
''സര്‍ക്കാരിന്റെ തുടക്കത്തില്‍ ജനപ്രിയ തീരുമാനങ്ങള്‍ പ്രതീക്ഷിക്കരുത്. കുറച്ച് കയ്പ്പുനീര് കുടിക്കേണ്ടവരും. സാമ്പത്തികമായി തകര്‍ന്ന സംസ്ഥാനത്തെ കരകയറ്റാന്‍ മുണ്ടുമുറുക്കി ഉടുക്കേണ്ടിയും വരും. 2001-ല്‍ ഞാന്‍ മുഖ്യമന്ത്രിയായ അവസരത്തേക്കാള്‍ പത്തിരട്ടി കൂടുതല്‍ സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ സംസ്ഥാനമാണിന്ന് കേരളം. സതീശന് സാവകാശം നല്‍കണം. സഹായിക്കണം...'' മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തന്നെ സന്ദര്‍ശിക്കാനെത്തിയ വി.ഡി സതീശനെ ചേര്‍ത്തു നിര്‍ത്തി എ.കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്. 2001-ല്‍ കാലാവധി തികയ്ക്കാതെ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന സ്ഥിതി ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ആന്റണി പ്രതികരിച്ചത്.
ഘടകകക്ഷികളുടെ വലിയ പിന്തുണയാര്‍ജിച്ച് ജനഹിതത്തോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന വി.ഡി സതീശന്റെ മുന്നില്‍ ഭരണപരവും രാഷ്ട്രീയവുമായ നിരവധി വെല്ലുവിളികളുണ്ട്. ''കേരളം മുഴുവന്‍ അലയടിച്ച് എന്റെ മുന്നിലേയ്ക്ക് വന്നാലും ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ എടുത്ത നിലപാടില്‍ നിന്ന് ഒരു മാറ്റവും ഉണ്ടാകില്ല...'' എന്ന സതീശന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ സൂചകങ്ങളാണ്. ജനങ്ങളുടെ കരുത്തില്‍ കേരളത്തിന്റെ ഭരണയന്ത്രം തിരിക്കാന്‍ നിയോഗിക്കപ്പെട്ട സതീശന് വെല്ലുവിളികളെയെല്ലാം അതിജീവിക്കാനാവുമെന്നാണ് കരുതുന്നത്.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായതുപോലെ പൊതുജനമധ്യത്തില്‍ വലിയ പിന്തുണയും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ വലിയ താത്പര്യവും ഇല്ലാത്ത അപൂര്‍വ സാഹചര്യം നേരിട്ടാണ് വി.ഡി സതീശന്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. വി.എസിനെ പാര്‍ട്ടി വലിയ കടിഞ്ഞാണിട്ട് നിയന്ത്രിച്ചപോലെ സതീശനെ കൂച്ചുവിലങ്ങിട്ട് നിര്‍ത്തുമോയെന്ന് കണ്ടറിയണം. പക്ഷേ ലക്ഷ്മണരേഖ വരച്ചാലും അത് മറികടക്കുന്നതാണ് സതീശന്റെ സ്വഭാവം. പാര്‍ട്ടിയിലെ അതികായന്‍മാരായ രമേശ് ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും വെട്ടിവീഴ്ത്തായായിരുന്നു സതീശന്റെ അശ്വമേധം. തീരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 63 അംഗ കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ 47 പേരും കെ.സി വേണുഗോപാലിനെ പിന്തുണച്ചപ്പോള്‍ സതീശനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം പത്തിലധികം നിയുക്ത എം.എല്‍.എമാരില്ല.
