
"ഇനി നിന്നെ ഞാൻ എന്ത് പഠിപ്പിക്കാൻ ആണ് ചേർക്കേണ്ടത് നീ തന്നെ പറയ് " അച്ഛനെ അത്രത്തോളം നിസ്സഹായത നിറഞ്ഞ മുഖത്തോ ടെ ഞാൻ അന്നേ വരെ കണ്ടിട്ടില്ലായിരുന്നു.
"എന്നെ ബി. എ മലയാളത്തിനു ചേർത്താൽ മതി.. മഹാരാജാസിൽ തന്നെ " ഞാൻ പറഞ്ഞു.
"എം. എ കഴിഞ്ഞു പിഎച്ച്ഡി കൂടി എടുക്കണം. ഉറപ്പു തരുമോ?"
"ശരി.. പഠിക്കും ഉറപ്പ്. അഗ്രിക്കൾച്ചർ BSc ക്കു കിട്ടും എന്നോർത്തല്ലേ ഞാൻ BSc Zoology ഉഴപ്പിയത്. അച്ഛൻ തന്നെ പറഞ്ഞില്ലേ എറണാകുളത്തു നിന്നു ഉച്ചക്ക് തിരികെ പോരാൻ "
അച്ഛൻ നിശ്ശബ്ദനായി അകത്തേക്ക് പോയി. എത്രയോ മോഹിപ്പിച്ച മകൾ. എറണാകുളം മഹാരാജാസിൽ Bsc Zoology ക്ലാസ്സിലേക്ക് അതിരാവിലെ പോയിരുന്ന എന്നോട് ഉച്ചക്ക് ഒന്നരയ്ക്കുള്ള തെരുവൻ ബസിൽ പോരാൻ പറഞ്ഞത് അച്ഛൻ തന്നെ ആയിരുന്നു . ഞാൻ പേരിനു ക്ലാസ്സിൽ കയറും. ഉച്ചയോടെ സ്ഥലം വിടും. ലാബിൽ ഒരിക്കൽ പോലും കയറിയില്ല. പ്രധാനമായും കോളേജിൽ പോയിരുന്നത് ലേഡീസ് waiting റൂമിൽ വന്നു കിടന്നിരുന്ന കത്തുകളിൽ നിന്നു എനിക്കുള്ള പ്രണയലേഖനം എടുക്കാനും മറുപടി എഴുതാനും മാത്രമായിരുന്നു. അത് വല്ലതും പാവം അച്ഛനമ്മമാർ അറിയുന്നുണ്ടോ. ഏതായാലും സയൻസിനും മലയാളത്തിനും ഒരു പോലെ ഉയർന്ന മാർക്കുള്ള ഞാൻ ബി എ മലയാളത്തിനു പോയി ചേർന്നു. കഴിഞ്ഞു അല്പം വേദനയോടെ അദ്ദേഹത്തിന് എഴുതി
" വേറെ ഒരു കല്യാണം നോക്കിക്കൊള്ളു. എനിക്ക് ബി. എ മൂന്ന് വർഷം വേണം. പിന്നെ എം. എ കഴിഞ്ഞു പിഎച്ച്ഡി ഒക്കെ ആയി വർഷങ്ങൾ കടന്നു പോകും. അപ്പോൾ അവിടെ 35 വയസ്സ് എങ്കിലും ആകില്ലേ?"

"കല്യാണം എനിക്ക് ഇപ്പോൾ ഒരു must ആയി തോന്നുന്നില്ല.നിനക്കായി കാത്തിരിക്കുന്നു" എന്നായിരുന്നു മറുപടി. വീണ്ടും ദിനങ്ങൾ ആവർത്തിക്കപ്പെട്ടു. നസ്രത്ത് കോൺവെന്റിൽ താമസം. വായിക്കാനും പഠിക്കാനും ഒക്കെ ഇഷ്ടം പോലെ സമയം ഉണ്ടെങ്കിലും അത്യാവശ്യം പാഠഭാഗങ്ങൾ മാത്രം വായിച്ചു പഠിച്ച ശേഷം ബാക്കി സമയം പ്രണയത്തിലേക്കും മറുപടിക്കത്തു കളിലേക്കും ഞാൻ സ്വയം സമർപ്പിച്ചു. വാക്ക് തെറ്റിക്കാതെ 2 വർഷങ്ങളിലെ മാർക്ക് ഷീറ്റ് നല്ല രീതിയിൽ അഭിമാനത്തോടെ അച്ഛന് നൽകി. രണ്ടാം വർഷം പരീക്ഷ കഴിഞ്ഞു വെറും 19 വയസ്സിൽ നേരെ വിവാഹജീവിതത്തിലേക്കു പ്രവേശിച്ചു. എങ്കിലും പിന്നീട് ഡിഗ്രി എഴുതി എടുത്തു.
ഇന്നലെ ഒരു ആവശ്യത്തിന് SSLC ബുക്ക് തപ്പി ആദ്യം കിട്ടാതായപ്പോൾ വല്ലാതെ വിഷമിച്ചു. എങ്കിലും മാർക്ക് ഷീറ്റിന്റെ ഒരു കോപ്പിയും അതിലെ രജിസ്റ്റർ നമ്പറും കിട്ടിയത് ആശ്വാസമായി. അതിൽ കെമിസ്ട്രി ബയോളജി, ചരിത്രം ഇവയ്ക്കു കിട്ടിയ 50 ൽ 43 മാർക്ക് എന്നെ നോക്കി കളിയാക്കി ചിരിച്ചു. ഒടുവിൽ ഫയൽ നിരാശയോടെ മടക്കിയപ്പോൾ കണ്ടു ആ പഴയ നിറം മങ്ങിയ ബുക്ക്. അതിലെ "സീമാറാണി "എന്നെ നോക്കി ചിരിച്ചു. കണ്ണെഴുതാതെ പൊട്ടു തൊടാതെ അമ്മ പിന്നിത്തരുന്ന കുഞ്ചല പിന്നലുമായി ഒരു മണിക്കൂർ ദൂരം കുന്നു കയറി ഇറങ്ങി നടന്നു പെരുവ ഗവണ്മെന്റ് സ്കൂളിൽ എത്തിയിരുന്നവൾ. പഠനം മാത്രം പ്രധാനമായി കണ്ടിരുന്നവൾ..എങ്കിലും ചിരിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവോ? "എന്നിട്ടും നീ എന്തേ ഇങ്ങനെ?"എന്നവൾ എന്നോട് ചോദിച്ചുവോ..?
കനൽ വഴികൾ ചുട്ടു പൊള്ളി ഒറ്റയ്ക്ക് മറി കടക്കുമ്പോൾ, ഒരു ഒറ്റത്തുരുത്തിൽ നിന്നു അറ്റം കാണാത്ത മറുകരയിലേക്ക് തനിയെ തുഴയുമ്പോൾ, എന്തേ നീ സ്വന്തം കഴിവുകൾ മനസ്സിലാക്കാതെ പോയതെന്ന് അവൾ എന്നോട് പിന്നെയും ചോദിക്കുന്നു.
പ്രിയപ്പെട്ട പെൺകുട്ടികളെ.. സ്വന്തം കഴിവുകളെ മനസ്സിലാക്കി മാത്രം യാത്ര തുടരുക. ഒരു കാലത്ത് അത്ര മേൽ സജീവമായിരുന്ന ഒരു മായാലോകം നിങ്ങളെ ഒരു ഒറ്റത്തുരുത്തിലാക്കാൻ കാത്തിരിക്കും എന്ന് ഓർമ്മിക്കുക. അന്ന് തുഴയാൻ കരുത്തുറ്റ ഒരു പങ്കായമാണ് കയ്യിൽ വേണ്ടത്. ജീവിതത്തിന്റെ അമരത്ത് ആരും ഇല്ലാതാകും..കാറ്റ് പായകൾ കീറിപ്പോയെന്നു വരും. അപ്പോൾ തളരരുത്.
ഇരുന്ന ചില്ലകൾ ഒടിഞ്ഞാലും പറന്നുയരുന്ന പക്ഷിയെപ്പോലെ ഒരു പെണ്ണിന് ഒറ്റയ്ക്കായാൽ പറക്കാൻ കരുത്തുറ്റ ചിറകുകൾ ഉണ്ടായിരിക്കണം.
എന്നോ ജോലിക്ക് വിടില്ല എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ ഒന്ന് പൊരുതിയതിനിടയിൽ പാതി കീറി ഞാൻ വലിച്ചെറിഞ്ഞ ഈ പുസ്തകം കാറ്റ് പായ കീറി ലക്ഷ്യം തെറ്റിപ്പോയ സ്വന്തം ജീവിതം തന്നെയല്ലേ.. എങ്കിലും ചിലപ്പോൾ സ്വന്തം എഴുത്തിലേയും, വിവർത്തനങ്ങളിലെയും അക്ഷരങ്ങൾ കൊണ്ട് ഞാൻ അത് വീണ്ടും തുന്നിച്ചേർക്കുന്നു... ഇരുണ്ട കടൽച്ചുഴികളെ മറികടക്കാൻ ആത്മവിശ്വാസത്തോടെ മുന്നേറുന്നു.