Image

ഒറ്റയാൻ (എഴുത്തും ജീവിതവും: മാങ്ങാട് രത്‌നാകരൻ)

Published on 15 May, 2026
ഒറ്റയാൻ (എഴുത്തും ജീവിതവും: മാങ്ങാട് രത്‌നാകരൻ)

നമ്മുടെ സ്വന്തം 'സത്യാനന്തര' നിരൂപകരെയും 'പടിഞ്ഞാറുനോക്കി'കളായ ദാർശനികരെയും മറികടക്കുന്ന ഉൾക്കാഴ്ച മായാമനുഷ്യരിലെ കഥാപാത്രങ്ങളും സമാനപ്രമേയങ്ങളുള്ള പ്രഭാകരന്റെ മറ്റു കഥകളും തരുന്നു.മായാമനുഷ്യര്‍ക്കു കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ എൻ പ്രഭാകരന്റെ എഴുത്തും ജീവിതവും

എൻ.പ്രഭാകരൻ-പ്രഭാകരൻമാഷ്-ഗവ.ബ്രണ്ണൻ കോളേജിൽ എന്റെ അധ്യാപകനായിരുന്നു. മലയാളം എം.എ.യ്ക്കുള്ള പ്രവേശനവേളയിൽ (1984) അഭിമുഖം നടത്തിയവരുടെ കൂട്ടത്തിൽ പ്രഭാകരൻമാഷും ഉണ്ടായിരുന്നുവെന്നാണ് ഓർമ്മ.

ബ്രണ്ണൻകോളേജുമായി ഏറ്റവും ഒട്ടിനിൽക്കുന്ന പേര് അന്ന്-ഇന്നും-എം.എൻ.വിജയന്റേതാണ്. കാസർകോട് ഗവ.കോളേജിൽ ബി.എയ്ക്ക് പഠിക്കുമ്പോൾത്തന്നെ വിജയൻമാഷെ പരിചയപ്പെടാനും പ്രസംഗം കേൾക്കാനും അവസരമുണ്ടായതിനാൽ, ആ 'വലയ'ത്തിൽ പെട്ടുപോയിരുന്നു. അതാണ് ബി.എ.ഇംഗ്ലീഷ് പാസ്സായപ്പോൾ, ബ്രണ്ണനിൽ എം.എ.മലയാളത്തിലേക്കു മാറാൻ കാരണം.

ബ്രണ്ണനിൽത്തന്നെ പഠിച്ച്, അവിടെത്തന്നെ അധ്യാപകനായിത്തീർന്നയാളാണ് പ്രഭാകരൻമാഷ്. 'ഒറ്റയാന്റെ പാപ്പാൻ' എന്ന ചെറുകഥയിലൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ ഒന്നാംസമ്മാനം നേടിയതിന്റെ 'താരപരിവേഷം' പ്രഭാകരൻമാഷെ ചൂഴ്ന്നുനിന്നിരുന്നു. ആധുനികസാഹിത്യമാണ് മാഷ് പഠിപ്പിച്ചിരുന്നത്. ഉജ്ജ്വലമായ ക്ലാസ്സുകളായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ, മിക്കപ്പോഴും കണ്ണടച്ചുപിടിച്ച്, മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ ഒട്ടുമേ ശ്രദ്ധിക്കാതെ, പ്രത്യേകമായ താളത്തിൽ, നവംനവങ്ങളായ നിരീക്ഷണങ്ങളിലൂടെ മുന്നേറുന്ന ക്ലാസ്സുകളായിരുന്നു. 'ആധുനികത'യുടെ 'ഹാങ്ഓവർ' അവയിൽ ഉണ്ടായിരുന്നില്ല. സർഗ്ഗാത്മകമായ ആ മനസ്സ് 'ഫാഷണബ്ൾ' ആയ സാഹിത്യത്തെ തരിമ്പും വകവച്ചിരുന്നില്ല. തന്റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും വിദ്യാർത്ഥികൾക്കു സ്വീകാര്യമാവുന്നുണ്ടോ എന്നതൊന്നും മാഷുടെ വിഷയമായിരുന്നില്ല.

മിക്കപ്പോഴും സായാഹ്നങ്ങളിൽ വിജയൻമാഷുടെ 'കരുണ'യിലേക്കു പോകാറുണ്ടായിരുന്നു. ചിലപ്പോഴെല്ലാം ബ്രണ്ണൻകോളേജിനോടു ചേർന്നുള്ള പ്രഭാകരൻമാഷുടെ ക്വാർട്ടേർസിലേക്കും പോകും. കൂടെ സഹപാഠികളായ കെ.ബാലകൃഷ്ണൻ, മൊയ്തു വാണിമേൽ, ടി.കെ.ഉമ്മർ തുടങ്ങിയവരും ഉണ്ടായെന്നിരിക്കും. ആ സമയത്താണ് പ്രഭാകരൻമാഷുടെ പ്രഥമ കഥാസമാഹാരം, ഒറ്റയാന്റെ പാപ്പാൻ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ഞാനും ആ ശ്രമത്തിൽ പങ്കാളിയായി. അതിനകംതന്നെ പ്രഭാകരൻമാഷുടെ സ്‌നേഹവും അംഗീകാരവും എനിക്കു കിട്ടിയിരുന്നു.

കാസർകോട് ഗവ.കോളേജിൽ പഠിക്കുന്ന കാലത്ത് എനിക്കു പരിചയപ്പെടാൻ കഴിഞ്ഞ വലിയൊരു വായനക്കാരനും നാടകകൃത്തും നിരൂപകനുമായ സുഹൃത്താണ് എൻ.ശശിധരൻ എന്ന ശശിമാഷ്. ശശിമാഷ്‌ക്ക് പ്രഭാകരൻമാഷുടെ ചെറുകഥകൾ വളരെ ഇഷ്ടമായിരുന്നു. ശശിമാഷുടെ പക്കൽനിന്നാണ് അന്നു ലോകസാഹിത്യത്തിൽ പ്രകമ്പനമുണ്ടാക്കിയ, ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ വൺ ഹണ്ട്രഡ് ഈയേർസ് ഓഫ് സോളിറ്റിയൂഡ് വായിക്കുന്നത്. ശശിമാഷിനു ആ നോവലിന്റെ ആദ്യഖണ്ഡികകൾ ഹൃദിസ്ഥമായിരുന്നു. ദസ്തയേവ്‌സ്‌കിയിലും കാഫ്കയിലും കസൻദ്‌സക്കീസിലും മുങ്ങിക്കുളിച്ച ശശിമാഷെക്കുറിച്ച് ഞാൻ പലപ്പോഴും പ്രഭാകരൻമാഷോടു പറയുമായിരുന്നു; പ്രഭാകരൻമാഷുടെ കഥകളെക്കുറിച്ച് മതിപ്പോടെ സംസാരിച്ചതിനെക്കുറിച്ചും. അവർ തമ്മിൽ അന്നു നേരിട്ടറിയുമായിരുന്നില്ല.

''കഥാപുസ്തകം സ്വീകരിക്കുന്നത് ശശിമാഷായാൽ സന്തോഷം,'' പ്രഭാകരൻമാഷ് പറഞ്ഞു. ശശിമാഷെ എഴുതിയറിയിച്ചപ്പോൾ സന്തോഷത്തോടെ തലശ്ശേരിക്കു വരാമെന്നേറ്റു.

അങ്ങനെ തലശ്ശേരി ട്രെയിനിംഗ് കോളേജ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ, എം.എൻ.വിജയൻ, എൻ.ശശിധരനു നൽകി ഒറ്റയാന്റെ പാപ്പാൻ പ്രകാശനം ചെയ്തു.

ബ്രണ്ണനിലെ സാഹിത്യാന്തരീക്ഷം ചടുലവും തീവ്രതയേറിയതുമായിരുന്നു. വിജയൻമാഷുടെയും പ്രഭാകരൻമാഷുടെയും സാന്നിധ്യം, നരേന്ദ്രൻമാഷ്, എ.ടി.മോഹൻരാജ് എന്നീ അധ്യാപകരുടെ സജീവമായ ഇടപെടൽ, ഞങ്ങൾ വിദ്യാർത്ഥികളുടെയും നഗരത്തിലെ കലാകാരന്മാരുടെയും എഴുത്തുകാരുടെയും കൂടിച്ചേരൽ-എല്ലാം അതിനെ പൊലിപ്പിച്ചു. എന്റെ പത്രാധിപത്യത്തിൽ അകം എന്ന പേരിൽ ഒരു ലിറ്റിൽ മാഗസിൻ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. 'ഇംപോസിബിൾ റൈറ്റർ' ആയ എം.എൻ.വിജയൻമാഷുടെ സാന്നിധ്യമില്ലാതെ, എന്തു മാസിക? അങ്ങനെ, മോഹൻരാ j ജ്മാഷുടെ മുൻകൈയിൽ കൂത്തുപറമ്പിൽ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് വിജയൻമാഷുടെ ഒരു പ്രഭാഷണം ഒരുക്കി, അത് റെക്കോഡു ചെയ്തു, പകർത്തിയെഴുതി. പ്രഭാകരൻമാഷ് വിളിച്ചുപറഞ്ഞതനുസരിച്ച് സാറാ ജോസഫ് ഒരു ചെറുകഥ തന്നു. ഞാൻ മാർകേസിന്റെ സോളിറ്റിയൂഡിനെക്കുറിച്ചെഴുതി, ചിത്രകാരനായ റഷീദ് മുഖച്ചട്ട രൂപകല്പന ചെയ്തു. 'അകം സമിതി' പ്രസിദ്ധീകരിച്ചു.

ലിറ്റിൽ മാഗസിനു അകം എന്ന പേര് പ്രഭാകരൻമാഷ് നിർദ്ദേശിച്ചതാണെന്നാണ് ഓർമ്മ. തമിഴ്‌സാഹിത്യത്തിൽ സാമാന്യമായ പരിചയമുണ്ടായിരുന്ന മാഷ് 'അകം', 'പുറം' കവിതകളുടെ പൊലിമയിൽ നിന്നാണ് ആ പേര് ആവാഹിച്ചെടുത്തതെന്നു തോന്നുന്നു.

എം.എ. പഠനം കഴിഞ്ഞ്, കാസർകോട്ട് ഒരു സഹകരണകോളേജിൽ അധ്യാപനവുമായി കഴിഞ്ഞുവരുമ്പോഴാണ് ദൽഹിയിലേക്ക് ഉപരിപഠനത്തിനായി പോകുന്നത്. അക്കാലത്ത് 'ഭാഷാമാന്ത്രികൻ' ഒ.വി.വിജയന്റെ ചാണക്യപുരിയിലെ ഫ്‌ളാറ്റിൽ ആഴ്ചയിലൊരിക്കൽ പോകുമായിരുന്നു. സമകാലീന ചെറുകഥകളെക്കുറിച്ചു സംസാരിച്ചപ്പോൾ എൻ.പ്രഭാകരന്റെ 'മറുപിറവി' എന്ന കഥയെക്കുറിച്ച് വലിയ മതിപ്പോടെ സംസാരിച്ചു. അക്കാര്യം പ്രഭാകരൻമാഷെ എഴുതി അറിയിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ, പ്രഭാകരൻമാഷ് മറുപിറവി എന്ന പേരിൽ ഒരു കഥാസമാഹാരം പ്രസിദ്ധീകരിക്കാൻ ആലോചിക്കുന്നതിനെക്കുറിച്ചും സക്കറിയയോട് ഒരു അവതാരിക എഴുതാൻ പറയാമോ എന്നു സൂചിപ്പിച്ചുകൊണ്ടും എനിക്കെഴുതി. സക്കറിയമാഷ്‌ക്കും എൻ.പ്രഭാകരന്റെ ചെറുകഥകൾ വളരെ ഇഷ്ടമായിരുന്നു. യാതൊരു പിശുക്കുമില്ലാതെ പ്രശംസിച്ച് സക്കറിയ അവതാരികയെഴുതിത്തന്നു. ''പ്രഭാകരന്റെ കഥകളെ അപഗ്രഥിക്കാൻ ഞാനൊരു സാഹിത്യവിദഗ്ധനല്ലാത്തതിനാൽ, അറിഞ്ഞുകൂടാ. പക്ഷേ അവയിലെ സത്യമുള്ള ദൈവശാസ്ത്രവും മനുഷ്യശാസ്ത്രവും ഞാൻ കാണുന്നു. അവയുടെ ഒളിയലും പതുങ്ങലും ചാട്ടവും ഇരപിടിക്കലും ഞാൻ കാണുന്നു. അവയിലൂടെ ദൈവം വേഷംമാറി നടക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നു. ഇരുപത്തിയേഴു കൊല്ലം കലാകാരനായി ഇരുന്നിട്ട് എനിക്കു ചെയ്യാൻ കഴിയാതെ പോയവ പ്രഭാകരൻ അനായാസമായി ചെയ്യുന്നത് ഞാൻ കാണുന്നു,'' അവതാരികയിൽ സക്കറിയ എഴുതി. ഞാൻ സാമാന്യം ദീർഘമായ ഒരു പഠനവും എഴുതി. കറന്റ് ബുക്‌സ്, തൃശ്ശൂർ പുസ്തകം പ്രസിദ്ധീകരിച്ചു (1991).

ദൽഹിവിട്ട് മദ്രാസിൽ (ചെന്നൈ) ഇന്ത്യാ ടുഡേയിലായിരിക്കുമ്പോഴും പ്രഭാകരൻമാഷുമായി ഇടയ്ക്കിടെ ബന്ധപ്പെടാൻ സംഗതിയായി. പ്രഭാകരൻമാഷുടെ കഥകൾ, കഥാവിഭാഗം പ്രത്യേകമായി നോക്കിയിരുന്ന എസ്.സുന്ദർദാസിന് ഏറെ പ്രിയമായിരുന്നു. 'കുതിര', 'രാത്രിമൊഴി', 'ചന്ദ്രൻ പാറയാണ്' തുടങ്ങിയ കഥകൾ അതിൽ പ്രത്യക്ഷപ്പെട്ടു. ('ചന്ദ്രൻ പാറയാണ്' എന്ന കഥ പത്രാധിപർക്ക് നേരിട്ടയക്കാതെ എനിക്കാണ് അയച്ചത്. എന്റെ പ്രിയ സുഹൃത്തായ ചന്ദ്രൻമാഷെക്കുറിച്ചായിരുന്നു ആ കഥ. എനിക്കിഷ്ടപ്പെട്ടാൽ മാത്രം പ്രസിദ്ധീകരണത്തിനു സമർപ്പിച്ചാൽ മതി എന്ന് ഒപ്പമുള്ള കത്തിൽ എഴുതിയിരുന്നു.) ഈ കഥകൾ കൂടാതെ ഗംഭീരമായ ഒരു കഥ, 'പിഗ്മാൻ' വാർഷിക വിശേഷാൽപ്പതിപ്പിൽ വന്നു. (1994-95) മലയാളത്തിലെ എക്കാലത്തെയും മികച്ച ചെറുകഥകളിൽ ഒന്നാണതെന്ന കാര്യത്തിൽ ഇന്നും എനിക്കു സംശയമില്ല. അതിനു ചിത്രീകരണം നടത്തിയത്, അന്ന് എന്റെ കൂടെ താമസിച്ചിരുന്ന പ്രതിഭാശാലിയായ ചിത്രകാരൻ വത്സരാജ് കെ.പിയായിരുന്നു. കഥയ്‌ക്കൊപ്പം നിൽക്കുന്ന, കഥാന്തരീക്ഷത്തെ സൂക്ഷ്മമായി ആവാഹിക്കുന്ന ചിത്രങ്ങളായിരുന്നു അവ.

ബ്രണ്ണനിൽ പഠിക്കുന്ന കാലത്ത് എന്നെക്കാണാൻ വന്ന വത്സരാജിനെ ഞാൻ പ്രഭാകരൻമാഷ്‌ക്ക് പരിചയപ്പെടുത്തിയിരുന്നു.

''അവനെ കണ്ടാൽത്തന്നെ അറിയാം, വലിയ കലാകാരനാണെന്ന്,'' പ്രഭാകരൻമാഷ് എന്നോട് പിന്നീടൊരിക്കൽ പറഞ്ഞിരുന്നു.

ഇന്ത്യാ ടുഡേയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്കു മാറിയതിനുശേഷം യാത്ര എന്ന പേരിൽ ഒരു ദൃശ്യയാത്രാവിവരണം ഗോകർണ്ണത്തുനിന്ന്  'മന്ദം മന്ദം' സഞ്ചരിച്ച് തലശ്ശേരിയിലെത്തിയപ്പോൾ പ്രഭാകരൻമാഷെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണമെന്ന് ആഗ്രഹിച്ചു. മാഷ് അമ്പിലും വില്ലിനും അടുക്കുന്നില്ല. കാരണം ലളിതം: ദൃശ്യമാധ്യമത്തിൽ പ്രത്യക്ഷപ്പെടാൻ വയ്യ. ചിത്രീകരിക്കാതെ സംസാരിച്ചിരിക്കാനാണെങ്കിൽ ഒരാഴ്ച തുടർച്ചയായി സംസാരിക്കാനും വിരോധമില്ല. പൊതുവേ ഉൾവലിഞ്ഞ പ്രകൃതമുള്ള മാഷ് ഒന്നുകൂടി ഉൾവലിഞ്ഞു, ഞാൻ നിർബന്ധിച്ചതുമില്ല.

2007 ഒക്‌ടോബർ 3

എം.എൻ.വിജയൻമാഷ് വിടവാങ്ങി. ഞങ്ങൾ ശിഷ്യന്മാർക്കു മാത്രമല്ല, നാടിനുതന്നെയും അതൊരു വേദനയും തീരാനഷ്ടവുമായിരുന്നു. ആ നഷ്ടത്തെ വിജയൻമാഷുടെ ആശയങ്ങളിലൂടെ നികത്താനായി പ്രഭാകരൻമാഷുടെ നേതൃത്വത്തിൽ ഞങ്ങളെല്ലാവരും ഒത്തൊരുമിച്ചു. പത്തു വോള്യങ്ങളായി എം.എൻ.വിജയൻ സമ്പൂർണകൃതികൾ ഒരുക്കി. ഒന്നാം ചരമവാർഷികദിനത്തിൽ, വിജയൻമാഷുടെ സതീർത്ഥ്യയായ ഡോ.എം.ലീലാവതി പുസ്തകം പ്രകാശിപ്പിച്ചു. കേരളത്തിൽ അതിനുമുമ്പ് അങ്ങനെയൊരു കൂട്ടായ്മയോ അത്തരമൊരു ഫലശ്രുതിയോ ഉണ്ടായിട്ടില്ല.

പ്രഭാകരൻമാഷെക്കുറിച്ച്, അഥവാ മാഷുമായി ബന്ധപ്പെട്ട എന്റെ ജീവിതത്തെക്കുറിച്ച് ഇത്രയും എഴുതിയത് മായാമനുഷ്യൻ എന്ന നോവലിനു കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ്. മാഷുടെ മറുപിറവി എന്ന കഥാസമാഹാരത്തിന് ആസ്വാദനമെഴുതുമ്പോൾ ആത്മസംഘർഷങ്ങളിലൂടെ കടന്നുപോയിരുന്നു. വെട്ടിയും തിരുത്തിയും അതിനൊരു രൂപശില്പമുണ്ടാക്കാൻ നന്നേ പാടുപെട്ടു. ഈ കുറിപ്പ്, പക്ഷേ അനായാസമായി എഴുതാൻ കഴിഞ്ഞു.

II

മനുഷ്യവംശത്തിന്റെ യഥാർത്ഥപ്രശ്‌നം ഇതാണ്: നമുക്ക് പ്രാചീനശിലായുഗത്തിലെ വികാരങ്ങളും മധ്യകാല സ്ഥാപനങ്ങളും ദൈവസദൃശമായ സാങ്കേതികതയുമാണുള്ളത്. ഭയാനകമാം വിധം ആപത്കരമാണിത്. അതിപ്പോൾ എല്ലാ തലത്തിലും പ്രതിസന്ധിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.

എഡ്വേർഡ് ഒ.വിത്സൺ

അമേരിക്കൻ ജീവശാസ്ത്രജ്ഞനായ ഇ.ഒ.വിത്സണിന്റെ ഈ നിരീക്ഷണം ഇന്ന് ഇതെഴുതുമ്പോൾ 'നീങ്ങിക്കൊണ്ടിരിക്കുന്നു' എന്നതു 'നീങ്ങിക്കഴിഞ്ഞു' എന്നു തിരുത്താവുന്നതാണ്. (വിത്സണിന്റെ ജ്ഞാനശകലം എന്നിലേക്കെത്തിച്ചത് പരമ്പരാഗത ജ്ഞാനസങ്കേതമായ പുസ്തകമല്ല, വാട്‌സാപ്പാണ്!) 'ദൈവസദൃശമായ സാങ്കേതികത' എന്നത് ദൈവം തന്നെയായി മാറിയ സാങ്കേതികവികാസമായിത്തീർന്നിരിക്കുന്നു. ഒന്നോ രണ്ടോ ദശകം മുമ്പുവരെ ഇത് അതിവികസിത രാഷ്ട്രങ്ങൾക്കു മാത്രം ബാധകമായിരുന്നുവെങ്കിൽ, ഇന്നങ്ങനെയല്ല. ദൈവസങ്കല്പത്തിലെന്നപോലെ, സർവവ്യാപിയാണ്. മനുഷ്യനെ അതു മായാമനുഷ്യനാക്കിത്തീർന്നിരിക്കുന്നു.