ഊഷ്മളമായ വ്യക്തിബന്ധം വളര്‍ത്തിയും ഭരണനടപടികളുടെ മികവുകൊണ്ടും തന്റെ അനുകൂലികളുടെ എണ്ണം കൂട്ടുകയെന്നത് സതീശന്റെ പാര്‍ട്ടിയിലെ വലിയ വെല്ലുവിളിയാണ്. പ്രതിപക്ഷ ആക്രമണങ്ങളുടെ കുന്തമുനയൊടിക്കാന്‍ കെല്‍പ്പുള്ളവര്‍ സതീശന്റെ കൂടെയുണ്ടാവണം. ഗ്രൂപ്പ് സതീശന്റെ നിഘണ്ടുവിലില്ല. പക്ഷേ മൂന്നായി ഒടിഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടിയെ ഒരുമിപ്പിച്ച് പിന്തുണ നേടുകയെന്ന വലിയ ദൗത്യവും സതീശനെ കാത്തിരിക്കുന്നു. അഞ്ചു വര്‍ഷം ഒരുമിച്ച് പോരാടിയിട്ടും എന്തുകൊണ്ട് സ്വന്തം ആളുകള്‍ തന്നെ പിന്തുണയ്ക്കുന്നില്ലെന്നത് സതീശന് ആത്മ പരിശോധനയ്ക്കുള്ള ചോദ്യമാണ്. ഘടകകക്ഷികളുടെ പിന്തുണ ഇപ്പോഴുണ്ടെങ്കിലും തങ്ങള്‍ സൃഷ്ടിച്ച മുഖ്യമന്ത്രിയെന്ന് ഘടകകക്ഷികള്‍ക്ക് തോന്നിയാല്‍ വഴങ്ങിക്കൊടുക്കാതിരിക്കാനുള്ള കരുത്ത് പാര്‍ട്ടിയില്‍ നിന്ന് സ്വരൂപിച്ചെടുക്കണം.
അതേസമയം, പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കൈക്കൊണ്ട നിലപാടുകളോട് നീതി പുലര്‍ത്തുകയെന്നത് അദ്ദേഹം നേരിടാന്‍ പോകുന്ന ഭരണപരമായ വെല്ലുവിളിയാണ്. സാമുദായിക സംഘടനകളോടും വര്‍ഗീയതയോടും പുലര്‍ത്തിയ കര്‍ക്കശനിലപാടില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം മുതിരില്ല. പക്ഷേ ഭരണത്തിന്റെ പ്രായോഗികതയ്ക്ക് ഈ നിലപാട് വിലങ്ങുതടിയായേക്കും. എ.കെ ആന്റണി സൂചിപ്പിച്ചപോലെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ദയനീയമാണ്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് അഥവാ 2016-ല്‍ പിണറായി വിജയന്‍ അധികാരമേറ്റതു മുതല്‍ ഉണ്ടാക്കിയ പൊതുകട വര്‍ധനവ്: 3.93 ലക്ഷം കോടി രൂപയാണ്. അതായത് പലിശയും മുതലും ചേര്‍ത്ത് 2026 മുതലുള്ള ഒരു വര്‍ഷത്തെ ശരാശരി തിരിച്ചടവ് 28,572 കോടി രൂപയാണ്. ഒപ്പം സംസ്ഥാനത്തിന്റെ ആകെ ചെലവിന്റെ ഏകദേശം 71 ശതമാനത്തോളം ശമ്പളം, പെന്‍ഷന്‍, പലിശ ബാധ്യതകള്‍ എന്നിവയ്ക്കായി മാത്രം മാറ്റിവെയ്‌ക്കേണ്ട അവസ്ഥയിലാണിന്ന് കേരളം.
ഐക്യ കേരളം നിലവില്‍ വന്ന1956 മുതല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ 2016 വരെയുള്ള 60 വര്‍ഷം കൊണ്ട് കേരളത്തിന്റെ ആകെ പൊതുകടം ഏകദേശം 1.57 ലക്ഷം കോടി രൂപ മാത്രമായിരുന്നു എന്നതും കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് അത് 3.93 ലക്ഷം കോടി വര്‍ധിച്ച് ഏകദേശം 5.5 ലക്ഷം കോടിയിലെത്തി എന്നതും വസ്തുതയാണ്. ഈ സാഹചര്യത്തില്‍ ജനപ്രീതിയില്ലാത്ത, കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ പുതിയ സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും. ചെലവ് നിയന്ത്രണം, നികുതി-വിഭവ പരിഷ്‌കാരാരങ്ങള്‍, ക്ഷേമ പുനസംഘടന ഉള്‍പ്പടെ ജനകീയ പ്രതിഷേധം ഉയരാന്‍ സാധ്യതയുള്ള തീരുമാനങ്ങള്‍ നേരിടാന്‍ വി.ഡി സതീശന്‍ പ്രാപ്തനായിരിക്കണം.
തിരഞ്ഞടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുകയാണ് പരമപ്രധാനമായ കാര്യം. സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്ര, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കുക, റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി ഉയര്‍ത്തുക, എല്ലാം കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്കുള്ള സ്റ്റാര്‍ട്ട് അപ്പ് പദ്ധതി തുടങ്ങിയവ ഉള്‍പ്പെടുന്ന 'ഇന്ദിരാ ഗ്യാരന്റി' നടപ്പാക്കാന്‍ വലിയ തോതില്‍ പണം കണ്ടെത്തേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഓരോ പുതിയ മുഖ്യമന്ത്രിയും അധികാരമേല്‍ക്കുമ്പോള്‍ ജനങ്ങള്‍ വലിയ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്. ഭരണപരമായ കാര്യക്ഷമതയും സാമൂഹിക നീതിയും വികസന കാഴ്ചപ്പാടും ഒരേ ബിന്ദുവില്‍ സംഗമിക്കണം. പ്രതിപക്ഷനേതാവെന്ന നിലയില്‍ പിണറായി വിജയന്‍ ഭരണത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ സതീശന്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോള്‍, ആ വിമര്‍ശനങ്ങളെ ഭരണത്തിന്റെ പ്രായോഗികതയിലേയ്ക്ക് മാറ്റണം. ക്ഷേമപദ്ധതികള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമായതിനാല്‍ സര്‍ക്കാര്‍ ചെലവ് വളരെ കൂടുതലാണ്. പക്ഷേ, വരുമാന സ്രോതസ്സുകള്‍ പരിമിതവുമാണ്. അതിനാല്‍ ക്ഷേമപദ്ധതികളെ നിലനിര്‍ത്തിക്കൊണ്ട് സാമ്പത്തിക നിയന്ത്രണം ഉറപ്പാക്കുക വലിയ വെല്ലുവിളിയായിരിക്കും.
നികുതി സമാഹരണം ശക്തിപ്പെടുത്തുകയും സ്വകാര്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസത്തില്‍ മുന്നിട്ടുനില്‍ക്കുന്ന കേരളത്തില്‍ തന്നെ നിരവധി യുവാക്കള്‍ തൊഴില്‍ തേടി വിദേശരാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്ന സാഹചര്യമുണ്ട്. ഐ.ടി., ടൂറിസം, വ്യവസായം, സ്റ്റാര്‍ട്ടപ്പ് മേഖലകള്‍ എന്നിവയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് കഴിയണം. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് എളുപ്പമല്ല, കാരണം കേരളത്തില്‍ പരിസ്ഥിതി ആശങ്കകളും തൊഴിലാളി പ്രശ്‌നങ്ങളും രാഷ്ട്രീയ പ്രതിഷേധങ്ങളും പലപ്പോഴും നിക്ഷേപങ്ങള്‍ക്ക് തടസ്സമാകാറുണ്ട്.
ലഹരിമരുന്ന് ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍, രാഷ്ട്രീയ അതിക്രമങ്ങള്‍ എന്നിവ സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങള്‍ക്ക് സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കാന്‍ ശക്തമായ പോലീസ് പരിഷ്‌കാരങ്ങളും കാര്യക്ഷമമായ നിയമനടപടികളും ആവശ്യമാണ്. ഭരണകൂടത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ അഴിമതിവിരുദ്ധ നിലപാടുകളും സുതാര്യതയും അനിവാര്യമാണ്. ഇങ്ങനെ ആവശ്യങ്ങളും ആവലാതികള്‍ക്കപമൊപ്പം പ്രതീക്ഷകളും വെല്ലുവിളികളും നിറഞ്ഞതായിരിക്കും സതീശന്റെ ഭരണനാളുകള്‍. എന്നാല്‍ ദൃഢനിശ്ചയവും കാര്യക്ഷമതയും പാര്‍ട്ടിയുടെയും മുന്നണിയുടെയും ഉപാധികളില്ലാത്ത പിന്തുണയും ഉണ്ടെങ്കില്‍ ആ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിയും.