
ന്യൂയോർക്ക്: മുഖ്യമന്ത്രിക്കസേരക്കുവേണ്ടിയുള്ള നീണ്ട പത്തു ദിവസത്തെ കസേരകളി കഴിഞ്ഞു. വി. ഡി. സതീശൻ വിജയശ്രീലാളിതനായി കസേരയിൽ തിങ്കളാഴ്ച ഉപവിഷ്ടനാകുവാൻ തയ്യാറെടുക്കുന്നു. തഴക്കവും പഴക്കവും ഉള്ള ശക്തരും സമ്മർത്ഥരുമായ മൂന്നു മത്സരാർഥികൾ എല്ലാവരെയും ഉദ്വേഗ നിമിഷങ്ങളുടെ മുൾമുനയിൽ നിർത്തിയ പത്ത് ദിനരാത്രങ്ങൾ. മത്സരം നിയന്ത്രിച്ച റഫറി മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയെ വിജയിയായി അനായാസം പ്രഖ്യാപിക്കാമെന്ന് കരുതി. പക്ഷേ, കാഴ്ചക്കാരുടെ കയ്യടിയും കൂക്കുവിളികളും പ്രോത്സാഹനവും ആവേശവും മൂലം യഥാർഥ വിജയിയെ തന്നെ റഫറിക്ക് അവസാനം പ്രഖ്യാപിക്കേണ്ടി വന്നു. അങ്ങനെ വി. ഡി. വിജയിയായി. പരാജിതരായ രണ്ടുപേർ ദുഃഖഭാരം ഉള്ളിലൊതുക്കി നിരാശയോടെ ആർക്കും മുഖം കൊടുക്കാതെ നടന്നകന്നു. കസേര ഒന്നേ ഉള്ളു എന്നും അതിൽ ഒരാൾക്കേ വിജയിച്ചിരിക്കനാവൂ എന്നും മത്സരബുദ്ധിയോടെ അവർ ചിന്തിച്ചാൽ, വീണ്ടും മറ്റൊരു മത്സരത്തിന് തയ്യാറെടുക്കുന്നതിന് അവർക്ക് പ്രേരണയാകും. ഏതായാലും ഭൂരിഭാഗം കാണികളും ആഗ്രഹിച്ചയാൾ, പടയെ നയിച്ച ആൾ തന്നെ വിജയശ്രീലാളിതനായി.
ഭരണ ചക്രത്തിന്റെ വാഹനം മുമ്പോട്ട് ചലിപ്പിക്കുവാൻ സാരഥിക്ക് ഇനിയും പ്രതിസന്ധികൾ ഏറെ. ഒത്തൊരുമയോടെ വാഹനം ഓടിക്കുവാൻ അനുയോജ്യരായ സഹയാത്രിക മന്ത്രിമാരെ തെരഞ്ഞെടുക്കുക എന്നത് ആദ്യ കടമ്പ. അതിന് പല വശത്തുനിന്നും സമ്മർദ്ദങ്ങൾ ഉണ്ടാകാം. സ്ഥാനാർഥി നിർണ്ണയത്തിൽ എന്നപോലെ സഹ മന്ത്രിമാരുടെ നിർണ്ണയത്തിലും ലിസ്റ്റുകൾ വെട്ടിയും തിരുത്തിയും പല തവണ മാറ്റേണ്ടി വരുമായിരിക്കും. വകുപ്പുകൾ കൂട്ടുകക്ഷികൾക്ക് വീതിക്കുന്ന കാര്യത്തിലും പ്രതീക്ഷിക്കുന്നതിലും അധികം ബുദ്ധിമുട്ട് അനുഭവിക്കാം. പരാജിതരുടെ ടീമിൽപ്പെട്ടവരെ പരിഗണിക്കുന്നതിനുള്ള സമ്മർദ്ദങ്ങൾ വരാം. അങ്ങനെ വരുമ്പോൾ കഴിവുള്ളവർ പലരും പിന്തള്ളപ്പെടാം. അപ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പലരുടെയും അതൃപതിയായിരിക്കും വീണ്ടും പരിണിത ഫലം.
ഇനി ആ കടമ്പ ഒരുവിധം വിജയകരമായി കടന്നാൽ സാമ്പത്തിക പ്രതിസന്ധിയാണ് അടുത്ത തടസ്സം. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധി വന്ന് വിവിധ സജന്യ വാഗ്‌ദാനങ്ങൾ നൽകിയിട്ടുണ്ട്. അതുകൂടി പ്രതീക്ഷിച്ചാണ് ധാരാളം സ്ത്രീകളും കോളേജ് വിദ്യാർത്ഥിനികളും യുവാക്കളും യു.ഡി.എഫി-ന് വോട്ട് നൽകി അവരെ വിജയിപ്പിച്ചത്. കടക്കെണിയിൽ പൂണ്ട് കിടക്കുന്ന വെള്ളാനയായ കെ.എസ്. ആർ.ടി.സി. യിലെ സ്ത്രീകളുടെ സൗജന്യ യാത്ര കൂടുതൽ സാമ്പത്തിക ബാദ്ധ്യത വരുത്തി വയ്ക്കാം. ഇത് സംബന്ധിച്ച ഉത്തരവ് വരുന്നതിന് മുമ്പ് തന്നേ സ്വകാര്യ ബസ്സുടമകൾ എതിർപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. അത് പ്രൈവറ്റ് ബസ്സുകളുടെ വരുമാനം കുറക്കുമെന്നതിനാൽ അവർ സമരങ്ങൾക്ക് ആഹ്വാനം ചെയ്യും. പ്രൈവറ്റ് ബസ്സ് വ്യവസായ മേഖലയെ അത് ബാധിക്കുമ്പോൾ അവർക്ക് മറ്റു ഇളവുകൾ നൽകുവാൻ നിർബന്ധിതരാകും. അതിന് വേറെ ഫോർമുലാ കണ്ടെത്തേണ്ടിവരും.
കോളേജ് വിദ്യാർത്ഥിനികൾക്ക് ആയിരം രൂപാ സൗജന്യമായി നൽകുന്നത് മറ്റൊരു ബാദ്ധ്യതയായി വരും. സൗജന്യമായി അത്രയും തുക ലഭിക്കുമ്പോൾ അത് വാങ്ങൽ സംസ്കാരം (പർച്ചെയ്‌സിങ് പവർ) കൂട്ടി മാർക്കറ്റിൽ പണം റോളിങ്ങ് ഉണ്ടാകും എന്നായിരിക്കും കണക്കു കൂട്ടൽ. ഒരു പരിധി വരെ അത് ശരിയാണെങ്കിലും, യൗവനത്തിലൂടെ കടന്നു പോകുന്ന പെൺകുട്ടികളുടെ സ്വഭാവ വ്യതിയാനത്തിന് പല പ്രേരണയാലും ആ പണം കാരണമാകാം. മയക്കു മരുന്ന് സുലഭമായി ലഭിക്കുന്ന കോളേജ് ക്യാമ്പസുകളിൽ അതുമൂലം മയക്കു മരുന്ന് വ്യാപാരം പുഷ്ടിപ്പെടാം. അങ്ങനെ കോളേജ് വിദ്യാർഥിനികളുടെ ഭാവി തന്നെ ഇല്ലാതാക്കാം. വരുമാന ശ്രോതസ്സുകൾ വർദ്ധിപ്പിക്കാതെ സൗജന്യങ്ങൾ കൂടുതലായി നൽകുന്നത് സാമ്പത്തിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കാം. അർഹതപ്പെട്ടവർക്ക് കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷെ അർഹതപ്പെട്ടവരുടെ ലിസ്റ്റിൽ അനർഹർ ധാരാളമായി കടന്നുകൂടും. ഇപ്പോൾ തന്നെ കേരളം ആറു ലക്ഷം കോടിയോളം രൂപായുടെ കടക്കെണിയിലാണ്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് മുറിവേറ്റ് നിൽക്കുന്ന മാർക്സിസ്റ്റുകാർ ഇനി പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും പരമ്പര തന്നെ അഴിച്ചുവിട്ടേക്കാം. ഒരു പ്രോജക്റ്റും സ്വസ്ഥമായും സുഗമമായും നടപ്പിലാക്കുവാൻ അവർ സമ്മതിക്കില്ല. SFI, DYFI യുവജന സംഘടനകളെ മുൻ നിർത്തി സമരങ്ങളുടെ ഘോഷയാത്ര തന്നെ പ്രതീക്ഷിക്കാം. അത് എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ പത്തു വർഷക്കാലം അവരുടെ പാർട്ടിയുടെ ഭരണമായിരുന്നതിനാൽ അവർക്ക് അധികം സമരങ്ങളും പ്രതിഷേധങ്ങളും കാഴ്ച്ച വയ്ക്കാൻ സാധിച്ചില്ല. അതിൻറെ കുറവ് കൂടി പരിഹരിച്ച് സമരങ്ങളുടെയും ഹർത്താലുകളുടേയും എണ്ണം വർദ്ധിക്കും. പിൻവാതിലുകളിലൂടെ സ്ഥിരം നിയമനങ്ങളും, താൽക്കാലിക നിയമനങ്ങളും നൽകി ധാരാളം ഇടതു പക്ഷക്കാരെ കഴിഞ്ഞ പത്തു വർഷമായി പല മേഖലകളിലും തിരുകി കയറ്റിയിട്ടുണ്ട്. അവരെ മുൻപോട്ട് കൊണ്ടുപോകുവാനും പിരിച്ചുവിടുവാനും സാദ്ധ്യമാകാത്ത സാഹചര്യങ്ങൾ ഉണ്ടാകും. പോലീസിലും, മറ്റു സർക്കാർ തസ്തികകളിലും ഇടത് അനുകൂലികൾ ധാരാളമായി ഉണ്ട്. അതിനാൽ തന്നെ എന്ത് പുതിയ പ്രോജെക്റ്റുകൾ നടപ്പിലാക്കുവാൻ ശ്രമിച്ചാലും തുടക്കത്തിൽ തന്നെ അവക്കെല്ലാം തടസ്സമിടാനും ടോർപ്പടോ വയ്ക്കാനും അവർ ശ്രമിക്കും. അവയൊക്കെ സുഗമമായ ഭരണ സംവിധാനങ്ങളെ തടസ്സപ്പെടുത്തും. മുൻകാല അനുഭവങ്ങൾ നോക്കിയാൽ അത് മനസ്സിലാക്കാവുന്നതേ ഉള്ളു. എല്ലാ പുതിയ പ്രൊജെക്ടുകൾക്കും രാഷ്ട്രീയ മാനം കലർത്തി ഇടതുകാർ തടസ്സമിടും. പിന്നീട് അവർ ഭരണത്തിൽ വരുമ്പോൾ അവയ്ക്ക് മറ്റൊരു പേര് നൽകി നടപ്പിലാക്കി ക്രെഡിറ്റെടുക്കുവാൻ അവർ വിദഗ്ദ്ധരാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് നിയുക്ത മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ "പുതുയുഗ കേരളം" എന്ന ആശയത്തിൽ കുറേ നല്ല പദ്ധതികൾ കേരളത്തിൻറെ നന്മക്കായി കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതൊക്കെ നടപ്പാക്കണമെങ്കിൽ അൽപ്പം ബുദ്ധിമുട്ടേണ്ടി വരും. സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ മുറിവേറ്റ ഗ്രൂപ്പുകാർ പലവിധത്തിലുള്ള തടസ്സങ്ങളും സൃഷ്ടിക്കാം. പല പദ്ധതികളും നടപ്പിലാക്കാൻ കേന്ദ്രത്തിൽ നിന്നും വേണ്ടതായ പിന്തുണ ആവശ്യമാണ്. അതിനെല്ലാം കേന്ദ്ര സർക്കാരിൽ നിന്നും സ്വന്തം പാർട്ടിയിലെ ഹൈക്കമാൻഡിൽ നിന്നും അനുകൂല സാഹചര്യം ലഭിക്കുന്നതിന് ബുദ്ധിമുട്ടനുഭവിച്ചേക്കാം. നിലപാടുകളുടെ രാജകുമാരനായി മുദ്രകുത്തപ്പെട്ട വി.ഡി-ക്ക് പല നിലപാടുകളിലും ഉറച്ചു നിൽക്കുമ്പോൾ എതിർപ്പുകളെ നേരിടേണ്ടി വരും. ഇടത് യൂണിയനുകളുടെ അപ്രമാധിത്യമുള്ള ഉദ്യോഗസ്ഥ വൃന്ദങ്ങളേക്കൊണ്ട് പ്രൊജെക്ടുകൾ എല്ലാം നടപ്പിലാക്കി എടുക്കുന്നതിനും അദ്ദേഹത്തിന് പ്രതിസന്ധികൾ ധാരാളം ഉണ്ടാകാം. എന്തായാലും കേരളാ നാടിനെ ഒരു പുതുയുഗ നാടാക്കി മാറ്റുവാൻ തയ്യാറെടുത്ത് അധികാരത്തിലേറുവാൻ ശ്രമിക്കുന്ന നിയുക്ത മുഖ്യമന്ത്രിക്ക് എല്ലാം നല്ല രീതിയിൽ നടപ്പിലാക്കുവാൻ ഇടയാകട്ടെ എന്ന് ആശിക്കുകയും ആശംസിക്കുകയും പ്രത്യാശിക്കുകയും മാത്രം ചെയ്യാം.