Image

പ്രസ് ക്ലബിലെ ചൊല്ല് അന്വർഥമാക്കി നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ

Published on 15 May, 2026
പ്രസ് ക്ലബിലെ ചൊല്ല് അന്വർഥമാക്കി നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ

Photo: വി.ഡി. സതീശൻ എം.എൽ.എ 2013 -ൽ പ്രസ് ക്ലബ് പ്രസിഡന്റ് മാത്യു വർഗീസ് (ജോസ് ഫ്ലോറിഡ), പത്നി ആശ മാത്യു എന്നിവർക്കൊപ്പം 

അമേരിക്കയിലെ മാധ്യമപ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ)   സമ്മേളനങ്ങളിൽ അതിഥികളായി എത്തുന്നവർ തിരിച്ച്  നാട്ടിലെത്തുമ്പോൾ ഉന്നത സ്ഥാനങ്ങൾ  അവരെ കാത്തിരിക്കുന്നു എന്നൊരു ചൊല്ല്  കുറെ  കാലമായുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരമണമായി  വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതും ചൂണ്ടിക്കാട്ടാം.

ന്യു ജേഴ്‌സി സോമര്സെറ്റിൽ 2013-ൽ  നടന്ന  കോണ്ഫറന്സിലാണ് വി.ഡി. സതീശൻ പങ്കെടുക്കുന്നത്.  ഇപ്പോൾ ഫോമായുടെ  പ്രസിഡന്റ്  സ്ഥാനാർഥിയായ മാത്യു വർഗീസ് (ജോസ് ഫ്ലോറിഡ) ആയിരുന്നു അന്ന്  പ്രസ് ക്ലബ് പ്രസിഡന്റ്; മധു കൊട്ടാരക്കര (24 ന്യുസ്)  സെക്രട്ടറിയും.

അന്ന് പങ്കെടുത്തവരിൽ ഒരാളായ  കെ.എൻ. ബാലഗോപാൽ എം.പി. പിന്നീട് പത്ത് വര്ഷം കേരളത്തിൽ ധനമന്ത്രിയായി.   സമ്മേളനം ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തത്   എം.പി. എന്ന നിലയിൽ  ബാലഗോപാല്‍   ആയിരുന്നു.

അന്ന്  അതിഥികളായി  എത്തിയ മാത്യു കുഴൽ നാടനും  സുമേഷ് അച്യുതനും  എം.എൽ. എമാർ   ആയി.

അക്കാലത്ത്  ഏറെ തിളങ്ങി നിന്നിരുന്ന വി.ടി. ബാലറാമിന്റെ പ്രസംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

എം.എൽ.എമാർക്ക് പുറമെ ഏഷ്യാനെറ്റിന്റെ വിനു വി. ജോൺ , മനോരമയിൽ നിന്ന് ജോസ് പനച്ചിപ്പുറം,  ശ്രീകണ്‌ഠന്‍ നായര്‍ (ഇപ്പോൾ 24 ന്യുസ്) തുടങ്ങിയവരും അന്ന് സമ്മേളനത്തിനെത്തി.

പിന്നീടുള്ള സമ്മേളനങ്ങളിൽ പങ്കെടുത്ത  എം.ബി. രാജേഷ്, പി. രാജീവ്, മോൻസ് ജോസഫ്,  എന്നിവരൊക്കെ മന്ത്രിമാരായി.  മാധ്യമപ്രവർത്തനത്തിലെ മികവിന് പ്രസ് ക്ലബ് നൽകുന്ന മാധ്യമ ശ്രീ അവാർഡ് നേടിയ വീണ ജോർജ് ആകട്ടെ  പിന്നീട് എം.എൽ.യും  മന്ത്രിയുമായി.  റോജി ജോൺ , മാണി സി. കാപ്പൻ, തോമസ് ഉണ്യാടൻ, എൻ.കെ. പ്രേമചന്ദ്രൻ  എം.പി. തുടങ്ങി ഒട്ടേറെ പേർ  പല കാലങ്ങളായി പ്രസ് ക്ലബ് സമ്മേളനത്തിനെത്തി.

പ്രസ് ക്ലബ് 2024-ൽ  കൊച്ചിയിൽ നടത്തിയ സമ്മേളനത്തിലും മുഖ്യാതിഥി വി.ഡി. സതീശനായിരുന്നു. പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറും സെക്രട്ടറി  ഷിജോ പൗലോസുമാണ് അന്ന് സമ്മേളനത്തിന് ചുക്കാൻ പിടിച്ചത്.

സോമര്‍സെറ്റിലെ ഹോളിഡേ ഇന്നില്‍ നടന്ന സമ്മേളനത്തിൽ വി.ടി ബലറാം ശ്രദ്ധേയമായ പല കാര്യങ്ങൾ പറഞ്ഞു. ഇപ്പോഴും  അദ്ദേഹം അതിൽ ഉറച്ച് നിൽക്കുണ്ടോ എന്തോ.

മാത്യു കുഴൽ നാടൻ, മാത്യു വർഗീസ്, സുമേഷ് അച്യുതൻ, വി.ടി. ബാലറാം എം.എൽ.എ, സുനിൽ തൈമറ്റം

'ബ്രിട്ടീഷുകാരില്‍ നിന്ന്‌ സ്വാതന്ത്ര്യം കിട്ടി ജനാധിപത്യ വ്യവസ്ഥിതിയിലേക്ക്‌ എടുത്തെറിയപ്പെട്ട രാജ്യമാണ്‌ ഇന്ത്യ- വി.ടി ബലറാം എം.എല്‍.എ ചൂണ്ടിക്കാട്ടി. എങ്കിലും സാമൂഹിക വ്യവസ്ഥിതി ഫ്യൂഡലിസത്തില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമായിരുന്നില്ല. ഈ ഫ്യൂഡല്‍ സമൂഹത്തെ എങ്ങനെ ജനാധിപത്യ സമൂഹമാക്കാമെന്നതാണ്‌ രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും ചിന്തിക്കേണ്ടത്‌.

മാധ്യമങ്ങള്‍ സൃഷ്‌ടിക്കുന്ന ലോകമാണ്‌ ഇപ്പോള്‍ രാഷ്‌ട്രീയത്തെ തന്നെ നിന്ത്രിക്കുന്നത്‌. അജണ്ട മാധ്യമങ്ങള്‍ തീരുമാനിക്കുന്നു.  എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായി മാധ്യമങ്ങളും മാറുന്ന കാഴ്‌ചകളാണ്‌ നാം കാണുന്നത്‌. സര്‍ക്കാര്‍ മാത്രമാണ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ എന്ന ചിന്താഗതി ശരിയല്ല. ഇന്ത്യയിലെഏറ്റവും വലിയ എസ്റ്റാബ്ലിഷ്‌മെന്റ്‌ മതമാണ്‌. അവയ്‌ക്കെതിരേ ഒരക്ഷരം ഉരിയാടാന്‍ മാധ്യമങ്ങള്‍ക്കാവുന്നില്ല.  മാധ്യമങ്ങളിലൂടെ  അന്ധവിശ്വാസങ്ങള്‍ ശക്തിപ്പെടുന്ന  ദുസ്ഥിതിയുമുണ്ട്‌. ചവറ്റുകുട്ടയിലേക്ക്‌ എറിഞ്ഞുകളഞ്ഞ ആചാരങ്ങളും അന്ധവിശ്വാസങ്ങളും ഇന്ന്‌ വലിയ ശക്തിയോടെ തിരിച്ചുവരുന്നു. ഇതിനെതിരേ പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ക്കാവുന്നില്ല.

ആറ്റുകാല്‍ പൊങ്കാല പത്തുവര്‍ഷം മുമ്പ്‌ ഒരു ചെറുകിട ഉത്സവമായിരുന്നു. ടിവിയും മറ്റും തത്സമയം സംപ്രേഷണവുമൊക്കെയായി ഇതിനെ മഹാസംഭവമാക്കി. അക്ഷയത്രിതീയ ഏതാനും ജുവലറി മുതലാളിമാരുടെ സ്വര്‍ണ്ണം വില്‍ക്കാനുള്ള താത്‌പര്യത്തില്‍ നിന്നുള്ളവയാണെന്ന്‌ ജനം തിരിച്ചറിയുന്നില്ല. ഇതൊക്കെ കേരളത്തെ പിന്നോട്ടു നയിക്കുന്നു.

ആള്‍ദൈവങ്ങള്‍ക്കുവരെ സ്വന്തം ചാനലുകള്‍ ഉള്ളതുകൊണ്ടാകാം പരസ്‌പരം വിമര്‍ശിക്കണ്ട എന്ന്‌ മറ്റ്‌ മാധ്യമങ്ങള്‍ കരുതുന്നത്‌. കുടുംബം എന്ന എസ്റ്റാബ്ലിഷ്‌മെന്റും ചെറുപ്രായത്തില്‍ തന്നെ പുരുഷമേധാവിത്വത്തിലേക്ക്‌ സ്‌ത്രീയെ തള്ളിവിടുന്ന അവസ്ഥ സൃഷ്‌ടിക്കുന്നു.

പര്‍ദയ്‌ക്കെതിരേ ഇന്ത്യാ വിഷന്‍ ഈയിടെ ഒരു പരിപാടി അവതരിപ്പിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ക്ഷമ പറഞ്ഞത്‌ നാം കണ്ടതാണ്‌. ഇത്തരം പ്രവണതകള്‍ക്ക്‌ നിര്‍ലജ്ജം കീഴ്‌പ്പെടുന്ന മാധ്യമങ്ങളാണുള്ളതെന്നതില്‍ സങ്കടമുണ്ട്‌.

2024 ൽ കൊച്ചിയിൽ നടന്ന പ്രസ് ക്ലബ് സമ്മേളനത്തിൽ ഡോ . ജോർജ് മരങ്ങോലിക്ക് വി.ഡി. സതീശൻ എം.എൽ. എ പ്ലാക്ക് നൽകുന്നു 

പുരോഗതിക്കുവേണ്ടി നിലകൊള്ളുന്ന തങ്ങളെപ്പോലുള്ളവര്‍ക്ക്‌ മുന്നോട്ടുപോകാനുള്ള അവസരമൊരുക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയണം. എല്ലാം മാധ്യമങ്ങള്‍ ചെയ്യണം എന്നൊന്നും ഇതില്‍ അര്‍ത്ഥമാക്കേണ്ടതില്ല- ബലറാം പറഞ്ഞു.

'മറ്റൊരു ഹരിത എം.എല്‍.എ ആയ വി.ഡി. സതീശന്‍ , ബലറാമിനോട്‌ പൂര്‍ണ്ണമായി യോജിച്ചില്ല. രാഷ്‌ട്രീയ നേതൃത്വം ശരിക്ക്‌ നയിക്കുന്നവരാകാത്തതാണ്‌ മാധ്യമങ്ങള്‍ക്കു പിന്നാലെ പോകേണ്ട സ്ഥിതിയുണ്ടാക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഉദാഹരണം സോളാര്‍ വിഷയം തന്നെ. നാലു മാസം കഴിഞ്ഞിട്ടും അതില്‍ ചുറ്റിക്കറങ്ങുന്ന മാധ്യമങ്ങളെ അതില്‍ നിന്നു മാറ്റാന്‍ രാഷ്‌ട്രീയ നേതൃത്വത്തിനാകുന്നില്ല. രാഷ്‌ട്രീയ അജണ്ട രാഷ്‌ട്രീയ നേതൃത്വം തന്നെ നിശ്ചയിക്കണം.

അട്ടാപ്പാടിയില്‍ ഒട്ടേറെ ശിശുക്കള്‍ മരിച്ചു. അതു ശിശുമരണമല്ല, കൊലപാതകമാണെന്ന്‌ താന്‍ പറയും. അവിടെ സംവിധാനങ്ങള്‍ക്ക്‌ കുറവില്ല. പക്ഷെ എത്തേണ്ടിടത്ത്‌ എത്തിയില്ല. നമ്മുടെ കുഴപ്പം എന്താണെന്ന്‌ നാം തന്നെ മനസിലാക്കണം.

പണ്ടൊക്കെ വിശപ്പു മാറിയാല്‍ ദാരിദ്ര്യം മാറി എന്നു കരുതുമായിരുന്നു. എന്നാല്‍ നല്ല വെള്ളം കിട്ടിയില്ലെങ്കില്‍, നല്ല വിദ്യാഭ്യാസ സൗകര്യങ്ങളില്ലെങ്കില്‍, നല്ല ആരോഗ്യ സംരക്ഷണ സംവിധാനമില്ലെങ്കില്‍ അതൊക്കെ ദാരിദ്ര്യലക്ഷണമാണ്‌. സമുദായങ്ങള്‍ക്കെതിരേ ശബ്‌ദിക്കാന്‍ ആര്‍ക്കും ആവുന്നില്ല. മുട്ടുവിറയ്‌ക്കും. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ സമുദായ നേതൃത്വം രാഷ്‌ട്രീയ നേതൃത്വത്തെ വെല്ലുവിളിക്കുന്ന സ്ഥിതി വന്നു. സമുദായങ്ങള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന രീതിയാണിപ്പോള്‍. അതു മാറിയേ തീരൂ- സതീശന്‍ പറഞ്ഞു.'

പ്രസ് ക്ലബിന്റെ ഉത്തമ ബന്ധുവായ നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക