് ഇത്. ഗായകരുടെ സംഘടനയായ 'സമം' ഈയിടെ ഒരു ചാനലിൽ പരിപാടി അവതരിപ്പിച്ചതിന് സംഗീത സംവിധായകൻ ഇളയരാജ ചാനലിൽ നിന്ന് റോയൽറ്റി കൈപ്പറ്റിയത് ചർച്ചയായിരുന്നു. തന്റെ ഗാനങ്ങൾ വേദിയിൽ അവതരിപ്പിച്ചാൽ പ്രതിഫലം നൽകണമെന്നു കാണിച്ച് എസ് പി ബാലസുബ്രഹ്മണ്യത്തിന് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചതും സംഗീതാസ്വാദകർക്ക് മറക്കാനാവില്ല. (ഇളയരാജയുടെ പാട്ടുകൾ ഒഴിവാക്കി മറ്റു സംഗീത സംവിധായകരുടെ ഗാനങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് എസ്പിബി അതിനു മറുപടി നൽകിയത്. അത് പിന്നീട് ആസ്വാദകർക്കിടയിൽ ചൂടുപിടിച്ച ചർച്ചയായി. പാട്ടിന്റെ ഈണം മാത്രമാണ് സംഗീത സംവിധായകന് അവകാശപ്പെടാനുള്ളതെന്നിരിക്കെ ഗാനരചയിതാവിന്റെയും വാദ്യ കലാകാരന്മാരുടെയും സഹകരണത്തോടെ സ്റ്റുഡിയോയിൽ സൗണ്ട് എഞ്ചനീയറുടെ മേൽനോട്ടത്തിൽ പ്രഗത്ഭ ഗായകർ പാടുന്ന പാട്ടിന്റെ അവകാശം എങ്ങനെ സംഗീത സംവി ധായകന്റേതു മാത്രമാകും എന്ന നിരീക്ഷണമാണ് പൊതുവേ ഉയർന്നുവന്നത്. ഗാനങ്ങൾ രൂപമാറ്റങ്ങളൊന്നുമില്ലാതെ തന്നെ അവതരിപ്പിച്ചാൽ പോലും ഇതാണ് സ്ഥിതിയെന്നിരിക്കെ പ്രശസ്ത ഗാനങ്ങൾ തെരഞ്ഞെടുത്ത് ആലാപനത്തിലും വാദ്യസംഗീതത്തിലും മാറ്റങ്ങൾ വരുത്തി ഒറിജിനൽ ഗാനങ്ങളെ അപ്രസക്തമാക്കുന്നത് നിയമപരമായും ധാർമ്മികമായും എത്രത്തോളം ശരിയാണെന്ന് പരിശോധിക്കേ സമയം അതിക്രമിച്ചിരിക്കുന്നു.

സംഗീത സംവിധായകൻ രവീന്ദ്രൻ ചിട്ടപ്പെടുത്തിയ "ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...' എന്ന പാട്ട് ആദ്യഗാനമായി ഒരു ഗായകൻ വേദിയിൽ അവതരിപ്പിച്ചപ്പോൾ അതു വീണ്ടും പാടാൻ സദസ്സ് ആവശ്യപ്പെട്ടു. രണ്ടാമതും മൂന്നാമതും പാടിക്കഴിഞ്ഞപ്പോൾ അതുതന്നെ പാടാൻ ശ്രോതാക്കൾ നിർബന്ധിച്ചു പോലും. മറ്റു ഗാനങ്ങൾ ധാരാളം അവതരിപ്പിക്കാനുണ്ടെന്നും പരിപാടിക്കൊടുവിൽ ഈ ഗാനം ഒന്നുകൂടി പാടാമെന്നും പറ ഞ്ഞ ഗായകനോട് “അതു വേണ്ട ഈ ഗാനം തെറ്റുകൂടാതെ പാടിക്കഴിഞ്ഞു മതി അടുത്ത ഗാനം” എന്ന് ശ്രോതാക്കൾ ഒന്നടങ്കം ആർത്തുവിളിച്ചത്രെ! എവിടെപ്പോയി മലയാളിയുടെ ഈ തിരിച്ചറിവും ആസ്വാദനശേഷിയും?
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക