
സഭ പണിയപ്പെട്ടത് സ്നേഹത്താലാണ്. സഭയിൽ സമാധാനം ഇല്ലാതായിട്ട് അഞ്ച് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. വിശ്വാസ സംരക്ഷണവും, നിയമ വ്യവസ്ഥയിലുള്ള വിശ്വാസവും പരസ്പരം യോജിച്ചു പോകില്ല. 23 ലക്ഷം വരുന്ന ജനത രണ്ടായി തിരിഞ്ഞ് വിദ്വേഷം പരത്തി പരസ്പരം പോരടിക്കുമ്പോൾ മറ്റു മതവിഭാഗങ്ങളിലെ സഹോദരർ മൂക്കത്ത് വിരൽ വയ്ക്കുകയാണ്.
പല വിധി പ്രസ്താവങ്ങൾ വന്നിട്ടും പ്രത്യേക കോടതിയിൽ നിന്ന് പരമോന്നത കോടതിയിലേക്കും, അവിടെ നിന്ന് കീഴ്ക്കോടതികളിലേക്കും കേസുകൾ സഞ്ചരിക്കുന്നു. സർക്കാരും ഉദ്യോഗസ്ഥരും എന്തു നിലപാട് സ്വീകരിക്കണം എന്നറിയാതെ ഉഴലുന്നു. സഭയിലെ ഇരു വിഭാഗങ്ങളും വിശ്വാസികളിൽ നിന്നും സമാഹരിക്കുന്ന കോടികൾ കേസു നടത്തുന്നതിനും, റാലികൾ സംഘടിപ്പിക്കുന്നതിനും ചെലവഴിക്കുന്നു.
ഇതിനിടയിലും സ്വന്തം കീശ വീർപ്പിക്കുവാനും, സ്വത്തു വകകൾ തന്നെ അടിച്ചുമാറ്റുവാനും ശ്രമിക്കുന്ന നേതൃത്വനിര. ഒരു കുടുംബത്തിലെ തന്നെ അപ്പനും മക്കളും രണ്ടു വിഭാഗങ്ങളായി നിന്ന് പോരടിക്കുന്ന വിചിത്രമായ അവസ്ഥ. കുഞ്ഞാടുകൾ പ്രാർത്ഥന ആലയങ്ങളിൽ നിന്നും ഇറങ്ങിപ്പോരേണ്ടി വരുന്ന തീരുമാനങ്ങൾ സഭക്ക് കൈമോശം പോയ സമാധാനം കുടുംബങ്ങളിൽ എങ്ങനെ ഉണ്ടാകും? തലമുറകൾ വിയർപ്പൊഴുക്കി നേടിയ സമ്പത്ത് മാത്രമല്ല, പ്രവാസികളോടും, മറുനാട്ടിലുള്ളവരോടും സമാഹരിച്ചു കൊണ്ടുവരുന്ന കോടികളും ചെലവുകൾക്കായി സമാഹരിക്കപ്പെടുന്നു.
വളരുന്തോറും പിളരുകയും, പിളരുന്തോറും വളരുകയും ചെയ്യുകയാണ് സഭയെന്ന് ഉറച്ചു വിശ്വസിക്കുന്ന വിഭാഗങ്ങൾ. വിശ്വാസത്തെ മുറുകെപ്പിടിച്ച്, ജീവൻ വെടിഞ്ഞും സാരമായ പരിക്കേറ്റും പോരടിക്കുന്ന മനസോടെ ജീവിച്ച, ജീവിക്കുന്ന തലമുറകളുടെ കഥയാണിത്. ആറടി ഉയരവും, ഒത്തശരീരവുമുള്ള 70കാരനായ കറിയ കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് ജീവിച്ചത് വിശ്വാസം മുറുകെ പിടിച്ചും നേതൃത്വം പറയുന്നത് അച്ചട്ടം അനുസരിച്ചും ആയിരുന്നു. ഈ കഥ ഒരു കറിയയുടെ മാത്രം സമാധാനത്തിനായുള്ള ആത്മപരിശോധനയിൽ ഒതുങ്ങുന്നതല്ല.
ഒന്ന് - ചോരക്കളം
കഴിഞ്ഞ നാലു വർഷത്തിനു മേലെയായി എൻ്റെ ഇടവക ആയ ചോരക്കളം പള്ളിയിൽ ഞാൻ പോകാറില്ലായിരുന്നു. സഭയിലെ എതിർവിഭാഗത്തിന് കോടതി വിധി പ്രകാരം വിട്ടുകൊടുക്കേണ്ടി വന്ന 90ഓളം പള്ളികളിൽ ഒന്നായിരുന്നു ചോരക്കളം.
'എന്നാ, ഇന്നത്തേക്ക് നമക്ക് അവസാനിപ്പിച്ചാലോ കറിയച്ചേട്ടാ? സന്ധ്യാപ്രാർത്ഥനക്ക് ഒരുങ്ങാനുണ്ട്.' മർക്കോസ് അച്ചൻ എഴുന്നേറ്റു. 'അച്ചാ, നാളെയെങ്ങാനും സമയം കിട്ടുമോ, എനിക്കിതൊന്നു പറഞ്ഞു തീർക്കണ്ടെ?'
ഞാൻ മറുപടി പ്രതീക്ഷിച്ചിരിക്കെ അച്ചൻ പറഞ്ഞു. 'ചേട്ടാ, തിങ്കളാഴ്ച്ച രാവിലെ കുർബ്ബാന കഴിഞ്ഞേ ഞാൻ പോകു. അപ്പ, നാളെ നാലു മണിക്ക് നമുക്കിരിക്കാം. തിരക്കുണ്ടാവില്ലാന്ന് കരുതണു. ഞാനും കമ്മറ്റിക്കാരും തിങ്കളാഴ്ച്ച തിരുമേനിയെ കാണാൻ അരമനേല് പോകുന്നുണ്ട്. കറിയച്ചേട്ടൻ്റെ വിഷയോം അവതരിപ്പിച്ച് വാക്കാലൊരു അനുവാദം വാങ്ങാം.'
അച്ചൻ ടോയ്ലറ്റിലേക്ക് നീങ്ങവെ, ഞാൻ വികാരിയുടെ മുറി വിട്ട് വരാന്തയിലേക്ക് ഇറങ്ങി. ഓഫീസ് മുറി ഓടാമ്പലിട്ട് അടച്ചിരിക്കുന്നു. ട്രസ്റ്റി ജോസഫ് ചേട്ടനും, ശിപായി മത്തായിച്ചേട്ടനും ഇവിടെ എവിടെയോ ഉണ്ടാകണം.
അച്ചൻ ഉള്ളതുകൊണ്ടും, സന്ധ്യാപ്രാർത്ഥനയുടെ സമയമാകാറായി എന്നതുകൊണ്ടും അവർ പള്ളിവിട്ട് പോയിട്ടില്ലെന്ന് ഉറപ്പാണ്. കാണാത്ത സ്ഥിതിക്ക് അച്ചനുമായി സംസാരിച്ച കാര്യങ്ങൾ ജോസഫ് ചേട്ടനെ രാത്രി വിളിച്ചു പറയാമെന്ന് കരുതി ഞാൻ ഓട്ടോ എടുത്ത് പള്ളിയുടെ ഗേറ്റും കടന്ന് ഓടിച്ചു പോന്നു.
കഴിഞ്ഞ ഒന്നര മണിക്കൂറായി ചോരക്കളം പള്ളിയുടെ മേടയിലിരുന്ന് അച്ചനുമായി നടത്തിയ സംസാരം മനസിന് സന്തോഷം തരുന്നതായിരുന്നു. ഒരു മാസം മുൻപാണ് അപ്രതീക്ഷിതമായി അമ്മയുടെ മരണം കടന്നു വന്നത്. ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തി സന്ധ്യാനമസ്ക്കാരവും കഴിഞ്ഞ് അടുത്ത ബന്ധുക്കളും, അയൽക്കാരും പിരിഞ്ഞതോടെയാണ് 'ഒറ്റക്കായി' എന്ന ചിന്ത ആദ്യമായി എന്നെ ഗ്രസിച്ചത്.
ഭാര്യയേയും മക്കളേയും അളിയൻ വന്ന് കൂട്ടിക്കൊണ്ടു പോയിട്ട് വർഷം അഞ്ച് കഴിഞ്ഞിരിക്കുന്നു. അവരെ കാണുവാനോ, മിണ്ടുവാനോ ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല. എപ്പോൾ വന്നാലും, എപ്പോൾ പോയാലും വീട്ടിൽ അമ്മയുണ്ടല്ലോ, അമ്മ ഒരുക്കി വക്കുന്ന ഭക്ഷണമുണ്ടല്ലോ എന്ന ഉറപ്പ് ആയിരുന്നു എൻ്റെ കരുത്ത്.
അമ്മക്ക് പനി വന്നപ്പോൾ മരുന്നു വാങ്ങിച്ചു. ' അമ്മ മരുന്നു കഴിക്കുന്നില്ലേ' എന്നു പോലും അന്വേഷിച്ചില്ല. രാത്രി വന്നപ്പോൾ വാതിലിൻ്റെ പൂട്ട് തുറന്ന്, മുറിയിലെത്തും മുൻപ് വിളിച്ചിട്ടും വിളി കേൾക്കാത്തതിനാൽ കട്ടിലിലേക്ക് എത്തിനോക്കിയതാണ്. എല്ലാം കഴിഞ്ഞിരുന്നു. അമ്മയുടെ പെട്ടെന്നുള്ള മരണത്തോടെ കൈമോശം പോയത് ആത്മവിശ്വാസമാണ്.
പള്ളിയിൽ മിനിയും മക്കളും വന്നിട്ടുണ്ടായിരുന്നു. ചെന്ന് മിണ്ടിയില്ല, അവരൊട്ടു സംസാരിക്കുവാൻ വന്നതുമില്ല. പകലുകളിൽ കൂട്ടായി എൻ്റെ ഓട്ടോ 'സിയോൻ സഞ്ചാരി' ഒപ്പമുണ്ടായിരുന്നു. ഒന്നു പറഞ്ഞ് രണ്ടു പറഞ്ഞ് അമ്മയുമായി കലഹിച്ചിരുന്ന രാത്രികളായിരുന്നു കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഏറെയും. ആ കലഹങ്ങൾക്ക് ഒരു സുഖമുണ്ടായിരുന്നു. കഴിഞ്ഞ ഒരു മാസമായി മിണ്ടിപ്പറയുവാൻ ആരുമില്ലെന്നായി, അതോടെ എത്ര സമയം കണ്ണു തുറന്നു കിടന്നിട്ടും നേരം പുലരാത്ത അവസ്ഥയായി.
അമ്മയുടെ കല്ലറയിൽ അനിത ചൊല്ലിക്കുവാൻ നേരം അച്ചൻ വരണമെങ്കിൽ ഔദ്യോഗിക പക്ഷത്തെ പള്ളിയിൽ ഇടവകക്കാരനാകണം. ഇല്ലെങ്കിൽ വിമതരുടെ പള്ളിയിൽ കുർബാന ചൊല്ലി സെമിത്തേരിയിൽ അച്ചനില്ലാതെ ചെന്ന് നമുക്കു തന്നെ പ്രാർത്ഥന ചൊല്ലി തിരിച്ചു പോരാം. കലഹിച്ച് എല്ലാം ബന്ധങ്ങളും ഉപേക്ഷിച്ച് പോന്നവരുടെ സമീപത്തേക്ക് വീണ്ടും ചെല്ലുക എന്നത് ഒരു വിധത്തിൽ പറഞ്ഞാൽ നാണക്കേടാണ്. അതുകൊണ്ട് കുറെ ദിവസങ്ങളായി കടുത്ത ആലോചനയിൽ ആയിരുന്നു.
കക്ഷിമാറ്റം ആരോടും ആരായാതെ സ്വയം എടുത്ത കടുത്ത തീരുമാനം ആയിരുന്നു. വിമത വിഭാഗത്തിലെ അറിയപ്പെടുന്ന പോരാട്ടക്കാരൻ ആയിരുന്നതിനാൽ അതിനെ പ്രതി എന്തൊക്കെ സംഭവ വികാസങ്ങൾ ഉണ്ടായാലും നേരിടാനുള്ള പ്രാപ്തി കൈവരിക്കുവാൻ ദിവസങ്ങൾ എടുത്തു. അഞ്ചു പതിറ്റാണ്ടായി കൂടെ നിന്നവർ എന്തു സമീപനമാകും എന്നോട് സ്വീകരിക്കുക എന്നതിനെകുറിച്ച് ആലോചിച്ച് തല പെരുപ്പിക്കേണ്ടെന്നും തീരുമാനിച്ചു.
കക്ഷി മാറാനുള്ള തീരുമാനം 10 ദിവസത്തിനുള്ളിൽ എടുക്കണം. അതു കൊണ്ടാണ് അമ്മയുടെ 30 നടത്തിയ ഇന്നേ ദിവസം വൈകിട്ട് നാലു മണിക്ക് പള്ളിമേടയിൽ വച്ച് വികാരിയുമായി കൂടിക്കാഴ്ച്ച നടത്തുവാൻ അച്ചനോട് സമയം ചോദിച്ചത്. അവസരം ഒരുക്കി തന്നത് ട്രസ്റ്റി ജോസഫ് ചേട്ടനായിരുന്നു.
ദൂരെ പെരിയങ്ങാടിയിൽ നിന്നും വരുന്നതിനാൽ ഞായറാഴ്ച്ച രാവിലത്തെ കുർബ്ബാനക്കു വേണ്ടി ശനിയാഴ്ച്ച വൈകിട്ട് നാലു മണിയോടെ അച്ചൻ പള്ളിയിൽ വരുമെന്നും, സന്ധ്യാപ്രാർത്ഥനക്കു മുൻപ് എല്ലാം സംസാരിക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും ജോസഫ് ചേട്ടൻ ഉച്ചക്ക് തന്നെ എന്നെ വിളിച്ചറിയിച്ചിരുന്നു.
നാലു മണിക്ക് വികാരിയുടെ മുറിയിലേക്ക് ചെന്നതേ അച്ചന് ആളെ മനസിലായി. 'കറിയ ചേട്ടൻ ഇരിക്ക്. സമയത്ത് തന്നെ എത്തിയല്ലോ.' മർക്കോസ് അച്ചനെ ആദ്യമായി കാണുകയായിരുന്നു. 50 വയസു തോന്നിച്ച ചെറുപ്പക്കാരനായ അച്ചൻ. അച്ചൻ ബെല്ലടിച്ചപ്പോൾ മത്തായി ചേട്ടൻ വന്നു. എനിക്കു പറഞ്ഞ ചായ മിനിറ്റുകൾക്കകം മേൾപ്പുറത്ത് എത്തി. ചായ കുടിച്ചു കഴിഞ്ഞപ്പോൾ അച്ചൻ പറഞ്ഞു, ' ചേട്ടാ, സംസാരിച്ചോളു'. അങ്ങനെ ഞാൻ പറഞ്ഞു തുടങ്ങി.
അച്ചൻ എന്നെക്കുറിച്ച് എത്രമാത്രം കേട്ടിട്ടുണ്ട് എന്നെനിക്ക് അറിയില്ല. അച്ചൻ്റെ എതിർ വിഭാഗത്തിൻ്റെ മുന്നണി പോരാളിയായി ഞാൻ പരിണമിച്ചതിൻ്റെ ചരിത്രം എനിക്ക് അച്ചനോട് പറയണം. കേവലം പറച്ചിൽ മാത്രമായി അത് ഒതുങ്ങുന്നല്ലെന്നും, ഒരു കുമ്പസാരം പോലെ ഈ സംസാരത്തെ എടുക്കണമെന്നുമാണ് ഞാൻ അച്ചനോട് ആദ്യമേ പറഞ്ഞത്.
അങ്ങനെ ഒരു നോവലിനോളം ദീർഘമായ എൻ്റെ പോരാളി വേഷത്തെക്കുറിച്ച്, അച്ചന് അറിയാവുന്ന ഒട്ടേറെ സംഭവങ്ങളും, വിഷയങ്ങളും കൂട്ടി ചേർത്താണ് ഞാൻ അച്ചനോട് പറഞ്ഞു തുടങ്ങിയത്.
സഭയിൽ സമാധാനം പുലർന്നത് ഏകദേശം ഒന്നര പതിറ്റാണ്ടു മാത്രമായിരുന്നല്ലോ. തുപ്പുംപടിയിൽ 1973ൽ നടത്തിയ മഹാസമ്മേളനത്തോടെ സഭ വീണ്ടും രണ്ടു ചേരികളായി തിരിഞ്ഞു.
കോളേജ് പ്രൊഫസറായിരുന്ന എൻ്റെ അയൽപക്കക്കാരൻ ഐസക്ക് സാറാണ് എന്നെ സഭയുടെ പിളർപ്പിലേക്ക് തുടക്കമിട്ട തുപ്പുംപടി സമ്മേളനത്തിന് സാറിൻ്റെ ലാബ്രട്ട സ്കൂട്ടറിൽ കൊണ്ടുപോയത്. സമീപത്തെ പള്ളികളിൽ നിന്നുൾപ്പെടെ ലൈൻബസുകൾ വിളിച്ചാണ് ആളുകൾ പോയതെന്നോർക്കുന്നു.
'വിദേശത്തേക്കു പോയ ഒരു പുരോഹിതൻ മേൽപ്പട്ട സ്ഥാനം സ്വീകരിച്ച് തിരികെ നാട്ടിൽ എത്തിയതിൻ്റെ സ്വീകരണമായിരുന്നു. നൂറു കണക്കിന് പേർ പങ്കെടുത്ത പ്രകടനത്തിനു ശേഷം നടന്ന യോഗത്തിന് സമ്മേളന നഗരി വിശ്വാസികളാൽ നിറഞ്ഞു കവിഞ്ഞു. 22 വയസുള്ള ഞാൻ ബാഡ്ജു ധരിച്ച് വോളണ്ടിയറായി പ്രവർത്തിച്ചത് ഓർക്കുന്നു. അലുമിനിയം കെറ്റിലും, സ്റ്റീൽ ഗ്ലാസുമായി വിശ്വാസികൾക്ക് ഇടയിലൂടെ നടന്ന് ആവശ്യക്കാർക്ക് കുടിവെള്ളവും, പൊതിക്കടലയും സൗജന്യമായി എത്തിച്ചു കൊടുക്കുന്നവരിൽ ഒരാളായിരുന്നു ഞാൻ.
നാളുകൾ കഴിയുന്തോറും സഭയിലെ സംഘർഷം ഭദ്രാസനത്തിലെ കൂടുതൽ പള്ളികളിലേക്കു വ്യാപിച്ചു കൊണ്ടിരുന്നു. വിമതവിഭാഗത്തിൻ്റെ ശക്തികേന്ദ്രം ഈ ഭദ്രാസസം ആയിരുന്നല്ലോ. ഔദ്യോഗിക വിഭാഗത്തിലെ മേൽപ്പട്ടക്കാരെയും, പട്ടക്കാരെയും, ആത്മായരെയും 'മുടക്കപ്പെട്ടവരായി' കണ്ട് ഭൂരിപക്ഷം പള്ളികളും കൈയ്യടക്കിയിരുന്ന വിമതവിഭാഗം അകറ്റി നിറുത്തി.
പത്രങ്ങൾ സംഘർഷ വാർത്തകൾ കൊണ്ടും ചിത്രങ്ങൾ കൊണ്ടും പലപ്പോഴും നിറഞ്ഞു. വാർത്ത വരാത്ത പത്രം കത്തിച്ചു, ബഹിഷ്ക്കരിച്ചു. എറണാകുളത്തും, കോട്ടയത്തും നടത്തിയ ദിനാഘോഷങ്ങൾക്ക് ഐസക്ക് സാറ് എന്നെയും കൊണ്ടുപോയി.
അങ്ങനെയിരിക്കെ, ഔദ്യോഗിക പക്ഷത്തിൻ്റേതല്ല, തങ്ങളുടെ പൂർവിക തിരുമേനിമാർ സ്ഥാപിച്ചതാണെന്ന് വാദിച്ച്, സെമിനാരി പിടിച്ചെടുക്കുവാൻ പോകുന്നുവെന്നറിയിച്ച് ഒട്ടേറെ വിശ്വാസികളെ അണിനിരത്തി 1978ൽ ഞങ്ങളതിനായി നഗര ഹൃദയത്തിൽ സംഗമിച്ചു.
പ്രകടനം മിനിസിവിൽ സ്റ്റേഷനും, തീയേറ്ററും കടന്ന് ഓവർ ബ്രിഡ്ജിലെത്തിയപ്പോൾ പാലത്തിനപ്പുറം പോലീസ് തടഞ്ഞു. പിരിഞ്ഞു പോകുവാൻ പറഞ്ഞുള്ള അനൗൺസ്മെൻ്റ് പല തവണ ആവർത്തിച്ചു. അറിയിപ്പ് കേട്ടെങ്കിലും അതാരും ഗൗനിച്ചില്ല. പ്രകടനക്കാരുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായത് അപ്പോഴാണ്. തുടർന്ന് നടന്നത് ഭീകരമായ പോലീസ് ലാത്തിച്ചാർജായിരുന്നു.
ഉടുതുണി പോലുമില്ലാത്ത ഓട്ടത്തിനിടയിൽ റോഡിൽ വീണും പോലീസിൻ്റെ മർദ്ദനത്തിൽ കൈകാലുകൾക്ക് പരുക്കേറ്റും പലരും നിലത്തു വീണു. വീണു കിടന്നവരെ വളഞ്ഞിട്ട് പോലീസ് വീണ്ടും തല്ലി. പാലത്തിൽ നിന്നും താഴെ ട്രാക്കിലേക്ക് ചാടിയാൽ രക്ഷപെടുമെന്ന് ധരിച്ച രണ്ടു പേരുടെ കാലൊടിഞ്ഞുവത്രെ.
ഓവർ ബ്രിഡ്ജിൻ്റെ വശത്തുകൂടിയുള്ള നടവഴിയിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് ഓടി പ്ലാറ്റ്ഫോമിൽ നിന്നവരുടെ പിന്നാലെ ചെന്നു പോലും പോലീസ് ലാത്തി വീശി. ജനപ്രതിനിധികൾക്കും, തിരുമേനിക്കും, പുരോഹിതന്മാർക്കും, പത്രപ്രവർത്തകർക്കും, സംഘർഷം കണ്ടു നിന്നവർക്കും ഉൾപ്പെടെ പരിക്കേറ്റു.
പാലത്തിൽ പോലീസിനോട് ബലപ്രയോഗം നടത്തിയ ഞാനുൾപ്പെട്ട നാലഞ്ചു പേരെ അവർ ലാത്തി കൊണ്ട് അടിച്ചോടിച്ചു. പെരിയാർ കുറുകെ കടന്ന് ഓവർ ബ്രിഡ്ജിനു താഴെക്കൂടി കൂകി വരുന്ന കൽക്കരിയിൽ ഓടുന്ന ഗുഡ്സ് ട്രെയിൻ ലക്ഷ്യം വച്ച്, വരുന്നതു വരട്ടെയെന്ന പ്രാർത്ഥനയോടെ ലാത്തി വീണ്ടും ദേഹത്ത് തൊടും മുന്നേ ഞാൻ കണ്ണടച്ച് ഒരു കുതിരപ്പുറത്തു നിന്ന് ചാടിയിറങ്ങുകയാണെന്ന് സങ്കൽപ്പിച്ച് താഴെ റെയിൽ ട്രാക്കിലേക്ക് എടുത്തു ചാടി.
ഒരു വർഷം മുൻപു കണ്ട സൂപ്പർ ഹിറ്റ് ചിത്രം ഷോലെയിൽ അമിതാബച്ചനും, ദർമേദ്രയും തകർത്താടിയ ട്രെയിൻ ആക്ഷൻ സീനുകൾ എനിക്ക് പ്രചോദനമായി. ലക്ഷ്യം തെറ്റിയില്ല, ഞാൻ ചെന്നു വീണത് മേൽഭാഗം തുറന്നു കിടന്ന കൽക്കരി നിറച്ച ഒരു വാഗണിലായിരുന്നു.
കൽക്കരി കൂമ്പാരത്തിനു മുകളിൽ ഞാൻ എഴുന്നേറ്റിരുന്നു. ചുട്ടു പഴുത്ത വെയിൽ തന്നത് ചൂടുള്ള കാറ്റായിരുന്നു. ഒരൽപ്പം വെള്ളത്തിനായി ആഗ്രഹിച്ചെങ്കിലും അതിനുള്ള സാദ്ധ്യതയേ ഇല്ലായിരുന്നു. അവസാനം ഗുഡ്സിൻ്റെ ഓട്ടം നിലച്ചത് കോട്ടയത്തായിരുന്നു. എങ്ങനെയോ ഞാൻ ആ വാഗണിൽ നിന്നും ഇറങ്ങിപ്പറ്റി. ആരൊക്കെയോ താങ്ങിപ്പിടിച്ച് എന്നെ ആശുപത്രിയിലാക്കി. അപ്പോഴേക്കും ഞാൻ തീർത്തും ക്ഷീണിതനായിരുന്നു.
പ്രസ് ഫോട്ടോഗ്രാഫർ പാലത്തിൽ നിന്നും പകർത്തിയ വാഗണിലേക്ക് പതിക്കുന്ന എൻ്റെ മൂന്ന് ആക്ഷൻ ചിത്രങ്ങൾ പിറ്റേന്ന് പത്രത്തിൽ വന്നത് വൈറലായി. ഐസക്ക് സാറിന് എന്നെ കണ്ടെത്തുവാനും അത് സഹായകമായി. അങ്ങനെ, അതിസാഹസികമായി പോലീസ് നരവേട്ടയിൽ നിന്ന് രക്ഷപെട്ട ഞാൻ 29 വയസിൽ ഹീറോ ആയി.
തേക്കുകാട് പള്ളിയുമായി ബന്ധപ്പെട്ട സംഘർഷത്തിൻ്റെ മുൻനിരയിലും ഞാനുണ്ടായിരുന്നു. ടൗണിൽ പ്രകടനവും സമ്മേളനവും കഴിഞ്ഞ് പള്ളി പിടിച്ചെടുക്കുവാൻ മുന്നോട്ടു നീങ്ങിയ ഞങ്ങളെ പോലീസ് തടഞ്ഞു. പിരിഞ്ഞു പോകുവാൻ പറഞ്ഞത് ഞങ്ങൾ കൂട്ടാക്കിയില്ല.
ലാത്തിച്ചാർജിനു ശേഷവും ഞങ്ങൾ ഒത്തുകൂടി. പോലീസിൻ്റെ നിർദ്ദേശങ്ങൾ അവഗണിച്ച് പള്ളിയെ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങിയത് സംഘർഷത്തിന് ഇടയാക്കുമെന്ന് കണ്ടായിരുന്നു വെടിവയ്പ്പ്. ആകാശത്തേക്ക് വെടിവച്ചതോടെ ഞങ്ങൾ ചിതറിയോടി. കുറെ പേർക്ക് തല്ലു കിട്ടി. അതങ്ങനെ അവിടം കൊണ്ട് അവസാനിച്ചു.
ഭദ്രാസനത്തിലെ നിരവധി പള്ളികളുമായി ബന്ധപ്പെട്ട പരാതികൾ പോലീസ് സ്റ്റേഷനുകളിലും, കോടതികളിലും എത്തിത്തുടങ്ങിയ കാലമായിരുന്നു. സമീപ ഭാവിയിൽ എല്ലാപള്ളികളിലേക്കും പ്രശ്നങ്ങൾ വ്യാപിക്കുമെന്ന അവസ്ഥ. ഒരു ശനിയാഴ്ച്ച ഐസക്ക് സാറ് എന്നെയും കൂട്ടി തവളക്കുഴിയിലേക്ക് പോയി. ഞങ്ങളുടെ യാത്ര ഭദ്രാസനത്തിൻ്റെ ആസ്ഥാനമായ സെമിനാരിയിലേക്കായിരുന്നു.
ഗസ്റ്റ് റൂമിനോട് ചേർന്നുള്ള മുറി തുറന്ന് അവിടെ വിശ്രമിച്ചു കൊള്ളുവാൻ പറഞ്ഞിട്ടാണ് സാറ് ബിഷപ്പിനെ കണ്ടിട്ടു വരാമെന്ന് പറഞ്ഞു പോയത്. ആ മുറിയിൽ എന്നെപ്പോലെ ചെറുപ്പക്കാരായ മറ്റു മൂന്നു പേർ കൂടിയുണ്ടായിരുന്നു. കറിയ, സ്കറിയ, സഖറിയ എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകൾ. നാലുപേരും ഒരേ പേരുകാരാണെന്ന് അറിഞ്ഞതോടെ മിനിറ്റുകൾക്കുള്ളിൽ ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളായി മാറി. ഒറ്റ മനസോടെ സഭക്കു വേണ്ടി പിൽക്കാലത്ത് പ്രവർത്തിച്ചവരുടെ ആദ്യ കണ്ടുമുട്ടലായിരുന്നു അത്.
തിരിച്ചു വന്നപ്പോൾ സാറിനൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നു. ചില്ലഞ്ചേരി കോളേജിലെ ജയിംസ് സാറിനെ, ഐസക്ക് സാറ് എനിക്ക് പരിചയപ്പെടുത്തി തന്നു. ജയിംസ് സാറ് പറഞ്ഞു. ' ഐസക്ക് സാറ് സുപ്രധാനമായൊരു കാര്യം നിങ്ങളോടു പറയും. സഭക്കു വേണ്ടി നിങ്ങളത് കൃത്യതയോടെ, സമയബന്ധിതമായി നടപ്പാക്കണം'. തുടർന്ന് സംസാരിച്ച ഐസക്ക് സാറ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
'നിങ്ങൾ എല്ലാവരും ഒരേ പേരുകാരാണ്. സഭ നിരവധിയായ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ നമ്മുടെ കൈവശത്തിലും ഭരണത്തിലും ഇരിക്കുന്ന പള്ളികളിലെ ചരിത്രപരമായ പല രേഖകളും നമുക്കു തന്നെ തിരിച്ചടിയായേക്കാം. ആധാരങ്ങൾ, കൽപ്പനകൾ, താളിയോലകൾ തുടങ്ങി എല്ലാം അഗ്നിക്ക് ഇരയാക്കേണ്ടതുണ്ട്.'
'എന്ന് ഏത് പള്ളിയിലെ രേഖകൾ സൂക്ഷിക്കുന്ന മുറിക്ക് തീ ഇടണമെന്ന നിർദ്ദേശവും സൗകര്യങ്ങളും നിങ്ങൾക്ക് ചെയ്തു തരും. സഭക്കു വേണ്ടി ആ കൃത്യം നിർവഹിക്കേണ്ടവർ നിങ്ങളാണ്. പ്രത്യക്ഷത്തിൽ ഉണ്ടാകില്ലെങ്കിലും പള്ളിക്കാർ രഹസ്യമായി നിങ്ങൾക്ക് ധാരണയും സഹായവും തരും'.
ഇടവേളകളും, മാസങ്ങളും എടുത്ത് ഒരോപള്ളിയിലെയും ട്രസ്റ്റിമാരുടെ രഹസ്യ പിന്തുണയോടെ ഞങ്ങളത് ഇരുളിൻ്റെ മറവിൽ നടപ്പാക്കി. കൃത്യനിർവഹണ സമയത്തിനു വളരെ മുൻപേ ഞങ്ങൾ നാലുപേരും സഭവക ആശുപത്രിയിൽ അഡ്മിറ്റ് ആകുമായിരുന്നു. ജോലി തീർത്ത ശേഷം രണ്ടു ദിവസം കൂടി ഞങ്ങൾ 'രോഗികളായി' ആശുപത്രിയിൽ കഴിഞ്ഞു പോന്നു.
അച്ചാ, സഭയോടും സമൂഹത്തോടും ക്ഷമ ചോദിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള എത്രയോ സാംസ്കാരിക രേഖകൾ അക്കാലത്ത് ഞങ്ങൾ അഗ്നിക്ക് ഇരയാക്കി. പോലീസിൽ പള്ളി ഭാരവാഹികളുടെ ഒരു പരാതി. പത്രവാർത്ത, ചിലപ്പോഴൊരു ഫോട്ടോ. എങ്ങും എത്താത്ത അന്വേഷണം. കേസങ്ങനെ അവസാനിക്കും.
ഐസക്ക് സാറും, തോമസ് സാറും ഞങ്ങളെ നാലു പേരെയും സെമിനാരിയിലേക്ക് വിളിപ്പിച്ചു. ബിഷപ്പിനെ ഞങ്ങൾ കണ്ടു. നിങ്ങൾ സഭയെ സ്നേഹിക്കുന്ന യഥാർത്ഥ വിശ്വാസികളാണെന്നും, ശരിയായ സമയത്ത് സഭ നിങ്ങളെ ആദരിക്കുമെന്നും തിരുമേനി ഞങ്ങളോട് പറഞ്ഞു. നെറ്റിയിൽ സ്ലീബ വച്ച് അനുഗൃഹിക്കുകയും, മേശപ്പുറത്തെ ടിന്നു തുറന്ന് ഒരോ മിഠായി വീതം ഞങ്ങൾക്ക് തരികയും ഞങ്ങൾ സന്തോഷത്താൽ കുരിശു വരയ്ക്കുകയും ചെയ്തു.
രണ്ട് - തവളക്കുഴി
'തവളക്കുഴിയിൽ കറിയമാരെ തടഞ്ഞിട്ട് നടക്കാൻ പാടില്ല,' എന്ന പറച്ചിൽ പണ്ടു മുതൽക്കേ ഉള്ളതാണ്. സഭയിലെ ആൺകുട്ടികളെ ധാരാളമായി മാമോദിസ മുക്കി വന്നത് തവളക്കുഴി പള്ളിയിൽ ആയതിനാൽ കറിയമാരുടെ പേരുകൾ സർവ്വസാധാരണമായി. മിക്കവരുടെയും പേരുകൾ കറിയ എന്നായതോടെ 'ഏതു കറിയ' എന്നു വിശദീകരിക്കേണ്ട അവസ്ഥയിലുമായി.
തവളക്കുഴിയിൽ കറിയ നാമധാരികളുടെ ആദ്യ സംഗമം 1982ലാണ് നടന്നത്. ഇതിനു പിന്നിലെയും ബുദ്ധികേന്ദ്രം ഐസക്ക് സാറും, ജയിംസ് സാറും ആയിരുന്നുവെന്നും, അവരുടെ അഭിപ്രായങ്ങളും, ഉപദേശങ്ങളും ആണ് സഭാനേതൃത്വം പ്രവർത്തിപഥത്തിൽ ആക്കുന്നതെന്നും പരസ്യമായ രഹസ്യമായി മാറി.
അങ്ങനെ ആ ദിവസം സമാഗതമായി. കറിയ, കറിയാച്ചൻ, സ്കറിയ, സഖറിയ നാമധാരികൾ തവളക്കുഴി പള്ളിയിലെ രണ്ടാം ശനിയാഴ്ച്ചത്തെ കുർബ്ബാനയിൽ സംബന്ധിച്ച ശേഷം സമ്മേളന നഗരിയിലേക്ക് പ്രവേശിച്ചു. പള്ളി വക സ്കൂളിൻ്റെ ഹാളിലായിരുന്നു 600ൽ അധികം പേർ പങ്കെടുത്ത 'കറിയ സംഗമ സമ്മേളനം'.
ഉദ്ഘാടന സെഷനു ശേഷം 'കറിയമാരുടെ പ്രാധാന്യം' എന്ന വിഷയത്തിലായിരുന്നു ആദ്യ ക്ലാസ്. സന്യസ്ഥനായ സ്കറിയ തോട്ടഞ്ചേരി അച്ചൻ്റേതായിരുന്നു ക്ലാസ്. സ്കറിയ എന്ന് പേരുള്ളവർ ഒരു ലക്ഷത്തിന് മുകളിലുണ്ടെന്നും, ഇന്നു വന്നവർ അര ശതമാനം പോലുമില്ലെന്നും, സഭയുടെ പടക്കുതിരകളാണ് കറിയമാരെന്നും, എല്ലാ കറിയമാരും ചേരുന്നതാണ് സഭയുടെ സൈന്യം എന്നുമൊക്കെ അച്ചൻ പറഞ്ഞു വച്ചു. കറിയ നാമധാരികളായ ഞങ്ങൾ ഒരോരുത്തരുടേയും നിലയും വിലയും മനസിലാക്കുന്നതിന് ഉതകിയ ക്ലാസ് തീർന്നത് ഉച്ചക്ക് ഒന്നേകാലിനാണ്.
ഊണിൻ്റെ സമയമായിരുന്നു. ഞാനുൾപ്പെടെ ക്യാമ്പിനു വന്നവർ വിളമ്പുകാരായി. തിരക്ക് അവസാനിച്ചപ്പോൾ ഞങ്ങളും ഇരുന്നു. വിഭവസമൃദ്ധമല്ലെങ്കിലും കാളനും ക്യാബേജ് തോരനും, മാങ്ങ അച്ചാറും കൂട്ടിയുള്ള ഊണായിരുന്നു. ഇതൊന്നുമല്ലായിരുന്നു ഹൈലൈറ്റ്.
ചോറിൻ്റെ വലതു വശത്തേക്ക് വലിയൊരു കയിൽ നിറച്ചുമിട്ടു തന്ന ബീഫും കായയും പെരളനായി വച്ച കറി. അത് ഒരു സംഭവം ആയിരുന്നു. കള്ളപ്പം, പിടി, കോഴിക്കറി ഇവയൊക്കെയാണ് ഞങ്ങളുടെ സഭയുടെ ഔദ്യോഗിക വിഭവങ്ങളായി എനിക്ക് തോന്നിയിരുന്നത്. എന്നാൽ, ബീഫും കായേം ഒരിക്കൽ കഴിച്ചവരാരും പിന്നെ സഭ ഏൽപ്പിക്കുന്ന ദൗത്യം വിട്ടൊരു കളിക്ക് നിന്നിട്ടില്ല എന്നതാണ് വാസ്തവം.
ഉച്ചകഴിഞ്ഞ് 'കറിയമാർ സഭയിൽ വഹിക്കേണ്ടതായ പങ്ക്', 'കറിയമാരുടെ ഉത്തരവാദിത്വം' തുടങ്ങിയ വിഷയങ്ങളിലെ രണ്ടു ക്ലാസുകളായിരുന്നു. എം.എസ്. കറിയ, എൻ.സി. സഖറിയ എന്നിങ്ങനെ സഭയിലും, സമൂഹത്തിലും ശ്രദ്ധേയരായ രണ്ട് ആത്മായരായിരുന്നു ആ ക്ലാസുകൾ എടുത്തത്.
ചായയും കടിയും കഴിച്ച ശേഷം പരസ്പരം പരിചയപ്പെടുവാനുള്ള അവസരമായിരുന്നു. പള്ളിയിലെ സന്ധ്യാപ്രാർത്ഥനക്കു ശേഷം നടന്ന ക്ലാസിനു മുൻപായി സഭയുടെ മുന്നണിപ്പോരാളികൾ എന്ന നിലയിൽ ഞങ്ങൾ ഒരോരുത്തരും വ്യക്തി വിവരങ്ങളും, ഫോട്ടോയും, സത്യ പ്രസ്താവനയും ഉൾക്കൊള്ളുന്ന ഒരു ഫോറം ഒപ്പിട്ടു നൽകി.
'വിശ്വാസ സംരക്ഷണം' എന്നതായിരുന്നു ഫാ.സ്കറിയ പോളെടുത്ത ക്ലാസ്. വലതു ചെവിക്ക് അടി വീഴും മുൻപേ ഇടതു ചെവി നോക്കി അങ്ങ് പൊട്ടിച്ചേക്കണം. നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തികളുമായി വരുന്ന വിമതരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ, മുളകുപൊടി എറിഞ്ഞും ഒന്നാന്തരം കാപ്പി വടികൊണ്ടുമൊക്കെ നേരിടണമെന്ന് പറഞ്ഞ് അച്ചൻ ക്ലാസ് തുടർന്നതോടെ വലിയ കൈയ്യടികളാൽ ഹാളാകെ ശബ്ദമുഖരിതമായി.
അച്ചൻ്റെ ക്ലാസു കഴിഞ്ഞ് ഞങ്ങളെ സ്കൂൾ ഗ്രൗണ്ടിലേക്കാണ് കൊണ്ടുപോയത്. രാത്രിയിലും പകൽ പോലെ തെളിഞ്ഞു നിന്ന ഗ്രൗണ്ടിൽ കുറെ പരിശീലന മുറകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി. വടിയും കല്ലും മണലും മുളകുപൊടിയും ബെൽട്ടും കൊണ്ടുള്ള പ്രയോഗങ്ങളും അടി, ഇടി, തൊഴി, തട തുടങ്ങിയവയുടെ പരിശീലനങ്ങളിലും ഞങ്ങൾ പങ്കാളികളായി.
'മദ്യം കഴിച്ചിട്ടില്ല, വേണ്ട', എന്നു പറഞ്ഞിട്ടും നിർബന്ധത്തിനു വഴങ്ങി ഞങ്ങൾ കഴിച്ചു. സമയം നീങ്ങിയപ്പോൾ എല്ലുംകപ്പേം കഴിച്ചും, അച്ചാറു തൊട്ടു നക്കിയും കുടി തുടർന്നു. പള്ളി പിടിക്കുവാൻ രാത്രി വരുന്നവരെ കാത്ത്, ഉറങ്ങാതെ ഇരിക്കുവാനുള്ള പരിശീലന പരിപാടിയുടെ ഭാഗമായിരുന്നുവത്രെ മദ്യപാനം.
'അച്ചാ, നിങ്ങളുടെ വിഭാഗം രാത്രി പള്ളി കൈയ്യേറുവാൻ വരില്ലെന്ന് സംഘാടകർക്ക് അറിവില്ലാത്തതു കൊണ്ടല്ല. വിശ്വാസികളെ കൂടെ നിറുത്തുവാൻ ഇതൊക്കെ വേണമെന്ന കാഞ്ഞബുദ്ധിയായിരുന്നു എല്ലാറ്റിനും പിന്നിലെന്ന് ഒത്തിരി കാലം കഴിഞ്ഞാണ് എനിക്ക് മനസിലായത്. അങ്ങനെ വിശ്വാസത്തിൻ്റെ പേരു പറഞ്ഞ് കുറെപ്പേർ മദ്യപാനികളായും മാറി.'
'കറിയ സംഗമം' ചില വർഷങ്ങളിലൊക്കെ നടത്തി. ആദ്യ സംഗമം പോലെ മറ്റു സംഗമങ്ങൾ വിജയിച്ചില്ല, അല്ലെങ്കിൽ വിജയിപ്പിക്കുന്നതിൽ സഭ താൽപ്പര്യം കാണിച്ചില്ല. നേതൃത്വം ഉദ്ദേശിച്ചത് എന്താണോ അതിന് ആവശ്യമായ കറിയമാരെ ലഭിച്ചു എന്നത് തന്നെയാകണം കാരണം. ഞങ്ങൾ കുറെപ്പേർ സഭ ആവശ്യപ്പെടുന്ന സമയത്ത് ആവശ്യമായ സഹായങ്ങൾ യാതൊരു വിധ സാമ്പത്തിക പ്രതിഫലവും പറ്റാതെ നിർവഹിച്ചു പോന്നു.
അഞ്ചു വർഷം മുൻപ് കൂടുതൽ പള്ളികൾ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നതോടെ 'കറിയ മഹാസംഗമം' തവളക്കുഴിയിൽ നടത്തി. ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ ഗാന്ധി സ്ക്വയറിൽ നിന്നു തുടങ്ങി പള്ളിമുറ്റത്ത് അവസാനിച്ചു. അന്നത്തെ സമ്മേളനത്തിൽ ഞാനുൾപ്പെടെ 10 കറിയമാരെ ആദരിക്കുകയും ചെയ്തു. എടുത്താൽ പൊങ്ങാത്ത അത്ര വലിപ്പമുള്ള മെമൻ്റോ ആയിരുന്നു ഒരോരുത്തർക്കും ലഭിച്ചത്. 'ചെറുതു മതിയായിരുന്നു. കുറച്ചു പൈസയായിരുന്നു തരേണ്ടിയിരുന്നത് ', എന്നൊക്കെ ഞങ്ങളിൽ ആരൊക്കെയോ ഒച്ച കുറച്ചു പറയുന്നതു കേട്ടു.
ഏതായാലും, ഏഴുദിവസത്തെ സഭയുടെ പ്രധാന കൺവെൻഷനിൽ തൊട്ടടുത്ത വർഷം മുതൽ ഒരു ദിവസം രാവിലത്തെ സെഷനായി 'കറിയ സംഗമം' മുടക്കമില്ലാതെ നടന്നു വരുന്നു എന്നത് സന്തോഷം തരുന്ന കാര്യമാണ്. പ്രായമായതോടെ, പറ്റില്ലെന്ന് പറഞ്ഞ് കഴിഞ്ഞ നാലു വർഷമായി ഞാൻ സഭയിലെ കറിയമാരുടെ പോരാട്ടങ്ങളിൽ നിന്നും മാറി നിൽക്കുകയാണ്.
എൻ്റേത് ഒട്ടും സൗകര്യങ്ങളില്ലാത്ത പഴയ വീടാണ്. സഭാവിശ്വാസിയായ ഞങ്ങളുടെ ജനപ്രതിനിധിയുടെ രണ്ടു വർഷം മുൻപു നടന്ന 84ആം ജന്മദിനാഘോഷ വേളയിൽ 84 വീടുകൾ സമൂഹത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നിർമ്മിച്ച നൽകുമെന്ന കൈയ്യടി നേടിയ പ്രഖ്യാപനമുണ്ടായി. അതിൽ അഞ്ച് വീടുകൾ ഞങ്ങൾ കറിയമാർക്ക് ലഭിക്കുന്നതിന് തിരുമേനി വഴി ശുപാർശ ചെയ്യാമെന്ന് ഐസക്ക് സാറും, ജയിംസ് സാറും ഏൽക്കുകയും അതിൻ പ്രകാരം വീട് തരുമെന്ന് ജനപ്രതിനിധിയുടെ ഉറപ്പു വാങ്ങുകയും ചെയ്തെങ്കിലും പിന്നീട് പദ്ധതി തന്നെ ഉപേക്ഷിച്ചു എന്നാണ് അറിയുവാൻ കഴിഞ്ഞതു്. അതറിഞ്ഞതോടെ സഭയ്ക്കു ചെയ്ത സേവനങ്ങൾ പരിഗണിച്ച് തിരുമേനിയെക്കൊണ്ട് വീടുവയ്പ്പിച്ച് തരുമെന്നായി ഐസക്ക് സാറ്. അതും നടന്നില്ല. അങ്ങനെ ഒരു പുതിയ വീടിനായുള്ള എൻ്റെ ശ്രമങ്ങൾ ഞാൻ പൂർണമായും ഉപേക്ഷിച്ചു.
80 കഴിഞ്ഞ ഐസക്ക് സാറിന് സഭയുടെ ആസ്ഥാനത്ത് പഴയപോലെ പിടിപാടില്ലെന്നും കേൾക്കുന്നുണ്ട്. തിരുമേനിയുടെ അഭിപ്രായം മറികടന്ന് സഭാവിശ്വാസികളുടേതായ രാഷ്ട്രീയ പാർട്ടി, സാറ് പ്രസിഡൻ്റായി 10 വർഷം മുൻപ് രൂപീകരിച്ചത് ഇഷ്ടപ്പെട്ടില്ലത്രെ. നിലവിലുണ്ടായിരുന്ന ചില രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ പാര വച്ചതാണെന്നും പറയുന്നു. ഏതായാലും ഇന്ന് അങ്ങനെയൊരു പാർട്ടി ഇല്ല.
അങ്ങനെ സഭാ ആസ്ഥാനത്തെ ഉപദേശകരിലും ഒരു തലമുറ മാറ്റം നടന്നുവെന്നാണ് രഹസ്യമായി ലഭിച്ച അറിവ്. പുതിയ ബിഷപ്പിൻ്റെ ഏറ്റവും അടുപ്പക്കാരൻ ആയി ഇപ്പോൾ അറിയപ്പെടുന്നത് എം. എസ്. കറിയയും, ഒരു ശെമ്മാശനും ആണത്രെ. അവർ അഭിപ്രായപ്പെടുന്നതാണ് സഭയുടെ തീരുമാനങ്ങൾ ആകുന്നതെന്നും കേൾക്കുന്നു.
പള്ളിയിൽ നിന്നും വീട്ടിൽ ചെന്ന് ഇറങ്ങിയ പാടെ ഓട്ടോറിക്ഷ കഴുകിയിട്ടു. ഭക്ഷണം ഒന്നും ഇരിക്കുന്നില്ല. കഴിച്ചില്ലെങ്കിലും കുളിച്ചിട്ട് കിടക്കാമെന്ന് കരുതി. പിന്നാമ്പുറത്തെ മുറ്റത്തിനു പുറത്ത് കിണറിനോട് ചേർന്നുള്ള പഴയ കുളിമുറിയിലാണ് കയറിയത്. വെള്ളം ശരീരത്തിലാകെ പടർന്ന് താഴേക്ക് ഒഴുകിയപ്പോൾ മിനിയുടെ ഓർമ്മകൾ മനസിലേക്ക് ഇരമ്പി വന്നു. അന്നും ഇതുപോലെ സന്ധ്യ കഴിഞ്ഞ് കൂരിരുട്ട് പരന്നിരുന്നു.
രാത്രിയായാൽ വീട്ടിനുള്ളിലെ കുളിമുറി മാത്രമേ ഉപയോഗിക്കാവൂ എന്ന് മിനിയോടും മക്കളോടും അമ്മയോടും ഒക്കെ പറഞ്ഞിട്ടുള്ളതാണ്. മിനി പുറത്തെ ബാത്ത് റൂമിൽ കുളിക്കുന്നതിനിടയിൽ റബ്ബർഷീറ്റ് അഴയിൽ നിന്നും എടുക്കുവാൻ ഞാൻ മുറ്റത്തേക്ക് നീങ്ങിയതാണ്. ബാത്ത് റൂമിൻ്റെ പിൻവശത്ത് ഒരു നിഴലനക്കം. ഞാൻ ആ ഭാഗത്തേക്ക് ചെന്നതോടെ തലയും മുഖവും മുഴുവൻ മൂടിക്കെട്ടി പതുങ്ങി നിന്ന ആള് ഒരൊറ്റ ഓട്ടം. ഞാൻ ഒച്ചയെടുത്ത് പിറകെ ഓടിയതോടെ എൻ്റെ കൂടെ ആരൊക്കെയോ കൂടി.
പിറ്റേന്ന് അവളുടെ ആങ്ങളയെ ഞാൻ വിളിച്ചതിൻ പ്രകാരം എതിർ സഭക്കാരനും അകന്ന ബന്ധുവുമായ ഒരു ശെമ്മാശനെയും കൂട്ടിയാണ് അവൻ വന്നതെന്ന് ഓർക്കുന്നു. ഞങ്ങളുടെ വീട്ടിലെ കാരണവരായ എൻ്റെ കൊച്ചപ്പനാണ് മിനിയെയും മക്കളെയും പറഞ്ഞു വിടണമെന്ന ഒറ്റ നിലപാടിൽ ആദ്യാവസാനം ഉറച്ചു നിന്നത്. 'മുടക്കപ്പെട്ടവരാ, ഇവളുടെ വീടുമായി ബന്ധം പിടിക്കേണ്ടെന്ന് അന്നേ ഞാൻ പറഞ്ഞതാ'.
അവസാനം കൊച്ചപ്പൻ വിജയിച്ചു, അച്ചനും, പള്ളിയും, തിരുമേനിയും, സഭയും വിജയിച്ചു. എതിർ ചേരിക്കാരിയും മക്കളും അത്യാവശ്യം വസ്ത്രങ്ങളുമെടുത്ത് ഇറങ്ങുമ്പോൾ അമ്മ 500 രൂപയുടെ ഒരോനോട്ടുകൾ കൊച്ചുമക്കളുടെ കൈകളിൽ വച്ചു കൊടുത്ത് '' അവരെ ചേർത്തു പിടിച്ച് ഉമ്മ വച്ച് കരയുന്നത് നിസംഗതയോടെ നോക്കി നിൽക്കുവാനേ എനിക്കായൊള്ളു.
കുറച്ചു കാലം കഴിഞ്ഞ് അമ്മയുടെ നാവിൽ നിന്നാണ് ഞാൻ അതു കേട്ടത്. കുളിമുറിയുടെ പിന്നിലെ ഒളിഞ്ഞുനോട്ടവും, അജ്ഞാതൻ്റെ പിടിവിട്ടുള്ള ഓട്ടവും എല്ലാം എതിർസഭക്കാരെ വിവാഹം കഴിച്ചിട്ടുള്ളവർ ഭാര്യയേയും മക്കളേയും ഉപേക്ഷിക്കണമെന്ന സഭയുടെ സന്ധിയില്ലാത്ത അജണ്ട, അത്തരമൊരു കാടത്തം നടപ്പാക്കുന്നതിെൻ്റ ഭാഗമായുള്ള നാടകമായിരുന്നുവത്രെ.
ഇതു പറഞ്ഞിട്ട് എൻ്റെ അമ്മ ഒത്തിരി കരഞ്ഞു. 'എന്തിനാ ഇവരുടെ പിന്നാലെ നടന്ന് നിൻ്റെ ജീവിതം തുലച്ചത്, ' എന്നു പറഞ്ഞ അമ്മ പിന്നീടൊരിക്കലും ഒരു പള്ളിയിലും പോകണമെന്ന് എന്നോട് പറഞ്ഞിട്ടേയില്ല.
ഇന്നത്തെ എൻ്റെ സംസാരത്തെക്കുറിച്ച് കുളി കഴിഞ്ഞു വന്ന്, കട്ടിലിൽ കിടന്ന് വിശ്രമിക്കവെ ഞാൻ വീണ്ടുമോർത്തു. പറയുന്നതു മുഴുവൻ കാതോർത്തു കേൾക്കുന്ന സമീപനമായിരുന്നു അച്ചൻ പുലർത്തിയത്. എതിർകക്ഷിയുടെ രഹസ്യങ്ങൾ കേട്ടറിയുന്നതിലെ ത്രില്ല് കൂടിയാകണം അച്ചൻ ശ്രദ്ധയോടെ കേട്ടിരുന്നതിന് കാരണമെന്നും ഞാൻ കരുതിയിരുന്നു. എന്നാൽ സത്യം വേറെ ചിലതു കൂടിയായിരുന്നു.
'കറിയ ചേട്ടാ, അന്ന് ചേട്ടൻ്റെ വീട്ടിൽ വന്ന ശെമ്മാശൻ ഞാനായിരുന്നു. മിനിച്ചേച്ചി എൻ്റെ അമ്മയുടെ അമ്മാവൻ്റെ മകളുടെ മകളാണ്.' അച്ചൻ തുടർന്ന് എനിക്കു തന്നത് ഒരു വാക്കായിരുന്നു. 'സഭ മാറുവാനുള്ള ചേട്ടൻ്റെ ഇപ്പോഴത്തെ തീരുമാനം പൂർത്തിയായാലുടൻ, പിണക്കം മാറ്റി മിനിച്ചേച്ചിയേയും മക്കളേയും ഞാൻ ചേട്ടൻ്റെ വീട്ടിലെത്തിക്കും'. ഞാൻ കരഞ്ഞുകൊണ്ട് അച്ചൻ്റെ കൈകളിൽ മുറുകെ പിടിച്ചു. കുറെ നേരം കഴിഞ്ഞാണ് എൻ്റെ കൈകൾ അഴഞ്ഞത്.
ഒറ്റക്ക് ജീവിക്കേണ്ടി വരുന്ന ഏതൊരാളുടെയും അവസ്ഥ അങ്ങനെ ജീവിച്ചവർക്കു മാത്രമേ അറിയൂ. ഭക്ഷണം തൊട്ട് ഉറക്കം വരെ എല്ലാം താളം തെറ്റുന്ന അവസ്ഥ. അതിൻ്റെ തിക്ത ഫലങ്ങൾ കഴിഞ്ഞ 30 ദിവസമായി ഞാൻ അനുഭവിച്ചു വരികയാണല്ലൊ. അതിരുകളില്ലാത്ത സന്തോഷത്തോടെ അങ്ങനെയാണ് ഒന്നാം ദിവസത്തെ തുറന്നു പറച്ചിൽ ഞാൻ അവസാനിപ്പിച്ചത്.
മൂന്ന് - സഭാതാരകം
പിറ്റേന്ന് വൈകിട്ട് നാല് മണിയാകുവാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. പള്ളിമേടയിൽ ചെല്ലുമ്പോൾ അച്ചൻ ഉറക്കം കഴിഞ്ഞ് ചായ കുടിക്കുകയായിരുന്നു. എനിക്കും ഒരു ഗ്ലാസ് ചായയുമായി മത്തായി ചേട്ടൻ വന്നു.
'ഇന്നലത്തെ നമ്മുടെ സംഭാഷണം എനിക്ക് സന്തോഷം തരുന്നതായിരുന്നു.' ഞാൻ പറഞ്ഞു തുടങ്ങി. 'ഇനിയെന്തൊക്കെയാ കറിയ ചേട്ടന് പറയുവാനുള്ളത്.' അച്ചൻ എന്നോട് ചോദിച്ചു, അച്ചാ, ഇന്ന് ഞാൻ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അച്ചൻ പിണങ്ങില്ലല്ലോ'. ഇല്ലെന്ന് അച്ചൻ തലയാട്ടി.
ഒന്നാമത്തെ കാര്യം, തവളക്കുഴി ഉൾപ്പെടെ സഭയിലെ ഒരു പ്രശ്നങ്ങളുമായി പോലും ബന്ധപ്പെട്ട് കഴിഞ്ഞ നാലുവർഷമായി ഞാൻ എങ്ങും പോയിട്ടില്ല എന്ന് ഇന്നലെ പറഞ്ഞല്ലൊ. എന്നാൽ, അതിലൊരു തിരുത്തുണ്ട്. ഇടവക പള്ളിയിലെ വിമത പ്രവർത്തനങ്ങളിൽ എനിക്ക് ഭാഗഭാക്കാകേണ്ടി വന്നിട്ടുണ്ട്. മനസുകൊണ്ട് താൽപ്പര്യപെട്ടിട്ടല്ല, നിർബന്ധിതനായതാണ്.
ഒരോ തവണ ഇപ്പോഴത്തെ വിഭാഗവും, പോലീസും എത്തുന്നതിനും വളരെ മുന്നേ തന്നെ പള്ളിയിൽ കാര്യങ്ങൾ വിശദമായി അറിഞ്ഞു വന്നു. അതു കൊണ്ട് മണിക്കൂറുകൾക്കു മുന്നേ പള്ളിയിൽ നിന്നും എനിക്ക് വിളി വരും. പിന്നെ, എൻ്റെ തന്ത്രങ്ങൾ അംഗീകരിച്ച് ഞങ്ങൾ പ്രതിരോധ സമരം തീർക്കും. സ്ത്രീകളെയും, കുട്ടികളേയും മുൻനിരയിൽ നിറുത്തി പ്രതിസന്ധി തീർക്കും. പള്ളിമേടയുടെ മട്ടുപ്പാവിൽ കയറിനിന്ന് താഴേക്ക് എടുത്തു ചാടുമെന്ന് സ്ത്രീകളെക്കൊണ്ട് ആത്മഹത്യാ ഭീഷണി ഉയർത്തിക്കും.
ഇത്തരം വാർത്ത അച്ചടി, ദൃശ്യമാധ്യമങ്ങളിൽ പരക്കുന്നതോടെ പ്രതിരോധ സമരത്തിന് പിന്തുണയേറും. അങ്ങനെ മറുഭാഗം സുല്ലു പറഞ്ഞ് പിൻമാറും. അന്നു രാത്രി പള്ളി സെമിത്തേരിയിൽ നിറഞ്ഞ കുപ്പിയും, ഏഷ്യാഡും, ബീഫും, പൊറോട്ടയും തീർന്നു കൊണ്ടിരിക്കും.
എന്നാൽ, ഒരു ദിവസം രാവിലെ മൂന്നു മണിക്ക് ഞങ്ങൾക്ക് കിട്ടിയ സന്ദേശം ഭയപ്പെടുത്തുന്നതായിരുന്നു. ഇന്ന് ഏന്തായാലും അത് സംഭവിക്കും. ഇന്ന് പള്ളി പിടിച്ചെടുത്ത് കൈമാറിയിരിക്കും. കേവലം രണ്ടു മൂന്നു മണിക്കൂറുകൾ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. വന്നവർ വളരെ വൈകാരികമായി പെരുമാറിപ്പോയി.
പള്ളിയിൽ നിന്നും എടുത്തു കൊണ്ടുപോകാവുന്നത് എല്ലാം കസേര, ഫർണിച്ചർ, കുരിശ്, വിളക്ക്, മേശ, നേർച്ചപ്പെട്ടി, എന്തിന് അൾത്താരയിലെ തിരശീല, കൈമുത്തിവന്ന ബൈബിൾ, മെഴുകുതിരി ഉൾപ്പെടെ കാര്യമറിഞ്ഞ് വന്ന വിശ്വാസികളുടെ കാറുകളിലും, ജീപ്പുകളിലും എന്തിന് ലോറി വിളിച്ചു വരെ രണ്ടു മണിക്കൂർ കൊണ്ട് ക്രമമായി കയറ്റി വിട്ടു കൊണ്ടിരുന്നു.
അങ്ങനെ എൻ്റെ ഓട്ടോറിക്ഷയിൽ ആരോ കയറ്റിയ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള മാമ്മോദീസ കല്ല്, അത് എൻ്റെ വീട്ടിൽ ഇരുട്ടിൽ ഇറക്കിയവർക്ക് ഒരു കൈയബദ്ധം പറ്റിപ്പോയി. അഞ്ചാറടി താഴ്ച്ചയിൽ ഒരു കരിങ്കൽ കെട്ടിലേക്ക് വീണ് അത് നെടുകെ പിളർന്നു. ഒത്തിരി വിഷമം ഒണ്ടച്ചോ. ചെയ്തത് വലിയ തെറ്റായിപ്പോയി.
ഷീറ്റുകൾ കൊണ്ട് താൽക്കാലിക പള്ളി തീർക്കുവാൻ രണ്ടാഴ്ച്ചയേ എടുത്തൊള്ളു. പള്ളി ഔദ്യോഗിക പക്ഷത്തിന് ലഭിച്ചിട്ടും ഇവിടത്തെ ഇപ്പോഴത്തെ ഭരണക്കാർ ആരും സാധനങ്ങൾ കടത്തികൊണ്ടു പോയതു സംബന്ധിച്ച് യാതൊരു പരാതിയും കോടതിയിലോ, പോലീസിലോ നൽകാതിരുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. 'അവരത് ആഗ്രഹിച്ചതല്ലെ. എടുത്തോട്ടെ', എന്നാണ് ട്രസ്റ്റി ജോസഫ് ചേട്ടൻ പറഞ്ഞതെന്ന് കേട്ടപ്പോൾ എനിക്ക് എന്തോ വല്ലായ്മ തോന്നി.
ഷീറ്റുകൾ കൊണ്ട് പള്ളി നിർമ്മിക്കുവാൻ രണ്ടാഴ്ച്ചയേ ഞങ്ങൾ എടുത്തൊള്ളു. ഇവിടെ നിന്ന് കൊണ്ടുപോയ സാധനങ്ങൾ കൂടി പല വീടുകളിൽ നിന്നായി എത്തിച്ചാണ് താഴത്തെ പള്ളി ഇന്നത്തെ വിധത്തിൽ തീർത്തത്.
ഇവിടെയും സാമ്പത്തികമായി നന്നായി ബുദ്ധിമുട്ടി എന്നറിയാം. അതാകണം ദൈവം നാല് സിനിമകളുടെ ഷൂട്ടിങ്ങ് നടത്തുന്നതിന് ഇടയാക്കിയതെന്ന് തോന്നുന്നു. ഒന്നാമത്തേത് വിജയിച്ചതോടെ ഇതൊരു ഭാഗ്യലൊക്കേഷൻ ആയി മാറുകയും പിന്നെയും സിനിമാക്കാർ എത്തുകയും ആയിരുന്നുവല്ലോ. മുറ്റം കട്ട വിരിച്ചു, പള്ളിയും മേടയും പെയിൻ്റടിച്ചു, പാർക്കിങ്ങ് വിപുലീകരിച്ചു, പള്ളിക്കകത്ത് ഇരിപ്പിടങ്ങൾ ഒരുക്കി. ഇതൊക്കെ ഞങ്ങളും അറിയുന്നുണ്ടായിരുന്നു.
ഇടവകക്കാർ കുറഞ്ഞെങ്കിലും പെരുന്നാളുകൾക്ക് എല്ലാ മതവിഭാഗക്കാരെയും പങ്കെടുപ്പിച്ച് നേർച്ചസദ്യ വിളമ്പി. പള്ളിയിൽ വരുന്നവർ ഏതു വിഭാഗക്കാർ, ഏതു മതക്കാർ എന്നു നോക്കാതെ എല്ലാവരോടും നന്നായി പെരുമാറി. ഇതെല്ലാം മറുവിഭാഗം ഭരിച്ചപ്പോഴത്തെ അവസ്ഥയിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. ഒത്തിരി നന്നായി.
എന്നാൽ, ഞാനുൾപ്പെടുന്ന വിഭാഗത്തിലെ ആത്മായർക്കല്ലാതെ പുരോഹിതവർഗത്തിന് മരണാനന്തര കർമ്മങ്ങൾ ചെയ്യുന്നതിന് പള്ളിയിലേക്ക്, എന്തിന് ശവക്കോട്ടയിലേക്കും പ്രവേശനമില്ല എന്നത് വിമത വിഭാഗക്കാർക്ക് മാത്രമല്ല, മറ്റു സമുദായക്കാരുടെയും മനസിൽ ദുഃഖകരമായ നോവായി മാറിയിരിക്കുന്നു. ഞാൻ നിന്നിരുന്ന വിമതഭാഗത്ത് പണ്ട് ഇക്കാര്യത്തിൽ വലിയ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അന്ന് പലരും അനുഭവിച്ച വേദന ഇന്നാണ് തിരിച്ചറിയുന്നത്. ഞങ്ങളൊക്കെ അപ്രകാരം ചെയ്തതിന് ഇന്ന് തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു.
ഒരു പഴയ കാര്യം ഞാനോർക്കുന്നു. തുപ്പുംപടി പള്ളിയിലെ ഔദ്യോഗിക വിഭാഗത്തിൽപെട്ട പ്രമുഖൻ മരിച്ചപ്പോൾ ശവസംസ്കാരത്തിന് വിലക്കപ്പെട്ട പുരോഹിതർ വരുമെന്നും പള്ളിയിൽ രാവിലെ 11ന് എത്തണമെന്നും അടിയന്തിര അറിയിപ്പ് ലഭിച്ച പ്രകാരം ഞങ്ങൾ കറിയമാർ അവിടെയെത്തി. പുറത്തു നിന്നുള്ള പുരോഹിതർ ഉൾപ്പെടെയുള്ളവർ ശവമഞ്ചവും ചുവന്ന് ശവക്കോട്ടയിലെത്തി പ്രാർത്ഥന തുടങ്ങിയപ്പോൾ ഞങ്ങൾ തടഞ്ഞു.
'മുടക്കപ്പെട്ട കറുത്ത കുപ്പായക്കാർ പുറത്തു പോകണം', എന്ന് ആവശ്യപ്പെട്ട പ്രകാരം, വന്ന മൂന്ന് അച്ചന്മാരും ചടങ്ങിൽ സംസ്ക്കാര സമയത്തെ പ്രാർത്ഥന ചൊല്ലാതെ ശവക്കോട്ട വിട്ടു പോയി. എന്നാൽ, ചെറുപ്പക്കാരനായ ഒരു ശെമ്മാശൻ ഞങ്ങളെ ചോദ്യം ചെയ്യുകയും പുറത്തു പോകാതെ അവിടെ തന്നെ തുടരുകയും ചെയ്തു.
കുഴിമൂടി ചടങ്ങ് കഴിഞ്ഞതോടെ ഒരു നിമിഷം വൈകിക്കാതെ ഞാൻ ശെമ്മാശനെ പിടികൂടി. ശെമ്മാശന് ആദ്യം തമാശയായാണ് തോന്നിയത്. തോളിൽ പൊക്കിയെടുത്ത് വട്ടം കറക്കി ശവക്കോട്ടയുടെ ഉയരം കുറഞ്ഞ മതിലിനു പുറത്തുള്ള ചെളിപ്പാടത്തേക്ക് ശെമ്മാശനെ ഹാമർത്രോ പോലെ വലിച്ചെറിഞ്ഞതോടെ വിഷയം സങ്കീർണമായി. പിന്നീടവിടെ സംഘർഷം ഉണ്ടായതും, എനിക്കും തല്ലി കിട്ടിയതും സത്യം തന്നെ.
അതോടെ ഔദ്യോഗിക പക്ഷം ഭയപ്പെടുകയും, പുരോഹിതരില്ലാതെ അവർ വിമത വിഭാഗത്തിൻ്റെ ഭരണമുള്ള പള്ളികളിൽ ശവസംസ്കാരം നടത്തുവാൻ തുടങ്ങുകയും ചെയ്തു. പിന്നീടാണ് പ്രത്യേകം കോടതി ഉത്തരവ് വാങ്ങി അച്ചന്മാർ ഉൾപ്പെടെ പള്ളികളിൽ ശവസംസ്കാരത്തിന് എത്തുന്ന രീതിക്ക് തുടങ്ങുന്നത്.
'നിങ്ങള് വലിച്ചെറിഞ്ഞ ശെമ്മാശനെ എനിക്കറിയാട്ടൊ. ഇടനാട് ഭദ്രാസനത്തിലെ പോൾ അച്ചനാണ്', മർക്കോസ് അച്ചൻ പറഞ്ഞു. 'ആ അച്ചനോട് അന്നങ്ങനെ ചെയ്യേണ്ടി വന്നതിൽ ഒത്തിരി വിഷമമുണ്ട്. അതു കൊണ്ടൊക്കെ കിട്ടിയ പ്രാക്കാകണം ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ', എൻ്റെ കണ്ണു നിറഞ്ഞൊഴുകി. 'അച്ചാ, എനിക്കെൻ്റെ അമ്മയുടെ 40ന്, കുഴിമാടത്തിനു മുന്നിൽ അച്ചൻ തന്നെ വന്ന് അനിത ചൊല്ലണം'.
അച്ചൻ പറഞ്ഞു. 'അതിനല്ലെ നമ്മള് പരിഹാരം കാണാമ്പോണെ. 40നു മുൻപ് തന്നെ കറിയ ചേട്ടനെ ഇടവക ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകും എന്നാണ് എൻ്റെ പ്രതീക്ഷ. അതുപോലെ മിനിച്ചേച്ചിയേയും മക്കളേയും ഞാൻ ഈ ആഴ്ച്ച തന്നെ കാണുന്നുണ്ട്'. ഏറെ പ്രതീക്ഷകൾ നൽകുന്നതായി അച്ചൻ്റെ വാക്കുകൾ.
'അച്ചാ, എനിക്കൊന്ന് കുമ്പസാരിക്കണം. കഴിയൂങ്കി ഇപ്പത്തന്നെ' എൻ്റെ ആവശ്യത്തിന്മേൽ അച്ചൻ പറഞ്ഞു. 'ഇടവക അംഗമല്ല. നിലവിൽ സഭ അംഗവുമല്ല. കറിയ ചേട്ടനെ പള്ളിയിൽ പോയി കുമ്പസാരിപ്പിക്കുന്നതിൽ പരിമിതികളുണ്ട്. എന്താണെങ്കിലും ചേട്ടന് എന്നോട് പറയാം. ഇതൊരു കുമ്പസാര രഹസ്യം പോലെ ഞാൻ കാത്തു സൂക്ഷിക്കും. കറിയ ചേട്ടൻ മടിക്കാതെ പറഞ്ഞോളു'.
അച്ചൻ്റെ ഉറപ്പിൽ ഞാൻ എൻ്റെ ചെറുപ്പത്തിലെ ആ സംഭവം പറഞ്ഞു തുടങ്ങി. ഔദ്യോഗിക വിഭാഗത്തിൻ്റെ പ്രകമ്പനം കൊള്ളിച്ച മഹാസമ്മേളനം എറണാകുളത്ത് നടന്ന ദിവസം തവളക്കുഴി ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ഞങ്ങൾ നാല് കറിയമാർക്ക് അറിയിപ്പു കിട്ടി. അങ്ങനെ എം.സി. റോഡിൽ മനക്കക്കുടി എത്തും മുൻപുള്ള എസ് വളവിൽ ഇരുട്ടിൽ ഒരു റബ്ബർ തോട്ടത്തിനു മുന്നിൽ ഞങ്ങളെ കാറിൽ ഇറക്കിവിട്ടു. ദൗത്യം കഴിഞ്ഞ് തിരിച്ച് കാത്തിരിക്കേണ്ട സ്ഥലവും പറഞ്ഞു തന്നിരുന്നു.
1970കളുടെ അവസാനമാണ്. അക്കാലത്ത് റോഡിൽ വാഹനങ്ങൾ നന്നേ കുറവാണ്. ഇന്നത്തെപ്പോലെ തെളിച്ചമുള്ള തെരുവുവിളക്കുകൾ പോലും ഇല്ല. അര മണിക്കൂർ കഴിഞ്ഞു കാണണം. പ്രകടനത്തിനു പോയി മടങ്ങുന്ന ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഇറക്കമിറങ്ങി വരുന്നുണ്ടെന്ന് കോളാമ്പി മൈക്കിലൂടെയുള്ള പല വിധ സംസാരങ്ങളും, അതുപോലെ വിശ്വാസികൾ ആലപിക്കുന്ന പാട്ടുകളിൽ നിന്നും ഞങ്ങൾക്ക് മനസിലായി.
ഇന്നത്തെപ്പോലെ ടൂറിസ്റ്റു ബസുകളില്ലാത്ത കാലം. സ്വകാര്യ ലൈൻ ബസുകൾ, ചെറിയ വാനുകൾ എന്നിവയേക്കാൾ ലോഡു കയറ്റുന്ന ലോറികളുടെ സൈഡ് ബോഡിയിൽ മുളകൾ കെട്ടി സുരക്ഷ ഒരുക്കി, നിന്നും ഇരുന്നും പ്രകടനത്തിന് ആളുകളെ കൊണ്ടുപോയിരുന്ന ഒരു കാലമായിരുന്നു അത്. ഞങ്ങൾ വലിപ്പമുള്ള പാറക്കല്ലുകൾ കരുതിയിരുന്നു. മൂന്നു വാഹനങ്ങളിൽ ഒന്നാമത്തെ ലോറിയും, രണ്ടാമത്തെ സ്വകാര്യ ബസും ഞങ്ങൾ വിട്ടുകളഞ്ഞു.
മൂന്നാമത്തെ ലോറി വളവിലെത്തിയതും ഞങ്ങൾ താരതമ്യേന ചെറിയ കല്ലുകൾ എടുത്ത് എറിയുവാൻ തുടങ്ങി. പെട്ടെന്ന് ലോറി നിന്നു. അതോടെ എടുത്താൽ പൊങ്ങുന്ന ഒരു കരിങ്കല്ല് ലോറിയിലെ ഒരാളെ ലക്ഷ്യം വച്ച് ഞാനെറിഞ്ഞു. കൂട്ടക്കരച്ചിൽ ഉയർന്നതോടെ ഞങ്ങൾ മൂവരും റബ്ബർ തോട്ടത്തിലെ പയർക്കാടുകളെയും, ഇരുട്ടിനെയും വകവയ്ക്കാതെ കിഴക്കുഭാഗത്തേക്ക് ഓടി മറഞ്ഞു.
രണ്ടു വാഹനങ്ങളിലെ മൈക്കിൻ്റെ ശബ്ദം അപ്പോൾ ഒത്തിരി അകലെയായിരുന്നു. മൂന്നാമത്തെ വാഹനത്തിലെ കോളമ്പി ആ സമയം ശബ്ദിക്കുന്നില്ല. കൃത്യം നിർവ്വഹിക്കപ്പെട്ടുവെന്ന് എനിക്ക് ഉറപ്പായി. ഇൻപേഷ്യൻ്റ്സായ ഞങ്ങൾ നേരം പുലരും മുമ്പേ തവളക്കുഴി ആശുപത്രിയിലെ മുറികളിലെത്തി.
അച്ചൻ എന്നോട് ക്ഷമിക്കണം. കല്ലേറിൽ മരിച്ച ഉലഹന്നാൻ്റെ മകൻ മർക്കോസിന് അന്ന് നാല് വയസേ ഒള്ളുവെന്ന് എനിക്കറിയാം. അച്ചൻ്റെ ഭാവത്തിലെ തികഞ്ഞ നിസംഗത ഞാൻ തിരിച്ചറിഞ്ഞു. ആ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീരു പോലും ഒഴുകിയില്ല. അച്ചൻ എൻ്റെ മുഖത്തേക്ക് തന്നെ മിഴിനട്ടിരുന്നു. ഒരു മിനിറ്റു കഴിഞ്ഞ് അച്ചൻ എഴുന്നേറ്റതോടെ ഞാനും എഴുന്നേറ്റു.
എന്നെ കെട്ടി പുണർന്നു കൊണ്ട് മർക്കോസ് അച്ചൻ പറഞ്ഞു. 'കറിയ ചേട്ടൻ്റെ പ്രശ്നങ്ങൾ എല്ലാം ഭംഗിയായി തീരട്ടെ. തീരണം'. ഞാനവിടെ ഒരു നിമിഷം പോലും പിന്നെ നിന്നില്ല. തിരിച്ചു പോരുമ്പോൾ ഓട്ടോയ്ക്ക് ഒരിക്കലും ഇല്ലാത്ത ഒരുതരം വല്ലാത്ത സ്പീഡായിരുന്നു.