Image

മുസ്‌ലിം ലീഗിൽ നാലു മന്ത്രിമാരുടെ കാര്യത്തിൽ ധാരണ

Published on 15 May, 2026
മുസ്‌ലിം ലീഗിൽ നാലു മന്ത്രിമാരുടെ കാര്യത്തിൽ ധാരണ

മുസ്‌ലിം ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച പ്രാഥമിക ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരെയാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. അഞ്ചാം മന്ത്രിയുടെ കാര്യത്തിൽ യുഡിഎഫുമായുള്ള ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.

അഞ്ചാമത് മന്ത്രിസ്ഥാനത്തിനായി കാസർകോട് നിന്ന് എ.കെ.എം. അഷ്റഫും കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുള്ളയുമാണ് പരിഗണനയിലുള്ളത്. ആറ് എംഎൽഎമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ജില്ലാ കമ്മിറ്റി ഉറച്ചുനിൽക്കുകയാണ്. ജില്ലാ പ്രസിഡന്റ് എം.എ. റസാഖിന്റെ പേരാണ് കോഴിക്കോട് കമ്മിറ്റി മുന്നോട്ട് വെക്കുന്നത്. മൂന്നാം തവണയും വിജയിച്ച ആബിദ് ഹുസൈൻ തങ്ങളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന സമ്മർദ്ദം ശക്തമാണ്. എന്നാൽ ആബിദ് തങ്ങൾ കൂടി വന്നാൽ നാല് മന്ത്രിമാരും മലപ്പുറം ജില്ലയിൽ നിന്നാകുമെന്നത് മറ്റു ജില്ലകളിൽ പ്രതിഷേധത്തിന് ഇടയാക്കിയേക്കും.

കളമശ്ശേരി എംഎൽഎ വി.ഇ. ഗഫൂറിന്റെ പേരും ചർച്ചയിലുണ്ടെങ്കിലും സാധ്യത കുറവാണ്. അഞ്ചാം മന്ത്രിക്ക് പകരം ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് പദവി നൽകി ഒത്തുതീർപ്പിന് യുഡിഎഫ് ശ്രമിക്കുമോ എന്ന ആശങ്ക ലീഗിനുണ്ട്

കോൺഗ്രസിന് മുഖ്യമന്ത്രി പദത്തിന് പുറമെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയും ലഭിക്കാനാണ് സാധ്യത. അഞ്ച് എം.എൽ.എമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കി എത്രയും വേഗം സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടക്കാനാണ് മുന്നണി ലക്ഷ്യം.

കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടപ്പോൾ അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്), സി.പി. ജോൺ (സി.എം.പി) എന്നിവരും മന്ത്രിസഭയിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.

​മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയിലുള്ള രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഹൈക്കമാൻഡ് തലത്തിൽ സജീവമാണ്. ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്ന് നൽകി അദ്ദേഹത്തെ മന്ത്രിസഭയുടെ ഭാഗമാക്കാനാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെയും താല്പര്യം. അതേസമയം, കെ.സി. വേണുഗോപാൽ പക്ഷം കൂടുതൽ മന്ത്രിസ്ഥാനങ്ങൾക്കായി ചർച്ചകളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മന്ത്രിസഭയിൽ തങ്ങളുടെ ഗ്രൂപ്പിന് വ്യക്തമായ പ്രാതിനിധ്യം ഉറപ്പാക്കി സ്വാധീനം നിലനിർത്താനാണ് വേണുഗോപാൽ വിഭാഗത്തിന്റെ നീക്കം.

​ചർച്ചകൾക്ക് നേതൃത്വം നൽകാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് വി.ഡി. സതീശൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും ചർച്ചകളിൽ നേരിട്ട് പങ്കെടുക്കും. മന്ത്രിസ്ഥാനം സംബന്ധിച്ച് ഗ്രൂപ്പുകൾക്കിടയിലും ഘടകകക്ഷികൾക്കിടയിലും തർക്കങ്ങളില്ലാതെ സമവായത്തിലെത്താനാണ് ഹൈക്കമാൻഡ് പ്രതിനിധികൾ ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ വകുപ്പ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.

 നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബേക്കറി ജംങ്ഷനിലെ പിണറായിയുടെ വാടക വീട്ടിൽ എത്തി. വീടിന്റെ പൂമുഖത്തേക്കിറങ്ങി വന്ന് പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും ചേര്‍ന്ന് വിഡി സതീശനെ സ്വീകരിച്ചു. 

ചിരിയോടെ ഹസ്തദാനം നൽകിയാണ് പിണറായി സതീശനെ വീടിനുള്ളിലേക്ക് ക്ഷണിച്ചത്.  ചായ നൽകി സത്കരിക്കുകയും ചെയ്തു. പിണറായിയുടെ കുടുംബാംഗങ്ങളോട് കുശലാന്വേഷണം നടത്തിയ സതീശൻ പിന്നീട് അദ്ദേഹത്തിനൊപ്പം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കും മറുപടി നൽകി.

10 വർഷം മുഖ്യമന്ത്രിയും 16 വർഷം പാർട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയൻ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അദ്ദേഹം ഇനി പ്രതിപക്ഷ നേതാവും ആയിരിക്കും. ഈ സാഹചര്യത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾക്കു വേണ്ടി ഒരുമിച്ച് നിൽക്കുമെന്നും സതീശൻ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക