
വിഖ്യാത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ എടുത്ത സി.അച്യുതമേനോന്റെ ഫോട്ടോഗ്രാഫുകളെ അവതരിപ്പിക്കുന്ന ഒരു പംക്തി തുടങ്ങുകയാണ്-അച്യുതം. ഫോട്ടോഗ്രാഫുകളുടെ പശ്ചാത്തലം, അച്യുതമേനോന്റെ വ്യക്തിത്വം, രാഷ്ട്രീയമുഹൂർത്തങ്ങൾ എന്നിവയെക്കുറിച്ച് മാങ്ങാട് രത്‌നാകരൻ എഴുതുന്ന കുറിപ്പുകളും രാജന്റെ ഫോട്ടോഗ്രാഫുകളുമാണ് ഉള്ളടക്കം. അച്യുതമേനോൻ തനിച്ചും നേതാക്കൾക്കും ജനങ്ങൾക്കുമിടയിലുള്ള ഫോട്ടോകൾ ഒരു ചരിത്രകാലഘട്ടത്തെ വിളിച്ചുണർത്തുന്നവയാണ്.
കേരളത്തിലെ ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ വിശേഷപ്പെട്ട ഒരു പേരാണ് പുനലൂർ രാജൻ (1939-2020). ഫോട്ടോഗ്രാഫർ മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ ഫോട്ടോ ചരിത്രകാരൻ കൂടിയാണ് അദ്ദേഹം. വൈക്കം മുഹമ്മദ് ബഷീറിന്റെ ഫോട്ടോഗ്രാഫറായാണ് പൊതുവേ 'സാഹിത്യസമൂഹ'മായ മലയാളികൾക്ക് പുനലൂർ രാജനെ കൂടുതൽ പരിചയം. ബഷീറാണെങ്കിൽ, ''ഫോട്ടോ എടുത്തെടുത്താണ് എന്റെ മുഖം തേഞ്ഞുപോയത്,'' എന്ന് രാജനെക്കുറിച്ച് പ്രത്യേകം സൂചിപ്പിക്കാതെ തമാശ പറഞ്ഞിട്ടുമുണ്ട്. അതെ, രാജൻ തന്നെയാകുന്നു ആ സൗന്ദര്യഹന്താവ്! ബഷീറിന്റെ പതിനായിരത്തിലേറെ ഫോട്ടോകളാണ് രാജൻ എടുത്തിട്ടുള്ളത്!
രാജന്റെ രചനാസാകല്യം വിവിധവും വിപുലവുമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, വിഖ്യാതരായ മലയാള സാഹിത്യകാരന്മാർ, രാഷ്ട്രീയ-സാംസ്‌കാരികരംഗങ്ങളിലെ മുഹൂർത്തങ്ങൾ, ചലച്ചിത്രരംഗം, പ്രകൃതി, പക്ഷികൾ-അങ്ങനെ പരന്നുകിടക്കുന്നു ആ രചനാപ്രപഞ്ചം. മോസ്‌കോയിലെ അതിപ്രശസ്തമായ ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ (VGIK) ചലച്ചിത്രഛായാഗ്രഹണം പഠിച്ച രാജൻ, ഫോട്ടോകൾ ചരിത്രരേഖകളാണെന്ന പാഠം ഉൾക്കൊള്ളുകയും തന്റെ ഫോട്ടോഗ്രാഫുകളും 16 mm-ൽ ഉള്ള ചലനചിത്രങ്ങളും സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു. ജീവിതസായാഹ്നത്തിൽ അദ്ദേഹം അവ എനിക്കു കൈമാറി. അതിനുശേഷം വിശേഷിച്ചും അദ്ദേഹത്തിന്റെ ഫോട്ടോഗ്രഫുകളുടെ വിശേഷങ്ങൾ ആസ്വാദർക്കു പരിചയപ്പെടുത്താനായി ഞാൻ ഉത്സാഹിച്ചുപോരുന്നു. അദ്ദേഹം എന്നിൽ അർപ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും മറ്റെങ്ങനെയാണു കൃതജ്ഞത രേഖപ്പെടുത്തേണ്ടത്?
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ രാജൻ ഫോട്ടോഗ്രാഫുകളിൽ പൂർണ്ണചന്ദ്ര ജോഷി എന്ന പി.സി.ജോഷിയുടെ (1907-1980) ഫോട്ടോ (എന്നെ ഏല്പിച്ച ശേഖരത്തിൽ) ഒന്നുമാത്രമേയുള്ളൂ. സി.അച്യുതമേനോനോടൊപ്പമുള്ള ഫോട്ടോയിൽ മാത്രമാണ് ജോഷിയുടെ സാന്നിധ്യമുള്ളത്.
ഒരല്പം ചരിത്രത്തിലേക്കു കടന്നുചെല്ലാം. 1920 ഒക്‌ടോബർ 7-ന് താഷ്‌കെന്റിൽ വച്ചാണ് എം.എൻ.റോയിയുടെ നേതൃത്വത്തിൽ ഏഴ് അംഗങ്ങൾ (എം.എൻ.റോയ്, ഇവ്‌ലിൻ ട്രെന്റ്-റോയ്, അബാനി മുഖർജി, റോസ ഫിറ്റിൽഗോവ്, മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ്, ആചാര്യ) ചേർന്നാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകരിക്കുന്നത്. 1925 ഡിസംബർ അവസാനന്തരത്തിൽ കാൺപൂർ കമ്യൂണിസ്റ്റ് പാർട്ടി കോൺഫറൻസിലാണ് ഇന്ത്യൻ മണ്ണിൽ (ബ്രിട്ടീഷ് ഇന്ത്യ) കമ്യൂണിസ്റ്റ് പാർട്ടി പിറവികൊള്ളുന്നത്.

ഫോട്ടോഗ്രാഫർ പുനലൂർ രാജൻ
1928-ഒക്‌ടോബറിൽ മീററ്റിൽ നടന്ന ഉത്തർപ്രദേശിലെ വർക്കേർസ് ആൻഡ് പെസന്റ് പാർട്ടി (ഡബ്ല്യൂ.പി.പി.) സമ്മേളനത്തിൽ വച്ചാണ്, പി.സി.ജോഷി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയായി നിയമിതനാവുന്നത്. 1935-ൽ, ഇരുപത്തിയെട്ടാം വയസ്സിൽ ജോഷി ജനറൽ സെക്രട്ടറിയായി. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ ജനറൽ സെക്രട്ടറി. ജോഷി സെക്രട്ടറിയായിരുന്ന കാലയളവിൽ (1935-1948) പാർട്ടിയുടെ അംഗസംഖ്യ 50-ൽ നിന്ന് 90,000 ആവുകയും ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രമുഖസ്ഥാനം കൈവരിക്കുകയും ചെയ്തു.
രാഷ്ട്രീയരംഗത്തെന്നപോലെ സാംസ്‌കാരികരംഗത്തും ജോഷി മുന്നണിപ്പടയാളിയായിരുന്നു. സമൂഹനിർമ്മിതിയിൽ കലാകാരന്മാരുടെയും എഴുത്തുകാരുടെയും ഗായകരുടെയും ബുദ്ധിജീവികളുടെയും പങ്കിനെക്കുറിച്ച് ഇത്രയേറെ ജാഗ്രത പുലർത്തിയ മറ്റൊരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവ് ഇല്ലെന്നുതന്നെ പറയാം. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ (IPTA) രൂപീകരണത്തിൽ ജോഷി മുഖ്യചാലകശക്തിയായിരുന്നു. 1948-ൽ 'മിതവാദ' സമീപനത്തിന്റെ പേരിൽ അദ്ദേഹത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. 1949-ൽ പാർട്ടിയിൽ നിന്നു പുറത്താക്കുകയും രണ്ടു വർഷത്തിനുശേഷം തിരിച്ചെടുക്കുകയും ചെയ്തു. 1964-ൽ പാർട്ടി പിളർന്നപ്പോൾ, ജോഷി സി.പി.ഐയോടൊപ്പം നിലകൊണ്ടു. എസ്.എ.ഡാങ്കേ ബ്രിട്ടീഷ് സർക്കാരിനെഴുതിയ കത്തുകൾ പുറത്തുവിട്ട് പാർട്ടിയിലെ 'തീവ്ര'വിഭാഗം പിളർപ്പിന്റെ വക്കിലേക്കു നീങ്ങിയപ്പോൾ, ഡാങ്കേ ചെയർമാൻ സ്ഥാനം സ്വമേധയാ രാജിവച്ച് യഥാർത്ഥമായ പ്രത്യയശാസ്ത്ര പോരാട്ടത്തിനു വഴിയൊരുക്കണമെന്നായിരുന്നു ജോഷിയുടെ നിലപാട്. ഡാങ്കേ ചെവിക്കൊണ്ടില്ല. ഫലം: പാർട്ടി പിളർന്നു. തന്റെ സ്വകാര്യക്കുറിപ്പുകളിൽ ജോഷി എഴുതി: ''ഒരു ജീവിതകാലം കൊണ്ട് നമ്മൾ കെട്ടിപ്പടുത്തതെല്ലാം, നാല്പതുവർഷത്തെ സംഘടിതശ്രമങ്ങളെല്ലാം, ബോധപൂർവമല്ലാതെതന്നെ നാം തന്നെ നശിപ്പിക്കുകയാണെന്ന അറിവിൽ പിളർപ്പ് എന്റെ ആഴത്തിൽ മഥിച്ചു; എന്റെ ഹൃദയം തകർന്നു.''
പി.സി.ജോഷി പലതവണ കേരളത്തിൽ വന്നിട്ടുണ്ട്. 1943-ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കയ്യൂർ സമരസഖാക്കളെ സന്ദർശിക്കുകയും തുടർന്ന് പി.കൃഷ്ണപിള്ളയോടൊപ്പം കയ്യൂരിൽ സഖാക്കളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ചെയ്തു. ആ അനുഭവങ്ങളെക്കുറിച്ച് ഉള്ളുലയ്ക്കുന്ന വിധത്തിൽ ജോഷി പീപ്പിൾസ് വാറിൽ (1943 ഏപ്രിൽ 11) എഴുതുകയും ചെയ്തു.

മാങ്ങാട് രത്‌നാകരൻ
1956-ൽ പാർട്ടിയുടെ നാലാം കോൺഗ്രസ്സിൽ പങ്കുകൊള്ളാൻ പാലക്കാട്ടെത്തിയപ്പോൾ, ജോഷി കേരളത്തിലെ കലാകാരന്മാരെയും എഴുത്തുകാരെയും കാണാനും സംസാരിക്കാനുമായി ഏറെ സമയം ചെലവഴിച്ചു. പ്രത്യേകം ക്ഷണിച്ചതനുസരിച്ച് ജോഷിയെ ചെന്നുകണ്ട വൈക്കം ചന്ദ്രശേഖരൻ നായർ ജോഷിയുടെ ജ്ഞാനതൃഷ്ണയെക്കുറിച്ചും കലാ-സാഹിത്യ-സംഗീതമേഖലകളിലുള്ള താല്പര്യത്തെക്കുറിച്ചും ആത്മകഥയിൽ (അനുഭവങ്ങളെ നന്ദി, ചിന്ത പബ്ലിഷേഴ്‌സ്, 2019) എഴുതിയിട്ടുണ്ട്. ''അദ്ദേഹം ഒരു നിക്കറാണ് ധരിച്ചിരിക്കുന്നത്, ഒരു അരക്കയ്യൻ ഷർട്ടും. മുടി ചകിരിനാരുപോലെയിരിക്കും. അത് ഒതുക്കിവച്ചിട്ടുണ്ട്. നല്ല ബലിഷ്ഠമായ ശരീരം .കണ്ടാൽ അത് അത്‌ലറ്റിന്റെ രൂപമാണ്... കേരളത്തിലെ നാടൻ പാട്ടുകൾ, നാടൻകലകൾ, പ്രാചീനസാഹിത്യം മുതലായവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കാനാണ് ജോഷി വന്നിരിക്കുന്നത്... ഞങ്ങൾ മൂന്നു ദിവസം ഒരുമിച്ചു കഴിച്ചുകൂട്ടിയെന്നാണ് എന്റെ ഓർമ്മ...''
പാർട്ടിനയങ്ങളോട് വിയോജിച്ചപ്പോഴും അച്ചടക്കമുള്ള ഒരു പാർട്ടിപ്രവർത്തകന്റെ നിഷ്ഠയോടെ പ്രവർത്തിക്കുകയായിരുന്നു ജോഷി. ജീവിതത്തിന്റെ അന്ത്യവർഷങ്ങളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആധികാരിക ചരിത്രം എഴുതാനുള്ള രേഖകൾ സമാഹരിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലായിരുന്നു ആ കർമ്മയോഗി. കെ.ദാമോദരനും ജോഷിയോടൊപ്പം ഈ ശ്രമങ്ങളിൽ പങ്കാളിയായിരുന്നു. തന്റെ സ്വപ്നങ്ങൾ പൂവണിയാതെ, 1980 നവംബർ 9-ന്, 73-ാം വയസ്സിൽ ജോഷി ചരിത്രത്തിൽ വിലയിച്ചു.
ഒരു കോൺഗ്രസ്സുകാരനായി തുടങ്ങി, കമ്മ്യൂണിസത്തിലേക്ക് സഞ്ചരിച്ച, നിരവധി വർഷങ്ങൾ കേരള രാഷ്ട്രീയത്തിലും പാർലമെന്ററി രംഗത്തും നിറസാന്നിധ്യമായിരുന്ന വ്യക്തിയായിരുന്നു ചേലാട്ട് അച്യുതമേനോൻ എന്ന സി.അച്യുതമേനോൻ (1913-1991). തൃശ്ശൂർ ജില്ലയിലെ അവന്നൂർ ഗ്രാമത്തിൽ ജനിച്ച അച്യുതമേനോൻ, വിദ്യാഭ്യാസജീവിതത്തിനുശേഷം രാഷ്ട്രീയ ജീവിതത്തിലേക്ക് എടുത്തുചാടി. അദ്ദേഹം തന്നെ ഓർമ്മിക്കുന്നതുപോലെ, ''1930 ഏപ്രിലിൽ ഗാന്ധിജി ഉപ്പുസത്യാഗ്രഹം ആരംഭിച്ചപ്പോൾ ഞാൻ എസ്.എസ്.എൽ.സി പരീക്ഷ എഴുതിനിൽക്കുന്ന ഒരു വിദ്യാർത്ഥി ആയിരുന്നു. അന്നെനിക്കു വയസ്സ് പതിനേഴ്. എന്നോടൊപ്പം അന്നു പ്രായപൂർത്തിയായ ബഹുലക്ഷം യുവാക്കന്മാരെപ്പോലെ ഞാനും സ്വയമറിയാതെ സ്വാതന്ത്ര്യസമരമാകുന്ന അതിശക്തമായ നീർച്ചുഴിയിലേക്ക് വലിച്ചുതാഴ്ത്തപ്പെടുകയായിരുന്നു. അന്നത്തെ സ്വാതന്ത്ര്യസമരത്തിന്റെ അടുത്ത ഘട്ടമായ 1942 ഓഗസ്റ്റിലെ 'ക്വിറ്റ് ഇന്ത്യാ' സമരമാകുമ്പോഴേക്കും ഞാൻ എന്റെ ആദ്യത്തെ ജയിൽ ജീവിതം കഴിഞ്ഞു മുഴുവൻ സമയ രാഷ്ട്രീയക്കാരനായി എന്റെ രണ്ടാമത്തെ ജയിൽ ജീവിതത്തിനു തയ്യാറായി.''
1942-ൽ കെ.കെ.വാര്യരോടൊപ്പം ലേബർ ബ്രദർഹുഡിന്റെ നേതൃത്വത്തിലേയ്ക്കു വന്നു, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുമായി അടുപ്പമായി, തുടർന്ന് കമ്മ്യൂണിസ്റ്റായി. 1942-48 കൊച്ചി സംസ്ഥാന സെക്രട്ടറി, 1949-1956-ൽ തിരു-കൊച്ചി സംസ്ഥാന സെക്രട്ടറി, 1956-57 ൽ കേരള സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ അലങ്കരിച്ചു.
1957-ൽ ഇരിങ്ങാലക്കുടയിൽ നിന്നും ജയിച്ച അച്യുതമേനോൻ, ആദ്യത്തെ ചരിത്രപ്രസിദ്ധമായ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ധനകാര്യം, ആഭ്യന്തരം, കൃഷി എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. തുടർന്നുവന്നത്, കേരളരാഷ്ട്രീയം കലങ്ങിമറിഞ്ഞ നാളുകളായിരുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും കലങ്ങിമറിഞ്ഞിരുന്നു. പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് സി.പി.ഐയും സി.പി.ഐ.എമ്മും ബദ്ധവൈരികളായി. സി.പി.ഐയിൽ തുടർന്ന അച്യുതമേനോൻ, 1969-ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയായി. 1970-ൽ രാജിവച്ചു, വീണ്ടും മുഖ്യമന്ത്രിയായി. അടിയന്തരാവസ്ഥക്കാലത്ത് സി.അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. 1991 ഓഗസ്റ്റ് 16-ന് അന്തരിച്ചു.
ഇതോടൊപ്പമുള്ള ഫോട്ടോയിൽ ഒരുമിച്ചുള്ള (കൊച്ചിയിൽ നടന്ന സി.പി.ഐയുടെ ഒമ്പതാം പാർട്ടി കോൺഗ്രസ്, 1971-ൽ എടുത്തതാണെന്ന് ഊഹിക്കുന്നു) പി.സി.ജോഷിയും സി.അച്യുതമേനോനും കമ്മ്യൂണിസത്തിലെ സമഗ്രാധിപത്യ കാഴ്ചപ്പാടിനോടു വിയോജിക്കുകയും ഇടഞ്ഞുനിൽക്കുകയും ചെയ്തു. സോവിയറ്റ് യൂണിയൻ ചെക്ക്-വസന്തത്തെ (1968) ഞെരിച്ചുകൊല്ലുകയും അലക്‌സാണ്ടർ ദൂബ്‌ചെക്കിനെ പ്രതിവിപ്ലവകാരിയായി മുദ്രകുത്തി അറസ്റ്റു ചെയ്യുകയും ചെയ്ത നടപടിയെ ജോഷി രൂക്ഷമായി വിമർശിച്ചിരുന്നു. അച്യുതമേനോനും ഇതേ നിലപാടാണ് കൈക്കൊണ്ടത്. (കെ.ദാമോദരൻ പാർട്ടിക്കകത്തുതന്നെ ഈ വിഷയം ഉന്നയിക്കുകയും അച്ചടക്കനടപടിക്കു വിധേയനാവുകയും ചെയ്തിരുന്നു). അധികാരത്തെ സംബന്ധിച്ച ഗാന്ധിജിയുടെ വീക്ഷണം ഇരുവരിലും സ്വാധീനം ചെലുത്തിയിരുന്നു. ജോഷിയുടെ കാര്യത്തിലാണെങ്കിൽ കമ്യൂണിസ്റ്റായിരിക്കെത്തന്നെ ഗാന്ധിജിയെ അദ്ദേഹം അങ്ങേയറ്റം ആദരിച്ചിരുന്നു. ഗാന്ധി-ജോഷി കത്തുകൾ വായിച്ചിട്ടുള്ളവർക്ക്, വിശേഷിച്ചും ജോഷിയുടെ മഹത്വം തൊട്ടറിയാനാവും. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ജോഷിയാണെന്ന് ജോഷിയുടെ ജീവചരിത്രകാരി ഗാർഗി ചക്രവർത്തി സൂചിപ്പിക്കുന്നുണ്ട്. (പി.സി.ജോഷി എന്ന ബയോഗ്രഫി, നാഷണൽ ബുക്ക് ട്രസ്റ്റ്, 2007).