ജീവിതത്തിന്റെ അവ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണം എൻ.പ്രഭാകരന്റെ എഴുത്തിന്റെ പ്രധാനപ്പെട്ട ഒരു ധാരയാണ്. ഈ അവസ്ഥയുടെ രാഷ്ട്രീയ പശ്ചാത്തലം സൈദ്ധാന്തികമായി ഇഴകീറി പരിശോധിക്കപ്പെടുന്നുണ്ട്, വിശേഷിച്ചും പടിഞ്ഞാറൻ നാടുകളിൽ. അതിന്റെ ചുവടുപിടിച്ച് നമ്മുടെ നാട്ടിലെ അവസ്ഥെയ നിർധാരണം ചെയ്യാനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നുമുണ്ട്. എൻ.പ്രഭാകരൻ, പച്ചപ്പില്ലാത്ത സിദ്ധാന്തങ്ങളെ പച്ചപ്പുള്ള ജീവിതവുമായി ചേർത്തുനിർത്തി വൈരുധ്യങ്ങളുടെ കരളിൽത്തന്നെ തൊട്ട്, ചിരി എന്നു തോന്നാത്തവിധത്തിലുള്ള ചിരിയുണർത്തി അനായാസമായി കഥപറയുന്നു. 'കഥ പറയുന്നു' എന്നുതന്നെയാണു പറയേണ്ടത്. കഥയെഴുത്തിന്റെയല്ല, കഥപറച്ചിലിന്റെ, കഥയുടെ ജനനകാലം തൊട്ടുള്ള സങ്കേതമാണ് പ്രഭാകരന്റെ കഥകളിലുള്ളത്. മായമനുഷ്യന്റെ മുഖവുരയിൽ 'മനഃപൂർവമുള്ള സൈദ്ധാന്തികഭാഷ'യിൽത്തന്നെ അതിന്റെ രാഷ്ട്രീയ-സാംസ്‌കാരിക പശ്ചാത്തലം നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. 'മായാമയൻ' എന്ന ചെറുകഥ (1994) എഴുതിയതിനുശേഷമുള്ള ദശകങ്ങളിൽ കേരളീയ ജീവിതത്തിലുണ്ടായിട്ടുള്ള, പഴയ ശൈലിയിൽ പറഞ്ഞാൽ, അഭൂതപൂർവമായ മാറ്റമാണ് മായാമനുഷ്യന്റെ പ്രമേയം നോവലിസ്റ്റിന്റെ ഭാഷയിൽ, ''ഒന്നുരണ്ടു ദശകം കഴിയുമ്പോഴേക്കും. അന്ന് അമ്പരപ്പുണ്ടാക്കിയ പലതും ജനജീവിതത്തിൽ സാധാരണതകളായിത്തീർന്നു. മാത്രവുമല്ല, മായാപരത ഒരു വ്യക്തിയുടെ മനസ്സിനും അനുഭവലോകങ്ങൾക്കും മാത്രമായി പരിമിതപ്പെടാതെ, രാഷ്ട്രീയം, സാഹിത്യം, വിദ്യാഭ്യാസം, ആത്മീയാന്വേഷണം എന്നീ മേഖലകളിലെക്കെല്ലാം വ്യാപിക്കുകയും ചെയ്തു.''

പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാനായ ഫ്രഞ്ച് നോവലിസ്റ്റ് ബാൽസാക്കിലേക്കു സഞ്ചരിക്കുന്നത് കാലം തെറ്റിയുള്ള യാത്രയാണെന്നു തോന്നാം. 'രാഷ്ട്രങ്ങളുടെ സ്വകാര്യചരിത്രമാണ് നോവൽ' ബാൽസാക്ക് പറഞ്ഞു. രാഷ്ട്രം എന്നത് ഇവിടെ ദേശം എന്നോ പ്രദേശം എന്നോ വായിക്കാം, 'ലോകദേശം' എന്നും വായിക്കാം. മുഖവുരയിൽ അതിനെക്കുറിച്ചുള്ള കൃത്യമായ ബോധ്യമുണ്ട്. ''ഇനിയും പല ദശകങ്ങൾക്കുശേഷം ഈ നോവൽ വായിക്കപ്പെടുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ മലയാളികളുടെ മാനസികജീവിതത്തിന്റെ ചരിത്രരേഖ എന്ന നിലയ്ക്കായേക്കാം. അതിലെനിക്കു വിഷമമില്ല.''

ബാൽസാക്കിന്റെ കാലഘട്ടത്തിലെ ചരിത്രകാരന്മാരിൽനിന്നും സമ്പദ്ശാസ്ത്രകാരന്മാരിൽ നിന്നും പഠിച്ചതിനെക്കാൾ കൂടുതൽ ബാൽസാക്കിന്റെ നോവലുകളിൽ നിന്നു പഠിച്ചിട്ടുണ്ടെന്ന് എംഗൽസ് പറഞ്ഞപ്പോൾ ഉദ്ദേശിച്ചത്, നോവൽ ചരിത്രത്തിനു പകരമാണെന്നല്ല, ചരിത്രത്തിന്റെ വൈരുധ്യങ്ങളുടെ ആഴക്കാഴ്ച പകർന്നത് നോവലാണെന്നാണ്. അതേ അർത്ഥത്തിൽ, നമ്മുടെ സ്വന്തം 'സത്യാനന്തര' നിരൂപകരെയും 'പടിഞ്ഞാറുനോക്കി'കളായ ദാർശനികരെയും മറികടക്കുന്ന ഉൾക്കാഴ്ച മായാമനുഷ്യരിലെ കഥാപാത്രങ്ങളും സമാനപ്രമേയങ്ങളുള്ള പ്രഭാകരന്റെ മറ്റു കഥകളും തരുന്നുണ്ടെന്നു ഞാൻ കരുതുന്നു.

ബൃഹദാഖ്യാനങ്ങൾ അസ്തമിച്ചു എന്ന് പോസ്റ്റ് മോഡേണിസം തലനീട്ടിയപ്പോൾ കേട്ടുതുടങ്ങിയ സൈദ്ധാന്തിക നിരീക്ഷണത്തിന്റെ പിൽക്കാലം, നിത്യജീവിതയാഥാർത്ഥ്യങ്ങളുടെ നിസ്സാരതകളിൽ വ്യാപരിക്കുന്നതിന്റെയും വ്യാപിക്കുന്നതിന്റെ ചിത്രങ്ങൾ നോവലിൽ ഉടനീളം കാണാം. ചിത്രങ്ങൾ എന്നു പറഞ്ഞുകൂടാ, ഒരു തരം ശസ്ത്രക്രിയയാണത്. അതിനായി സിദ്ധാന്തവിശകലനങ്ങളുടേതായി പരിചയിച്ച ഭാഷ തന്നെ  'ശസ്ത്ര'മായി ഉപയോഗിക്കുന്നു.

''പൈങ്കിളിപ്രേമം തീവ്രവിപ്ലവ ബുദ്ധിജീവികൾക്കു വരെയുണ്ട്. അവർ സാഹിത്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വലിയ നാട്യത്തിലാണു സംസാരിക്കുക. ഗ്രാംചി, അഡോർണോ, നെഗ്രി, ഫ്രെഡറിക് ജെയിംസൺ എന്നൊക്കെ പറയും. പക്ഷേ, എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത, സാഹിത്യത്തിന്റെ ജീവിതബന്ധം എന്നൊക്കെ കേൾക്കുമ്പോൾ ഏറ്റവും കൂടുതൽ അറപ്പുകാണിക്കുന്നത് അവരായിരിക്കും. ഉള്ളിന്റെ ഉള്ളിൽ അവരെല്ലാം അരാഷ്ട്രീയകലയുടെ ആരാധകരാണ്.'' (മായാമനുഷ്യൻ)

''ബോഡി പൊളിറ്റിക്‌സ്, പോസ്റ്റ് ട്രൂത്ത് ഇറ, പോസ്റ്റ് മാർക്‌സിസം എന്നീ ആശയധാരകളെ മുൻനിർത്തിയാണ് പിന്നീട് വന്നവർ സംസാരിച്ചത്. തങ്ങളുടെ നിലപാടുകൾ ഒട്ടൊരധികാരഭാവത്തിൽ അവതരിപ്പിക്കുന്നതിലല്ലാതെ ആശയവിനിമയത്തിൽ അവരാരും ശ്രദ്ധിക്കുന്നതായി തോന്നിയില്ല. സംസാരം തുടങ്ങി രണ്ടോ മൂന്നോ മിനുട്ടു കഴിയുമ്പോൾ ഇംഗ്ലീഷിലേക്കു മാറ്റുന്നതിൽ പലരും ഉത്സാഹം കാണിക്കുകയും ചെയ്തു.'' (മായാമനുഷ്യൻ)

'പോസ്റ്റ്, ട്രൂത്ത് ഇറ'യിലെ 'പോസ്റ്റ് മാർക്‌സിസത്തിനുണ്ടായ പരിണാമത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന ഈ ദിവസങ്ങളിൽ ഞാൻ ആലോചിക്കുകയുണ്ടായി. കമ്യൂണിസ്റ്റ് പാർട്ടി ഏഴു ദശാബ്ദം മുമ്പ് കേരളത്തിൽ അധികാരത്തിലേറുമ്പോൾ ഉയർന്നുകേട്ട മുദ്രാവാക്യങ്ങൾ ചോരയിൽ നിന്നും വിയർപ്പിൽ നിന്നും ഉയിർക്കൊണ്ടവയായിരുന്നു. ഇന്നത് ശീതീകരിച്ച മുറിയിലിരുന്ന് പബ്ലിക് റിലേഷൻ വിദഗ്ധരും 'ഇൻഫ്‌ളുവൻസർ'മാരും 'തലപുകഞ്ഞാലോചിച്ച്' പടച്ചുവിടുന്നവയാണ്.

മായാമനുഷ്യനിൽ സാഹിത്യഭാഷ തത്ത്വവിശകലനങ്ങളുടെ ഭാഷ സ്വീകരിക്കുന്നതായി കാണാം. പ്രമേയം അതിനിണങ്ങുന്ന ഭാഷയെ കണ്ടെത്തുകയാണ്. തിരിച്ച്, തത്ത്വശാസ്ത്രം തന്നെയും സാഹിത്യത്തിന്റെ 'സ്വകാര്യഭാഷ'യെ വരിച്ചിരിക്കുന്നുവെന്നും കാണാനാവും. 'വിഭ്രാമകചിന്തകനായ'സ്ലാവോയ് ഷീഷെക്കിനെ വായിക്കുമ്പോൾ പഴയ തത്ത്വശാസ്ത്രഗ്രന്ഥങ്ങളുടെ 'യുക്തിഭദ്രത'യിൽ നിന്നുതെന്നി, 'കല്പനാഭാഷ' സ്വീകരിക്കുന്നതായാണ് അനുഭവപ്പെടുന്നത്. സാഹിത്യവും തത്ത്വശാസ്ത്രവും ചെന്നുചേരുന്ന അതിരിലൂടെയാണ് അതിന്റെ പ്രയാണം.

മായാമനുഷ്യന്റെ 'കഥ' പറയുക എന്ന സാഹസത്തിനു മുതിരുന്നില്ല. അതു കഥയാണ്, കഥയല്ലതാനും. 'വർത്തമാനകാലത്തിലൂടെയുള്ള ബോധധാര'യാണത്. 'സർഗ്ഗാത്മക' സാഹിത്യത്തിനും 'സിദ്ധാന്ത' പരിചരണത്തിനുമിടയിൽ നിന്ന് 'ജീവിതശൂന്യത'യെ 'നിറവോ'ടെ ആവിഷ്‌കരിക്കുന്ന നോവലാണിത്. ഈ നോവലിനെക്കുറിച്ചുള്ള എതിർചിന്തകൾ പോലും ഉൾക്കാഴ്ചകളിലേക്കു നയിക്കുന്ന രൂപ-ഭാവശില്പം മായാമനുഷ്യനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക